റാഷിദ അല്‍ തലൈബിന്റെ ഫലസ്തീന്‍ സന്ദര്‍ശനം
യു എസ് കോണ്‍ഗ്രസിലെ വനിതാ അംഗമായ റാഷിദ തലൈബിന്റെ ഫലസ്തീന്‍ സന്ദര്‍ശന വിവാദമായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളില്‍ മുഖ്യമായത്. അമേരിക്കന്‍ കോ ണ്‍ഗ്രസില്‍ ഇതാദ്യമായിട്ടായിരുന്നു രണ്ട് മുസ്‌ലിം അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇല്‍ഹാന്‍ ഉമറാണ് രണ്ടാമത്തെ അംഗം. തെരഞ്ഞെടുക്കപ്പെട്ടതിനുശേഷവും ഭരണകൂടത്തിന്റെ വിവേചനങ്ങള്‍ക്കും വംശീയതക്കും തങ്ങള്‍ ഇരയാകുന്നുവെന്ന ആക്ഷേപങ്ങളും ഇവര്‍ ഉയര്‍ത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളുടെ കടുത്ത വിമര്‍ശകരായിരുന്നു ഇരുവരും. പ്രസിഡന്റിന്റെ സ്ത്രീ വിരുദ്ധവും വംശീയവുമായ പരാമര്‍ശങ്ങ ള്‍ ക്കെതിരേയും ഇവര്‍ രംഗത്ത് വന്നിരുന്നു. ഫലസ്തീന്‍ വംശജ കൂടിയായ റാഷിദ തലൈബ് വെസ്റ്റ്ബാങ്ക് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതോടെയാണ് വിവാദങ്ങള്‍ ഉയരാന്‍ തുടങ്ങിയത്. റാഷിദയെ വെസ്റ്റ് ബാങ്കില്‍ പ്രവേശിപ്പിക്കരുതെന്ന് യു എസ് പ്രസിഡന്റ് തന്നെ ഇസ്രായേലിനോട് ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് ഇതൊരു വാര്‍ത്തയായി മാറിയത്. ഇസ്‌റായേല്‍ റാഷിദയുടെ അനുമതിയപേക്ഷ നിരസിച്ചു. വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കാനുള്ള തന്റെ അവകാശത്തെ ചോദ്യം ചെയ്യാന്‍ ഇസ്‌റായേലിന് അവകാശമില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് പരസ്യമായ പ്രതിഷേധത്തിന് റാഷിദ തയ്യാറായതോടെ അന്താരാഷ്ട്രാ തലത്തില്‍ റാഷിദക്ക് പിന്തുണയേറുകയും ഇസ്‌റായേല്‍ സമ്മര്‍ദത്തിലാകുകയുമായിരുന്നു. ഇതിനിടയില്‍ ഇല്‍ഹാന്‍ ഉമറും ഫലസ്തീന്‍ സന്ദര്‍ശനത്തിന് അനുമതി തേടിയിരുന്നു. സമ്മര്‍ദങ്ങള്‍ ശക്തിപ്പെട്ടതോടെ റാഷിദക്ക് മാത്രം ചില വ്യവസ്ഥകളോടെ ഫലസ്തീന്‍ സന്ദര്‍ശിക്കാന്‍ ഇസ്‌റായേല്‍ അനുമതി നല്‍കി. എന്നാല്‍ കര്‍ശനമായ വ്യവസ്ഥകളോടെ നല്‍കിയ അനുമതി തനിക്ക് ആവശ്യമില്ലെന്നും ഇതൊഒരു അവഹേളനമായാണ് താന്‍ മനസിലാക്കുന്നതെന്നുമായിരുന്നു റാഷിദ പ്രതികരിച്ചത്. ഒരു കുറ്റവാളിയെപ്പോലെ കര്‍ശനമായ വ്യവസ്ഥകളുമായി ഫലസ്തീന്‍ സന്ദര്‍ശിക്കാന്‍ താന്‍ ഒരുക്കമല്ലെന്നാണ് റാഷിദ പറയുന്നത്. അന്തസായി ഒരു അനുമതി ലഭിക്കും വരെ താന്‍ പ്രതിഷേധിക്കുമെന്നും അവര്‍ പറഞ്ഞു.