ഇസ്‌റായേലുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിക്കുന്നു
ഇസ്രായേലുമായി തങ്ങള്‍ ഒപ്പിട്ട മുഴുവന്‍ കരാറുകളും നിര്‍ത്തി വെക്കുകയാണെന്ന ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രസ്താവനയാണ് മറ്റൊരു ചൂടേറിയ വാര്‍ത്ത. അങ്ങേയറ്റം പ്രകോപനപരമായ നീക്കം നടത്തിക്കൊണ്ടിരിക്കുകയും കരാറുകള്‍ പരസ്യമായി ലംഘിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന ഇസ്രായേലിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് അതോറിറ്റി ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കരാറിന്റെ ഭാരം കൊണ്ട് ഇത്തരത്തിലുള്ള അനീതികള്‍ക്ക് നേരെ മൗനം അവലംബിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു. സൂര്‍ ബഹര്‍ ഗ്രാമത്തില്‍ ഇസ്രായേല്‍ നടത്തിയ അക്രമണങ്ങളെയും കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയതിനെയും തുടര്‍ന്നാണ് ഫലസ്തീന്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളുന്നത്. കരാറിന്റെ അന്തസത്തകളെ പരസ്യമായി അവഹേളിക്കുന്ന ഒരു സമീപനമാണ് ഇസ്രായേല്‍ നടത്തിയത്. ഫലസ്തീന്‍ ഗ്രാമങ്ങളില്‍ കടന്ന് ഏകപക്ഷീയമായി കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുകയായിരുന്നു ഇസ്രായേല്‍ സൈന്യം. ഇതൊരു രാഷ്ട്രീയ നടപടിയാണെന്നും അതിനെതിരേ തങ്ങള്‍ക്ക് പ്രതികരിക്കാതിരിക്കാനാവില്ലെന് നും അബ്ബാസ് പറഞ്ഞു. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനുമായുള്ള യോഗത്തിന് ശേഷമാണ് മഹ്മൂദ് അബ്ബാസ് ഈ തീരുമാനങ്ങള്‍ പുറത്ത് വിട്ടത്. കരാറുകള്‍ അവസാനിപ്പിക്കുന്നത് താത്കാലികമായാണെന്നും മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് പുറകോട്ട് പോകലല്ലെന്നും അഭിപ്രായപ്പെട്ട അബ്ബാസ്, ഇപ്പോഴത്തെ നടപടിക്ക് ഒരു പരിഹാരം ഉണ്ടാകണമെന്നും പറഞ്ഞു. സുരക്ഷയുടെ കാരണം പറഞ്ഞ്, ഫലസ്തീന്‍ പ്രദേശങ്ങളില്‍ അന്യായമായി കടന്ന് കെട്ടിടങ്ങളും വീടുകളും തകര്‍ക്കുന്ന ഇസ്രായേല്‍ നീക്കത്തെ വിവിധ രാജ്യങ്ങളും സംഘടനകളും നേരത്തെ തന്നെ അപലപിച്ചിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഏകപക്ഷീയമായി കെട്ടിടങ്ങള്‍ പൊളിക്കല്‍ പദ്ധതിയുമായി മുന്നോട്ട് പോകുകയായിരുന്നു.