ഇസ്തംബൂളില്‍ ഉര്‍ദുഗാന് തിരിച്ചടി
തുര്‍ക്കിയിലെ ഇസ്തംബൂള്‍ നഗരത്തില്‍ നടന്ന മേയര്‍ തെരഞ്ഞെടുപ്പാണ് കഴിഞ്ഞ ഏതാനും നാളുകളായി തുര്‍ക്കിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വാര്‍ത്തകളില്‍ മുഖ്യമായത്. മേയര്‍ തെരഞ്ഞെടുപ്പില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ അക് പാര്‍ട്ടിക്ക് കനത്ത പരാജയം സമ്മാനിച്ച് കൊണ്ട് മുഖ്യ പ്രതിപക്ഷ കക്ഷിയായ സി എച്ച് പി വമ്പന്‍ വിജയം നേടിയിരുന്നു. നിഷ്പ്രയാസം തങ്ങള്‍ ജയിക്കുമെന്ന അക് പാര്‍ട്ടിയുടെ ആത്മവിശ്വാസത്തിന് കനത്ത ആഘാതം നല്‍കിയ തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കാന്‍ ഉര്‍ദുഗാനോ അക് പാര്‍ട്ടിയോ തയാറായില്ല. മുന്‍ തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദ്രിമായിരുന്നു അക് പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി. സി എച്ച് പിയുടേത് ഇക്രിം ഇമമൊഗ്‌ലുവും. തെരഞ്ഞെടുപ്പില്‍ സി എച്ച് പി വന്‍ കൃത്രിമത്വങ്ങള്‍ നടത്തിയെന്നും തെരഞ്ഞെടുപ്പ് ഫലം വ്യാജമാണെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അക് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി മല്‍കി. പരാതി സ്വീകരിച്ച കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കുകയും വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലും സി എച്ച് പി വന്‍ വിജയം നേടി അക് പാര്‍ട്ടിയെ തറ പറ്റിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇസ്തംബൂള്‍ തെരഞ്ഞെടുപ്പ് ഉര്‍ദുഗാന്റെയും അക് പാര്‍ട്ടിയുടെയും അഭിമാന പ്രശ്‌നം കൂടിയായിരുന്നു. ഏത് വിധേനയും യില്‍ദ്രിമിനെ ജയിപ്പിച്ചെടുക്കാന്‍ ഉര്‍ദുഗാന്‍ കഠിന പ്രയത്‌നം നടത്തിയിരുന്നു. തുര്‍ക്കിയിലെ ഏറ്റവും വലിയ കോര്‍പറേഷനും തലസ്ഥാന നഗരിയുമാണ് ഇസ്തംബൂള്‍. അവിടെ തന്നെ ഇങ്ങനെയൊരു അടി ലഭിച്ചിരിക്കുന്നത് ഉര്‍ദുഗാന്റെ ജനപിന്തുണയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന ഇടിവിന്റെ സൂചനയാണെന്നാണ് പ്രത്യക്ഷ നിഗമനം.