23 Monday
December 2024
2024 December 23
1446 Joumada II 21

എത്യോപ്യ  രാഷ്ട്രീയ സംഘര്‍ഷച്ചൂടില്‍

എത്യോപ്യയില്‍ രാഷ്ട്രീയ സംഘര്‍ഷം രൂക്ഷം. തലസ്ഥാനമായ ആഡിസ് അബബയില്‍ സൈനിക മേധാവി ജന. സിയറെ മെകോന്നന്‍  അംഗരക്ഷകന്റെ വെടിയേറ്റു  മരിച്ചു. അംഗരക്ഷകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  വടക്കന്‍ മേഖലയിലെ സ്വയംഭരണ പ്രവിശ്യയായ അംഹാരയിലെ ഭരണകൂടം അട്ടിമറിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് സൈനിക മേധാവിക്ക് വെടിയേറ്റതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
അംഹാരയെ കൂടാതെ, പ്രാദേശിക ഗവര്‍ണര്‍ അംബാച്യൂ മെകോന്നനും അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് എസേസ് വാസിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഏതാനും വര്‍ഷങ്ങളായി അംഹാരയിലും മറ്റു പ്രവിശ്യകളിലും ഗോത്രവര്‍ഗകലാപം രൂക്ഷമാണ്. പ്രധാനമന്ത്രി അബി അഹ്മദിന്റെ ഭരണപരിഷ്‌കരണങ്ങളും കലാപങ്ങള്‍ക്ക് ഇന്ധനം പകര്‍ന്നു. 2018 ഏപ്രിലിലാണ് അദ്ദേഹം അധികാരത്തിലേറിയത്. രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുമെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കുമെന്നും മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്നും  അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സൈന്യത്തിനുള്ളില്‍ തന്നെ പ്രധാനമന്ത്രിയോട് എതിര്‍പ്പുള്ളവരുണ്ട്.  കഴിഞ്ഞ ജൂണില്‍ ഗ്രനേഡ് ആക്രമണത്തില്‍നിന്ന് അബി കഷ്ടിച്ചുരക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആക്രമണങ്ങളെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭയുടെയും വിവിധ രാജ്യങ്ങളുടെയും എംബസികള്‍ ജാഗ്രത പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എംബസിക്കു പുറത്തിറങ്ങരുതെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്മന്റെ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അംഹാരയിലെ സുരക്ഷ മേധാവി അസമിന്യൂ സിജ് പ്രാദേശിക ഭരണകൂടം അട്ടിമറിക്കാന്‍ ശ്രമം നടത്തുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ആരോപിച്ചു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്‌തോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്.
അംബാച്യൂവിന്റെ മരണവും പ്രധാനമന്ത്രിക്ക് തിരിച്ചടിയായി. ഇദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചത് അബിയാണ്. രാജ്യത്ത് ഏറ്റവും ജനസാന്ദ്രത കൂടിയ മേഖലയാണ് അംഹാര. കഴിഞ്ഞമാസം അംഹാര, ഗുമുസ് ഗോത്രവര്‍ഗവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. അംഹാരയുടെ അയല്‍പ്രദേശമാണ് ബെനിഷാങ്കുല്‍ ഗുമുസ്. ഭൂമിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഗോത്രവര്‍ഗ കലാപം രാജ്യത്ത് 30 ലക്ഷം ആളുകളുടെ ജീവനാണ് കവര്‍ന്നത്.
Back to Top