3 Friday
January 2025
2025 January 3
1446 Rajab 3

പരിഷ്‌ക്കരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഭാഷാപഠനത്തിന്റെ പ്രസക്തി – മുരളി തുമ്മാരുകുടി

എന്റെ വിദ്യാഭ്യാസ കാലത്തെ പറ്റി എനിക്കുള്ള വിഷമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭാഷാ പഠനത്തെക്കുറിച്ചായിരുന്നു. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന അന്ന് മുതല്‍ ഭാഷാപഠനത്തിന്റെ പ്രാധാന്യം ആരും പറഞ്ഞു തന്നില്ലെന്ന് മാത്രമല്ല പറ്റുമ്പോഴെല്ലാം അതിനെ നിസ്സാരവത്കരിക്കുകയും ചെയ്തിരുന്നു.
അന്നൊക്കെ വെങ്ങോലയിലെ പ്രൈമറി ബോയ്‌സ് സ്‌കൂളില്‍ അറബി പഠിപ്പിക്കാന്‍ ഒരു അധ്യാപകന്‍ ഉണ്ടായിരുന്നു. മുസ്‌ലിം കുട്ടികള്‍ മാത്രമേ അറബി പഠിക്കാറുള്ളൂ. മറ്റുള്ളവര്‍ക്ക് പഠിക്കാന്‍ വിലക്കൊന്നുമില്ലെങ്കിലും അങ്ങനെ പഠിക്കാമെന്ന് അധ്യാപകരോ പഠിക്കണമെന്ന് വീട്ടുകാരോ പറഞ്ഞില്ല. അറബി പിരീയഡ് വരുമ്പോള്‍ മുസ്‌ലിംകളല്ലാത്ത കുട്ടികളെ പുറത്തു കളിക്കാന്‍ വിടും. ഒരു രണ്ടാം ക്ലാസ്സുകാരനോട് ഭാഷ പഠിക്കണോ അതോ പുറത്തു കളിക്കണോ എന്ന തീരുമാനമെടുക്കാന്‍ പറഞ്ഞാല്‍ എന്തായിരിക്കും തീരുമാനം എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. അങ്ങനെ അറബി പഠിച്ചില്ല. അക്കാലത്ത് അറബി പഠിച്ചിരുന്നുവെങ്കില്‍ പില്‍ക്കാലത്ത് ഗള്‍ഫില്‍ ജോലി ചെയ്തപ്പോഴും ഇപ്പോള്‍ യു എന്നില്‍ ജോലി ചെയ്യുമ്പോഴും എന്ത് മാത്രം അവസരങ്ങള്‍ അത് തുറന്നു തരുമായിരുന്നു എന്ന് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നു. ഇതെന്റെ മാത്രം കാര്യമല്ല. നമ്മുടെ നയരൂപീകരണം നടത്തിയവരാരും 1970-കളില്‍ മലയാളികള്‍ അറബി പഠിച്ചിരുന്നുവെങ്കില്‍ കേരളത്തിന് ഉണ്ടാകാമായിരുന്ന ഗുണങ്ങളെക്കുറിച്ച് ചിന്തിച്ചില്ല.
പ്രീഡിഗ്രിക്ക് വന്നപ്പോള്‍ ഭാഷയുടെ കാര്യം ഇതിലും കഷ്ടമായി. ഇംഗ്ലീഷും ഹിന്ദിയും സിലബസിലുണ്ടെങ്കിലും ഞങ്ങളെ പോലെ ‘പഠിക്കുന്ന’ കുട്ടികള്‍ക്ക്, അതായത് എഞ്ചിനീയറിങ്ങിനും മെഡിസിനും അഡ്മിഷന്‍ നോക്കി വരുന്നവര്‍ക്ക്, ഭാഷയിലെ മാര്‍ക്ക് വിഷയമല്ല. കണക്കിനും സയന്‍സിനും കിട്ടുന്ന മാര്‍ക്ക് മാത്രമേ പ്രൊഫഷണല്‍ കോളജുകളില്‍ അഡ്മിഷന് ആധാരമാകൂ. ഹിന്ദിയും ഇംഗ്ലീഷും ‘ജസ്റ്റ് പാസ്സ്’ മതി. അതുകൊണ്ടു തന്നെ ക്ലാസ് തുടങ്ങി അറ്റന്‍ഡന്‍സ് എടുത്തു കഴിയുമ്പോള്‍ ഭാഷാ അധ്യാപകര്‍ പറയും: ‘അറ്റന്‍ഡന്‍സ് മാത്രം വേണ്ടവര്‍ പൊക്കോളൂ.’ അങ്ങനെ ഞങ്ങള്‍ കുറേപ്പേര്‍ കാലടി കോളജിലെ കശുമാവിന്‍ തോട്ടത്തിലെത്തും. ഗീതാലയം ഗീതാകൃഷ്ണന്‍ സാറിനെ പോലുള്ള നല്ല അധ്യാപകരാണ് പഠിപ്പിക്കുന്നത്. ഞങ്ങള്‍ക്ക് എന്ത് ഇംഗ്ലീഷ്, ഏത് ഗീതാകൃഷ്ണന്‍! പതിറ്റാണ്ടുകള്‍ക്കിപ്പുറം ഭാഷ എങ്ങനെയാണ് പ്രൊഫഷനുകളില്‍ നമ്മെ മുന്നോട്ട് നയിക്കുന്നത് എന്ന് കാണുമ്പോള്‍ വിദ്യാഭ്യാസത്തെ സബ്ജക്ടും ലാന്‍ഗ്വേജുമായി തിരിച്ച ബുദ്ധിശൂന്യരായ വിദ്യാഭ്യാസ വിദഗ്ധരോട് ഒരു ലോഡ് പുച്ഛം (എന്നോടും).
പ്രൊഫഷണല്‍ കോളജുകളില്‍ എത്തിയതോടെ ഭാഷ പടിക്കുപുറത്തായി. അന്‍പത്തി ഒന്ന് കോഴ്‌സ് ഉണ്ടായിരുന്നു പഠിക്കാന്‍. അതില്‍ അഞ്ചെണ്ണം എടുത്തു കളഞ്ഞിട്ട് അതിന് പകരം ഇംഗ്ലീഷില്‍  പ്രൊഫഷണല്‍ ഡോക്യുമെന്റ് ഡ്രാഫ്റ്റിംഗും ഒരു വിദേശഭാഷയും പഠിക്കാന്‍ അവസരം ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയൊക്കെ നമ്മുടെ അവസരങ്ങളുടെ ആകാശം വലുതാകുമായിരുന്നു. ഇനി പറഞ്ഞിട്ടെന്താ കാര്യം?
ഈ ചിന്തകള്‍ മനസ്സിലുള്ളത് കൊണ്ടാണ് പുതിയ വിദ്യാഭ്യാസ നയത്തിലെ ഭാഷയെ പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. അനവധി നിര്‍ദ്ദേശങ്ങളാണ് അതിലുള്ളത്.
1.  ഒന്നാം ക്ലാസ്സ് മുതല്‍ മൂന്നു ഭാഷകള്‍ പഠിപ്പിച്ചു തുടങ്ങുന്നു.
2.  ആറാം ക്ലാസ്സിനും ഒമ്പതാം ക്ലാസ്സിനും ഇടയില്‍ ഇന്ത്യയിലെ ക്ലാസിക്കല്‍ ഭാഷയില്‍ ഏതെങ്കിലും ഒന്ന് കൂടി പഠിപ്പിക്കുന്നു
3.  ഇന്ത്യയിലെ എല്ലാ ഭാഷകളെയും അതിലെ സാമ്യവും വൈവിധ്യവും പരിചയപ്പെടുത്തുന്ന ‘ഇന്ത്യയിലെ ഭാഷകള്‍’ എന്നൊരു കോഴ്‌സ്
4.  ഒമ്പതാം ക്ലാസ്സ് കഴിഞ്ഞാല്‍ മൂന്നു ഭാഷകള്‍ കൂടാതെ ഒരു വിദേശ ഭാഷ ഓപ്ഷണല്‍ ആയി പഠിക്കാനുള്ള അവസരം
5.  മെഡിസിനോ എഞ്ചിനീയറിങ്ങോ മറ്റെന്തു വിഷയത്തിലാണ് ഡിഗ്രി എടുക്കുന്നതെങ്കിലും ഭാഷകള്‍ പഠിക്കാനും അതിന് ക്രെഡിറ്റ് നേടാനും ഉള്ള സ്വാതന്ത്ര്യം. സിവില്‍ എന്‍ജിനീയറിങ്ങില്‍ മേജര്‍ ഡിഗ്രി എടുക്കുന്നവര്‍ക്ക് തമിഴ് ഭാഷയില്‍ മൈനര്‍ ഡിഗ്രി എടുക്കാനുള്ള അവസരം.
6.  പി എച്ച് ഡി പഠിക്കുന്ന എല്ലാവരും ഏതെങ്കിലും ഇന്ത്യന്‍ ഭാഷയില്‍ ശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അറിവ് നേടി പാസ്സാകണം എന്ന നിബന്ധന (ശാസ്ത്ര വിഷയങ്ങളെ പറ്റി ശാസ്ത്രജ്ഞര്‍ അല്ലാത്തവരോട് പറയാനും പത്രമാസികകളില്‍ എഴുതാനും ആണ് ഈ കോഴ്‌സ്).
ഇതൊക്കെ ഇന്ത്യയിലൊട്ടാകെ നടപ്പിലാക്കാന്‍ ഏറെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഉദാഹരണത്തിന് ഉത്തര്‍പ്രദേശില്‍ മൂന്നു ഭാഷകള്‍ പഠിപ്പിക്കണമെങ്കില്‍ എന്തായിരിക്കും മൂന്നാമത്തെ ഭാഷ? ഓരോ സ്‌കൂളിലും ഇന്ത്യയിലെ ഒരു ഡസനിലധികം ഭാഷകളില്‍ അധ്യാപകരെ നിയമിക്കുന്നത് പ്രായോഗികമാണോ? ഒരു മൂന്നാം ഭാഷ മാത്രമേ പഠിക്കാന്‍ പറ്റുകയുള്ളോ? അതാരാണ് തീരുമാനിക്കുന്നത്? മലയാളം ആണെങ്കില്‍ അതിന് ആയിരക്കണക്കിന് മലയാളം അധ്യാപകരെ അവിടെ നിയമിക്കേണ്ടി വരില്ലേ?
ചോദ്യങ്ങള്‍ പലതുണ്ട് എന്നതുകൊണ്ട് ആശയം നല്ലതല്ലാതാകുന്നില്ല. ഇതിനെല്ലാം പരിഹാര മാര്‍ഗ്ഗവും ഉണ്ട്. ഇപ്പോള്‍ കേരളത്തില്‍ റിട്ടയര്‍ ചെയ്ത ഭാഷാ അധ്യാപകരെ വേണമെങ്കില്‍ അഞ്ചു വര്‍ഷത്തേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിയമിക്കാം. മലയാളം ബിരുദം നേടുന്ന കുട്ടികള്‍ക്ക് ഒരു വര്‍ഷം ശമ്പളത്തോടെ ട്രെയിനിങ്ങിനുള്ള അവസരമാക്കാം. ഭാഷ പഠിപ്പിക്കുന്നതില്‍ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കാം. ചെയ്യണം എന്ന് കരുതിയാല്‍ നടത്തിയെടുക്കാന്‍ പ്രയാസം ഒന്നുമില്ല.
കേരളത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ്. മലയാളവും ഇംഗ്ലീഷും കൂടാതെ തമിഴും ബംഗാളിയും നമുക്ക് സ്‌കൂളുകളില്‍ ഓപ്ഷണല്‍ ആക്കാം. ഇത് ഇപ്പോള്‍ കേരളത്തിലുള്ള മറുനാട്ടുകാരുമായി നമുക്ക് കൂടുതല്‍ ഇടപെടാനുള്ള അവസരം ഉണ്ടാക്കും. അറബി മുതല്‍ ചൈനീസ് വരെ പഠിച്ചു തുടങ്ങിയാല്‍ ജോലിയിലും യാത്രയിലും ബിസിനസ്സിലും ഏറെ ഗുണം ഉണ്ടാകും.
ഒരു കാര്യത്തിലും കൂടി എനിക്ക് അഭിപ്രായം ഉണ്ട്. വിദേശ ഭാഷകള്‍ പഠിക്കുമ്പോള്‍ ആ ഭാഷ സംസാരിക്കുന്ന സ്ഥലത്തു നിന്നുള്ളവര്‍ പഠിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. ഉദാഹരണത്തിന് ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഇംഗ്ലണ്ടില്‍ നിന്നും അമേരിക്കയില്‍ നിന്നും ന്യൂസിലാന്‍ഡില്‍ നിന്നും ഉള്ളവരും ജര്‍മ്മന്‍ പഠിപ്പിക്കുന്നത് ജര്‍മ്മനിയില്‍ നിന്നുള്ളവരും ആകണം. അപ്പോള്‍ ആണ് ശരിക്കും നമ്മുടെ ഭാഷയുടെ നിലവാരം ഉയരുന്നത്. വിദേശങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ഒരു വര്‍ഷം ഗ്യാപ്പ് ഇയര്‍ എടുത്ത് മറ്റു രാജ്യങ്ങളില്‍ പോയി പഠിപ്പിക്കുന്ന രീതി ഉണ്ട്. ചൈനയും ജപ്പാനും ഒക്കെ ഈ രീതി ഉപയോഗിക്കുന്നുമുണ്ട്. നമ്മുടെ പതിനാലായിരം സ്‌കൂളുകളിലും ഇതെല്ലാം ഒറ്റയടിക്ക് എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. പക്ഷെ നമ്മുടെ നഴ്‌സിങ്ങ് കോളജുകളിലും എന്‍ജീനീയറിയിങ്ങ് കോളജുകളിലും ജര്‍മ്മനും ഇംഗ്ലീഷും പഠിപ്പിക്കാന്‍ കുറച്ചു ഇംഗ്ലീഷുകാരേയും ജര്‍മ്മന്‍കാരെയും കൊണ്ടുവന്നാല്‍ നമ്മുടെ ഐ ഇ എല്‍ ടി എസും ജര്‍മ്മന്‍ ടെസ്റ്റും നമുക്ക് എളുപ്പത്തില്‍ പാസാകാം, ജോലി സാധ്യതകള്‍ കൂട്ടാം. കൂട്ടത്തില്‍ കുറേ ഇന്‍ഡോ ജര്‍മ്മന്‍ കല്യാണങ്ങളും നടക്കും. അതേസമയം നാട്ടിലെ ഭാഷാ അധ്യാപകര്‍ക്ക് ഇവരെ കൊണ്ട് പരിശീലനം നല്‍കുകയും ചെയ്യാം, അങ്ങനെ മൊത്തം നമ്മുടെ ഭാഷാ പഠനത്തിന്റെ നിലവാരം മെച്ചപ്പെടും. അങ്ങനെ ഒക്കെയാണ് നമ്മള്‍ പുറത്തേക്ക് നോക്കുന്ന സമൂഹമായി മാറുന്നത്, മാറേണ്ടത്. ഈ വിധത്തില്‍ ക്രിയാത്മകമായി വേണം നാം പുതിയ വിദ്യാഭ്യാസ നയത്തെ കാണാന്‍.