സുഡാന്‍ ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് ഔട്ട്!
സുഡാന്‍ ഏകാധിപതിയായിരുന്ന ഒമര്‍ അല്‍ബശീറിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയശേഷം സുഡാനില്‍ അരാജകമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജനാധിപത്യ സര്‍ക്കാറിന് ഭരണം കൈമാറണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരെ സുഡാന്‍ സൈന്യം വെടിവെ ച്ചുകൊന്നത് രാജ്യത്തിനകത്തും പുറത്തും വലിയ ആഘാതമാണുണ്ടാക്കിയത്. നിഷ്ഠൂരമായ ഈ നടപടിയെ തുടര്‍ന്ന് ആഫ്രിക്കന്‍ യൂണിയനില്‍നിന്ന് സുഡാനെ പുറത്താക്കിയ താണ് ഈ വിഷയത്തിലെ ഏറ്റവും പുതിയ വാര്‍ത്ത. ജനകീയവിപ്ലവം വിജയം കണ്ട് ഒമര്‍ അല്‍ബശീര്‍ പുറത്തായതോ ടെ സുഡാനിലെ സൈനികനേതൃത്വം ഭരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുകയായിരുന്നു. ഒരു ജനകീയ സര്‍ക്കാറിനെ അധികാരമേല്‍പ്പിക്കുന്നത് വരെ രാജ്യത്തിന്റെ ഭദ്രത ഉറപ്പ് വരുത്താനാണ് തങ്ങള്‍ അധികാരമേല്‍ക്കുന്നതെന്ന് പ്രഖ്യാപിച്ച് കൊണ്ട് ഭരണം പിടിച്ചെടുത്ത സൈനിക നേതൃത്വം ജനാധിപത്യ സര്‍ക്കാറിനെ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ ഉദാസീനത കാട്ടി. ഇതിനെതിരില്‍ വീണ്ടും ജനകീയ പ്രക്ഷോഭം ആരംഭിക്കുകയും നഗരങ്ങളില്‍ ജനങ്ങള്‍ വീണ്ടും തമ്പടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സൈന്യം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സുഡാനിലെ ഭരണം ജനങ്ങള്‍ക്ക് തിരിച്ച് നല്‍കാന്‍ സൈന്യത്തിന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമുയരുന്നുണ്ട്. സുഡാന്റെ ഭരണത്തില്‍ നിന്ന് സൈന്യം ഒഴിഞ്ഞ് പകരം അവിടെ ജനാധിപത്യ സര്‍ക്കാറിനെ കൊണ്ട് വരുന്നത് വരെ രാജ്യത്തെ ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് പുറത്താക്കിയിരിക്കുന്നുവെന്നാണ് ആഫ്രിക്കന്‍ യൂണിയന്‍ നേതാക്കള്‍ പറഞ്ഞത്.