2 Thursday
January 2025
2025 January 2
1446 Rajab 2

വ്രതനിര്‍വൃതിയുടെ നാളുകളില്‍ ഒറ്റയ്ക്കിരിക്കാം കണ്ണീരൊഴുക്കാം – അബ്ദുല്‍വാജിദ്

റമദാന്‍ പാപമോചനത്തിന്റെ മാസമാണ്. അല്ലാഹുവില്‍ നിന്നും അവന്റെ പാതയില്‍ നിന്നും വഴിമാറിയ മനുഷ്യന്‍ അല്ലാഹുവിലേക്ക് തിരിഞ്ഞ്, സല്‍പാതയിലേക്കെത്തുന്ന മാസം. പാപമോചനം കൊണ്ടും പശ്ചാത്താപം കൊണ്ടും തന്റെ യഥാര്‍ഥ പ്രകൃതിയിലേക്ക് (ഫിത്വ്‌റത്) തിരിച്ചെത്തുന്ന പുണ്യകാലം, പരമകാരുണികനായ നാഥന്‍ കാരുണ്യം കൊണ്ട് പൊതിയുകയും പാപങ്ങള്‍ പൊറുക്കുകയും പശ്ചാത്താപം സ്വീകരിക്കുകയും ചെയ്ത് നരകശിക്ഷയില്‍ നിന്നും മോക്ഷം നല്കി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന സൗഭാഗ്യത്തിന്റെയും അനുഗ്രഹത്തിന്റെയും മാസം. സമുദ്രത്തിലെ നുരകളോളം പാപങ്ങളുമായിട്ടാണ് ഒരാള്‍ ഖേദിക്കുന്നതെങ്കിലും അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശരാകേണ്ടതില്ലെന്ന് സുവിശേഷമറിയിച്ച നാഥന്‍, തന്റെ ദാസന് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍ ഒട്ടേറെ സൗകര്യങ്ങളും സാഹചര്യങ്ങളും നല്കി. അതിലേറ്റവും വിശിഷ്ടമായത് റമദാന്‍ മാസമാണ്. പശ്ചാത്താപവും പാപമോചനവും കാരുണ്യവാനായ രക്ഷിതാവില്‍ നിന്ന് മാത്രമാണ്.
ജീവിതത്തിന്റെ ഏതോ സാഹചര്യങ്ങളില്‍ ചെയ്തുപോയ പാപങ്ങളെക്കുറിച്ച് കുറ്റബോധത്തോടെ ചിന്തിക്കുന്ന മനസ്സ് ഏതൊരു വിശ്വാസിക്കുമുണ്ടാകും. ഈമാനിന്റെ താല്പര്യമാണത്. അങ്ങനെ പാപമോചനമാഗ്രഹിക്കുന്നവന്റെ മുമ്പില്‍ ഇസ്‌ലാം കവാടങ്ങള്‍ കൊട്ടിയടക്കുന്നില്ല. പ്രത്യുത പാപപരിഹാരത്തിനും ആത്മവിശുദ്ധിക്കും പരലോക വിജയത്തിനും മതിയായ മുക്തിമാര്‍ഗങ്ങള്‍ തുറന്നുവെക്കുന്നു. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തുകൂടി നദികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തില്‍…” (വി.ഖു 66:8)
ഇസ്‌ലാം പാപങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പാപങ്ങളും ഒരേ തരത്തിലും അളവിലുമല്ല. അതിനാല്‍ അവയെ ചെറിയത്, വലിയത്, മഹാപാപങ്ങള്‍ എന്നിങ്ങനെ വേര്‍തിരിക്കപ്പെട്ടു. ഏറ്റവും ഗൗരവമുള്ള മഹാപാപം സ്രഷ്ടാവില്‍ പങ്ക് ചേര്‍ക്കലാണ്. ഏത് പാപങ്ങളില്‍ നിന്നും മോചനത്തിനുള്ള സുപ്രധാനമാര്‍ഗം നിഷ്‌കളങ്കമായ പശ്ചാത്താപമാണ്. പാപങ്ങള്‍ ഗൗരവപൂര്‍വം വീക്ഷിക്കപ്പെടണം. അത് നിസ്സാരമാക്കപ്പെടുന്നതും അവഗണിക്കപ്പെടുന്നതും അതിന്റെ ആധിക്യത്തിനും തന്മൂലം ജീവിതനാശത്തിനും ഇടയാക്കുന്നതാണ്. അത് ചെറുപാപങ്ങളാണെങ്കിലും ശരി.
നബി(സ) പറഞ്ഞു: ”നിങ്ങള്‍ നിസ്സാരമാക്കപ്പെടുന്ന പാപങ്ങളെ സൂക്ഷിക്കുക. നിസ്സാരവല്‍ക്കരിക്കപ്പെടുന്ന പാപങ്ങളുടെ ഉപമ ഒരു സഞ്ചാരി സംഘത്തെപ്പോലെയാണ്. അവര്‍ യാത്രക്കിടയില്‍ താഴ്‌വരയില്‍ ഇറങ്ങുന്നു. എന്നിട്ട് അവരിലോരോരുത്തരും ഓരോ കമ്പുകള്‍ വീതം വിറക് ശേഖരിക്കുന്നു. അങ്ങനെ അത് റൊട്ടി ചുടാന്‍ മതിയായ വിറകിന്റെ കൂട്ടമായിത്തീരുന്നു. തീര്‍ച്ചയായും നിസ്സാര പാപങ്ങളുടെ പേരില്‍ ഒരാള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അത് അയാളുടെ നാശത്തിന് ഹേതുവാകുന്നു.” (അഹ്മദ്)
ചെറുപാപങ്ങളാണെങ്കില്‍ പോലും അത് കുമിഞ്ഞുകൂടി പശ്ചാത്തപിച്ചു മടങ്ങാതെ വിറകിന്റെ ശേഖരം പോലെ അവശേഷിക്കുന്നത് നരകശിക്ഷക്കിടയാക്കുമെന്ന താക്കീതല്ലേ പ്രസ്തുത വചനം നല്‍കുന്നത്. പാപങ്ങളെ സഗൗരവം വീക്ഷിക്കുന്നതാണ് പശ്ചാത്താപത്തിന്റെ പ്രഥമ പടി. സമൂഹത്തില്‍ ചില വന്‍ പാപങ്ങള്‍ പ്രചരിക്കുകയും ചിലപ്പോള്‍ സാര്‍വത്രികമാവുകയും മുസ്‌ലിംകള്‍ പോലും അതിനെ ചെറുപാപങ്ങളായി തെറ്റിദ്ധരിക്കുകയും ചെയ്യാറുണ്ട്. അത് യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ വലിയ പാപങ്ങളായിരിക്കും. ഒരിക്കല്‍ അബൂസഈദുല്‍ ഖുദരി(റ) തന്റെ സമൂഹത്തോട് ഇങ്ങനെ പറഞ്ഞു: ”നിങ്ങള്‍ ചില പ്രവര്‍ത്തികളെ വീക്ഷിക്കുന്നത് മുടിയേക്കാള്‍ നിസ്സാരമായിട്ടാണ്. എന്നാല്‍ നബി(സ)യുടെ കാലത്ത് ഞങ്ങള്‍ അതിനെ മഹാപാപമായിട്ടാണ് കണക്കാക്കിയിരുന്നത്. (അഹ്മദ്)
പാപം ചെയ്യുന്നയാള്‍ അത് പാപമാണെന്ന് തിരിച്ചറിയുന്ന നിമിഷം അതില്‍ നിന്ന് വിരമിക്കണം. കുറ്റബോധത്തോടെ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുകൊണ്ട്  അതില്‍ നിന്ന് മടങ്ങണം. ആ പാപത്തിലേക്ക് ഇനി തിരിച്ചുപോക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്യുകയും വേണം. അല്ലാഹുവില്‍ നിന്നുള്ള പാപമോചനത്തിനും സ്വര്‍ഗത്തിനും അര്‍ഹരാവുന്ന ധര്‍മനിഷ്ഠ പാലിക്കുന്നവരെ ഖുര്‍ആന്‍ ഇങ്ങനെ പരിചയപ്പെടുത്തുന്നു. ”വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പു തേടുകയും ചെയ്യുന്നവര്‍ക്കുവേണ്ടി – പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?  ചെയ്തുപോയ (ദുഷ്പ്രവര്‍ത്തിയില്‍) അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. (ഖുര്‍ആന്‍ 135)
മാത്രമല്ല, പ്രസ്തുത പാപത്തിന്റെ പ്രേരകമായ കാരണങ്ങളില്‍ നിന്നും തിന്മയുടെ സാഹചര്യങ്ങളില്‍ നിന്നും കഴിയും വിധം മാറി നില്‍ക്കാന്‍ പരിശ്രമിക്കുകയും സല്‍ക്കര്‍മങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യണം. എത്ര വലിയ മഹാപാപിയാണെങ്കിലും പാപങ്ങളോട് വിട പറഞ്ഞുകൊണ്ട് അല്ലാഹുവിലേക്ക് തിരിച്ചുചെല്ലുമ്പോള്‍ അവര്‍ക്ക് സാന്ത്വനവും പ്രതീക്ഷയും നല്‍കിക്കൊണ്ട് അല്ലാഹു പറയുന്നു: ”പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നവനാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. (സുമര്‍ 53)
ശിര്‍ക്ക്, കൊലപാതകം, വ്യഭിചാരം എന്നിവ ഇസ്‌ലാം വിലക്കിയ മഹാപാപങ്ങളാണ്. അതില്‍ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ”പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ, അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്മകള്‍ക്ക് പകരം നന്മകള്‍ മാറ്റിക്കൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു.” (ഫുര്‍ഖാന്‍ 70)
പശ്ചാത്തപിച്ചു മടങ്ങുന്നവരെ അല്ലാഹു ഇഷ്ടപ്പെടുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കി. അല്ലാഹു പറഞ്ഞു: ”നിശ്ചയം അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുകയും വിശുദ്ധി പാലിക്കുന്നവരെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.”(2:222). നബി(സ) പറഞ്ഞു: ”പകലില്‍ പാപം ചെയ്തവന്റെ പശ്ചാത്താപം സ്വീകരിക്കാന്‍ രാത്രിയില്‍ അല്ലാഹു കൈനീട്ടുന്നതാണ്. രാത്രിയില്‍ പാപം ചെയ്തവന്റെ പശ്ചാത്താപം സ്വീകരിക്കാന്‍ പകലില്‍ അല്ലാഹു കൈനീട്ടുന്നതാണ്. സൂര്യന്‍ പടിഞ്ഞാറുഭാഗത്ത് നിന്നുദയം ചെയ്യുവോളം പശ്ചാത്താപം സ്വീകരിക്കപ്പെടുന്നതാണ്.” (മുസ്‌ലിം)
പശ്ചാത്തപിക്കുന്നത് വൈകിയാണെങ്കിലും അല്ലാഹു സ്വീകരിക്കുമെന്നും പാപമോചനം നല്‍കുമെന്നും ഇവിടെ വ്യക്തമാണല്ലോ. പാപം ചെയ്തു പോയാല്‍ ഉടനെ പശ്ചാത്തപിക്കണം. റമദാനിലേക്കോ ഹജ്ജ് കര്‍മത്തിലേക്കോ വാര്‍ദ്ധക്യ ഘട്ടത്തിലേക്കോ നീട്ടിവെക്കാവതല്ല. കാരണം മരണം സംഭവിക്കുന്നതെപ്പോഴായിരിക്കുമെന്ന് ആര്‍ക്കും അറിയില്ലല്ലോ. അതിനായി വല്ല പുരോഹിതന്റെയും മുമ്പില്‍ കുമ്പസരിക്കേണ്ട ആവശ്യവുമില്ല. ഏതൊരു വിശ്വാസിക്കും അല്ലാഹുവിനോട് നേരിട്ട് പാപമോചനത്തിനായി പശ്ചാത്തപിക്കാവുന്നതാണ്. അതാണ് വേണ്ടതും. അല്ലാഹു പറയുന്നു.
പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് (അനന്തര ഫലങ്ങളെക്കുറിച്ച്) അറിവുകേട് നിമിത്തം തിന്മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുകയും എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത് (നിസാഅ് 4:17,18). നബി(സ) പറഞ്ഞു: നിശ്ചയം അല്ലാഹു ദാസന്റെ പശ്ചാത്താപം അവന്റെ ആത്മാവ് തൊണ്ടക്കുഴിയിലെത്താതിരിക്കുവോളം സ്വീകരിക്കുന്നതാണ്. (മുസ്‌ലിം)
നിഷ്‌കളങ്കമായ പശ്ചാത്താപ പ്രാര്‍ഥനക്ക് പുറമെ ചില തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും ഇസ്‌ലാം പ്രത്യേക പ്രായശ്ചിത്തം നിര്‍ബന്ധമാക്കിയിട്ടുണ്ട്. റമദാനിലെ നിര്‍ബന്ധ വ്രതം സംയോഗം കൊണ്ട് നഷ്ടപ്പെടുത്തുന്നത് അതിന്റെ ഒരു ഉദാഹരണമാണ്. അയാള്‍ ആ വ്രതം പുനരനുഷ്ഠിക്കണം. രണ്ടു മാസം തുടര്‍ച്ചയായ വ്രതമോ, സാധിക്കില്ലെങ്കില്‍ അറുപത് ദരിദ്രര്‍ക്ക് ഭക്ഷ്യ ദാനമോ പ്രായശ്ചിത്തമായി ചെയ്യണം. ജനങ്ങളോട് ചെയ്ത തെറ്റുകള്‍ക്ക് അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങിയാല്‍ മാത്രം മതിയാകില്ല. പ്രത്യുത അവരുടെ ബാധ്യതകള്‍ പരിഹരിക്കുക കൂടി വേണം. നബി(സ) എല്ലാ കാര്യത്തിലുമെന്ന പോലെ ഇതിലും മഹിത മാതൃക നല്‍കിയിട്ടുണ്ട്. അദ്ദേഹം ഒരോ ദിവസവും അനേകം പ്രാവശ്യം അല്ലാഹുവോട് പാപമോചനത്തിനായി പ്രാര്‍ഥിക്കാറുണ്ടായിരുന്നു.
നബി(സ) ഇഹലോകത്തോട് വിട പറഞ്ഞ അവസാന ആഴ്ചയിലെ സുപ്രസിദ്ധ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: ജനങ്ങളേ അറിയുക.. ഞാന്‍ ആരുടെയെങ്കിലും മുതുകിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഇതാ എന്റെ മുതുക്. അയാള്‍ അതിനോട് പ്രതികാരം ചെയ്യട്ടെ. അറിയുക: ആരുടെയെങ്കിലും അഭിമാനത്തെ ഞാന്‍ അധിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഇതാ എന്റെ അഭിമാനം. അതിനുള്ള പ്രതികാരം അയാള്‍ ചെയ്യട്ടെ. ആരുടെയെങ്കിലും ധനം ഞാന്‍ എടുത്തിട്ടുണ്ടെങ്കില്‍ ഇതാ എന്റെ സമ്പത്ത്. അതില്‍ നിന്ന് പ്രതികാരം സ്വീകരിക്കട്ടെ. (മുഅ്ജമുല്‍ കബീര്‍-ത്വബ്‌റാനി)
ആരുടെയെങ്കിലും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയോ ദേഹോപദ്രവമേല്പിക്കുകയോ മറ്റു രീതിയിലുള്ള അക്രമമോ ചെയ്യാത്ത പ്രവാചകന്‍(സ) വന്‍ പാപങ്ങള്‍ പോലും ചെയ്യുന്ന, സാമൂഹ്യദ്രോഹം പ്രവര്‍ത്തിക്കുന്ന പാപികളായ നമുക്ക് വിട്ടേച്ചു പോയിട്ടുള്ളത് എന്തുമാത്രം മഹത്തായ മാതൃകകളാണ്. മാപ്പ് ചോദിച്ചും ബാധ്യതകള്‍ കൊടുത്തും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ദുരഭിമാനമോ അഹങ്കാരമോ അലസതയോ നമ്മെ ബാധിച്ചുകൂടാ.
ആത്മാര്‍ഥമായ പശ്ചാത്താപം മനസ്സിന് വിശുദ്ധിയും ജീവിതത്തില്‍ ശാന്തിയും ഉപജീവനത്തില്‍ വിശാലതയും നേടാന്‍ വിശ്വാസിയെ സഹായിക്കുന്നു. സര്‍വോപരി സ്രഷ്ടാവിന്റെ തൃപ്തിയും പരലോകത്ത് വിജയവും കൈവരിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ”എന്നാല്‍ ഖേദിച്ചു മടങ്ങുകയും വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവന്‍ വിജയികളുടെ കൂട്ടത്തിലായിരിക്കും.” (ഖസ്വസ് 28:68)