17 Friday
July 2026
2026 July 17
1448 Safar 1

മോദിക്ക് വീണ്ടും അവസരം നല്‍കുന്നത് ആത്മഹത്യാപരം മതേതര കക്ഷികള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണം: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രയോഗവത് ക്കരിച്ച് ഭിന്നിപ്പിന്റെ ആശാനെന്ന് ലോകത്തിന്റെ വിമര്‍ശനം ഏറ്റുവാങ്ങിയ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഒരു ജനവിരുദ്ധ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറാതിരിക്കാന്‍ മതേതര കക്ഷികള്‍ പരമാവധി വിട്ടുവീഴ്ച ചെയ്ത് ഐക്യപ്പെടണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍(കെ എന്‍ എം മര്‍ക്‌സുദ്ദഅ്‌വ) സംസ്ഥാന നേതൃസംഗമം അഭ്യര്‍ഥിച്ചു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ത്തെറിയുകയും സമ്പദ്ഘടനയുടെ അടിത്തറ തകര്‍ക്കുകയും ചെയ്ത നരേന്ദ്രമോദി സര്‍ക്കാറിന് വീണ്ടുമൊരവസരം നല്കുന്നത് ആത്മഹത്യാപരമായിരിക്കും.
നരേന്ദ്രമോദിക്ക് അധികാരത്തിലേക്ക് വീണ്ടും വഴി തുറന്നിട്ട് രാജ്യത്തിന്റെ നിലനില്പുതന്നെ അപകടത്തിലകപ്പെടുത്തിയതിനുശേഷം പരസ്പരം കുറ്റപ്പെടുത്തിയതുകൊണ്ട് ആര്‍ക്കും രക്ഷപ്പെടാന്‍ സാധ്യമല്ലെന്ന് കെ എന്‍ എം മുന്നറിയിപ്പ് നല്‍കി. കേരളത്തിന്റെ ദേശീയ പാതാ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കേരള ജനത ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും കെ എന്‍ എം ആഹ്വാനം ചെയ്തു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഡോ. കെ അബ്ദുര്‍റഹ്മാന്‍, എന്‍ എം അബ്ദുല്‍ജലീല്‍,  കെ പി സകരിയ്യ, സി അബ്ദുല്ലത്തീഫ്, ഡോ. ഐ പി അബ്ദുസ്സലാം, സുഹൈല്‍ സാബിര്‍, അബ്ദുസ്സലാം പുത്തൂര്‍, ബി പി എ ഗഫൂര്‍, അഡ്വ. എം മൊയ്തീന്‍കുട്ടി, പി പി ഖാലിദ്, അഡ്വ. പി മുഹമ്മദ് ഹനീഫ, ശംസുദ്ദീന്‍ പാലക്കോട്, എം അഹ്മദ്കുട്ടി മദനി, അഡ്വ. പി കുഞ്ഞമ്മദ്, എം എം ബശീര്‍ മദനി, ഡോ. ജാബിര്‍ അമാനി, ഡോ. കെ ടി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.
Back to Top