1 Friday
May 2026
2026 May 1
1447 Dhoul-Qida 14

വിമന്‍സ് ഇസ്‌ലാമിക്  ട്യൂട്ടോറിയലിന് തുടക്കമായി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കി

വിമന്‍സ് ഇസ്‌ലാമിക് ട്യൂട്ടോറിയലിന്റെ റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലന ക്ലാസ് ഖദീജ നര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: എം ജി എം (മര്‍കസുദ്ദഅ്‌വ) കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ സംസ്ഥാനത്തുടനീളം വനിതകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കുമായി ബൃഹത്തായ ഇസ്‌ലാമിക പഠനപദ്ധതിയായ വിമന്‍സ് ഇസ്‌ലാമിക് ട്യൂട്ടോറിയല്‍ ആരംഭിച്ചു. മെച്ചപ്പെട്ട സാമ്പത്തിക, വിദ്യാഭ്യാസ സാഹചര്യത്തിലും നിരവധി ഓണ്‍ലൈന്‍ മതപഠന പ്രഭാഷണ, മത്സര, പ്രചോദക ക്ലാസുകളുണ്ടായിട്ടും ധാര്‍മിക നില താഴ്ന്നുകൊണ്ടിരിക്കുന്നു. ആത്മഹത്യ, കുടുംബ ശൈഥില്യം, ലഹരി ഉപയോഗം, തട്ടിപ്പു വഞ്ചനാ മാഫിയകളുടെ കെണികള്‍, കുട്ടികളോടുള്ള ക്രൂരതയും അവഗണനയുമൊക്കെയായി വലിയ സാംസ്‌കാരിക ദാരിദ്ര്യം സ്ത്രീകള്‍ നേരിടുന്നുണ്ട്. ഉത്തമവും ഉന്നതവും സുഗ്രാഹ്യവുമായ ഇസ്‌ലാമിന്റെ അടിസ്ഥാനപാഠങ്ങളായ ഖുര്‍ആനും കര്‍മാനുഷ്ഠാനങ്ങളും ലളിതവും ഹൃദ്യവുമായി ആധുനിക മനശ്ശാസ്ത്ര തത്വമനുസരിച്ച് ചോദ്യങ്ങളിലൂടെയും സംശയത്തിലൂടെയും അവതരിപ്പിക്കുന്നതാണ് ഈ പാഠ്യപദ്ധതി.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ജൂണ്‍ 13-ന് തുടങ്ങുന്ന സെമസ്റ്റര്‍ ബേസ്ഡ് ആയ ത്രിവത്സര കോഴ്‌സിന്റെ റിസോഴ്‌സ് പേഴ്‌സണസിനുള്ള പരിശീലനം മര്‍കസുദ്ദഅ്‌വയില്‍ നടന്നു. ചര്‍ച്ചയും ക്രോഡീകരണവും സിലബസ് മൊഡ്യൂള്‍, ടൂള്‍സ് എന്നിവയുടെ അവതരണവും വിദഗ്ധര്‍ നയിച്ചു. സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍സീസ് ഉദ്ഘാടനം ചെയ്തു. സല്‍മ അന്‍വാരിയ്യ, മറിയക്കുട്ടി സുല്ലമിയ്യ, പാത്തെയ്ക്കുട്ടി ടീച്ചര്‍, സനിയ്യ അന്‍വാരിയ്യ, ഡോ. അനസ് കടലുണ്ടി, പ്രൊഫ. കെ പി സകരിയ്യ, ശംസുദ്ദീന്‍  പാലക്കോട്, റുഖ്‌സാന, ബുശ്‌റ നജാത്തിയ്യ എന്നിവര്‍ പങ്കെടുത്തു.
Back to Top