4 Friday
July 2025
2025 July 4
1447 Mouharrem 8

ഹദീസ് പഠനം ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി വിജ്ഞാനത്തിന്റെ പരിമിതി

”നബി(സ) പറയുന്നു: ആളുകള്‍ അന്യോന്യം ചോദിച്ച് ഇത്രത്തോളം പറയും: ഈ സൃഷ്ടികളെയെല്ലാം അല്ലാഹു സൃഷ്ടിച്ചു. എങ്കില്‍ അല്ലാഹുവിനെ സൃഷ്ടിച്ചതാരാണ്? ഇത്തരത്തില്‍ വല്ലതും ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍ ‘ഞാന്‍ അല്ലാഹുവിലും അവന്റെ നബിമാരിലും വിശ്വസിച്ചിരിക്കുന്നു’ എന്ന് പറയട്ടെ.”
മനുഷ്യപ്രകൃതിയോട് പൂര്‍ണമായും ഇണങ്ങുന്ന മതമാണ് ഇസ്‌ലാം. മനുഷ്യ വിരുദ്ധമായതൊന്നും അതില്‍ കാണുകയില്ല. മതവിരുദ്ധമായവ മനുഷ്യന്റെ പ്രകൃതിക്കും താല്പര്യങ്ങള്‍ക്കും എതിരായിരിക്കും. മനുഷ്യന് മാത്രമായി നല്‍കപ്പെട്ടിരിക്കുന്ന പ്രത്യേകതയാണ് വിവേചനശക്തി. ബുദ്ധി ഉപയോഗപ്പെടുത്തി തെറ്റും ശരിയും ന്യായവും അന്യായവും വേര്‍തിരിക്കാന്‍ അവന് കഴിയുന്നത് വിവേചനശക്തികൊണ്ടാണ്. ബുദ്ധിയുടെ ക്രിയാത്മകമായ ഉപയോഗം വൈജ്ഞാനികാഭിവൃദ്ധിക്കും ആവശ്യമാണ്. അത് വ്യക്തിത്വത്തിന്റെ തിളക്കം കൂട്ടുകയും ചെയ്യും.
എന്നാല്‍ ബുദ്ധിയും അതിലൂടെ ലഭിക്കുന്ന വിജ്ഞാനവും മനുഷ്യന് നേടാവുന്നതിലെ അവസാനത്തേതാണെന്ന് ധരിക്കരുത്. അതിനേക്കാള്‍ പ്രാധാന്യം കല്പിക്കേണ്ടത് വിശ്വാസത്തിനാണ്. സ്വന്തത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പ്രാഥമികമായി പഠിക്കുന്ന ഏതൊരാള്‍ക്കും വിജ്ഞാനങ്ങള്‍ക്കപ്പുറത്ത് വിശ്വാസത്തിന്റെ ആവശ്യകത ബോധ്യപ്പെടും. എന്നാല്‍ ബുദ്ധിക്കും അതുല്പാദിപ്പിക്കുന്ന വിജ്ഞാനങ്ങള്‍ക്കും അമിത പ്രാധാന്യം നല്‍കുന്നവര്‍ പരാജയപ്പെടും. വിജ്ഞാനത്തിലൂടെ വിനയത്തിലേക്ക് എത്തുന്നതിനുപകരം, ധാര്‍ഷ്ട്യതയിലേക്കായിരിക്കും അവര്‍ എത്തിപ്പെടുന്നത്. ഈ സന്ദര്‍ഭത്തിലാണ് ‘അല്ലാഹുവിനെ ആരാണ് സൃഷ്ടിച്ചത്?’ എന്ന ചോദ്യമുയരുന്നത്. ബുദ്ധിയ്ക്കും പഞ്ചേന്ദ്രിയങ്ങള്‍ക്കും അതീതമായ അദൃശ്യജ്ഞാനങ്ങളാണ് മനസ്സിന്റെ അകക്കണ്ണുകളെ പ്രകാശിപ്പിക്കുന്നത്. ഈ ജ്ഞാനമാണ് വിശ്വാസത്തിന്റെ അടിസ്ഥാനം.
പ്രപഞ്ച വിജ്ഞാനങ്ങളെ എങ്ങിനെ സമീപിക്കണമെന്നത് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ദൈവസങ്കല്പശൂന്യമായ സമീപനം ജീവിത പരാജയത്തിലായിരിക്കും അവസാനിക്കുക. ദൈവവിശ്വാസരഹിതമായ പഠനങ്ങളും അന്വേഷണങ്ങളും ഉണ്ടാക്കുന്നത് വൈജ്ഞാനിക മാലിന്യമായിരിക്കുമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുകയും ചെയ്യുന്നു. മനുഷ്യന്റെ മസ്തിഷ്‌ക്കവും അതിലെ സങ്കീര്‍ണസംവിധാനങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത് ദൈവിക വിശ്വാസത്തെ പിന്തുണയ്ക്കുന്ന വിധത്തിലാണ്. നമ്മുടെ പഠനങ്ങള്‍ ഇത്തരം വിശ്വാസത്തിലേക്ക് നയിക്കുന്നില്ലെങ്കില്‍ അത് നികൃഷ്ടതയും മൗഢ്യവുമായിരിക്കും. ‘ചിന്തിച്ചു മനസ്സിലാക്കാത്തവരില്‍ അല്ലാഹു നികൃഷ്ടത വരുത്തിവെക്കും’ (വി.ഖു 10/100) എന്ന ദിവ്യവചനം ഇവിടെ ശ്രദ്ധേയമാണ്.
തനിക്ക് താന്‍ തന്നെ മതിയെന്ന സ്വയം പര്യാപ്തബോധം മനുഷ്യനെ ധിക്കാരിയാക്കുന്നു (96/6,7) എന്ന ഖുര്‍ആന്‍ നിരീക്ഷണവും മനുഷ്യന്റെ വൈജ്ഞാനിക പാപ്പരത്തമാണ് സൂചിപ്പിക്കുന്നത്. അല്ലാഹുവിനെപ്പറ്റിയുള്ള ബോധവും ബോധ്യവും ബൗദ്ധിക ഇടപെടലുകളെ നേര്‍വഴിക്ക് നയിക്കും. ‘ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിച്ചാല്‍ അവന്റെ ഹൃദയത്തെ അല്ലാഹു നേര്‍വഴിയിലാക്കും. ഹിദായത്തിന്റെ പ്രതിഫലനം തുടങ്ങേണ്ടത് മനസ്സില്‍ നിന്നായിരിക്കണമെന്നുകൂടി ഈ വചനം വ്യക്തമാക്കുന്നു. മനുഷ്യാര്‍ജിത വിജ്ഞാനങ്ങളുടെ പരിമിതികൂടി ഇതിനോട് ചേര്‍ത്തുവായിക്കണം. ഭൂമുഖത്തുള്ള മരങ്ങള്‍ പേനയാക്കി സപ്തസാഗരങ്ങളും മഷിയാക്കി, എഴുതിയാലും തീരാത്തതാണ് ഭൗതികവും ഭൗതികാതീതവുമായ ദൈവികജ്ഞാനം (വി.ഖു 31/27)
ഇന്നത്തേതുപോലെ ശാസ്ത്ര സാങ്കേതിക വിജ്ഞാനം നബി(സ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല. ആ കുറവിനെ അവര്‍ അതിജീവിച്ചത് വിശ്വാസത്തിലൂടെയായിരുന്നു. വിജ്ഞാനത്തിലൂടെ ആര്‍ജിക്കാന്‍ കഴിയാത്ത മൂല്യാധിഷ്ഠിത ധര്‍മാചരണം അവര്‍ കൈവരിച്ചത് വിശ്വാസത്തിന്റെ ബലത്തിലായിരുന്നു. അതിന്റെ നൂറിലൊന്ന്‌പോലും സ്വന്തമാക്കാന്‍ ശാസ്ത്രീയാറിവുകള്‍ ധാരാളം നേടിയ ആധുനിക സമൂഹത്തിന് കഴിയുന്നില്ല. ”നീ എവിടെയാണെങ്കിലും അല്ലാഹു നിന്റെ കൂടെയുണ്ട്’ (നബിവചനം) എന്നതാണ് ഈമാനിന്റെ ശക്തി. അത് നല്‍കുന്ന ബൗദ്ധിക ഊര്‍ജമാണ് അല്ലാഹുവിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത്. വിജ്ഞാനം യുക്തിഭദ്രമാകുന്നതും ഈ സന്ദര്‍ഭത്തിലാണ്.
അല്ലാഹുവിനെ ആരാണ് സൃഷ്ടിച്ചത് എന്ന ദുര്‍ന്യായം ജാഹിലിയ്യത്തിലെ നിഷേധികള്‍പോലും ചോദിച്ചിരുന്നില്ല. ആരാധ്യരായി വേറെയും ശക്തികള്‍ വേണമെന്നേ അവര്‍ ശഠിച്ചിരുന്നുള്ളൂ. ആധുനിക മനുഷ്യന്‍ നേടിയിരിക്കുന്ന വിജ്ഞാനങ്ങളും ജീവിതസൗകര്യങ്ങളും അവനെ കൂടുതല്‍ അഹങ്കാരിയും ദൈവധിക്കാരിയുമാക്കുന്നു എന്നതിന് വര്‍ത്തമാന സമൂഹം സാക്ഷിയാണ്. വിശ്വാസം (ഈമാന്‍) സംശയമേതുമില്ലാതെ ദൃഢമായി(യഖീന്‍) സൂക്ഷിക്കുകയാണ് കാടുകയറിയ ചിന്തകളില്‍ നിന്നുള്ള ഏകരക്ഷാമാര്‍ഗം. ചിന്തകള്‍ക്കും അന്വേഷണങ്ങള്‍ക്കും വ്യക്തത ലഭിക്കുവാനും അതാവശ്യമാണ്.
Back to Top