ഉമറുല്‍ ബഷീറിന്റെ പതനം പ്രതീക്ഷകളും പ്രതിസന്ധികളും – സൈഫുദ്ദീന്‍ കുഞ്ഞ്
അറബ് വസന്തത്തോടെ ആരംഭിച്ച അറബ് രാഷ്ട്രീയ മേഖലകളിലെ മാറ്റങ്ങള്‍ക്ക് ഒരിടവേളക്ക് ശേഷം പുത്തനുണര്‍വ് വന്നിരിക്കുന്നു. സുഡാന്‍ ഏകാധിപതി ഉമറുല്‍ ബഷീര്‍ മുപ്പതു വര്‍ഷത്തെ ഭരണത്തിനുശേഷം രാജിവെച്ചിരിക്കുന്നു. അല്‍ജീരിയന്‍ ഭരണാധികാരി അബ്ദുല്‍ അസീസ് ബൂതഫ്‌ലീക്കയുടെ പതനശേഷം സുഡാനില്‍ നടന്ന രാഷ്ട്രീയമാറ്റവും അറബ് വസന്തത്തിന്റെ ഓര്‍മകളുണര്‍ത്തുന്നുണ്ട്. സുഡാനിലെ ട്രാന്‍സിഷണല്‍ മിലിറ്ററി കൗണ്‍സില്‍ ഉമറുല്‍ ബഷീര്‍ ഭരണകൂടത്തിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും പ്രതിഷേധക്കാരെ പിരിച്ചുവിടില്ല എന്നു ഉറപ്പു നല്‍കുകയും ചെയ്തു. ജനകീയ ഭരണം സ്ഥാപിതമാകും വരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ഖാര്‍ത്തൂമിലെ ഡിഫന്‍സ് മന്ത്രാലയത്തിന്റെ മുമ്പിലാണ് പ്രതിഷേധം നടന്നുവരുന്നത്. സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഉമറുല്‍ ബഷീര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഭരണകൂടത്തെ പിരിച്ചുവിടുകയും ചെയ്തിരുന്നു. 2020-ലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനില്‍ മത്സരിക്കാനായി ഭരണഘടനാ ഭേദഗതിക്കു പോലും ഉമറുല്‍ ബഷീര്‍ തുനിഞ്ഞു.
വിലക്കയറ്റം, സാമ്പത്തിക ഞെരുക്കം, രാഷ്ട്രീയ സ്വാതന്ത്ര്യം അടക്കം സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെ അസ്ഥിരത രൂക്ഷമായതോടെയാണ് 2018 ഡിസംബര്‍ 19-ല്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. മുഖ്യ പ്രതിഷേധകരായ സുഡാനീസ് പ്രഫഷണല്‍ അസോസിയേഷന്റെ (എസ് പി എ) നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭമാണ് ഉമറുല്‍ ബഷീറിനെ അധികാരത്തില്‍ നിന്നും താഴെയിറക്കിയത്. ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരടക്കം ധാരാളം പേര്‍ കൊല്ലപ്പെട്ടു. ഉമറുല്‍ ബഷീര്‍ പ്രക്ഷോഭകരെ വിദേശ ഏജന്റുകളെന്ന് വിളിക്കുകയും തെരഞ്ഞെടുപ്പിലൂടെ തന്നെ പരാജയപ്പെടുത്താന്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക രാഷ്ട്രീയ അസ്ഥിരത, സുഡാനിന്റെ വിഭജനം, പ്രധാന എണ്ണപ്പാടങ്ങള്‍ വടക്കന്‍ സുഡാനിനു നഷ്ടപ്പെടല്‍, രൂക്ഷമായ അഴിമതി തുടങ്ങി സുഡാന്‍ നേരിടുന്ന നിരവധി ആഭ്യന്തര പ്രശ്‌നങ്ങളാണ് സുഡാനി ജനതയെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. 14-ാം തിയതിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യങ്ങളെല്ലാം മിലിറ്ററി കൗണ്‍സില്‍ നടപ്പിലാക്കാന്‍ തയ്യാറാണെന്ന് ജനറല്‍ ശംസുദ്ദീന്‍ ശാന്തു പ്രസ്താവിച്ചിരുന്നു. ഉമറുല്‍ ബഷീറിന്റെ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ ട്രാന്‍സിഷണല്‍ ഗവണ്‍മെന്റില്‍ സ്ഥാനമില്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്ന് ജനറല്‍ ശാന്തു പ്രസ്താവിച്ചു. കൂടാതെ, പൊലിസ് മിലിറ്ററി നേതൃസ്ഥാനങ്ങളില്‍ അഴിച്ചുപണിയും മിലിറ്ററി നേതൃത്വം നടത്തിയിട്ടുണ്ട്. മുന്‍ ഭരണകൂടത്തിന്റെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുമെന്നും മീഡിയക്കെതിരെയുള്ള നിയന്ത്രണങ്ങളും സെന്‍സര്‍ഷിപ്പും എടുത്തുകളയുമെന്നും പട്ടാളം പ്രഖ്യാപിച്ചു. യു എന്‍, യു എസ് നയതന്ത്ര പ്രതിനിധികളെ മാറ്റുമെന്നും സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ഉമറുല്‍ ബഷീറിന്റെ പതനം പ്രഖ്യാപിച്ച ഡിഫന്‍സ് മിനിസ്റ്റര്‍ അഹ്മദ് അവദ് ബിന്‍ ഔഫ് രണ്ടു വര്‍ഷം മിലിറ്ററി ഭരിക്കുമെന്നും മൂന്നു മാസത്തേക്ക് അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധം കാരണം ബിന്‍ ഔഫിനും ഉമറുല്‍ ബഷീറിന്റെ സുഹൃത് സുരക്ഷ സൈന്യ മേധാവി ലഫ്റ്റനന്റ് ജനറല്‍ സലാഹ് അബ്ദുല്ല ഗോഷിനും രാജിവെക്കേണ്ടി വന്നു. ട്രാന്‍സിഷണല്‍ മിലിറ്ററി കൗണ്‍സിലിന്റെ പുതിയ മേധാവിയായ ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അബ്ദുറഹ്മാന്‍ ബുര്‍ഹാന്‍ മുഴുവന്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും സുഡാനികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് സുഡാനി ജനതയുടെ അവകാശപ്പോരാട്ടങ്ങള്‍ വിജയം കാണുന്നു എന്നു തെളിയിക്കുന്നു. സുഡാന്‍ പ്രൊഫഷണല്‍ അസോസിയേഷന്‍ (എസ് പി എ) മിലിറ്ററി കൗണ്‍സിലിന്റെ പ്രഖ്യാപനങ്ങളില്‍ തൃപ്തരല്ല. കൂടുതല്‍ നേതൃതല മാറ്റങ്ങള്‍ അവര്‍ ആവശ്യപ്പെടുന്നുണ്ട്.
പട്ടാള അട്ടിമറികളും ആഭ്യന്തര സംഘര്‍ഷങ്ങളും
1956 ജനുവരി ഒന്നിന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും സുഡാന്‍ വിവിധ രാഷ്ട്രീയ പ്രാദേശിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോയത്. സുഡാന്‍ ചരിത്രത്തില്‍ അഞ്ചു തവണ പട്ടാള അട്ടിമറികള്‍ നടന്നിട്ടുണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇസ്മായില്‍ അല്‍ അസ്ഹരിയുടെ ഭരണകൂടത്തെ 1969-ല്‍ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത് ജനറല്‍ ജാഫര്‍ മുഹമ്മദ് നുമൈരി 1985 വരെ സുഡാന്‍ ഭരിച്ചു. അദ്ദേഹത്തിന്റെ പാര്‍ട്ടി സുഡാനീസ് സോഷ്യലിസ്റ്റ് യൂണിയന്‍ പാന്‍ അറബ് സോഷ്യലിസ്റ്റ് വീക്ഷണം പുലര്‍ത്തിയിരുന്നെങ്കിലും സുഡാന്‍ ഇസ്‌ലാമിക ചലനങ്ങളുടെ നേതാവ് ഡോ. ഹസനുല്‍ തുറാബിയുടെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയും സ്വാധീന ഫലമായി ഇസ്‌ലാമിക വത്കരണ പ്രക്രിയയില്‍ ഇടപെട്ടിരുന്നു. നുമൈരി രണ്ടു തവണ വിഫല പട്ടാള അട്ടിമറികള്‍ അഭിമുഖീകരിക്കേണ്ടി വന്നു.
ഉമറുല്‍ ബഷീര്‍
1971 ജൂലൈ 19-ല്‍ മേജര്‍ ഹാഷിം അത്തായുടെ നേതൃത്വത്തില്‍ നുമൈരി ഭരണകൂടത്തെ താഴെയിറക്കിയെങ്കിലും ദേശീയ അന്താരാഷ്ട്രീയ പിന്തുണ ലഭിച്ചില്ല. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നുമൈരി തിരിച്ചടിക്കുകയും വിമതര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തു. സുഡാന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് ആരംഭിച്ച ആഭ്യന്തര യുദ്ധത്തില്‍ (1955-1972) രൂപീകരിക്കപ്പെട്ട സുഡാനി വിഘടനവാദികള്‍ 1977-ല്‍ പട്ടാള അട്ടിമറി ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. 1885 ഏപ്രില്‍ ആറിന് പ്രതിരോധമന്ത്രിയും കമാണ്ടര്‍ ഇന്‍ചീഫുമായ അബ്ദുറഹ്മാന്‍ സൗര്‍ദഹബ് അട്ടിമറി നടത്തി 16 വര്‍ഷം നീണ്ട നുമൈരിയുടെ ഭരണം അവസാനിപ്പിച്ചു. ട്രാന്‍സിഷണല്‍ മിലിറ്ററി കൗണ്‍സില്‍ രൂപീകരിച്ച് ബഹുകക്ഷി ഭരണത്തിനു ആക്കം കൂട്ടി. എന്നാല്‍ 1989 ജൂണ്‍ 30-നു പ്രസിഡന്റ്അഹ്മദ് അല്‍മിര്‍ഗാനിയും പ്രധാനമന്ത്രിസാദിഖ്അല്‍മഹ്ദിയും നേതൃത്വം നല്‍കിയ ഭരണകൂടത്തെ അട്ടിമറിച്ച്അധികാരത്തിലേറിയ ജനറല്‍ ഉമറുല്‍ ബഷീര്‍ തന്റെ 30 വര്‍ഷം നീണ്ട ഭരണത്തിനു തുടക്കമിട്ടു.
സുഡാനിന്റെ തെക്കന്‍ പ്രദേശവാസികള്‍ കേന്ദ്രഭരണകൂടങ്ങളുമായി നടത്തിയ ഭയാനകമായ ആഭ്യന്തരയുദ്ധങ്ങള്‍ (1955-1972, 1983-2005) രാജ്യത്തെ വിഭജനത്തിലേക്ക് നയിച്ചു. നുമൈരിയുടെ ഭരണകാലത്ത് വിമത വിഭാഗങ്ങളെ ദേശീയ സംവാദത്തിനു ക്ഷണിക്കുകയും ഒന്നാം ആഭ്യന്തര യുദ്ധത്തിനു അറുതി വരുത്താന്‍ കഴിഞ്ഞു. 22 വര്‍ഷം നീണ്ടുനിന്ന രണ്ടാം ആഭ്യന്തര യുദ്ധം ഉമറുല്‍ ബഷീറിന് 2005-ല്‍ താത്കാലികമായി അവസാനിപ്പിക്കാന്‍ സാധിച്ചെങ്കിലും 2011 നടന്ന ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ വിഭജനം സംഭവിക്കുകയുണ്ടായി. സുഡാനില്‍ സാമൂഹിക രാഷ്ട്രീയ പ്രധാനമായ വിഷയങ്ങളിലൊന്നാണ് അറബ് അനറബ് വംശങ്ങള്‍ തമ്മിലുള്ള ഭിന്നതയും സംഘര്‍ഷവും. സുഡാനിന്റെ അറബ് വല്‍ക്കരണത്തിന്നെതിരെ ആഫ്രിക്കന്‍ വംശജര്‍ക്കിടയില്‍ വിശിഷ്യാ ദാര്‍ഫുര്‍ മേഖലയില്‍ സുഡാന്‍ ഭരണകൂടങ്ങള്‍ക്കെതിരെ വിമതസ്വരമുയരാന്‍ കാരണമായിട്ടുണ്ട്. ദാര്‍ഫുര്‍ പ്രദേശത്തെ ആഫ്രിക്കന്‍ വംശജരായ കര്‍ഷക സമൂഹത്തോട് ഉമറുല്‍ ബഷീര്‍ ഭരണകൂടം അനീതിയും വിവേചനവും കാണിക്കുന്നു എന്ന ശബ്ദമുയര്‍ത്തി ദി ജസ്റ്റിസ്ആന്‍ഡ് ഇക്വാലിറ്റി മൂവ്‌മെന്റ് (ജെ ഇ എം), ദി സുഡാന്‍ ലിബറേഷന്‍ ആര്‍മി (എസ് എല്‍ എ) 2002-ല്‍ സുഡാന്‍ സൈന്യത്തിനെതിരെ സായുധാക്രമണങ്ങള്‍ ആരംഭിച്ചു. സുഡാന്‍ ഭരണകൂടം ‘ജാന്‍ജാവീദ്’ എന്നറിയപ്പെടുന്നപോരാളിവിഭാഗത് തിന്റെ സഹായത്തോടെ വിമത ഗ്രൂപ്പുകള്‍ക്കെതിരെ യുദ്ധം തുടങ്ങി.
2003-2008 കാലയളവില്‍ ഫുര്‍, മസാലിത്, സഗാവ തുടങ്ങിയ ദാര്‍ഫുര്‍ പ്രദേശങ്ങളില്‍ നടന്ന പ്രത്യാക്രമണങ്ങളില്‍ നിരവധിയാളുകള്‍ കൊല്ലപ്പെടുകയും ഭവനരഹിതരാക്കപ്പെടുകയും ചെയ്തു. 2000-ലെ ദാര്‍ഫുര്‍ സംഘര്‍ഷത്തില്‍ മൂന്നു ലക്ഷം ആളുകള്‍ കൊല്ലപ്പെടുകയും 2.7 മില്യണ്‍ സുഡാനികള്‍ ആട്ടിയോടിക്കപ്പെടുകയും ചെയ്തിരുന്നു. ഇക്കാരണത്താല്‍ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ട് ഉമറുല്‍ ബഷീര്‍ ഭരണകൂടത്തിനെതിരെ വംശഹത്യക്ക് കേസെടുത്തിരുന്നു.
2011-ലെ സുഡാന്‍ വിഭജന ശേഷം ബ്ലുനൈല്‍, സൗത്ത് കൊര്‍ദോഫാന്‍ എന്നീ സംസ്ഥാനങ്ങളില്‍ സുഡാനി സൈന്യവുമായി വിമത വിഭാഗമായ സുഡാന്‍ പീപ്ള്‍സ് ലിബറേഷന്‍ മൂവമെന്റ്‌നോര്‍ത്ത് (എസ് പി എല്‍ എം എന്‍) തുടരുന്ന സായുധ സംഘട്ടനം രൂക്ഷമാകുന്നുണ്ട്. എസ് പി എല്‍ എം എന്‍ ദാര്‍ഫുരിലെ വിമത ഗ്രൂപ്പുകളിലൊന്നായ സുഡാന്‍ റിവൊല്യൂഷനറി ഫ്രന്റുമായി സഖ്യമുണ്ടാക്കിയത് രംഗം കൂടുതല്‍ വഷളാക്കും. തെക്കന്‍ പ്രദേശത്തോടുള്ള കേന്ദ്രഭരണകൂടങ്ങളുടെ അവഗണന, വിവേചനം, നിയമം നടപ്പിലാക്കുന്നതിലെ പ്രശ്‌നങ്ങള്‍, മതസ്പര്‍ധ, അറബ് ആഫ്രിക്കന്‍ സംഘര്‍ഷം എന്നിവയെല്ലാം ഈ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളാണ്.
ഹസന്‍ അബ്ദുല്ല അല്‍തുറാബിയും ഇസ്‌ലാമിക രാഷ്ട്രീയവും
1940-കളില്‍ സ്ഥാപിക്കപ്പെട്ട സുഡാന്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആശയ പരിസരമുള്ള ഇസ്‌ലാമിക്ചാര്‍ട്ടര്‍ ഫ്രന്റിന്റെ നേതാവായി മാറിയ ഡോ. ഹസന്‍ അബ്ദുല്ല അല്‍ തുറാബി, 1976-ല്‍ അല്‍ ജബ്ഹത്തുല്‍ ഇസ്‌ലാമിയ അല്‍ഖൗമിയ (നാഷണല്‍ ഇസ്‌ലാമിക് ഫ്രന്റ്- എന്‍ ഐ എഫ്) രൂപികരിച്ചു. 1998 വരെ സുഡാന്‍ രാഷ്ട്രീയ മേഖലയില്‍ ഇസ്‌ലാമിക രാഷ്ട്രീയ പ്രതിനിധാനം എന്നര്‍ഥത്തിലും മാര്‍ക്‌സിസ്റ്റ് സോഷ്യലിസ്റ്റ് ചിന്താധാരകളുമായുള്ള ആശയ സംവാദത്തിലും എന്‍ ഐ എഫ് നേതൃത്വം നല്‍കി. സാദിഖ് അല്‍ മഹ്ദിയുടെ നാഷണല്‍ ഉമ്മ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളസഖ്യകക്ഷി ഭരണത്തില്‍ നിന്നും എന്‍ ഐ എഫിനെ ഒഴിവാക്കിയതും നിയമ നിര്‍മാണ മേഖലയില്‍ ശരീഅത്തിന്റെ പ്രാധാന്യം അല്‍മഹ്ദി കുറച്ചു കണ്ടതും അല്‍തുറാബിയെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. 1989-ലെ ഉമറുല്‍ ബഷീറിന്റെ പട്ടാള അട്ടിമറിയെ അല്‍തുറാബി പിന്തുണച്ചു. 1998 നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രൂപീകരണത്തില്‍ പങ്കുവഹിച്ച അല്‍തുറാബി പാര്‍ലിമെന്റ് സ്പീക്കര്‍ ആയത് നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഹേതുവായി. പ്രസിഡന്റിന്റെ അധികാര പരിധി നിര്‍ണയിക്കുന്ന ബില്‍ അവതരിപ്പിച്ചത് ഉമറുല്‍ ബഷീറുമായുള്ള ബന്ധം വഷളാക്കുകയും പിന്നീട് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിഘടനത്തിലേക്ക് നയിക്കുകയും ചെയ്തു. 1999- ല്‍ അല്‍തുറാബി പോപ്പുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചു. രൂപീകരണ കാലം മുതല്‍ ഉമറുല്‍ ബഷീറിന്റെ ദേശീയ അന്താരാഷ്ട്ര നയനിലപാടുകളുടെ ശക്തമായ പ്രതിപക്ഷമായി പോപ്പുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നില കൊണ്ടു. 2010 ല്‍ സുഡാന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു രൂപപ്പെട്ട പ്രതിപക്ഷ സഖ്യം നാഷണല്‍ കണ്‍സെന്‍സ് ഫോഴ്‌സിലെയും ഉമറുല്‍ ബഷീറിനെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയ സുഡാന്‍ പ്രൊഫഷണല്‍ അസോസിയേഷന്‍ തയ്യാറാക്കിയ ഡിക്ലറേഷന്‍ ഓഫ് ഫ്രീഡം ആന്‍ഡ് ചേഞ്ച് പ്രസ്താവനയിലെയും പ്രധാന അംഗമാണ്. ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണഘടനാഭേദഗതി, ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ സ്ഥാപനം, സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ ഇസ്‌ലാമിക ചിന്തകളുടെ പ്രായോഗിക വല്‍ക്കരണം എന്നിങ്ങനെ സുഡാനിന്റെ മത- സാമൂഹിക- രാഷ്ട്രീയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഹസന്‍ അല്‍തുറാബിയുടെ ചിന്തകള്‍ ഭാവിയിലും അനുരണനങ്ങള്‍ സൃഷ്ടിക്കും.
ഉമറുല്‍ ബഷീറിന്റെ മര്‍ദക ഭരണത്തിനെതിരെ ജനരോഷം ആളിക്കത്തിക്കുന്നതില്‍ അലാസലാഹിനെപ്പോലുള്ള നിരവധി വനിതകള്‍ക്കും പങ്കുണ്ട്. സ്ത്രീകള്‍ നേരിടുന്ന ഗാര്‍ഹിക പീഡനം, ലൈംഗിക അക്രമങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇതിനു കാരണങ്ങളാണ്. ഉമറുല്‍ ബഷീറുമായി അഭിപ്രായ ഭിന്നത ഉടലെടുത്തപ്പോള്‍ ശൈഖ് ഹസനുല്‍ തുറാബി നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിഘടിച്ചു രൂപീകരിച്ച പോപ്പുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഈ വിപ്ലവത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. സുഡാനി വിപ്ലവത്തിന്റെ മുഴുവന്‍ ആവശ്യങ്ങളും സാക്ഷാത്കരിക്കും വരെ പ്രതിഷേധം തുടരുമെന്ന് പോപ്പുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ഉമര്‍ അല്‍ദിഗൈര്‍ പ്രസ്താവനയിറക്കിയിട്ടുണ്ട്.
സുഡാന്‍ വിഭജനം, ദാര്‍ഫുര്‍ സംഘര്‍ഷം തുടങ്ങി നിരവധി ആഭ്യന്തര സംഘട്ടനങ്ങളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന പല മിലിറ്റന്റ്ഗ്രൂപ്പുകളുടെ നിരായുധീകരണം, ഭരണവിരുദ്ധ വികാരത്തില്‍ രൂപംകൊണ്ട സഖ്യകക്ഷികളുടെ ഭാവി, സമകാലിക സാഹചര്യത്തിലും സുഡാന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന മിലിറ്ററിയുടെ ഭാഗധേയം തുടങ്ങിയ ഗൗരവതരമായ വിഷയങ്ങളാണ് സുഡാന്‍ ഭാവിയില്‍ അഭിമുഖീകരിക്കാനുള്ളത്