ന്യൂനപക്ഷ രാഷ്ട്രീയവും കോണ്‍ഗ്രസും – ടി റിയാസ് മോന്‍
ഇന്ത്യയില്‍ കോണ്‍ഗ്രസോ മതേതര കക്ഷികളോ 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ അതില്‍ ഏറ്റവും കൂടുതല്‍ എം പിമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങള്‍ ഏതൊക്കെയായിരിക്കും? പശ്ചിമബംഗാള്‍, തമിഴ്‌നാട്, കേരളം എന്നിവയായിരിക്കും ഉത്തരം. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായിരിക്കും പുതിയ മതേതര സര്‍ക്കാറിനുള്ള പിന്തുണയുടെ 30 ശതമാനത്തോളം വരിക. തൃണമൂല്‍ കോണ്‍ഗ്രസ് ആയിരിക്കും ഏറ്റവുമധികം മുസ്‌ലിം ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കുന്ന കോണ്‍ഗ്രസ് ഇതര രാഷ്ട്രീയ പാര്‍ട്ടി. ഡി എം കെ, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് എന്നിവയും അവയ്ക്ക് പിറകില്‍ വരും. ഉത്തര്‍ പ്രദേശില്‍ 80 സീറ്റുകളില്‍ 73 സീറ്റ് നേടിയാണ് 2014-ല്‍ ബി ജെ പി അധികാരത്തിലേറിയത്. അവിടെ ബി എസ് പി, എസ് പി സഖ്യം നേടുന്ന സീറ്റുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. എസ് പി, ബി എസ് പി സഖ്യം യാഥാര്‍ഥ്യമായതോടെ മൂന്ന് പാര്‍ട്ടികള്‍ക്കായി വിഭജിച്ച് പോയിരുന്ന ഉത്തര്‍പ്രദേശിലെ മുസ്‌ലിംവോട്ടുകള്‍ രണ്ട് പാര്‍ട്ടികള്‍ക്കിടയില്‍ വിഭജിച്ച് പോകുന്ന സാഹചര്യമാണുള്ളത്. എസ് പി, ബി എസ് പി സഖ്യം ഉത്തര്‍പ്രദേശില്‍ പകുതിയിലധികം സീറ്റുകള്‍ നേടുകയാണെങ്കില്‍ മതേതര സര്‍ക്കാറിന് ഏറ്റവുമധികം പിന്തുണ നല്‍കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശ് ആയിരിക്കും. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ രാജ്യത്ത് മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന കാര്യം തീര്‍ച്ചപ്പെടുത്താം.
മുസ്‌ലിം വോട്ടുകള്‍ നിര്‍ണ്ണായകമായ പടിഞ്ഞാറന്‍ യു പിയില്‍ എസ് പി, ബി എസ് പി മുന്നണിക്ക് ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ സാന്നിധ്യം സഹായകരമാകുന്നത് എന്ന വിമര്‍ശം നിരീക്ഷകര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ മഹാഗത് ബന്ധന്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടതിന് ശേഷം കോണ്‍ഗ്രസ് സ്വീകരിച്ച സമീപനം മതേതര സര്‍ക്കാര്‍ എന്ന ലക്ഷ്യത്തിന് വിരുദ്ധമായിരുന്നു. പരാജയം ഉറപ്പായ മണ്ഡലങ്ങളില്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നതിന് പകരം സ്ഥാനാര്‍ഥികളെ നിര്‍ത്തിയ കോണ്‍ഗ്രസ് നീക്കം ബി ജെ പിക്കാണ് ഗുണം ചെയ്തത്.
കര്‍ണാടകയില്‍ ജെ ഡി എസ്- കോണ്‍ഗ്രസ് സഖ്യം പൂര്‍ണമായും മുസ്‌ലിംവോട്ടുകള്‍ നേടുമെന്ന് പ്രതീക്ഷിക്കാം. കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യം ഭൂരിപക്ഷം സീറ്റുകള്‍ നേടുമെന്ന് ഇതുവരെ പുറത്തുവന്ന അഭിപ്രായ സര്‍വേകള്‍ ഇതുവരെ പറഞ്ഞിട്ടില്ല. ദക്ഷിണേന്ത്യയില്‍ നിന്ന് ബി ജെ പിക്ക് ഭൂരിപക്ഷം നേടുന്ന ഏക സംസ്ഥാനം കര്‍ണാടകയായിരിക്കുമെന്ന പ്രവചനം തെറ്റുകയാണെങ്കില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടുവെന്ന് ഉറപ്പിക്കാം.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്ക് അനുകൂലമായി ചിന്തിക്കുന്ന മുസ്‌ലിംകള്‍ ദക്ഷിണേന്ത്യയിലാണ് കൂടുതലായുള്ളത്. അതിന് കാരണം പ്രാദേശിക കക്ഷികളുമായുള്ള കോണ്‍ഗ്രസിന്റെ മുന്നണി ബന്ധമാണ്. കോണ്‍ഗ്രസിനെക്കാള്‍ രാജ്യത്തുടനീളം മുസ്‌ലിംകള്‍ക്ക് ഇഷ്ടം പ്രാദേശിക കക്ഷികളോടാണ്. തെലങ്കാനയില്‍ ടി ആര്‍ എസ് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ സഖ്യം യാഥാര്‍ഥ്യമായത് വഴി തെലങ്കാനയില്‍ ടി ആര്‍ എസ് മജ്‌ലിസ് കൂട്ടുകെട്ട് വന്‍ഭൂരിപക്ഷം നേടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജമ്മുകശ്മീരില്‍ നാഷനല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് ധാരണയായത് മതേതര മുന്നണിക്ക് അനുകൂല ഘടകമാണ്. എന്നാല്‍ എ ഐ എ യു ഡി എഫ് സഖ്യസാധ്യതകള്‍ തുറന്നിട്ടും അതിന് തയ്യാറാകാതിരുന്ന ആസാം കോണ്‍ഗ്രസ് നേതൃത്വം ബി ജെ പിയെ സഹായിക്കുകയാണ് ഫലത്തില്‍ ചെയ്തത്.
കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്ക് നല്‍കുന്ന പ്രാതിനിധ്യത്തിന്റെ തോതനുസരിച്ച് മാത്രമേ മുസ്‌ലിംകള്‍ കോണ്‍ഗ്രസിനെയും പിന്തുണക്കുകയുള്ളൂ. ഏപ്രില്‍ 11-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം വോട്ടര്‍പട്ടികയില്‍ നിന്ന് പല സംസ്ഥാനങ്ങളിലും മുസ്‌ലിംകളെ കൂട്ടത്തോടെ വെട്ടിമാറ്റിയതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വോട്ടര്‍പട്ടികയില്‍ പേരുള്ള മുസ്‌ലിംകള്‍, വിശേഷിച്ച് സ്ത്രീകള്‍ വോട്ട് ചെയ്യുന്നില്ല എന്നതാണ് ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പോളിങ് കുറയാന്‍ കാരണമെന്ന് പഠനങ്ങളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നുണ്ട്. മുസ്‌ലിം ഗല്ലികളിലേക്ക് ഇറങ്ങിച്ചെല്ലാനും അവരെ രാഷ്ട്രീയമായി ഉപയോഗിക്കാനും കഴിവുള്ള നേതാക്കള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ ഇല്ല എന്നത് തന്നെയാണ് അതിന് കാരണം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു കഴിഞ്ഞതിന് ശേഷം മാത്രം മുസ്‌ലിം പിന്തുണയെ കുറിച്ചും വോട്ടര്‍പട്ടികയെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന അവസ്ഥ മാറിയേ തീരൂ. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുക, തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്യുക എന്നിവ തങ്ങളുടെ സാമൂഹ്യബാധ്യതയായി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. കര്‍മശാസ്ത്ര ഭിന്നതകള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം സ്വന്തം പൗരാവകാശം ഉപയോഗിക്കുന്നതിനെ കുറിച്ച് മുസ്‌ലിം പണ്ഡിതന്മാര്‍ സമുദായത്തെ ബോധവത്കരിച്ചാല്‍ രാജ്യത്തിനും സമൂഹത്തിനും മികച്ച വളര്‍ച്ച കൈവരിക്കാനാവും. വോട്ടവകാശം വിനിയോഗിക്കുന്നതില്‍ മുസ്‌ലിംസമൂഹം, അതില്‍ തന്നെ സ്ത്രീകള്‍ കാണിക്കുന്ന വിമുഖത രാജ്യത്തുടനീളം തെരഞ്ഞെടുപ്പ് വിധിയെ തന്നെ സ്വാധീനിക്കുന്നുണ്ട് എന്നത് സമുദായ നേതൃത്വം ഗൗരവമായി കാണേണ്ടതാണ്. തെരഞ്ഞെടുപ്പുകളോട് കാണിക്കുന്ന വിമുഖത തങ്ങള്‍ നേരിടുന്ന അവഗണനയുടെ ആഴം വര്‍ധിപ്പിക്കാനാണ് ഉപകരിക്കുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
ന്യൂനപക്ഷ രാഷ്ട്രീയം അഥവാ ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ മോഡല്‍ കേരളമാണ്. സംസ്ഥാന നിയമസഭയിലും പ്രാദേശിക തെരഞ്ഞെടുപ്പുകളിലും പലപ്പോഴും ഇടതുപക്ഷത്തെ പിന്തുണക്കുന്ന മുസ്‌ലിം മനസ്സ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നത് ദേശീയ തലത്തില്‍ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന ആഗ്രഹം കൊണ്ടാണ്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും എ ഐ സി സിയിലുള്ള കേരള നേതാക്കളും മുസ്‌ലിം സമുദായത്തോട് കാണിക്കുന്ന സമീപനം ഗുണപരമല്ല. കോണ്‍ഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് മുസ്‌ലിം ഉള്ളത്. കേരളത്തില്‍ ഏറ്റവും കുറവ് മുസ്‌ലിം വോട്ടുള്ള പത്തനംതിട്ടയില്‍ പോലും ‘പേട്ടക്കാരുടെ വോട്ടില്‍ ജയിച്ചുകയറാമെന്ന്’ പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ് തന്നെയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിവേചനം കാണിച്ചിട്ടുള്ളത്. വയനാട്ടില്‍ രാഹുല്‍ഗാന്ധിയെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയതിനാല്‍ സമുദായം അതൊരു പൊളിറ്റിക്കല്‍ ഇഷ്യൂവായി ഉയര്‍ത്തിയിട്ടില്ലെങ്കിലും വരുംകാലത്ത് അക്കാര്യം ചര്‍ച്ച ചെയ്യേണ്ടി വരും. എ ഐ സി സി ഭാരവാഹി ലിസ്റ്റില്‍ മലബാറില്‍ നിന്നുള്ള മുസ്‌ലിംകള്‍ ഉള്‍പ്പെടാതെ പോകുന്നതിന്റെ കാരണം എ ഐ സി സി തന്നെ വിശദീകരിക്കേണ്ടതുണ്ട്. ദേശീയ നേതൃത്വത്തിലേക്ക് കേരളത്തില്‍ നിന്നുള്ള മുസ്‌ലിം പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിലൂടെ മാത്രമേ ന്യൂനപക്ഷങ്ങളും, കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനാകൂ. മലപ്പുറം ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസിലെ മുസ്‌ലിം മുഖം മറ്റൊരു മുസ്‌ലിം നേതാവും പാര്‍ട്ടിയില്‍ വളരാതിരിക്കാന്‍ കാണിച്ച തന്ത്രങ്ങള്‍ ന്യൂനപക്ഷങ്ങളും കോണ്‍ഗ്രസും തമ്മിലുള്ള നല്ല ബന്ധം ഇല്ലാതാക്കാനാണ് ഉപകരിച്ചത് എന്ന് പാര്‍ട്ടിയും സമുദായവും തിരിച്ചറിയണം. ടോം വടക്കന്‍ പോലും നേതാവായ പാര്‍ട്ടിയിലാണ് മലബാറില്‍ നിന്നുള്ള ന്യൂനപക്ഷ നേതാക്കള്‍ക്ക് ഇടംകിട്ടാതെ പോകുന്നത് എന്നത് നിസ്സാരമല്ല.
ദലിതുകള്‍, പിന്നാക്കക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ പ്രതിനിധാനം ഇന്ത്യയില്‍ വര്‍ധിച്ചു വരിക തന്നെ ചെയ്യും. അവരെ ഉള്‍ക്കൊള്ളുന്നിടത്ത് ഇടതുപക്ഷത്തിന് ഉണ്ടായ പരാജയമാണ് ബംഗാളില്‍ ഇടതുപക്ഷത്തെ നശിപ്പിച്ചത്. കേരളത്തില്‍ ഇടതുപക്ഷം ന്യൂനപക്ഷങ്ങളെ നാമമാത്രമായെങ്കിലും പരിഗണിക്കുന്നതിനാലാണ് പിടിച്ചുനില്‍ക്കുന്നത്. പ്രാദേശിക കക്ഷികള്‍ പ്രാന്തവത്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയത്തെ കൂടുതല്‍ പരിഗണിക്കുന്നുണ്ട്. അതിനാല്‍ തന്നെ പ്രാന്തവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ തങ്ങളെ പരിഗണിക്കുന്ന പ്രാദേശിക കക്ഷികളോടൊപ്പം നില്‍ക്കുന്നു. കോണ്‍ഗ്രസിനകത്തെ പ്രാന്തവത്കരിക്കപ്പെട്ടവരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും ചര്‍ച്ച ചെയ്യേണ്ട അജണ്ടയാണ്. 2019-ലേത് അവസാനത്തെ തെരഞ്ഞെടുപ്പല്ല. ഒരു തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വികാരഭരിതമാകുന്നതും തെരഞ്ഞെടുപ്പ് റിസല്‍ട്ടോടെ ഇല്ലാതെയാകുന്നതുമല്ല ന്യൂനപക്ഷ ജനതയുടെ രാഷ്ട്രീയ ഉദ്ബുദ്ധത എന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.