ഇസ്‌ലാമോഫോബിയയുടെ കാരണങ്ങള്‍ – പ്രഫ. ശംസുദ്ദീന്‍ പാലക്കോട്
ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന സ്‌നേഹം, കാരുണ്യം, മാനവികത എന്നീ ഉന്നതമൂല്യങ്ങള്‍ ഏറ്റവും ഫലപ്രദമായി നിലനില്‍ക്കുന്ന ലോകത്തിലെ ഒന്നാമത്തെ രാജ്യമേതെന്ന സമീപകാല പഠനത്തിന്റെ ഉത്തരം ചെന്നെത്തിയത് ന്യൂസിലാന്റ് എന്ന രാജ്യത്തിലാണെന്ന് മിക്കവരും അഭിപ്രായപ്പെടാറുണ്ട്. അതിനു തൊട്ടുപിറകില്‍ പല പാശ്ചാത്യ രാജ്യങ്ങളുമാണെന്നും പല പൗരസ്ത്യ നാടുകളും ഈ വിഷയത്തില്‍ വളരെപ്പുറകിലാണെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്തുകൊണ്ട് ഇസ്‌ലാമോ ഫോബിയ എന്ന ചോദ്യത്തിന്റെ ഉത്തരം എന്തുകൊണ്ട് ന്യൂസിലാന്റ് എന്ന ചോദ്യത്തിന്റെ ഉത്തരത്തിലുണ്ട്.
2019 മാര്‍ച്ച് 15-ന് ന്യൂസിലാന്റിലെ മുസ്‌ലിം പള്ളികളില്‍ നടന്ന വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെടുകയുണ്ടായല്ലോ. ഈ സംഭവത്തിന് ശേഷം ന്യൂസിലാന്റ് സര്‍ക്കാരും അവിടത്തെ ജനങ്ങളും ഉയര്‍ത്തിപ്പിടിച്ച സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മാനവികതയുടെയും മഹിതമായ മൂല്യങ്ങളിലധിഷ്ഠിതമായ കര്‍മ മാതൃകകള്‍ കണ്ടിട്ടാണ് ലോകം കോരിത്തരിച്ചത്. പീഡിതരും മര്‍ദിതരുമായ മുസ്‌ലിംകളോടൊപ്പം ആ രാജ്യം ഒറ്റക്കെട്ടായി ചേര്‍ന്ന് നിന്ന് സാന്ത്വനിപ്പിക്കുന്ന കാഴ്ച ലോകം ആനന്ദക്കണ്ണീര്‍ പൊഴിച്ചുകൊണ്ടാണ് നോക്കിക്കണ്ടത്. ന്യൂസിലാന്റ് ജനതയിലെ ഒരു ശതമാനത്തില്‍ താഴെയാണ് മുസ്‌ലിംകള്‍ എന്നറിയാമായിരുന്നിട്ടും അവരില്‍ പലരും കുടിയേറ്റക്കാരോ വിദേശികളോ ആണ് എന്ന പ്രചാരണം നിലവിലുണ്ടായിട്ടും ന്യൂസിലാന്റ് ജനതയും സര്‍ക്കാരും മര്‍ദിത ന്യൂനപക്ഷത്തെ ചേര്‍ത്തുപിടിച്ചു ആശ്വസിപ്പിച്ച രംഗം കാലമേറെ കഴിഞ്ഞാലും മായ്ക്കാന്‍ കഴിയില്ല.
എന്തുകൊണ്ട് ഇസ്‌ലാം ഈ വിധം ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു എന്ന കാരണം വിശകലനവിധേയമാക്കേണ്ടതുണ്ട്. ഇസ്‌ലാമിനെതിരെ ചിലര്‍ ഭയം പ്രസരിപ്പിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. പകരം വെക്കാന്‍ മറ്റൊരു പ്രത്യയശാസ്ത്രമില്ലാത്ത ഉന്നത ഗുണമേന്മയുള്ള ഒരു ജീവിതദര്‍ശനത്തോട് ചെറിയ മനസ്സുകള്‍ക്ക് അസഹിഷ്ണുതയുണ്ടാവുക സ്വാഭാവികമാണ്. ഈ അസഹിഷ്ണുത അസൂയയിലേക്കും അസൂയ വളര്‍ന്ന് അക്രമ വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്കും വികസിക്കുക എന്നതും സ്വാഭാവികം. ഇതെല്ലാം കൂടിച്ചേര്‍ന്ന വിനാശകരമായ ഒരവസ്ഥാവിശേഷമാണ് ഇസ്‌ലാമോഫോബിയ എന്നത്. ഇസ്‌ലാമിനെ പറ്റിയുള്ള ശരിയായ അറിവും അവബോധവും ആര്‍ജിച്ചെടുക്കുക എന്നതും ഇസ്‌ലാമിക സന്ദേശങ്ങള്‍ നല്ല നിലയില്‍ പ്രചരിപ്പിക്കാന്‍ മുസ്‌ലിംകള്‍ തയ്യാറാവുക എന്നതുമാണ് ഇസ്‌ലാമോഫോബിയയുടെ പ്രായോഗിക ചികിത്സാ മാര്‍ഗം. ഇസ്‌ലാമോഫോബിയയിലേക്ക് നയിക്കുന്ന അസൂയാര്‍ഹമായ ഇസ്‌ലാമിന്റെ നന്മകളില്‍ ചിലത് വിശകലനം ചെയ്യാം.
സമഗ്രതയുള്ള ജീവിതദര്‍ശനം
മനുഷ്യജീവിതത്തെ വിശ്വാസതലം, അനുഷ്ഠാനതലം, കുടുംബജീവിതം, സാമൂഹികകാര്യങ്ങള്‍ എന്നിങ്ങനെ നാല് പ്രധാന ചേരുവകളില്‍ ചേര്‍ത്തുവെക്കാവുന്നതാണ്. ഈ നാല് കാര്യങ്ങളിലും കൃത്യവും സമഗ്രവുമായ ഒരു മാര്‍ഗരേഖ ഇസ്‌ലാം സമര്‍പ്പിക്കുന്നു. ഈ നാല് തലങ്ങളെയും സൂക്ഷ്മമായി സ്പര്‍ശിക്കുന്ന സമഗ്രതയുള്ള ഒരു ജീവിതനിയമ സംഹിതയോ ജീവിതദര്‍ശനമോ ഇസ്‌ലാമിന് പകരം വെക്കാന്‍ വേറെയില്ല. ഈമാന്‍ കാര്യങ്ങളിലൂടെ വിശദീകരിക്കപ്പെടുന്ന വിശ്വാസതലം, ഇസ്‌ലാം കാര്യങ്ങളിലൂടെ വിശകലനം ചെയ്യപ്പെടുന്ന ഇസ്‌ലാം കാര്യങ്ങള്‍, കുടുംബജീവിതത്തിലെ അതിസൂക്ഷ്മ ഘടകങ്ങളെ വരെ സ്പര്‍ശിക്കുന്ന സമഗ്രമായ കുടുംബനിയമങ്ങള്‍, ഏത് നാട്ടിലും ഏത് കാലഘട്ടത്തിലും ജീവിക്കുമ്പോള്‍ പാലിക്കേണ്ട പ്രായോഗിക സാമൂഹ്യപാഠങ്ങള്‍ എന്നിവ അതിന്റെ പൂര്‍ണാര്‍ഥത്തില്‍ പാലിക്കുന്ന ഒരു വിശ്വാസിയെ അയാളുടെ സമകാലികരും അയാളുടെ സഹചാരികളും അയാളുടെ അയല്‍വാസികളും ഇഷ്ടപ്പെടുക എന്നത് സ്വാഭാവികമാണ്. ഈ സ്വാഭാവികതയെയാണ് ദൈവ നിഷേധികളും സങ്കുചിത വര്‍ഗീയ പ്രതിലോമവാദികളും ഭയപ്പെടുന്നത്. അവരുടെ സങ്കുചിത താല്‍പര്യത്തിനേല്‍ക്കുന്ന ഈയൊരു ഭയവും അസഹിഷ്ണുതയുമാണ് ഈ വിഭാഗം ഇസ്‌ലാമോഫോബിയയായി തികച്ചും വിപരീതദീശയിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.
ഇസ്‌ലാമിന്റെ സമഗ്രത പ്രഘോഷണം ചെയ്യപ്പെടുന്ന വിശുദ്ധ ഖുര്‍ആനിലെ ശ്രദ്ധേയമായ ഒരു സൂക്തം ഇങ്ങനെയാണ്: ”ശവം, രക്തം പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു . എന്നാല്‍ ജീവനോടെ നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്ക് മുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു . അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു . അതൊക്കെ അധര്‍മമാകുന്നു. ഇന്ന് സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്. അതിനാല്‍ നിങ്ങള്‍ അവരെ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന് ഞാന്‍ നിങ്ങളുടെ മതം പൂര്ത്തിയാക്കിത്തന്നിരിക്കുന് നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണകാണിക്കുന്നവനുമാകുന്നു.” (വി.ഖു 5:3)
മാനവികത ഉയര്‍ത്തിപ്പിടിക്കുന്നു
ഇസ്‌ലാം സ്‌നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മാനവികതയുടെയും ആദര്‍ശ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നു എന്നതാണ് ഈ മതം ലോകത്ത് ശ്രദ്ധിക്കപ്പെടാനും സ്വീകരിക്കപ്പെടാനും സങ്കുചിതവാദികളാല്‍ എതിര്‍ക്കപ്പെടാനുമുള്ള മറ്റൊരു ഘടകം. ”മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ നാം വ്യത്യസ്ത ജനപഥങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്. നിങ്ങളില്‍ അല്ലാഹുവില്‍ ഏറ്റവും ആദരണീയര്‍ നിങ്ങളില്‍ ഏറ്റവുമധികം ധാര്‍മികത പുലര്‍ത്തുന്നവരത്രെ.” (വി.ഖു 49:13)
പാവപ്പെട്ടവനെ സഹായിക്കുന്ന ഒരു മനസ്സ് കാത്തുസൂക്ഷിക്കാതെയും ആ രംഗത്ത് കര്‍മപഥത്തിലിറങ്ങാതെയും കേവല ആരാധനാനുഷ്ഠാനങ്ങളില്‍ മാത്രം അഭിരമിച്ച് ഒരു മുസ്‌ലിമിനും ആത്യന്തിക വിജയം നേടാന്‍ കഴിയില്ല എന്ന് വെട്ടിത്തുറന്ന് പ്രഖ്യാപിച്ച മതദര്‍ശനമാണ് ഇസ്‌ലാം. അത്തരം സ്വാര്‍ഥംബരികളായ മതനാമധാരിയെ മതനിഷേധി എന്നാണ് ഇസ്‌ലാം മുദ്ര കുത്തുന്നത് എന്നതും ശ്രദ്ധേയമത്രെ. ”മതത്തെ കളവാക്കുന്നവനെ നീ കണ്ടില്ലേ? അനാഥയെ ആട്ടിയകറ്റുന്നവനാണവന്‍. പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കാത്തവനാണവന്‍. അതിനാല്‍ നമസ്‌കാരക്കാര്‍ക്ക് നാശം! അവര്‍ അവരുടെ നമസ്‌കാരത്തില്‍ അശ്രദ്ധരാണ്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍ ചെയ്യുന്നവരാണ്. ചെറിയ പരോപകാരം പോലും തടയുന്ന (സ്വാര്‍ഥരാണ്) അവര്‍.” (ഖുര്‍ആന്‍ 107-ാം അധ്യായം)
”പുണ്യത്തിലും നന്മയിലും നിങ്ങള്‍ പരസ്പരം സഹകരിക്കുക ശത്രുതയിലും കുറ്റത്തിലും നിങ്ങള്‍ പരസ്പരം സഹായിക്കരുത്” എന്ന (വി.ഖു 5:2) സൂക്തവും ഇസ്‌ലാമിന്റെ മാനവികതയും സഹവര്‍ത്തിത്വവും തന്നെയാണ് പ്രഘോഷണം ചെയ്യുന്നത്. ബഹുദൈവത്വത്തെ കണിശമായി ഇസ്‌ലാം നിരാകരിക്കുമ്പോഴും ബഹുദൈവാരാധകരുടെ ആരാധ്യവസ്തുക്കളെ നിന്ദിക്കരുതെന്നും അവരുടെ വികാരത്തെ വ്രണപ്പെടുത്തരുതെന്നും ഇസ്‌ലാം മുസ്‌ലിംകളെ ശക്തമായി വിലക്കുന്നു. (വി.ഖു 6:108)
പ്രതികാരത്തിന് പകരം ക്ഷമ
‘തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക’, ‘നമസ്‌കാരംകൊണ്ടും ക്ഷമകൊണ്ടും അല്ലാഹുവിനോട് സഹായം തേടുക’, ‘പ്രതികാരത്തിന് പകരം ക്ഷമ കൈക്കൊള്ളുക’ എന്നീ ഉന്നതമായ മൂല്യങ്ങള്‍ ഇസ്‌ലാമിക ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായിട്ടാണ് വിശുദ്ധഖുര്‍ആന്‍ ഉയര്‍ത്തിക്കാട്ടുന്നത്. ”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതാണോ അതുകൊണ്ട് നീ തിന്മയെ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരാളും നീയും തമ്മില്‍ ശത്രുതയുണ്ടോ അവന്‍ നിന്റെ ഉറ്റബന്ധു എന്നോണം ആയിത്തീരും. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവനല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല” (വി.ഖു 41:34,35)
ക്ഷമയോ പ്രതികാരമോ ഏത് തെരഞ്ഞെടുക്കണം എന്ന മാനസിക സംഘര്‍ഷത്തില്‍ പെട്ടുഴലുന്ന വിശ്വാസിക്ക് പ്രതികാരചിന്തയെ നിയന്ത്രിച്ച് ക്ഷമാസ്വഭാവത്തെ പ്രയോഗവല്‍ക്കരിക്കാന്‍ പ്രചോദനം നല്‍കുന്ന സൂക്തം ഖുര്‍ആനിലുള്ളത് ഇപ്രകാരം: ”നിങ്ങള്‍ ശിക്ഷാ നടപടി സ്വീകരിക്കുകയാണെങ്കില്‍ (എതിരാളികളില്‍ നിന്ന്) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക് തുല്യമായ നടപടി നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍ അത് തന്നെയാണ് ക്ഷമാശീലര്‍ക്കുത്തമം. നീ ക്ഷമിക്കുക, അല്ലാഹുവന്റെ അനുഗ്രഹത്താല്‍ മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരുടെ (സത്യനിഷേധികളുടെ പേരില്‍) നീ വ്യസനിക്കരുത്. അവര്‍ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി നീ മനക്ലശത്തിലാവുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പവും സദ്‌വൃത്തരോടൊപ്പവുമാകുന്നു” (വി.ഖു 16:126-128)
പ്രതികാരം ചെയ്യുന്നതിനെയല്ല ക്ഷമിക്കുന്നതിനെയാണ് അല്ലാഹു ഇതിലൂടെ ഹൈലൈറ്റ് ചെയ്യുന്നത്. (ഈ സൂക്തങ്ങളുടെ ആദ്യഭാഗം മുറിച്ചെടുത്ത് ഖുര്‍ആന്‍ പ്രവാചകന്റെയും മുസ്‌ലിംകളുടെയും ആദര്‍ശമായി ഉയര്‍ത്തിക്കാണിച്ച് ക്ഷമ പാലിക്കുക എന്ന മുഖ്യഭാഗം അവഗണിച്ച് ഇസ്‌ലാമിനെ തീവ്രവാദവല്‍ക്കരിക്കാനുള്ള ശ്രമം മുസ്‌ലിം സമൂഹത്തിനകത്തും പുറത്തും ചിലര്‍ നടത്തുന്നുണ്ട് എന്നത് സഗൗരവം കാണേണ്ടത് തന്നെയാണ്.)
ജീവിതത്തെപ്പറ്റി വലിയ സ്വപ്‌നം
ജീവിതത്തെപ്പറ്റി വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ ഇസ്‌ലാം അതിന്റെ അനുയായികളെ പരിശീലിപ്പിക്കുന്നു എന്നതാണ് ഇസ്‌ലാമിന് അസൂയാലുക്കളുണ്ടാകാനുള്ള മറ്റൊരു കാരണം. ആഗ്രഹങ്ങള്‍ സഫലമാകാതെ, സ്വപ്‌നങ്ങള്‍ പുലരാതെ, പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ എപ്പോള്‍ വേണമെങ്കിലും പൊലിഞ്ഞുപോകുന്ന ഈ ജീവിതത്തില്‍ മരണത്തെ തെല്ലും ഭയപ്പെടുകയോ പ്രശ്‌നമാക്കുകയോ ചെയ്യാതെ സല്‍കര്‍മനിരതമായ ജീവിതം നയിക്കാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നത് മരണാനന്തരജീവിതം എന്ന ഗ്യാരണ്ടിയുള്ള സ്വപ്‌നമാണ്. അഥവാ സത്യമായി പുലരുമെന്നുറപ്പുള്ള ജീവിതമാണ്. ഇവിടെ എത്ര കാലം ജീവിച്ചാലും എപ്പോള്‍ മരിച്ചാലും ആ ജീവിതവും മരണവും മുസ്‌ലിമായ അവസ്ഥയിലാണെങ്കില്‍ വിശ്വാസിക്ക് അല്‍പം പോലും നഷ്ടബോധത്തിനോ നിരാശക്കോ അവകാശമില്ലാത്തതാണ്. സര്‍വായുധ വിഭൂഷിതരായ ശത്രുസംഘത്തോട് പൊരുതേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ പോലും തീരെ ഭയരഹിതമായ ശരീരഭാഷയില്‍ വിശ്വാസി പറയുന്നതും ചിന്തിക്കുന്നതും ഈ ഉന്നത സ്വപ്‌നത്തിന്റെ പിന്‍ബലത്തിലാണ്.
ഖുര്‍ആന്‍ പറയുന്നു: ”പ്രവാചകരേ പറയുക: രണ്ടിലൊരു നന്മയല്ലാതെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. (ഒന്നുകില്‍ നിങ്ങളോടു പൊരുതി ജയിക്കും, അല്ലെങ്കില്‍ നിങ്ങളോട് പൊരുതി മരിക്കും). എന്നാല്‍ നിങ്ങളുടെ കാര്യമാകട്ടെ അല്ലാഹുവില്‍ നിന്ന് നേരിട്ടോ ഞങ്ങള്‍ മുഖേനയോ നിങ്ങള്‍ക്ക് ആപത്താണ് വരാനിരിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ കാത്തിരിക്കുക! ഞങ്ങളും കാത്തിരിക്കാം!” (വി.ഖു 9:52)
അത്താണിയായി അല്ലാഹു
ജീവിതത്തിന്റെ എത്ര വലിയ പ്രതിസന്ധിഘട്ടത്തിലും നഷ്ടത്തിലും വിശ്വാസിക്ക് അവലംബിക്കാന്‍ ഒരത്താണിയുണ്ട് എന്നതാണ് മുസ്‌ലിംകളെ ആദര്‍ശപരമായി ശാക്തീകരിക്കുന്ന പ്രധാന ഘടകം. അല്ലാഹുവാണ് ആ അത്താണി. ന്യൂസിലാന്റില്‍ ഒരുമിച്ച് പള്ളിയില്‍ പോയ ദമ്പതികളില്‍ ഭാര്യ വെടിയേറ്റുമരിക്കുകയും വീല്‍ചെയറിലുള്ള ഭര്‍ത്താവ് രക്ഷപ്പെടുകയും ചെയ്ത ഒരു സംഭവമുണ്ടായപ്പോള്‍ വീല്‍ചെയറിലിരുന്നു തന്നെ അസാമാന്യമായ ധൈര്യം പ്രകാശിപ്പിച്ച് പത്രക്കാരോട് സംസാരിക്കുകയും ഭാര്യയെ കൊന്ന കൊലയാളിക്ക് മാപ്പ് കൊടുക്കുകയും ചെയ്യുന്ന ഒരു വിശ്വാസിയുടെ ചിത്രം നമ്മുടെയൊന്നും മനസ്സില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. അല്ലാഹുവാണ് അത്താണി എന്ന ദൃഢബോധ്യമുള്ളവര്‍ക്കേ ഇത്തരം മനക്കരുത്ത് കാണുകയുള്ളൂ.
”പറയുക; അല്ലാഹു എന്താണോ ഞങ്ങള്‍ക്ക് വിധിച്ചത് അതല്ലാതെ മറ്റൊന്നും ഞങ്ങളെ ബാധിക്കുകയില്ല” (വി.ഖു 9:51). ”പറയുക അല്ലാഹു നിങ്ങള്‍ക്ക് ഒരു ഉപദ്രവം വരുത്താന്‍ ഉദ്ദേശിച്ചാല്‍, അല്ലെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് വല്ല നന്മയും വരുത്താന്‍ ഉദ്ദേശിച്ചാല്‍ അല്ലാഹുവില്‍ നിന്ന് അതിനെ അധീനപ്പെടുത്താന്‍ (അതിനെ വഴിതിരിച്ചുവിടാന്‍) കഴിയുന്ന ആരാണ് നിങ്ങളുടെ കൂട്ടത്തിലുള്ളത്?” (വി.ഖു 48:11) തുടങ്ങിയ സൂക്തങ്ങള്‍ വിശാസിക്ക് നല്‍കുന്ന ഊര്‍ജവും ആത്മവിശ്വാസവും ചെറുതൊന്നുമല്ല. അത്താണി നഷ്ടപ്പെട്ടവര്‍ക്ക് എന്തുണ്ടായിട്ടെന്താണ് കാര്യം? അത്താണിയുള്ളവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടാലും നഷ്ടബോധമുണ്ടാവുകയില്ല. മനശ്ശക്തിയോടെ ആ തടസ്സങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയും.
ഇസ്‌ലാമിന്റെ ജീവിതപരവും ജീവിതവീക്ഷണപരവുമായ ഇത്തരം ഉന്നത മൂല്യങ്ങള്‍ ലോകത്ത് മറ്റെവിടെയും കാണാത്ത മൂല്യസങ്കല്‍പ്പങ്ങളാകുന്നു. ഇസ്‌ലാമിനെ പഠിക്കുന്നവന്‍ ഈ മൂല്യതത്വങ്ങളില്‍ ആകൃഷ്ടരാവുക സ്വാഭാവികം. അതിനാല്‍ ഇസ്‌ലാമിനെ പറ്റി തെറ്റായ ഒര മുന്‍ധാരണ ആസൂത്രിതമായി പ്രചരിപ്പിക്കുക എന്നതാണ് ഇസ്‌ലാമിക വിരോധികളുടെ മുമ്പിലുള്ള ഏക മാര്‍ഗം! അതിന്റെ ഫലമായാണ് ഇസ്‌ലാമോഫോബിയ എന്ന ഒരു സംജ്ഞപോലും വികസിപ്പിച്ചെടുക്കപ്പെട്ടത്! ‘പക്ഷെ, ദൈവിക മതത്തെ അവര്‍ വായകൊണ്ട് ഊതിക്കെടുത്താന്‍ വൃഥാ ശ്രമം നടത്തുകയാണ്’ എന്ന് ഖുര്‍ആന്‍ സൂചിപ്പിച്ചതില്‍ ഇസ്‌ലാമോഫോബിയ വിജയ ലക്ഷ്യത്തിലെത്തുകയില്ല എന്നതിന്റെ വ്യക്തമായ സൂചനയുണ്ട്.