ഫാസിസത്തോടാവണം പോരാട്ടം – നഈം മുക്കം
തിരഞ്ഞെടുപ്പ് സമയങ്ങളില്‍ സാധാരണയായി ഭരണകൂടങ്ങളുടെ തെറ്റായ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. പക്ഷെ നമ്മുടെ നാട്ടില്‍ ചര്‍ച്ച ചെയ്യേണ്ട പലതും ചര്‍ച്ച ചെയ്യാതെ പോകുന്നു. വിചാരണ തടവിന്റെ പേരില്‍ വര്‍ഷങ്ങള്‍ പലരെയും അകത്താക്കാന്‍ നമ്മുടെ ഒരു നിയമവും തടസ്സമാകുന്നില്ല. ഏകാധിപത്യ രാജ്യങ്ങള്‍ എന്ന് നാം പറഞ്ഞു നിര്‍ത്തുന്ന നാടുകളില്‍ പോലും കേള്‍ക്കുന്ന വാര്‍ത്തകള്‍ നമ്മുടെ നാട്ടില്‍ നിന്നും കേള്‍ക്കുന്നില്ല. മറ്റൊരു വിഷയം ഗുജറാത്ത് ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടുമായി ബന്ധപ്പെട്ടതാണ്. എന്താണ് സഞ്ജീവ് ഭട്ട് ചെയ്ത കുറ്റം എന്നത് ഇനിയും അറിഞ്ഞിട്ടു വേണം.23 വര്‍ഷം മുമ്പ് നടന്ന കേസിന്റെ പേരിലാണ് അറസ്റ്റ്. അതും കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഒരു കേസിന്റെ പേരില്‍. എന്ത് കൊണ്ട് ഇതൊന്നും മതേതര പാര്‍ട്ടികള്‍ കണ്ടെന്നു നടിക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. നാട്ടില്‍ നിയമം നടപ്പാക്കി എന്നതാണ് ഒരു ഉദ്യോഗസ്ഥന്‍ ചെയ്ത കുറ്റം.
അതെസമയം സംജോത തീവണ്ടി സ്‌ഫോടന കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ വാക്കുകള്‍ ഇന്ന് ലഭ്യമാണ് ‘ഞാന്‍ അങ്ങേയറ്റം വേദനയോടെയും തീവ്രമായ മനോവ്യഥയോടെയുമാണ് ഈ വിധിന്യായം അവസാനിപ്പിക്കുന്നത്. അത്യന്തം ക്രൂരമായ ഈ ആക്രമണത്തില്‍ കൃത്യമായ തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ കുറ്റമുക്തരാക്കുന്നത്’. ആരാണ് ഈ തെളിവുകള്‍ നല്‍കേണ്ടത്. നമുക്കറിയാവുന്ന പോലെ അത് പബ്ലിക് പ്രോസിക്യൂഷന്‍ നല്‍കണം. ഭരിക്കുന്ന പാര്‍ട്ടിയും നേതാക്കളും പ്രതികളായി വരുമ്പോള്‍ തെളിവുകള്‍ മാഞ്ഞു പോകുക എന്നത് ഒരു സാധാരണ സംഭവമാണ്. ‘തീവ്രവാദത്തിന് മതമില്ല, കാരണം ഒരു മതവും അക്രമം പഠിപ്പിക്കുന്നില്ല. പൊതുജനാഭിപ്രായമോ രാഷ്ട്രീയ അജണ്ടയോ അടിസ്ഥാനമാക്കിയുള്ളതല്ല കോടതി നടപടികള്‍. രേഖാമൂലമുള്ള തെളിവുകളും നിയമവശങ്ങളും പരിശോധിച്ചു മാത്രമേ കോടതിക്ക് വിധിന്യായം പ്രഖ്യാപിക്കാനാകൂ. ഹീനമായ കുറ്റകൃത്യം മതിയായ തെളിവുകളുടെ അഭാവത്തില്‍ തീര്‍പ്പ് കല്‍പിക്കേണ്ടിവരുന്നത് വേദനയുടെ ആഴം കൂട്ടുന്നു’ വിശദമായ വിധിന്യായത്തില്‍ ജഡ്ജി വ്യക്തമാക്കി.
ഒരു ഭാഗത്ത് കുറ്റം ചെയ്യാതെ പലരെയും കുറ്റവാളികളായി പ്രഖ്യാപിക്കുക, അതെ സമയത്ത് യഥാര്‍ത്ഥ കുറ്റവാളികളെ വെള്ള പൂശാന്‍ ശ്രമിക്കുക. അതായത് ഇരട്ട നീതി എന്നത് നമ്മുടെ സമൂഹത്തില്‍ ഒരു പൊതു വിഷയമായി വരുന്നു എന്നത് കാണാതിരുന്നു കൂടാ. സഊദി സര്‍ക്കാരിന്റെ കണക്കു പ്രകാരം മുകളില്‍ പറഞ്ഞ സ്ത്രീകള്‍ നടത്തിയത് രാജ്യദ്രോഹ കുറ്റമാണ്. ഏകാധിപത്യ രാജ്യത്ത് നിന്നും കേള്‍ക്കുന്ന നല്ല വാര്‍ത്തകള്‍ പോലും ജനാധിപത്യ രാജ്യത്തു നിന്നും കേള്‍ക്കുന്നില്ല എന്നത് നമുക്കു നല്‍കുന്നത് നല്ല സൂചനകളല്ല. ഭരണകൂടം ഒരുക്കുന്ന ചതികളില്‍ ജീവിതം നഷ്ടമാകുന്നവരുടെ ഒരു പ്രതിനിധി മാത്രമാണ് സഞ്ജീവ് ഭട്ടും മഅ്ദനിയും അടക്കമുള്ള നിരവധി പേര്‍. ഫാസിസം അരങ്ങു തകര്‍ക്കുന്ന ഭരണ വ്യവസ്ഥ മാറുക എന്നത് മാത്രമാണ് അതിനുള്ള ഒരു പരിഹാര മാര്‍ഗം.
പ്രബുദ്ധമായ രാഷ്ട്രീയ ബോധ്യത്തോടെ ഫാസിസ്റ്റുകളെ നേരിടുക എന്നതിലാണ് കാര്യം. ഒത്തൊരുമയോടെ ഈ വിപത്തിനെ നേരിടാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രവും രാഷ്ട്രം ഉള്‍ക്കൊള്ളുന്ന അതിന്റെ വൈവിധ്യങ്ങളും പഴങ്കഥ മാത്രമായി മാറും. പൊതുശത്രുവിനെതിരെ ചെറിയ പിണക്കമുള്ളവര്‍ ഒന്നിക്കുക എന്നതാണ് അഭികാമ്യം.