ന്യൂസിലാന്റില്‍ തോക്ക് വില്പന നിരോധിച്ചു
ക്രൈസ്റ്റ് ചര്‍ച്ച് മസ്ജിദുകളിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലന്‍ഡില്‍ തോക്കുകളുടെ വില്‍പനനിരോ ധിച്ചു. പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്‍പനയാണ് അടിയന്തരമായി നിരോധിച്ചതെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു. ക്രൈസ്റ്റ് ചര്‍ച്ചിലെ രക്തച്ചൊരിച്ചില്‍ ആവര്‍ത്തിക്കാതിരിക്കാനാണിത്. നിരോധനം നിലവില്‍വരുന്നതിന് മുന്‍പ് വന്‍തോതില്‍ തോക്കുകള്‍ വില്‍പന നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഏപ്രില്‍ 11നാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുക. നിരോധനം നിലവില്‍വന്നാല്‍ പുതിയതായി തോക്കുകള്‍ വാങ്ങുന്നതിന് പ്രത്യേക അനുമതി ആവശ്യമായിവരും. അധികം വൈകാതെ ജനങ്ങളുടെ കൈവശമുള്ള തോക്കുകള്‍ക്കും നിരോധനം ബാധകമാക്കുമെന്നും ജസീന്ത ഓര്‍മപ്പെടുത്തി. തോക്കുകളുടെ വില്‍പന നിരോധിച്ചതു കൂടാതെ, നിലവില്‍ ജനങ്ങള്‍ക്കിടയിലുള്ള തോക്കുകള്‍ തിരികെ വാങ്ങുന്നതിന് പ്രത്യേക പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
തോക്കുകള്‍ കൈവശമുള്ളവര്‍ തിരികെ നല്‍കുമ്പോള്‍ സര്‍ക്കാര്‍ പണം നല്‍കും. തോക്കുകള്‍ കൈവശംവെക്കാനുള്ള സമയപരിധി അവസാനിച്ചതിനു ശേഷവും അവ മടക്കിനല്‍കിയില്ലെങ്കില്‍ പിഴയും തടവും അടക്കമുള്ള ശിക്ഷകള്‍ നേരിടേണ്ടിവരും. തോക്കുവ്യാപാരികള്‍ നിയമം അനുസരിക്കണമെന്നും രാജ്യത്തിന്റെ സുരക്ഷ താല്‍പര്യം മുന്‍നിര്‍ത്തിയാണിതെന്നും ജസീന്ത കൂട്ടിച്ചേര്‍ത്തു. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍, ലിന്‍വുഡ് മസ്ജിദുകളിലുണ്ടായ വെടിവെപ്പില്‍ 50 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ആസ്‌ട്രേലിയന്‍ സ്വദേശിയായ വംശീയവാദി ബ്രന്റണ്‍ ടാറന്റ് ആണ് ആക്രമണം നടത്തിയത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തിയിട്ടുണ്ട്. എ.ആര്‍15 അടക്കമുള്ള സെമി ഓട്ടോമാറ്റിക് തോക്കുകളാണ് ആക്രമിയുടെ കൈയിലുണ്ടായിരുന്നത്.