ഉത്തരകൊറിയന്‍ ഉപരോധം പിന്‍വലിക്കണം
ഉത്തര കൊറിയക്കെതിരെ അടുത്തിടെ ചുമത്തിയ ഉപരോധങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ്. ഉത്തര കൊറിയക്കെതിരെ അധികമായി പ്രഖ്യാപിച്ച ഉപരോധങ്ങള്‍ ഉടന്‍ പിന്‍വലിക്കും എന്ന ട്രംപിന്റെ ട്വീറ്റ് അല്‍പം ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്തു. ഉത്തര കൊറിയയുമായി അനധികൃത വ്യാപാരം നടത്തിയെന്നാരോപിച്ച് ട്രഷറി കരിമ്പട്ടികയില്‍പെടുത്തിയ ചൈനീസ് കമ്പനികളെ ഉദ്ദേശിച്ചാണ് ട്രംപിന്റെ ട്വീറ്റ് എന്നാണ് ആദ്യം കരുതിയത്. പിന്നീട് ഭാവിയിലെ ഉപരോധങ്ങളെ കുറിച്ചാണ് ട്വീറ്റ് എന്ന് യു എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഉത്തര കൊറിയക്കെതിരെ പുതിയ ഉപരോധങ്ങള്‍ ചുമത്തുന്നതിന്റെ ആവശ്യമില്ലെന്നാണ് ട്രംപ് കരുതുന്നതെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. എന്നാല്‍, ട്രഷറി ഉപരോധം അനിവാര്യമാണെന്നാണ് സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ വാദം. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ട്രംപും തമ്മില്‍ ഹാനോയിയില്‍ നടന്ന രണ്ടാം ഉച്ചകോടി പരാജയമായിരുന്നു. ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന കിമ്മിന്റെ ആവശ്യം തള്ളിക്കളഞ്ഞ ട്രംപ് കൂടിക്കാഴ്ചയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.