24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ന്യൂസിലാന്റ് ഭീകരാക്രമണം: ഇസ്‌ലാമോഫോബിയക്കെതിരെ  ലോകമനസ്സാക്ഷി ഉണരണം: എം എസ് എം

എം എസ് എം സംസ്ഥാന കൗണ്‍സില്‍  ഐ എസ് എം ജന. സെക്രട്ടറി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യുന്നു
ന്യൂസിലാന്റിലെ മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ എം എസ് എം സംസ്ഥാന കൗണ്‍സില്‍ ശക്തമായി പ്രതിഷേധിക്കുകയും ഇസ്‌ലാമോഫോബിയക്കെതിരെ ലോകമനസ്സാക്ഷി ഉണരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന കൗണ്‍സില്‍ സമ്മേളനം ഐ എസ് എം ജന. സെക്രട്ടറി ഡോ.അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ അധ്യക്ഷത വഹിച്ചു. എം എസ് എം ജനറല്‍ സെക്രട്ടറി ഷഹീര്‍ വെട്ടം, ട്രഷറര്‍ നസീഫ് അത്താണിക്കല്‍,  അദീബ് പൂനൂര്‍, നബീല്‍ പാലത്ത്, റിയാസ് എടത്തനാട്ടുകര, ഫവാസ് എളേറ്റില്‍, ലുക്ക്മാന്‍ പോത്തുകല്ല്, ജസിന്‍ നജീബ്, നദീര്‍ മൊറയൂര്‍, റസീം ഹാറൂണ്‍, ഹാസില്‍ മുട്ടില്‍, ഇസഹാക്ക് കടലുണ്ടി എന്നിവര്‍ സംസാരിച്ചു. രാവിലെ നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം കെ എന്‍ എം സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു.  പാശ്ചാത്യ മാധ്യമങ്ങള്‍ പടച്ചുവിടുന്ന വ്യാജ വാര്‍ത്തകളും അതിന് അകമ്പടി സേവിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളും ഇസ്ലാമോഫോബിയയുടെ ഫാക്ടറിയായി വര്‍ത്തിക്കുകയാണ്. ഇസ്ലാമോഫോബിക് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനെതിരെ ലോകരാജ്യങ്ങള്‍ നിയമനിര്‍മാണം നടത്തണമെന്നും  കൗണ്‍സില്‍ ആവശ്യപ്പെട്ടു.
മാനവിക, സാമൂഹ്യ, ശാസ്ത്ര ബിരുദ പഠനത്തിന് ആണ്‍കുട്ടികള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന സാമൂഹ്യസാഹചര്യത്തെ ഗൗരവത്തോടെ കാണണമെന്ന് എം എസ് എം സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ ഈ മേഖലയില്‍ മുന്നേറുന്നത് ആശാവഹമാണ്. അതേസമയം, ആണ്‍കുട്ടികള്‍ സാങ്കേതികവിദ്യ പഠനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നത് സന്തുലിതമായ മാനവിക വികാസത്തിന് തടസ്സം സൃഷ്ടിക്കും. ഇക്കാര്യത്തില്‍ വിദ്യാര്‍ഥി സംഘടനകളും സമുദായ സംഘടനകളും ജാഗ്രത പാലിക്കണമെന്നും എം എസ് എം കൗണ്‍സില്‍ ആവശ്യപ്പെട്ടു.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുതിയ രൂപത്തിലും ഭാവത്തിലും ശാസ്ത്രീയ പരിവേഷത്തില്‍ പുതിയ തലമുറയിലേക്ക് കടന്നുവരുന്നതിനെതിരെ ശക്തമായ ബോധവത്കരണം നടത്തുമെന്ന് കൗണ്‍സില്‍ സമ്മേളനം പ്രഖ്യാപിച്ചു. മനുഷ്യനെ ചൂഷണം ചെയ്യുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെയാണ് മതപ്രമാണങ്ങള്‍ സംസാരിക്കുന്നത്. അതിനെ തെറ്റായി വ്യാഖ്യാനിച്ച് കാമ്പസ് തലമുറയെ ആത്മീയ തീവ്രതയിലേക്ക് നയിക്കുന്നവരെ കരുതിയിരിക്കണം. ആത്മീയ തീവ്രതയോടും മതനിരാസ ജീര്‍ണതയോടും കൗണ്‍സില്‍ സമ്മേളനം ശക്തമായ ഭാഷയില്‍ വിയോജിപ്പ് അറിയിച്ചു. വിവിധ ജില്ലാ ഭാരവാഹികള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അടുത്ത ആറ് മാസത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കി.
Back to Top