11 Sunday
January 2026
2026 January 11
1447 Rajab 22

മതസൗഹാര്‍ദത്തിന്റെ ഒരു കൗതുകക്കാഴ്ച

പരസ്പരം വെറുക്കാനും അകലാനും ശീലിച്ച് കൊണ്ടിരിക്കുന്ന മനുഷ്യര്‍ക്കിടയില്‍ സ്‌നേഹിക്കാനും ആദരിക്കാനും ശ്രമിക്കുന്ന മനുഷ്യര്‍ എക്കാലത്തും ശ്രദ്ധിക്കപ്പെടുന്നവരാണ്. അത്തരമൊരു മനുഷ്യന്റെ കഥയാണ് കഴിഞ്ഞയാഴ്ചയില്‍ ടൈംസ് ഓഫ് ഇന്ത്യ വായനക്കാരുമായി പങ്ക് വെച്ചത്. 500 വര്‍ഷത്തോളം പഴക്കമുള്ള ഒരു ഹൈന്ദവ ആരാധനാലയത്തിന്റെ സംരക്ഷകര്‍ ഒരു മുസ്‌ലിം കുടുംബമാണ്. അസമിലെ ഗുവാഹത്തിയില്‍ നിന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹിന്ദു മുസ്‌ലിം സൗഹാര്‍ദ്ദത്തിന്റേയും പരസ്പര സഹകരണത്തിന്റേയും വലിയൊരു ചരിത്രം ഈ സംരക്ഷണത്തിന് പിന്നിലുണ്ട്. മതീബുര്‍റഹ്മാന്‍ എന്ന മധ്യ വയസ്‌കനാണ് ഇപ്പോഴത്തെ ചുമതലക്കാരന്‍. ഇതൊരു ശിവക്ഷേത്രമാണ്. ഒരു സമൂഹത്തില്‍ ഐക്യവും സൗഹാര്‍ദവും സൂക്ഷിക്കുന്ന ഒരു പാരമ്പര്യമാണ് ഈ ക്ഷേത്രത്തിനുള്ളതെന്ന മതീബുര്‍റഹ്മാന്‍ പറയുന്നു. ഹിന്ദു ക്ഷേത്രം ഒരു മുസല്‍മാന്‍ സംരക്ഷിക്കുന്നതില്‍ കുറ്റം കാണുന്ന മത മൗലികവാദികള്‍ രണ്ട് പക്ഷത്തുമുണ്ട്. എന്നാല്‍ മനുഷ്യരെ തമ്മില്‍ അടുപ്പിക്കുവാനും അവരെ സൗഹാര്‍ദ്ദത്തില്‍ നില നിര്‍ത്തുവാനും കാരണമാകുന്ന ഈയൊരു ആരാധനാ സ്ഥലം സംരക്ഷിക്കുന്നത് കൊണ്ട് തന്റെ വിശ്വാസത്തിനോ നിലപാടുകള്‍ക്കോ യാതൊരു ഭംഗവും വരില്ലെന്ന് താന്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ഞൂറ് വര്‍ഷമായി തങ്ങളുടെ കുടുംബത്തിനാണ് ഇതിന്റെ സംരക്ഷണ ചുമതലയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Back to Top