24 Friday
October 2025
2025 October 24
1447 Joumada I 2

സിറിയയില്‍ രണ്ട് മില്യണ്‍  കുട്ടികള്‍ക്ക് സ്‌കൂളില്ല

സിറിയന്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് ശേഷം അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ കടുത്ത ദുരിതങ്ങളുടേതായിരുന്നു. ആഭ്യന്തര യുദ്ധം മൂലം സൈ്വര്യ ജീവിതം താറുമാറായ സിറിയയില്‍ ധാരാളം ബാഹ്യ സഹായങ്ങള്‍ എത്തുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു എന്നിന്റെ നേതൃത്വത്തില്‍ അനേകം പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുകയും ചെയ്തിരുന്നു. സിറിയയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലടക്കം അനേകം പുനരധിവാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ഇവയൊന്നും സിറിയന്‍ ജനതക്ക് ഏറ്റ മുറിവുകളെ പരിഹരിക്കുന്നതിനോ അവിടെ സംഭവിച്ച നശീകരണങ്ങളെ പരിഹരിക്കുന്നതിനോ മതിയായവയല്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. യു എന്‍ തന്നെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. രണ്ട് മില്യണിലധികം സിറിയന്‍ കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നില്ലെന്നുള്ള ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മുഖ്യമായ കാരണം സ്‌കൂളുകള്‍  ഇല്ലാത്തതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു ജനതയുടെ ഭാവിയിന്മേല്‍ സംഭവിക്കുന്ന ഏറ്റവും ഗുരുതരമായ അപകടമാണിതെന്നും റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നു. ലോകത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും ബാലാവകാശ ലംഘനങ്ങളുടെയും കൂട്ടത്തില്‍ ഏറ്റവും ഗുരുതരമായതാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്‌കൂളുകളില്‍ പോകാന്‍ തയാറുള്ള ബാല്യങ്ങള്‍ക്ക് അതിനുള്ള അവസരമില്ലാതെ പോകുന്നുവെന്നത് അതീവ ഗുരുതരമാണ്. നശിപ്പിക്കപ്പെട്ട സ്‌കൂളുകള്‍ക്ക് പകരം പുതിയവ പണിയാഞ്ഞത് കൊണ്ടും പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തത് കൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത്. മാത്രവുമല്ല 80 ശതമാനത്തോളം സിറിയന്‍ ജനത ദാരിദ്ര രേഖക്ക് താഴെയാണെന്നുള്ള ഭീതികരമായ ഒരു വസ്തുതയും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. ആഘോഷത്തോടെ സിറിയയില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാഷ്ട്രങ്ങള്‍ക്ക് ഈയൊരു ദുരവസ്ഥയില്‍ ഉത്തരവാദിത്വങ്ങളുണ്ടെന്നും ആക്ഷേപങ്ങളുണ്ട്.
Back to Top