രക്തക്കൊതി മാറട്ടെ മുഹമ്മദ് സി, ആര്‍പൊയില്‍
ഇന്ത്യാരാജ്യത്തെ ഫെഡറല്‍ സംവിധാനം പ്രതിസന്ധി നിറഞ്ഞതായിക്കൊണ്ടിരിക്കുന്നു. ഭരണകൂടം സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമക്കു വേണ്ടി കോടികള്‍ ധൂര്‍ത്തടിക്കുമ്പോള്‍ നാട്ടില്‍ വലിയ ദുരന്തങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്നവരെ കാണാതെ പോവുന്ന പല സംസ്ഥാന സര്‍ക്കാറുകളും കേന്ദ്ര സര്‍ക്കാരുമായി കൊമ്പു കോര്‍ക്കുന്നു. ശാരദ റോസ് ചിട്ടി തട്ടിപ്പുമായിട്ടാണ് ബംഗാളുമായി കൊമ്പു കോര്‍ക്കുന്നത്. അത് രാജ്യത്തിന് നാണക്കേടാണ്. ഞാന്‍ പിടിച്ച മുയലിന് ചെവി മൂന്നാണ് എന്ന മനോഭാവം ഭരണാധികാരികള്‍ക്ക് ചേര്‍ന്നതല്ല. ഇന്ത്യാ രാജ്യത്തിനുവേണ്ടി ത്യാഗം ചെയ്ത ധീരദേശാഭിമാനികളല്ല ഇന്ന് രാജ്യവും ലോകവും നിയന്ത്രിക്കുന്നത്. നെഹ്‌റുവിന്റെ കസേരയില്‍ മോദിയും എബ്രഹാം ലിങ്കന്‍ ഇരുന്ന കസേരയില്‍ ഡൊണാള്‍ഡ് ട്രംപുമാണ് ഇരിക്കുന്നത്. ഭരണകൂടത്തെ നിവാസികള്‍ക്ക് ഭയമാണ്. കുറേ യാത്രകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പല പേരിലും നാട്ടില്‍ നടത്തുകയുണ്ടായി. ഇനിയും പാര്‍ട്ടികള്‍ നടത്തുകയും ചെയ്‌തേക്കാം. മുമ്പ് കൃഷ്ണയ്യര്‍ മധ്യസ്ഥതയുടെ കരാറില്‍ ഒപ്പിട്ടതിന്റെ മഷി ഉണങ്ങുന്നതിനു മുമ്പ് വീണ്ടും കൊല നടന്നു എന്നു പരിതപിച്ചു. മനുഷ്യരെ ഒന്നിപ്പിച്ചു സ്‌നേഹത്തോടുകൂടി ഏകോദര സഹോദരന്‍മാരായി ജീവിക്കാനുള്ള സാഹചര്യങ്ങളാണ് ഇന്ന് ഭരണകൂടങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ ചെയ്യേണ്ടത്. വര്‍ഗീയതക്കും ഭീകരവാദത്തിനും മതമില്ല. എന്നാല്‍ അതില്‍ രാഷ്ട്രീയ മുഖം കാണുന്നവരുണ്ട്. രാഷ്ട്രീയത്തില്‍ അക്രമത്തിനും കൊലപാതകങ്ങള്‍ക്കും സ്ഥാനമില്ലെന്ന പല്ലവി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. നേതാക്കന്മാര്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് മറ്റൊരു കൊല നടത്തുന്ന വരെയാണ്.
സ്വന്തം മക്കള്‍ നഷ്ടപ്പെട്ടാല്‍ അതിന് പകരം വെക്കാന്‍ എന്താണ് ഉള്ളത് എന്ന് ഒരുവേള ചിന്തിക്കുക. സര്‍ഗാത്മകമായി രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും മതേതരത്വത്തെയും കാണുന്ന പുതു തലമുറ വളര്‍ന്നുവരേണ്ടതുണ്ട്. നിങ്ങള്‍ പറയുന്നവരെ കൊല ചെയ്യാന്‍ ഞങ്ങളെ കിട്ടില്ല എന്ന് പറയുക. അനുയായികള്‍ ബോധപൂര്‍വം പ്രവര്‍ത്തിച്ചാല്‍ നേതാക്കന്മാരുടെ ഒരു പരിപ്പും വേവില്ല. എല്ലാവരും മുതലെടുപ്പിനു വേണ്ടി ഇരകളുടെ കൂടെയായിരിക്കും. എന്നാല്‍ ഇരകളെയും അവരുടെ കൂടെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരെയും വളരാന്‍ പാര്‍ട്ടികള്‍ സമ്മതിക്കില്ല. അവര്‍ ഒരു പക്ഷേ ശക്തിപ്രാപിച്ച് വലിയ സംഘമായാല്‍ നഷ്ടമുണ്ടാവുമെന്ന ഭയം നേതാക്കന്മാര്‍ ചിന്തിക്കുന്നു. അതുകൊണ്ടാണ് ഇരകള്‍ ഇഴഞ്ഞുനീങ്ങുന്നത്. ശബ്ദിക്കുന്നവര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ചൊല്‍പ്പടിക്കു നില്‍ക്കണമെന്ന വ്യാമോഹത്തിന് നാം ഒരിക്കലും അവസരം കൊടുക്കരുത്. സ്വാധീനമുള്ള പ്രതികള്‍ പരോളിലും മറ്റു ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്തി എന്നും പുറത്തായിരിക്കും.
വൈവിധ്യങ്ങളെ കോര്‍ത്തിണക്കി മാനവികതയെ തിരിച്ചറിയുന്നതിനെയാണ് നവോത്ഥാനമെന്ന് പറയുക. പല വിധത്തിലുള്ള ചിന്തകള്‍ക്കും നാം വില കല്പിക്കുക. സമര്‍പ്പണത്തിലൂടെയല്ലാതെ ചെപ്പടി വിദ്യ കൊണ്ടല്ല. നടന്ന കൊലകളെല്ലാം ഒറ്റപ്പെട്ടത് എന്ന് പറഞ്ഞ് ലഘൂകരിക്കുകയാണ് പതിവ്. ഓരോ സംഭവങ്ങള്‍ക്കു ശേഷം ഇത് അവസാനത്തേതാവണമെന്ന് പ്രഖ്യാപിക്കുക മാത്രമാണ് നടക്കുന്നത്.