30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

നമുക്ക് മുന്നില്‍  നിന്ന് നയിക്കാം  ഹാരിസ് അരൂര്‍

ശബാബില്‍ (ലക്കം 32) ബാങ്കും ഉച്ചഭാഷിണിയും എന്ന അഷ്‌റഫ് കടക്കലിന്റെ കുറിപ്പ് ശ്രദ്ധേയമായി. അദീല അബ്ദുല്ല ഐ എ എസ് ഒരു പൊതു പരിപാടിയില്‍, ഒരേ സ്ഥലത്ത് ഒരേ സമയത്ത് അനവധി പള്ളികളില്‍ നിന്നു ഉച്ചഭാഷിണി വഴി ബാങ്ക് വിളിക്കുന്നതിനെകുറിച്ച് അവരുടെ കാഴ്ചപ്പാട് പ്രകടിപ്പിച്ചതാണല്ലോ വിവാദത്തിന് മരുന്നിട്ടത്. മുമ്പും പലപ്പോഴായി ചില സമുദായ നേതാക്കളും ഈ വിഷയത്തില്‍ അഭിപ്രായം  പറഞ്ഞിരുന്നു. എന്നാല്‍ ആരും തന്നെ ഈ വിഷയത്തില്‍ മുന്നില്‍ നടക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ്  സങ്കടകരമായ വസ്തുത. എല്ലാം മറ്റുള്ളവര്‍ ആദ്യം ചെയ്യട്ടെ എന്ന് കരുതേണ്ടവരാണോ നമ്മള്‍? എന്ത് കൊണ്ടത് നമ്മില്‍ നിന്നു തുടങ്ങിക്കൂടാ? മുന്നില്‍ നടക്കാനും മാതൃകയാകാനും നാം തന്നെയല്ലേ യോഗ്യര്‍? മുജാഹിദ് നേതൃത്വം ഇതിന് മുന്‍കൈ എടുക്കേണ്ടതുണ്ട്.
സാമൂഹിക വിഷയങ്ങളിലും മതപരമായ വിഷയങ്ങളിലും നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മകമായ നേതൃത്വം നല്‍കി വരുന്ന നാം തന്നെയാണ് ഇവിടെയും മുന്നില്‍ നടക്കേണ്ടത്. നഗരത്തിലായാലും ഗ്രാമത്തിലായാലും ഒന്നിലധികം പള്ളികള്‍ അടുത്തടുത്ത് ഉണ്ടാവുകയും അതിലൊന്ന് നമ്മള്‍ നിയന്ത്രിക്കുന്നതുമാണെങ്കില്‍ നമ്മുടെ പള്ളിയില്‍ ഉച്ചഭാഷിണി വഴി ബാങ്ക് വിളിക്കേണ്ടതില്ലെന്നു തീരുമാനിക്കാന്‍ എന്താണ് തടസ്സം. അത്തരം ഒരു തീരുമാനം മതപരമായി തെറ്റാകുമോ, ബാങ്കിനോടുള്ള മര്യാദക്കേടാകുമോ എന്ന് സംശയിക്കുമെങ്കില്‍ സംസ്ഥാന സമിതിയില്‍ നിന്ന് മഹല്ലുകള്‍ക്ക് ഒരു നിര്‍ദേശമായി എത്തിക്കാന്‍ മതിയായ സംവിധാനങ്ങള്‍ നിലവില്‍ നമുക്കില്ലേ? മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തില്‍ ബാങ്കുവിളി സമയത്തില്‍ ഒരു ക്രമീകരണം കൊണ്ട് വന്നിരുന്നു. അത്രയെങ്കിലും ഒരു ശ്രമം വലിയ പ്രതീക്ഷയായിരുന്നു. മനസാ വാചാ ഒരു കാര്യം തത്വത്തില്‍ അംഗീകരിക്കുന്നുവെങ്കില്‍ അത് നടപ്പില്‍ വരുത്താന്‍ കഴിയുന്നില്ലെന്ന് വരുന്നത് അഭിലഷണീയമാണോ?
ആധുനിക കാലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ നന്നേ കുറവാണല്ലോ. എല്ലാ സമയത്തെ  ബാങ്കിന്റെയും സമയം കൃത്യമായി അറിയിക്കുന്ന സംവിധാനങ്ങള്‍ ഈ ഫോണുകളില്‍ ലഭ്യമാണ്. ജമാഅത്ത് നമസ്‌ക്കാരത്തിനു പള്ളിയിലെത്തണമെന്നുള്ളവര്‍ പലപ്പോഴും ബാങ്കുവിളി കേട്ടിട്ടല്ല പള്ളിയിലെത്തുന്നത്. പ്രവാചകന്റെ കാലത്തെ പോലെ ബാങ്കുവിളി കേള്‍ക്കുമ്പോള്‍ ജോലി നിര്‍ത്തി പള്ളിയിലേക്ക് വരുന്നവര്‍ എത്രയുണ്ട്? അതല്ലെങ്കില്‍ ‘എനിക്ക് ഓതാന്‍ എന്റെ മുസ്ഹഫ് തന്നെ വേണം’ എന്ന തമാശ പോലെ, എനിക്ക് പള്ളിയില്‍ പോകാന്‍, ഞാന്‍ പോകേണ്ട പള്ളിയിലെ ബാങ്ക് തന്നെ കേള്‍ക്കണമെന്ന് ശഠിക്കേണ്ടതുണ്ടോ? ചുരുക്കത്തില്‍ നമസ്‌ക്കാരത്തിലേക്കും വിജയത്തിലേക്കും മുന്‍കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള എല്ലാ ആധുനിക സംവിധാനങ്ങളും ഇന്നത്തെ കാലത്ത് ലഭ്യമാണ്. അല്ലാത്തവര്‍ക്ക് ബാങ്കുവിളി അവരുടെ ദൈനംദിന കാര്യങ്ങളുടെ ക്രമീകരണത്തിനായുള്ള ഒരു  അലാറം മാത്രമായേ പ്രയോജനപ്പെടുകയുള്ളൂ.
ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നവര്‍ എന്ന നിലയില്‍, സാമൂഹ്യ പ്രധാനമായ വിഷയങ്ങളില്‍ മുന്നില്‍ നടക്കാന്‍ നമ്മള്‍ വിമുഖത കാണിച്ചുകൂടാ.. ആദ്യം നമ്മുടെ പള്ളികളില്‍ നിന്ന് തന്നെ തുടങ്ങാം. കൂടുതല്‍ പള്ളികള്‍ അടുത്തടുത്തുള്ള സ്ഥലങ്ങളില്‍ ആദ്യം നമ്മുടെ നിയന്ത്രണത്തിലുള്ള പള്ളികളിലെ ഉച്ചഭാഷിണികള്‍ നിശബ്ദമാകട്ടെ. ഇതര സമുദായങ്ങള്‍ക്കിടയില്‍ മതിപ്പ് ഉണ്ടാകുവാനും ഇതര വിഭാഗങ്ങള്‍ കൂടി ഭാവിയില്‍  നമ്മെ പിന്തുടരുവാനും അധികകാലം കാത്തിരിക്കേണ്ടി വരില്ല. നില്‍ക്കുന്നിടത്ത് പിന്‍തിരിഞ്ഞു നിന്നല്ല മറ്റുള്ളവരെ പിന്നിലാക്കേണ്ടത്, മറിച്ച് മുന്നില്‍ നടന്ന് തന്നെയാണ്.
Back to Top