24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

വ്യാജ ചികിത്സാ കേന്ദ്രങ്ങള്‍  അടച്ചുപൂട്ടണം: ഐ എസ് എം

ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ സദസ്സില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പ്രസംഗിക്കുന്നു.
കോഴിക്കോട്: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന അന്ധവിശ്വാസ മരണങ്ങള്‍ക്കും ആത്മീയ ചൂഷണങ്ങള്‍ക്കും ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഐ എസ് എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. നിലമ്പൂരിലെ കരുളായിയില്‍ ജിന്ന് ചികിത്സയുടെ ഭാഗമായി യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വ്യാജ ചികിത്സാ കേന്ദ്രങ്ങളും അടച്ചുപൂട്ടണമെന്ന് പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരുമായും നിയമപാലകരുമായുള്ള അവിശുദ്ധ ബന്ധം ആത്മീയ ചൂഷകര്‍ക്ക് സുരക്ഷയാകുകയാണ്. ആത്മീയ തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് എത്രയും വേഗത്തില്‍ അന്ധവിശ്വാസ നിര്‍മാര്‍ജനിയമം നടപ്പാക്കണമെന്ന് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇതിനകം നടന്ന മുഴുവന്‍ മന്ത്രവാദ കൊലപാതകങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. പ്രതിഷേധ സദസ്സ് ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി പി അക്ബര്‍ സാദിഖ് അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, സെക്രട്ടറിയേറ്റ് അംഗം അലി പത്തനാപുരം, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ സി അന്‍വര്‍, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് യൂനുസ് നരിക്കുനി, സെക്രട്ടറി അഫ്താഷ് ചാലിയം, ഫോക്കസ് ഇന്ത്യ ജനറല്‍ സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, എം ജി എം സംസ്ഥാന വൈ.പ്രസിഡന്റ് വി സി മറിയക്കുട്ടി, ഐ എസ് എം ജില്ലാ സെക്രട്ടറി റഫീഖ് നല്ലളം, നസീം മടവൂര്‍ പ്രസംഗിച്ചു. ഡോ. ലബീദ് അരീക്കോട്, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, അബ്ദുര്‍റശീദ് ഉഗ്രപുരം, ശാക്കിര്‍ബാബു കുനിയില്‍, പി പി ഫൈസല്‍, മനാഫ് മാത്തോട്ടം, സക്കീര്‍ കോവൂര്‍, പാത്തൈക്കുട്ടി ടീച്ചര്‍ തുടങ്ങിയവര്‍ പ്രതിഷേധ സദസ്സിന് നേതൃത്വം നല്‍കി.
Back to Top