30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

അനുസ്മരണം ഡോ. അബ്ദുല്‍മജീദ്

മലപ്പുറം: ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ കരുത്തുറ്റ അമരക്കാരനും വിദ്യാഭ്യാസ,ജീവകാരുണ്യ, ആരോഗ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്നു കഴിഞ്ഞ ഫെബ്രുവരി 25ന് നിര്യതനായ ഡോ. അബ്ദുല്‍മജീദ്. 2002-ല്‍ സംഘടനാരംഗത്ത് പ്രശ്‌നങ്ങള്‍ ഉടലെടുത്തപ്പോള്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ രാവും പകലുമില്ലാതെ ഓടിനടന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കെ എന്‍ എം സംസ്ഥാന കൗണ്‍സിലറും പ്രവര്‍ത്തകസമിതി അംഗവുമായിരുന്നു മജീദ് ഡോക്ടര്‍. സലഫീ പണ്ഡിതനും മുജാഹിദ് നേതാവും ഫാറൂഖ് കോളജ് സ്ഥാപകരില്‍ പ്രമുഖനുമായിരുന്ന പരേതനായ മുല്ലവീട്ടില്‍ കുഞ്ഞോയി വൈദ്യരുടെ മകനാണ് ഡോക്ടര്‍. പിതാവിന്റെ നവോത്ഥാന കാഴ്ചപ്പാടും വിദ്യാഭ്യാസ പ്രചാരണ ത്വരയും ഡോക്ടറില്‍ നിഴലിച്ചുനിന്നു.
ഭാര്യാപിതാവായിരുന്ന എം കെ ഹാജിയുടെ മരണ ശേഷം യതീംഖാന സ്ഥാപനങ്ങളുടെ പുരോഗതിക്ക് ഡോക്ടര്‍ മുന്നിട്ടിറങ്ങി. മരണപ്പെടുമ്പോള്‍ തിരൂരങ്ങാടി മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റിയുടെ സീനിയര്‍ സെക്രട്ടറി, പി എസ് എം ഒ കോളജ് ഗവേണിംഗ് ബോഡി മെമ്പര്‍, മലപ്പുറം ഇസ്‌ലാഹിയ സ്‌കൂള്‍ അസോസിയേഷന്‍ ജന. സെക്രട്ടറി, കെ എന്‍ എം സകാത്ത് സെല്‍ ജന.സെക്രട്ടറി, മലപ്പുറം കുന്നുമ്മല്‍ മസ്ജിദ് ഉമറുല്‍ ഫാറൂഖ് ജന. സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സംസ്ഥാനത്തിനു തന്നെ മാതൃകയായ മലപ്പുറം ജില്ലാ കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ചെയര്‍മാനായിരുന്നു. ജനപങ്കാളിത്തത്തോടെ കേരളത്തില്‍ ആദ്യമായി പ്രവര്‍ത്തനം തുടങ്ങിയ മഞ്ചേരി പാലിയേറ്റീവ് ക്ലിനിക്കിന്റെ പ്രസിഡന്റും അദ്ദേഹമായിരുന്നു. വളരെ കാലം മലപ്പുറത്തെ എം ബി ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടറും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായിട്ടുണ്ട്. എം കെ ഹാജിയുടെ മകള്‍ ഖദീജയാണ് ഭാര്യ. ഡോ. യസീദ്, ഡോ. ഷഹീദ് ഷാഹിന, സബീന എന്നിവര്‍ മക്കളും ഡോ. അബ്ദുസ്സലാം കാരക്കുന്ന്, അബ്ദുന്നാസര്‍ പാലക്കാട്, ജുമാന ചാവക്കാട്, ഡോ. ആമിന ബിന്‍സി കുണ്ടുതോട് എന്നിവര്‍ മരുമക്കളുമാണ്. പടച്ചവന്‍ അദ്ദേഹത്തിന്റെ പരലോക പദവി ഉയര്‍ത്തിക്കൊടുക്കുകയും കുടുംബത്തിന് ശാന്തിയും ക്ഷമയും പ്രദാനം ചെയ്യുമാറാകട്ടെ.
അബു തറയില്‍ മലപ്പുറം
Back to Top