തിരുശേഷിപ്പുകള്‍ കൊണ്ട് ബര്‍ക്കത്ത് എടുക്കല്‍ – എ അബ്ദുല്‍അസീസ് മദനി
ഇസ്‌ലാം എക്കാലവും അന്യൂനവും കാലത്തിന്റെ നാഡിമിടിപ്പുകള്‍ മനസ്സിലാക്കിയിട്ടുള്ളതുമായ തത്വസംഹിതയാണ്. ത്രികാല വര്‍ത്തമാനങ്ങള്‍ അറിയുന്ന അല്ലാഹുവാണ് ഇസ്്‌ലാം മത നിയമങ്ങള്‍ അവതരിപ്പിച്ചത്. വിശ്വാസ- ആചാര- അനുഷ്ഠാന – വ്യവഹാര കാര്യങ്ങള്‍ മുഴുവന്‍ അല്ലാഹു അവന്റെ സൃഷ്ടികള്‍ക്ക് വ്യക്തമാക്കി കൊടുത്തിട്ടുണ്ട്. അതില്‍ എവിടെയും പ്രവാചകന്മാരുടെയോ സ്വാലിഹീങ്ങളുടെയോ ശുഹദാക്കളുടെയോ കേശങ്ങള്‍ കൊണ്ടോ ധൂളികള്‍ കൊണ്ടോ മറ്റ് ഭൗതികാവശിഷ്ടങ്ങള്‍ കൊണ്ടോ ബര്‍കത്ത് എടുക്കണമെന്നോ ബര്‍ക്കത്ത് എടുക്കല്‍ പുണ്യമാണെന്നോ ബര്‍ക്കത്ത് എടുക്കാമെന്നോ പറഞ്ഞിട്ടില്ല.
പ്രവാചകനെ തങ്ങളുടെ ജീവനെക്കാള്‍ കൂടുതല്‍ സ്‌നേഹിക്കുന്നുണ്ടെന്ന് ശത്രുക്കള്‍ക്ക് ബോധ്യമാക്കാന്‍ വേണ്ടി ചില യുദ്ധവേളകളിലും മറ്റും പ്രവാചകന്‍ അംഗസ്‌നാനം ചെയ്ത വെള്ളത്തിന് വേണ്ടി അനുചരന്മാര്‍ തിരക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിന്റെ മറവില്‍ പ്രവാചകന്റെ തിരുശേഷിപ്പുകള്‍ കൊണ്ട് ബര്‍ക്കത്ത് എടുക്കാമെന്നും പ്രവാചകന്റെ അനന്തരാവകാശികളായ ആരിഫീങ്ങളും ശൈഖുനാമാരും ഫക്കീറുമാരും ഊതിക്കൊടുക്കുന്ന വെള്ളത്തിന് ബര്‍ക്കത്തുണ്ടെന്നും അതുകൊണ്ട് ബര്‍ക്കത്ത് എടുക്കാമെന്നും മതത്തെ തമസ്‌കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ചിലര്‍ പ്രചരിപ്പിക്കുന്നു.
തബര്‍റുക് എന്ന പദത്തിന് അനുഗ്രഹം നേടല്‍, അനുഗൃഹീതനാവല്‍, ശുഭലക്ഷണം ലഭിക്കല്‍, സന്തോഷം കണ്ടെത്തല്‍, ആസ്വദിക്കല്‍ എന്നെല്ലാമാണ് അര്‍ഥം നല്‍കിയിട്ടുള്ളത്. അനുഗ്രഹം നേടല്‍ എന്ന അര്‍ഥത്തിലാണ് ഈ പദം ധാരാളമായി ഉപയോഗിച്ചുവരുന്നത്. ഇമാം ബുഖാരി നല്‍കിയ അധ്യായം ബാബുശുര്‍ബില്‍ ബറക്കത്തിവല്‍ മാഇല്‍ മുബാറക്കി എന്നാണ്. നബി(സ)യുടെ കൈക്കായി അല്ലാഹു വെളുപ്പെടുത്തിയ മുഅ്ജിസത്തിനെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടത് കാണുക: ജാബിര്‍(റ) പറയുന്നു: ഞാന്‍ റസുലുല്ലാഹി(സ)യുടെ കൂടെയായിരുന്നു. അസര്‍ നമസ്‌കാരത്തിന്റെ സമയമായി ഞങ്ങളുടെ കൂടെ വളരെ കുറച്ച് വെള്ളമേ ഉണ്ടായിരുന്നുള്ളൂ. അത് ഒരു പാത്രത്തിലാക്കിയിട്ട് നബി(സ)യുടെ അടുക്കല്‍ വന്നു. നബി(സ) അദ്ദേഹത്തിന്റെ കൈ ആ പാത്രത്തില്‍ പ്രവേശിപ്പിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ വിരലുകള്‍ക്കിടയിലൂടെ വെള്ളം പൊട്ടി ഒഴുകി. എന്നിട്ട് നബി(സ) അനുയായികളോട് പറഞ്ഞു: വുദ്വൂ ചെയ്യാന്‍ വരൂ. ബര്‍കത്ത് അല്ലാഹുവില്‍ നിന്നാണ്.
ബര്‍കത്ത് അല്ലാഹുവില്‍ നിന്നാണെന്ന് പ്രവാചകന്റെ പരാമര്‍ശത്തില്‍ നിന്ന് മനസ്സിലാവുന്നത് എന്നില്‍ നിന്നോ മറ്റു പ്രവാചകരില്‍ നിന്നോ ഔലിയാക്കളില്‍ നിന്നോ ശൈഖുമാരില്‍ നിന്നോ തബര്‍റുക് എടുക്കേണ്ട എന്ന് നബി വ്യക്തമാക്കിക്കൊടുത്തുവെന്നാ ണല്ലോ. മുഹല്ലബ് പറഞ്ഞു: പ്രസ്തുത ജലത്തിന് ബറകത്ത് (അനുഗ്രഹീതം) എന്ന് വിളിക്കപ്പെട്ടത് വസ്തുവില്‍ അല്ലാഹു അനുഗ്രഹം ചൊരിഞ്ഞത് കൊണ്ടാണ്. വിശുദ്ധ ഖുര്‍ആനില്‍ മഴവെള്ളത്തെക്കുറിച്ച് പരാമര്‍ശിക്കവെ അല്ലാഹു പറഞ്ഞത് ‘ആകാശത്തുനിന്നും നാം അനുഗൃഹീതമായ വെള്ളം വര്‍ഷിച്ചിട്ടുണ്ടെന്നാണ്. (ഖാഹ്)
എന്റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തില്‍ നീ എന്നെ ഇറക്കിത്തരേണമേ എന്ന് നൂഹ് നബി(അ) പ്രാര്‍ഥിച്ചത് സൂറത്തുല്‍ മുഅ്മീനുല്‍ 29-ാം വചനത്തില്‍ അല്ലാഹു പറഞ്ഞിട്ടുള്ളതും ശ്രദ്ധിക്കുക. അല്ലാഹു വസ്തുക്കള്‍ക്കും സ്ഥലങ്ങള്‍ക്കും ആളുകള്‍ക്കും അനുഗ്രഹങ്ങള്‍ നല്‍കി എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ ആളുകളില്‍ നിന്നും വസ്തുക്കളില്‍ നിന്നും സ്ഥലങ്ങളില്‍ നിന്നും തബര്‍റുക്ക് എടുക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയില്ല. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവില്‍ നിന്നല്ലാതെ ബര്‍ക്കത്ത് പ്രതീക്ഷിച്ചാല്‍ അത് ആ വസ്തുക്കള്‍ക്ക് ഇബാദത്ത് ചെയ്യലായിരിക്കും. അതാവട്ടെ, ഖുര്‍ആന്‍ ശക്തമായി നിരോധിച്ചതാണു താനും.
ഇമാം സുഹ്‌രി റിപ്പോര്‍ട്ടു ചെയ്ത ഒരു ഹദീസ് ഇതിലേക്ക് ചേര്‍ത്തുവെക്കുക: ”അബൂവാഖിദിലൈസി പറഞ്ഞു: ഞങ്ങള്‍ നബി(സ)യുടെ കൂടെ ഹുനൈനിന്റെ ഭാഗത്തേക്ക് പുറപ്പെട്ടു. ഞങ്ങള്‍ ഒരു മരത്തിന്റെ അടുത്തു കൂടെയായിരുന്നു പോയത്. ഞാന്‍ പറഞ്ഞു: അവിശ്വാസികള്‍ക്ക് ദാത്തുഅന്‍വാത്ത് എന്ന വൃക്ഷമുള്ളതുപോലെ ഞങ്ങള്‍ക്കും ബര്‍കത്ത് എടുക്കേണ്ടതിനായി ഒരു വൃക്ഷം നിശ്ചയിച്ചുതരുക. സത്യനിഷേധികള്‍ യുദ്ധവിജയത്തിനായി അവരുടെ ആയുധങ്ങള്‍ ഒരു മരത്തില്‍ തൂക്കിയിടുകയും ബര്‍ക്കത്ത് എടുക്കുകയും ചെ്തിരുന്നതു പോലെ ഞങ്ങള്‍ക്കും ബര്‍ക്കത്ത് എടുക്കാനായി ഒരു മരം നിശ്ചയിച്ചു തരണം എന്ന് അനുചരന്മാരില്‍ ചിലര്‍ പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞത് അല്ലാഹു ഏറ്റവും മഹാന്‍. ഇത് ഇസ്‌റാഈല്‍ സമൂഹം മുസാനബി(അ)യോട് അവര്‍ക്ക് ആരാധ്യന്മാരുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ആരാധ്യനെ ഉണ്ടാക്കിത്തരണമെന്ന് പറഞ്ഞതുപോലെയാണ്. തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ മുന്‍ഗാമികളായ വേദക്കാരെ ചാണിന് ചാണായും മുഴത്തിന് മുഴമായും അനുധാവനം ചെയ്യും. (ത്വബ്‌രി 21:9), ഖാസിന്‍ 28:2)
ബര്‍ക്കത്ത് എടുക്കാന്‍ വേണ്ടി ചിലര്‍ ഉദ്ധരിക്കാറുള്ള തെളിവുകളെ പരിശോധിക്കാം: ആസ്വിം ഇബ്‌നുസീരീനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹം (ഇബ്‌നുസീരിന്‍) പറഞ്ഞു: ഞാന്‍ ഉബൈദയോട് പറഞ്ഞു: ഞങ്ങളുടെ അടുക്കല്‍ നബി(സ)യുടെ കേശമുണ്ടായിരുന്നു. അനസില്‍ നിന്നോ അനസിന്റെ വീട്ടുകാരില്‍ നിന്നോ ആണ് ഞങ്ങള്‍ക്കത് കിട്ടിയത്. അദ്ദേഹം പറഞ്ഞു: എന്റെയടുക്കല്‍ അദ്ദേഹത്തിന്റെ (മുഹമ്മദ് നബി) ഒരു മുടിയുണ്ടാവുക എന്നത് ദുനിയാവിനേക്കാളും ദുനിയാവിലുള്ളതിനേക്കാളും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ്. ഇത് കേവലം ഒരഭിപ്രായം മാത്രമാണ്. ഹദീസല്ല. മാത്രമല്ല, ഇതില്‍ ബർക്കത്ത് എടുക്കുന്നതിനെക്കുറിച്ച് ഒരു സൂചന പോലുമില്ല. ശരീരത്തില്‍ നിന്ന് കൊഴിഞ്ഞുപോവുന്ന മുടി ശുദ്ധമാണ് എന്നതാണ് ഈ സംഭവത്തില്‍ നിന്ന് ഗ്രന്ഥകര്‍ത്താക്കള്‍ മനസ്സിലാക്കിയത്. നബി(സ) തന്റെ മുടിയുടെ ഉള്‍ഭാഗങ്ങള്‍ ശരിക്കും ഉരച്ചുകഴുകിയിരുന്നു. അപ്പോള്‍ തലയില്‍ നിന്നും കൊഴിഞ്ഞുപോവുന്ന മുടി ശുദ്ധമാണ്. ഭൂരിപക്ഷം പണ്ഡിതന്മാരും അങ്ങനെയാണ് മനസ്സിലാക്കിയിട്ടുള്ളതും. നബി(സ)യുടെ മുടി ആദരിക്കപ്പെടേണ്ടതാണെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ ഇബ്‌നുല്‍ മുന്‍ദിറും ഖത്വാബിയും പ്രമാണം കൊണ്ടല്ലാതെ നബി(സ)യുടെ കേശത്തിന്റെ പ്രത്യേകത സ്ഥിരപ്പെടുത്തുകയില്ലെന്നും അടിസ്ഥാനപരമായി അങ്ങനെ സ്ഥിരപ്പെട്ടിട്ടില്ലെന്നും സ്പഷ്ടമായി.
നബി(സ) തല മുണ്ഡനം ചെയ്തപ്പോള്‍ ആദ്യമായി നബി(സ)യുടെ മുടി എടുത്തത് അബൂത്വല്‍ഹയായിരുന്നു. അബൂ എവാന തന്റെ സ്വഹീഹില്‍ ഈ ഹദീസ് ഉദ്ധരിച്ചത് സഈദ്ബിന്‍ സുലൈമാന്‍ വഴിക്കാണ്. അതിലെ പദം റസൂല്‍(സ) ക്ഷുരകനോട് തന്റെ മുടി മുണ്ഡനം ചെയ്യാന്‍ കല്പിക്കുകയും അദ്ദേഹം മുടി കളയുകയും ചെയ്തുവെന്നാണ്. ആ ക്ഷുരകന്‍ അബൂതല്‍ഹക്ക് നബി(സ)യുടെ വലത് ഭാഗത്തുള്ള മുടി നല്‍കുകയും പിന്നീട് ഇടതു ഭാഗത്തുള്ള മുടി കളയുകയും അത് ജനങ്ങള്‍ക്കിടയില്‍ ഭാഗിച്ചുകൊടുക്കാന്‍ കല്‍പിക്കുകയും ചെയ്തുവെന്നാണ്. ഇത് മനസ്സിലാക്കുന്നതിനോടൊപ്പം സ്വഹാബിയുടെ അഭിപ്രായം മത കാര്യങ്ങള്‍ക്ക് തെളിവല്ല എന്നതുകൂടി ഓര്‍ക്കേണ്ടതുണ്ട്.
പ്രവാചകനെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) തുടങ്ങിയവര്‍ആരെങ്കിലും പ്രവാചകന്റെ മുടി കൊണ്ടോ, വിയര്‍പ്പുകൊണ്ടോ, രക്തം കൊണ്ടോ ബര്‍ക്കത്ത് എടുത്തതായി എവിടെയും പറഞ്ഞിട്ടില്ല. നബി(സ) തന്റെ സഹധര്‍മിണികളും അങ്ങനെ ചെയ്തതായി തെൡവില്ല. എങ്കില്‍ പിന്നെ ഏതെങ്കിലും കിതാബില്‍ ഫീഹിത്തബര്‍റുകു എന്ന് എഴുതിയതിയിട്ടുണ്ടെങ്കില്‍ തന്നെ നമുക്ക് എങ്ങനെ അത് പ്രമാണമാകും.
നബി(സ) വുളു ചെയ്തതിന്റെ ബാക്കി വെള്ളം ഉപയോഗിക്കല്‍
അബുജൂഹൈഫ(റ) പറയുന്നു: നബി(സ) ഞങ്ങളുടെ അടുത്തേക്ക് നട്ടുച്ച സമയത്ത് പുറപ്പെട്ടു. അപ്പോള്‍ വുളു ചെയ്യാനുള്ള വെള്ളം കൊണ്ടുവരപ്പെട്ടു. നബി(സ)വുളു ചെയ്തു. ജനങ്ങള്‍ നബി(സ) വുളു ചെയ്്ത ബാക്കി വെള്ളം കൊണ്ട് വുളു ചെയ്യാനും അതുകൊണ്ട് തടവാനും തുടങ്ങി. നബി(സ) ളുഹ്‌റും, അസ്‌റും ഈ രണ്ട് റക്അത്ത്് വീതം നമസ്‌കരിച്ചു. അദ്ദേഹത്തിന്റെ മുമ്പില്‍ ഒരു വടി നാട്ടി വെക്കപ്പെട്ടിരുന്നു (ബുഖാരി). ഇബ്‌നുഹജറില്‍ അസ്ഖലാനി ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് പറഞ്ഞത് അതില്‍ മുസ്തഅ്്മല്‍ (ഒരിക്കല്‍ ഉപയോഗിക്കപ്പെട്ടത്) ആയ വെള്ളം ശുദ്ധമാണ് എന്നതിന് വ്യക്തമായ തെൡവുണ്ടെന്നാണ്. ശാഫിമദ്്ഹബ് പ്രകാരം മുസ്തഅ്്മലായ വെള്ളം കൊണ്ട് വുളു എടുക്കാന്‍ പാടില്ല എന്നതാണ്.
ഖുറൈശികളുടെ അടുത്തേക്ക് മടങ്ങി വന്നപ്പോള്‍ ഉര്‍വത്ത് ബിന്‍ മസ്്ഊദുസ്സഖഫി ആ സംഭവം ഉദ്ധരിച്ചത്. നബി(സ)യുടെ അനുചരന്മാര്‍ നബി(സ)യെ അത്യധികം സ്‌നേഹിക്കുന്നുണ്ടെന്ന് ഖുറൈശികളെ പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നു. ഫത്്ഹുല്‍ ബാരി, അധ്യായം -ബാബു ഇസ്തിഅ്മാലി ഫള്്‌ലിവളൂഇന്നാസി)
ബര്‍ക്കത്തിനുവേണ്ടി
പ്രാര്‍ഥിക്കല്‍
ജഅ്ദില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു സാഇബ്്ബിന്‍ യസീദ് പറയുന്നത് ഞാന്‍ കേട്ടു. എന്റെ ഇളയുമ്മ എന്നെയും കൊണ്ട് നബി(സ)യുടെ അടുത്തേക്കുപോയി. എന്നിട്ട് പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ എന്റെ സഹോദരീ പുത്രന് ബോധക്ഷയം സംഭവിക്കാറുണ്ട്. അപ്പോള്‍ നബി(സ) എന്റെ തല തടവിക്കൊണ്ട് എനിക്ക് അനുഗ്രഹത്തിനായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. പിന്നീട് നബി(സ) വുളു എടുത്തു. ആ വെള്ളത്തില്‍ നിന്നും ഞാന്‍ അല്പം കുടിച്ചു. പിന്നീട് ഞാന്‍ അദ്ദേഹത്തിന്റെ (നബി (സ) പിന്നില്‍ നിന്നും അദ്ദേഹത്തിന്റെ രണ്ട് ചുമലുകള്‍ക്കുമിടയിലുള്ള പ്രവാചകത്വത്തിന്റെ മുദ്രയിലേക്ക് ഞാന്‍ നോക്കി അത് മേലാപ്പിന്റെ ബക്കിള്‍ പോലെയുണ്ടായിരുന്നു. ഇബ്‌നു ഹജറില്‍ അസ്ഖലാനി ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് പറയുന്നു: പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായത്തില്‍ വുളു എടുത്തവന്റെ അവയവങ്ങളില്‍ അവശേഷിച്ച നനവും അതില്‍ നിന്ന് വസ്ത്രത്തിലേക്ക് ഉറ്റിവീഴുന്ന ശുദ്ധവും മുസ്തഅ്മലായ വെള്ളം ശുദ്ധമാണെന്നതിനുള്ള ശക്തമായ തെളിവുമാണ്.
നബി(സ)യുടെ ശരീരാവശിഷ്ടങ്ങള്‍ ശുദ്ധമാണെന്ന് മാത്രമേ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുള്ളൂ. എന്നാല്‍ ഖുറാസാന്‍കാരുടെ പണ്ഡിതനായി അറിയപ്പെട്ട വഖ്ഫാല്‍ ആ അഭിപ്രായവും ശരിയല്ലെന്ന് വ്യക്തമാക്കുകയുണ്ടായി. ആ അവശിഷ്ടങ്ങളൊക്കെ നജസ് (മലിനം) ആണെന്നതിന് തെളിവ് സ്ഥാപിച്ചവര്‍ പറഞ്ഞത് നജസായതുകൊണ്ടാണ് നബി(സ) അവ കഴുകിയതും ശൗച്യം ചെയ്്തിരുന്നതുമെന്നാണ്. നബി(സ)യുടെ രക്തവും അവശിഷ്ടങ്ങളുമൊക്കെ നജസാണെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും സ്വഹീഹ് ആക്കിയിട്ടുണ്ട്. ഇറാഖുകാര്‍ അത് ഖണ്ഡിതമായി പ്രസ്താവിക്കുകയും ചെയ്തു. (ശറഹുല്‍ മുഹദ്ദബ് – വാള്യം -1, പേജ് 233)
സ്വഹീഹുല്‍ ബുഖാരി 5896-ാം നമ്പറായി ഉദ്ധരിച്ച ഒരു ഹദീസ് ചിലര്‍ തബര്‍റുകിന് തെളിവായി കൊണ്ടുവരാറുണ്ട്. എന്നാല്‍ അതിന്റെ സനദ് (പരമ്പര) ന്യൂനതയുള്ളതാണെന്ന് തഹ്്ദീബുത്തഹ്ദീബ് വ്യക്തമാക്കുന്നു. ആദ്യം അതിന്റെ പരമ്പര നോക്കാം. മാലിക്ബിന്‍ ഇസ്മാഈല്‍ – ഇസ്‌റാഈലില്‍ നിന്നും അദ്ദേഹം ഉസ്മാനുബിന്‍ അബ്ദില്ലാഹിബിന്‍ മൗസിബില്‍ നിന്നും ഉദ്ധരിച്ചു. അദ്ദേഹം പറഞ്ഞു. എന്റെ വീട്ടുകാര്‍ ഉമ്മു സലമയുടെ അടുത്തേക്ക് വെള്ളത്തിന്റെ ഒരു കോപ്പയുമായി എന്നെ അയച്ചു. ഇസ്മാഈല്‍ മൂന്ന് വിരലുകള്‍ കൊണ്ട് ഒരു മുടിക്കെട്ട് എടുത്തു. അതില്‍ നബി(സ)യുടെ കേശങ്ങളില്‍ നിന്നുള്ള കേശവുമുണ്ടായിരുന്നു. മനുഷ്യര്‍ക്ക് വല്ല നേത്രരോഗമോ മറ്റോ വന്നാല്‍ അവരുടെ അടുത്തേക്ക് കളര്‍ ചെയ്ത ഒരു പാത്രം അയക്കുമായിരുന്നു. ഞാന്‍ ആ പാത്രത്തിലേക്ക് നോക്കിയപ്പോള്‍ അതില്‍ ചുവന്ന മുടികള്‍ കണ്ടു. ഈ ഹദീസിന്റെ പരമ്പരയില്‍ ഇസ്‌റാഈല്‍ എന്ന റിപ്പോര്‍ട്ടറുണ്ട്. അദ്ദേഹം ദുര്‍ബലനാണെന്ന് അലിയ്യുബിനില്‍ മദീനി പറഞ്ഞു. ഉസ്മാനുബ്‌നു അബീശൈബ പറഞ്ഞു. ഇസ്‌റാഈല്‍ ചോരനാണ് അദ്ദേഹം ഹദീസ് മോഷ്ടിക്കാറുണ്ട്. ഇസ്‌റാഈലിന്റെ ഹദീസ് യഹ്‌യല്‍ ഖത്വാന്‍ സ്വീകരിക്കാറുണ്ടായിരുന്നില്ല. ദഹ്്ദീബുത്തഹ്്ദീബ്, മീസാനുല്‍ ഇഅ്തിദാല്‍ തുടങ്ങിയവ നോക്കുക. ചുരുക്കത്തില്‍ സ്വഹീഹായ ഒരു ഹദീസ് കൊണ്ടും തബറുക് എടുക്കല്‍ സ്ഥാപിക്കാന്‍ സാധ്യമല്ല.
നബി(സയുടെ ഭൗതിക
അവശിഷ്ടങ്ങളില്‍ നിന്ന്
പുണ്യം പ്രതീക്ഷിക്കാമോ?
നബി(സ)യുടെ ഭൗതികാവശിഷ്ടങ്ങളെ പുണ്യം പ്രതീക്ഷിച്ച് സമീപിക്കുന്നതിനോടുള്ള ഉമറിന്റെ(റ) പ്രതികരണം പരിശോധിക്കാം: ത്വഹാവിയും ഇബ്‌നുവള്ളാഹുല്‍മഅ്‌റൂറ്്ബിന്‍ സുവൈദില്‍ അസദിയില്‍ നിന്നും ഉദ്ധരിച്ചു. അദ്ദേഹം പറഞ്ഞു. അമീറുല്‍ – മുഅ്്മിനീന്‍ ഉമറുബിനില്‍ ഖത്താബിന്റെ കൂടെ ഞാന്‍ ആകസ്മികമായി ആഘോഷത്തിന് വന്നു. അദ്ദേഹം മദീനയിലേക്ക് പോയപ്പോള്‍ ഞാനും അദ്ദേഹത്തിന്റെ കൂടെ പോയി. അദ്ദേഹം സുബ്ഹ് നമസ്‌കാരം നിര്‍വഹിച്ചപ്പോള്‍ രണ്ട് റക്അത്തുകളിലുമായി സൂറത്തുല്‍ ഫീലും സൂറത്ത് ഖുറൈശും പാരായണം ചെയ്തു. നമസ്‌കാര ശേഷം അവര്‍ മറ്റൊരിടത്തേക്ക് പോകുന്നത് ഉമര്‍ ശ്രദ്ധിച്ചു. ഇവര്‍ എവിടേക്കാണ് പോകുന്നത് അദ്ദഹം ചോദിച്ചു. അവിടെയുള്ള ഒരു പള്ളിയിലേക്കാണ് പോവുന്നതെന്ന് അവര്‍ പറഞ്ഞു. റസൂല്‍(സ) പള്ളിയില്‍ വെച്ച് നമസ്‌കരിച്ചിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ കൊണ്ടാണ് മുമ്പുള്ളവര്‍ നശിച്ചത്. അവര്‍ അവരുടെ പ്രവാചകന്മാരുടെ പാടുകളെ അനുധാവനം ചെയ്യുകയും എന്നിട്ട് അവയെ ചര്‍ച്ചുകളും മഠങ്ങളുമൊക്കെയാക്കി. റസൂലുല്ലാഹി(സ) നമസ്‌കരിച്ച ഈ പള്ളിയില്‍ നമസ്‌കാരത്തിന്റെ സമയങ്ങളില്‍ ആരെങ്കിലും എത്തിയാല്‍ അവന്‍ അവിടെ
നമസ്‌കരിച്ചുകൊള്ളട്ടെ. പുണ്യം പ്രതീക്ഷിച്ച് നമസ്‌കരിക്കാനായി അവിടേക്ക് പോകരുത്.
ഇബ്‌നു വള്ളാഹ്് ഉദ്ധരിച്ച മറ്റൊരു സംഭവം ത്വുര്‍സൂസിലെ മുഫ്്തിയായിരുന്ന ഈസ ബിന്‍ യൂനുസ് പറയുന്നത് ഞാന്‍ കേട്ടു. നബി(സ) ഏതൊരു മരച്ചുവട്ടില്‍ ഇരുന്നുകൊണ്ടാണോ ജനങ്ങള്‍ അദ്ദേഹത്തിന് ബൈഅത്ത് ചെയ്തത് ആ മരം മുറിക്കാന്‍ കല്പിച്ചു. അങ്ങനെ അത് മുറിക്കപ്പെട്ടു. കാരണം ജനങ്ങള്‍ അവിടേക്ക് പുറപ്പെടുകയും അതിന്റെ താഴ്്ഭാഗത്തുവെച്ച് നമസ്‌കരിക്കുകയും ചെയ്തു. അപ്പോള്‍ അത് അവരുടെ മേല്‍ ഫിത്‌നയായിത്തീരുമോയെന്ന് ഭയപ്പെട്ടു. അങ്ങനെ ആ മരം മുറിക്കാന്‍ കല്പിക്കപ്പെട്ടു. ബര്‍ക്കത്ത് എടുക്കുന്നതിനെ പറ്റിയുള്ള ഒരു സൂചനപോലും അതില്‍ കാണുന്നില്ല.
അഹമ്മദ് ബിന്‍ ഹമ്പലിന്റെ മുസ്്‌നദില്‍ 804-ാം നമ്പറായി ഉദ്ധരിച്ച ഒരു അസര്‍ തബര്‍റുകിന് തെളിവായി ചിലര്‍ കൊണ്ടുവരാറുണ്ട്. ആ അസര്‍ ആവട്ടെ ദുര്‍ബലമാണുതാനും. സാബിതില്‍ നിന്ന് നിവേദനം: അദ്ദേഹം അനസ്്ബിന്‍ മാലികി(റ) നോട് ചോദിച്ചു. അനസേ, താങ്കള്‍ റസൂലുല്ലാഹി(സ)യുടെ കരത്തെ താങ്കളുടെ കരം കൊണ്ട് സ്പര്‍ശിച്ചിട്ടുണ്ടോ? അദ്ദേഹം അതെ എന്ന് പറഞ്ഞു. അപ്പോള്‍ സാബിത് പറഞ്ഞു. താങ്കളുടെ കരം എനിക്ക് കാണിച്ചുതരൂ. ഞാന്‍ അത് ചുംബിക്കട്ടെ. ഈ അസറില്‍ അലിയ്യ്ബിന്‍ സൈദ് എന്ന റിപ്പോര്‍ട്ടറുണ്ട്. അദ്ദേഹം ദുര്‍ബലനാണ്. ഇതൊരു ദുര്‍ബലമായ അസര്‍ മാത്രമാണ്. അതൊരിക്കലും ദീനില്‍ തെളിവാക്കാവുന്നതുമല്ല.
പ്രവാചകന്റെ അനുചരന്മാര്‍ പ്രവാചകന്റെ തിരുശേഷിപ്പുകള്‍ കൊണ്ട് ബര്‍ക്കത്ത് എടുത്തുവെന്നും അവര്‍ അതില്‍ മിതത്വം കാണിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തില്‍ ദിവ്യത്വം ആരോപിച്ചിരുന്നുവെന്നും ഹല്ലാജിനെ പോലെയുള്ള ചിലര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഹല്ലാജിനെ പോലെയുള്ള വ്യാജന്മാരുടെ റിപ്പോര്‍ട്ടുകള്‍ ദീനില്‍ ഒരിക്കലും തെളിവാകുകയില്ല (അല്‍ഇഅ്തിസ്വാം 2-ാം വാള്യം നോക്കുക)
പ്രത്യക്ഷത്തില്‍ നന്മയായി തോന്നാമെങ്കിലും എല്ലാ ബിദ്അത്തുകളെയും ഇമാം മാലിക് വെറുത്തിരുന്നു. കാരണം അവയെല്ലാം സുന്നത്തല്ലാത്ത കാര്യത്തെ സുന്നത്താക്കുന്നതിലേക്ക് പഴുതു നല്‍കുന്നവയാണ് അല്ലെങ്കില്‍ നിയമാനുസൃതമല്ലാത്ത കാര്യങ്ങള്‍ക്ക് നിയമസാധുത നല്‍കലാണ്. (അല്‍ഇഅ്തിസ്വം 235:2)
മസ്ജിദുല്‍ അഖ്‌സ്വയെക്കുറിച്ച് പറഞ്ഞിടത്ത് ഖുര്‍ആന്‍ അല്ലദീബാറക്‌നാഹെവ്്‌ലഹു (അതിന്റെ ചുറ്റും നാം അനുഗ്രഹം ചെയ്തു) വെന്ന് പരാമര്‍ശിച്ചു. എന്നാല്‍ മസ്ജിദുല്‍ അഖ്‌സ്വയിലെ തൂണുകളില്‍ നിന്നോ മറ്റോ നിങ്ങള്‍ക്ക് ബര്‍ക്കത്ത് എടുക്കാമെന്ന് അല്ലാഹു പറഞ്ഞിട്ടില്ല. ഇബ്‌റാഹീം മഖാമില്‍ വെച്ചു രണ്ടു റക്അത്ത്് സുന്നത്ത് നമസ്‌കരിക്കാമെന്ന് പ്രവാചകന്‍(സ) പറഞ്ഞു. വത്തകിദൂമിന്‍ മഖാമി ഇബ്‌റാഹീമമുസ്വല്ലാ എന്ന് അല്ലാഹു പറഞ്ഞു. എന്നാല്‍ മഖാമുഇബ്‌റാഹീമില്‍ നിന്ന് നിങ്ങള്‍ തബര്‍റുക് എടുക്കുക എന്ന് പറഞ്ഞിട്ടില്ല. സഫാ മര്‍വ കുന്നുകള്‍ക്കിടയിലൂടെ സഅ്‌യ് നടത്തല്‍ ഇബാദത്താണ്.
എന്നാല്‍ സഫാ -മര്‍വ കുന്നുകള്‍ക്കിടയില്‍ നിന്ന് മണ്ണ് വാരി ബര്‍ക്കത്തെടുക്കാന്‍ അല്ലാഹുവോ, റസൂലോ പറഞ്ഞിട്ടില്ല. കഅ്്ബ ത്വവാഫ് ചെയ്യാന്‍ അല്ലാഹു ആജ്ഞാപിച്ചു. എന്നാല്‍ കഅ്്ബയില്‍ നിന്ന് ബര്‍ക്കത്തെടുക്കാന്‍ അല്ലാഹു പറഞ്ഞിട്ടില്ല. രോഗശമനവും, ആഗ്രഹ സഫലീകരണവുമാണ് ബര്‍ക്കത്തെടുക്കല്‍ കൊണ്ട് ജനം ഉദ്ദേശിച്ചിട്ടുള്ളത്. അതാവട്ടെ, ശിര്‍ക്കിലേക്ക് ജനത്തെ കൊണ്ടുപോവുകയും ചെയ്യുന്നു. ഈ കാര്യം തുറന്നുപറയാന്‍ ഉല്‍പതിഷ്ണുക്കള്‍ പോലും ഭയക്കുന്നു എന്നതാണ് ഏറെ പരിതാപകരം. സര്‍വജ്ഞനായ അല്ലാഹു എല്ലാ വിധ അന്ധവിശ്വാസ അനാചാരങ്ങളില്‍ നിന്നും പരിശുദ്ധ ദീനുല്‍ ഇസ്്‌ലാമിനെ കാത്തുരക്ഷിക്കട്ടെ.