തീവ്രവാദത്തിനെതിരില്‍ ഈജിപ്തും തുണീഷ്യയും
അറബ് യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്ക് മുന്നോടിയായി വിവിധ രാജ്യങ്ങള്‍ ഉഭയ കക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത്തരം ചര്‍ച്ചകള്‍ക്കിടെ പല രാജ്യങ്ങളും തമ്മില്‍ പല നിലക്കുമുള്ള കരാറുകളും ധാരണകളും രൂപപ്പെടുകയും ചെയ്തിരുന്നു. അത്തരത്തിലൊരു തീരുമാനം ഈജിപ്തും തുണീഷ്യയും തമ്മില്‍ കൈക്കൊണ്ട വാര്‍ത്തയാണ് അറബ് പത്രങ്ങള്‍ കഴിഞ്ഞയാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളിലൊന്ന്. തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടാന്‍ പരസ്പര സഹകരണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും ഒന്നിച്ച് പ്രവര്‍ത്തിക്കാനും ഈജിപ്തും ടുണീഷ്യയും തമ്മില്‍ പരസ്പരം ധാരണയായതാണ് വാര്‍ത്ത. ഉച്ച കോടിക്ക് മുമ്പായി നടന്ന ഉഭയ കക്ഷി കൂടിക്കാഴ്ചയില്‍ ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയും ടുണീഷ്യന്‍ പ്രസിഡണ്ട് ബെജിസൈദ് അസ്സബ്‌സിയും പങ്കെടുത്തു. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പദ്ധതികളും സംവിധാനങ്ങളുമാണ് പ്രധാനമായും ചര്‍ച്ചയായത്. ആഭ്യന്തര സുരക്ഷാ പദ്ധതികള്‍ രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ എത്രത്തോളാം ഏകീകരിക്കാമെന്നതിനെ സംബന്ധിച്ച് ആലോചനകളുണ്ടാകും. തീവ്രവാദ പ്രവര്‍ത്തനങ്ങളെ കണ്ടെത്തുന്നതിനും അത്തരം പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പരസ്പരം പങ്ക് വെക്കുന്നതിനെ സംബന്ധിച്ചും ഉച്ചകോടിയില്‍ ധാരണയായി.