മതം എന്തു പിഴച്ചു? മുസ്തഫ വടകര
ഇസ്‌ലാമിന്റെ പേരില്‍ ജീവിച്ചവരാണ് പ്രവാചകനും അനുചരന്മാരും. അതിലും മുന്തിയ ഒരു ഇസ്‌ലാം നമുക്ക് വിഭാവനം ചെയ്യാന്‍ കഴിയില്ല. പ്രവാചകകാലത്തും അതിനുശേഷവും ഇസ്‌ലാമിക രാജ്യത്ത് അമുസ്‌ലിംകള്‍ സുഖമായി ജീവിച്ചിരുന്നു. അവരുടെ ജീവനും സ്വത്തിനും ഭരണകൂടം സംരക്ഷണം നല്‍കിയിരുന്നു. അവരുടെ വേദഗ്രന്ഥങ്ങള്‍ അന്നും പാരായണം ചെയ്യപ്പെട്ടിരുന്നു. ആരുമത് നിരോധിച്ചില്ല. മുസ്‌ലിംകളുടെ അയല്പക്കത്തു അമുസ്‌ലിംകള്‍ താമസിച്ചിരുന്നു. അവര്‍ തമ്മില്‍ എല്ലാ വിധത്തിലുമുള്ള സാമൂഹിക ബന്ധങ്ങള്‍ നിലനിന്നിരുന്നു. ഒരു അമുസ്‌ലിമിനോടും ഒരു മുസ്‌ലിം അക്രമം കാണിച്ചില്ല. അങ്ങിനെ സംഭവിച്ച സമയത്തൊക്കെ ഭരണകൂടം ഇടപെട്ടു നീതി നടപ്പാക്കിയിരുന്നു. വിശുദ്ധ ഖുര്‍ആനാണ് മതത്തിന്റെ പേരിലുള്ള അക്രമത്തിനു കാരണമെന്ന് വന്നാല്‍ ആ അക്രമം കൂടുതല്‍ കാണേണ്ടത് ഖുര്‍ആനിനെ അക്ഷരം പ്രതി പിന്തുടര്‍ന്നവരുടെ കാലത്താകണമായിരുന്നു എന്ന് സാരം.
ഇസ്‌ലാമിന്റെ പേരില്‍ കൂടുതലും നിലവിലുള്ളത് ‘ഷാഡോ’ സംഘടനകളാണ്. അതെ സമയം ജനമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കുറെ ഇസ്‌ലാമിക സംഘങ്ങളുണ്ട്. കാര്യമായ ഒരു അക്രമ സംഭവവും പരസ്യമായി പ്രവര്‍ത്തിക്കുന്ന ഇത്തരക്കാരുടെ ഭാഗത്തു നിന്നും നാം പറഞ്ഞു കേട്ടിട്ടില്ല. അതെ സമയം അക്രമങ്ങളുടെ പ്രായോക്താക്കള്‍ ഈ ഒളിഞ്ഞിരിക്കുന്ന ഇസ്‌ലാമാണ്. ഈ സംഘങ്ങള്‍ തന്നെ ഒരു ഉറപ്പില്ലാത്ത കാര്യമാണ്. ഇസ്‌ലാം എന്നത് പേരിന്റെ കൂടെയുണ്ട് എന്നത് മാത്രമാണ് ഇവരും ഇസ്‌ലാമും തമ്മിലുള്ള ബന്ധം. അവരുടെ ഭരണഘടന, ഓഫിസ്, ഭാരവാഹികള്‍ എന്നിവരെ നാമാരും കണ്ടിട്ടില്ല. ഇസ്‌ലാം സുതാര്യമാണ്. അല്ലെങ്കില്‍ സുതാര്യമല്ലാത്ത ഒന്നും ഇസ്‌ലാമല്ല. ഖുര്‍ആന്‍ പറയുന്ന കുറെ പൊതു തത്വങ്ങളുണ്ട്. അതിവര്‍ കാണാതെ പോകുന്നു. അതില്‍ ഒന്നാണ് മതത്തില്‍ നിര്‍ബന്ധമില്ല എന്നത്. പ്രബോധന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി പിന്തിരിഞ്ഞു പോകുന്നവരെ നിര്‍ബന്ധിച്ചു ഇസ്‌ലാമിലേക്ക് കൊണ്ട് വരാന്‍ താങ്കള്‍ക്കു അധികാരമില്ല എന്നതാണ് ഈ വിഷയത്തില്‍ ഖുര്‍ആന്റെ സുവ്യക്തമായ നിലപാട്. ഒരാള്‍ അന്യായമായി മറ്റൊരാത്മാവിനെ വധിച്ചാല്‍ അവന്‍ മനുഷ്യരെ മുഴുവന്‍ കൊന്നവനെ പോലെ എന്ന പൊതു തത്വവും ഇവര്‍ കാണില്ല.
ഖുര്‍ആനിന്റെ ജീവിക്കുന്ന ഉദാഹരങ്ങള്‍ എന്നാണ് പ്രവാചകനേയും അനുചരന്മാരെയും വിശ്വാസികള്‍ മനസ്സിലാക്കുന്നത്. അവര്‍ ഖുര്‍ആനിനെ ശരിയായി മനസ്സിലാക്കിയപ്പോള്‍ ഒരു പ്രതിലോമ പ്രവര്‍ത്തനവും നടന്നില്ല. മാത്രമല്ല നാട്ടില്‍ സമ്പൂര്‍ണ നീതി പുലര്‍ന്നു.
നമ്മുടെ കൊച്ചു കേരളത്തെ നാമൊന്നെടുത്തു നോക്കുക. കേരളത്തില്‍ നടന്ന കൊലകളില്‍ മതത്തിന്റെ കണക്കില്‍ വെക്കാന്‍ കഴിയുന്ന കൊലകള്‍ എത്ര?. നമ്മുടെ നാട്ടില്‍ ആളുകള്‍ കൊലചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. അതിന്റെ പിന്നില്‍ കേരളത്തിലെ തന്നെ രാഷ്ട്രീയ പാര്‍ട്ടികളെന്നു കാണാം. കേരളത്തിലെ കൊലകള്‍ അവസാനിപ്പിക്കാന്‍ നല്ലത് രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടെന്നു വെക്കലാണ് എന്നാരും പറയില്ല. പകരം രാഷ്ട്രീയത്തില്‍ പറ്റിപ്പിടിച്ച കീടങ്ങളെ ഒഴിവാക്കണം എന്നാണു നാം ചര്‍ച്ച ചെയ്യുക. അതെ സമയം ഒരിക്കലും പ്രതിയല്ലാത്ത മതങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് അപ്പോഴും പലര്‍ക്കും താല്പര്യം. നമ്മുടെ കൊച്ചു കേരളത്തില്‍ പോലും ചര്‍ച്ച ഇങ്ങിനെ എന്നിരിക്കെ നാം കാണാത്ത ലോകത്തെ വാര്‍ത്തകള്‍ നമുക്ക് ഊഹിക്കാം.