ആഫ്രിക്കയില്‍ കണ്ണുനട്ട് ഇസ്‌റായേല്‍
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇസ്രായേല്‍ നടത്തിവരുന്ന ഒരു രാഷ്ട്രീയ നീക്കം വിജയിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞയാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആഗോള വ്യാപാര ഓഹരിയില്‍ ആഫ്രിക്കന്‍ നാടുകള്‍ക്കുള്ള പങ്ക് വലുതാണ്. ശിഥിലീകരിക്കപ്പെട്ട് നിന്നിരുന്ന ആഫ്രിക്കന്‍ യൂണിയന്‍ ഈയടുത്ത് കൂടുതല്‍ ശക്തമായ അടിത്തറയോടെ പുനരേകീകരിക്കാനുള്ള ചില ശ്രമങ്ങളും നടന്നിരുന്നു. അതിന്റെ ഭാഗമായി മഗ്രിബി യൂണിയന്‍ പുനരേകീകരിക്കുകയും വാണിജ്യ രംഗത്ത് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ കൂടുതല്‍ കരാറുകളും ബന്ധങ്ങളും സൃഷ്ടിക്കുകയും ചെയ്തിരുന്നു. അതോടെയാണ് ആഫ്രിക്കന്‍ യൂണിയനുമായി ചങ്ങാത്തം സ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങള്‍ ശക്തമായത്. അതിന് കഴിഞ്ഞില്ലെങ്കില്‍ ആഫ്രിക്കന്‍ യൂണിയനില്‍ അനൈക്യമുണ്ടാക്കി ഒരു പക്ഷത്തെ പിന്തുണക്കാന്‍ ഇസ്‌റായേല്‍ തുനിയുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആഫ്രിക്കയുമായി ഒരു നയതന്ത്ര ബന്ധമുണ്ടാക്കുന്നതി ല്‍ ഇപ്പോള്‍ ഇസ്‌റായേല്‍ വിജയിച്ചിരിക്കുകയാണ്. ആദ്യമായാണ് ഒരു ആഫ്രിക്കന്‍ രാജ്യത്ത് ഇസ്‌റായേലിന്റെ എംബസി തുറക്കപ്പെടുന്നത്. റുവാണ്ടയിലാണ് ഇസ്‌റായേല്‍ തങ്ങളുടെ എംബസി തുറക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യത്ത് തങ്ങളുടെ എംബസി തുറക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇസ്‌റായേല്‍. ഇസ്‌റായേല്‍ ബ്രോഡ്കാസ്റ്റിംഗ് ഏജന്‍സിയെ ഉദ്ധരിച്ചാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റുവാണ്ടയെക്കൂടാതെ മറ്റ് പല രാജ്യങ്ങളിലും തങ്ങള്‍ വൈകാതെ തന്നെ എംബസികള്‍ ആരംഭിക്കുമെന്നാണ് ഇസ്‌റായേല്‍ വ്യത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.