സുഡാനില്‍ അടിയന്തരാവസ്ഥ
സുഡാനില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയാണ് കഴിഞ്ഞ വാരത്തിലെ ഒരു പ്രധാന അന്താരാഷ്ട്ര വാര്‍ത്ത. കഴിഞ്ഞ കുറേ നാളുകളായി സുഡാനില്‍ തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരിക്കുന് നത്. ഒരു വര്‍ഷത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. സുഡാന്‍ പ്രസിഡണ്ട് ഉമര്‍ അല്‍ബഷീര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും കഴിഞ്ഞ കുറച്ച് നാളുകളായി ശക്തി പ്രാപിച്ച് വരികയായിരുന്നു. സുഡാനില്‍ ശക്തമായ ഭക്ഷ്യക്ഷാമവും ഇന്ധന ക്ഷാമവും അനുഭവപ്പെടുന്ന വാര്‍ത്തകളും അവിടെ നിന്ന് പുറത്ത് വരുന്നുണ്ടായിരുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുകയും ജനജീവിതം ഏറെ പ്രയാസത്തിലാകുകയും ചെയ്തിട്ടും ഭരണകൂടം ഫലപ്രദമായി ഒന്നും നടത്തുന്നില്ലെന്നായിരുന്നു പ്രക്ഷോഭകര്‍ ആരോപിച്ചത്. ജനകീയ പ്രക്ഷോഭത്തിന്റെ വക്കിലേക്ക് പ്രതിപക്ഷ പ്രതി ഷേധങ്ങള്‍ എത്തുകയും ചെയ്തിരുന്നു. അധികം താമസിയാതെതന്നെ പ്രസിഡന്റ് ഉമര്‍ അല്‍ബഷീറിന് രാജി വെച്ച് പുറത്ത് പോകേണ്ടി വരുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും പുറത്തായിരുന്നു. അതിനിടെയാണ് ഇപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കേന്ദ്രമന്ത്രിസഭയുടെയും പ്രാദേശികമായ പ്രവിശ്യാ സര്‍ക്കാറുകളുടെയും പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കപ്പെട്ടു. രാജ്യത്തിന്റെ ഭരണം സൈന്യത്തിന്റെ കരങ്ങളിലേക്ക് പ്രസിഡന്റ് ഏല്‍പ്പിച്ചിരിക്കുകയാണിപ്പോള്‍ . ഓരോ സംസ്ഥാനങ്ങളിലുമുള്ള ഗവര്‍ണര്‍മാര്‍ക്ക് പ്രാദേശിക ഭരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വമുള്ള ചുമതലകള്‍ നല്‍കിക്കഴിഞ്ഞു. ഇതോടെ പ്രസിഡന്റിനാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സമ്പൂര്‍ണ സൈനിക ഭരണം രാജ്യത്ത് ആരംഭിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.