22 Sunday
December 2024
2024 December 22
1446 Joumada II 20

ഫലസ്ത്വീന് തന്നെയാണ് തങ്ങളുടെ പിന്തുണയെന്ന് സുഊദി

ഫലസ്ത്വീന്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ച കാലം മുതല്‍ തങ്ങള്‍ ഫലസ്ത്വീന് നല്‍കുന്ന പിന്തുണക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് സുഊദി അറേബ്യ പ്രസ്താവിച്ചു. ഫലസ്ത്വീന്‍ വിഷയത്തില്‍ തങ്ങള്‍ എപ്പോഴും പുലര്‍ത്തുന്നത് ഫലസ്ത്വീന് ഗുണകരമായ നിലപാടുകളാണെന്നും സുഊദി രാജാവ് അഭിപ്രായപ്പെട്ടു. സ്വതന്ത്രപരമാധികാര ഫലസ്ത്വീന് തന്നെയാണ് തന്റെയും രാജ്യത്തിന്റെയും പിന്തുണയെന്ന് സുഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസിന്റെ പ്രസ്താവനയെ അറബ് മാധ്യമങ്ങള്‍ പ്രാധാന്യപൂര്‍വമാണ് റിപ്പോര്‍ട്ട് ചെയ്തത്. കിഴക്കന്‍ ജറൂസലേം ആസ്ഥാനമായുള്ള, ഫലസ്ത്വീനികള്‍ക്ക് സ്വതന്ത്രാധികാരമുള്ള സ്വതന്ത്ര ഫലസ്ത്വീന്‍ രാജ്യം നിലവില്‍ വരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും സുഊദി രാജാവ് പ്രസ്താവിച്ചു. അമേരിക്ക മുന്‍കൈയ്യെടുത്ത് നടത്തുന്ന പശ്ചിമേഷ്യന്‍ സമാധാന സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് സല്‍മാന്‍ രാജാവിന്റെ പ്രസ്താവന. ഈയടുത്ത കാലത്തായി സുഊദി പുലര്‍ത്തിയ പല നിലപാടുകളും ഫലസ്ത്വീന്റെ താത്പര്യങ്ങള്‍ക്കെതിരായിരുന്നെന്ന വിമര്‍ശങ്ങള്‍ ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് സുഊദി രാജാവ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. സുഊദി  സന്ദര്‍ശിക്കാനെത്തിയ ഫലസ്ത്വീന്‍  പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. സുഊദിയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ പ്രസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Back to Top