പറ്റിക്കപ്പെട്ടിട്ടും പാഠം പഠിക്കാത്തവര്‍ – മുഹമ്മദ് സി, ആര്‍പൊയില്‍
അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാത്ത സമ്പത്തിനോട് ആര്‍ത്തിമൂത്ത കേരളത്തിലെ ജനങ്ങള്‍ വീണ്ടും കൊണ്ടറിയുന്നു. നൂറ് കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പാണ് കുറ്റിപ്പുറം നൂര്‍ എന്ന അബ്ദുല്‍ നൂര്‍ നടത്തിയത്. ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് മറക്കാനായിട്ടില്ല. ഇങ്ങനെയുള്ള തട്ടിപ്പുകളില്‍ പെടുന്നവര്‍ വിദ്യാഭ്യാസമുള്ളവരും ഗവണ്‍മെന്റ് ജോലിയുള്ളവരുമാണെന്നതാണ് സങ്കടകരം. ജീവിതത്തിന്റെ നാനാതുറകളിലുള്ള ഉല്പതിഷ്ണുക്കളെന്നവകാശപ്പെടുന് ന ധാരാളമാളുകള്‍ മെയ്യനങ്ങാതെ പണം സമ്പാദിക്കണമെന്ന് ആര്‍ത്തിയുള്ളവരാണ്. നാം വിജയ്മല്യയുടെ അടുത്തേക്കൊന്നും പോവേണ്ടതില്ലന്നര്‍ഥം. ജീവിതത്തിന്റെ യൗവന കാലം മുഖ്യമായും ഗള്‍ഫിലും മറ്റും പോയി കഷ്ടപ്പെട്ടുണ്ടാക്കുന്നതാണ് ഇങ്ങനെയുള്ള തട്ടിപ്പു സംഘങ്ങള്‍ കൈക്കലാക്കുന്നത്. മാന്യമായി ജീവിക്കാനല്ല മലയാളി ഈ വിധ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. ധര്‍മവും മാന്യതയും ഉള്‍ക്കൊള്ളുന്നതിന് പകരം ധൂര്‍ത്തടിച്ച് ജീവിക്കണമെങ്കില്‍ ഏത് മാര്‍ഗം സ്വീകരിക്കാനും നാം തയ്യാറാണ്.
പണത്തിന്റെ വിഷയം വരുമ്പോള്‍ നമ്മുടെ മനസ്സ് തന്നെ പൈശാചികമാകുന്നു. ഭൂ വിലയിലുണ്ടായ അമിത വര്‍ധനവ് നാട്ടിലെ വന്‍കിട റിയല്‍ എസ്‌റ്റേറ്റ് മാഫിയ സംഘങ്ങളുടെ സംഭാവനയാണ്. നിലമ്പൂര്‍ താലൂക്കിലെ നാട്ടിന്‍ പുറങ്ങളില്‍ 2006 കളില്‍ വെറും പതിനായിരങ്ങള്‍ക്ക് താഴെ മാത്രം ഒരു സെന്റിന് വിലയുണ്ടായിരുന്ന ഭൂമിക്ക് ഇപ്പോള്‍ സാമ്പത്തിക മാന്ദ്യമുണ്ടെങ്കിലും 2 ലക്ഷം രൂപ കൊടുക്കണം. പാവപ്പെട്ടവര്‍ക്ക് ഒരു കൂര വെക്കുന്ന കാര്യം ചിന്തിക്കാന്‍ കഴിയുമോ? ആത്മീയതയുടെ മുഖം നല്‍കി നടക്കുന്ന തട്ടിപ്പുകള്‍ അതിഭീകരമായി നാട്ടില്‍ നടമാടിക്കൊണ്ടിരിക്കുന്നു. ഹൈദരാബാഗ് മുസ്‌ലിം വനിത ചെയ്ത തട്ടിപ്പ് അതി സമര്‍ഥം തന്നെ.
എല്ലാ രംഗങ്ങളും തട്ടിപ്പുകളുടെയും അനാശാസ്യങ്ങളുടെയും കൂത്തരങ്ങാണ്. ഹലാല്‍ എന്ന മുദ്രയാണ് എല്ലാവരുടെയും തുരുപ്പ് ശീട്ട്. മാനക്കേട് വിചാരിച്ച് പലരും രഹസ്യമായി വെക്കാറാണ് പതിവ്. അവര്‍ നിയമനടപടിക്കും ശ്രമിക്കാറില്ല. അത് തട്ടിപ്പു സംഘങ്ങള്‍ക്ക് ആശ്വാസമാകുന്നു. നിലവില്‍ നിക്ഷേപ സംഖ്യ തിരിച്ചു കിട്ടുമോ എന്ന് പരീക്ഷിക്കണമെങ്കില്‍ പ്രതിയുടെ വസ്തുവഹകളിന്‍മേല്‍ ജപ്തി നടപടി സ്വീകരിക്കണം. അതിന് ഒരു ലക്ഷം രൂപക്ക് പതിനായിരം (10 ശതമാനം) എന്ന തോതില്‍ കോടതിയില്‍ കെട്ടിവെക്കണം.
വക്കീല്‍ ഫീസും മറ്റു ചെലവുകളും വേറെയും വേണം. അതിന് നിക്ഷേപകരുടെ കൈയില്‍ പണം ഉണ്ടാവണമെന്നില്ല. നഷ്ടപ്പെട്ടതിന്റെ പേരില്‍ കണ്ണീരും കയ്യുമായി കഴിയുന്ന കുടുംബങ്ങളെ നമുക്ക് കാണാം. ഉള്ളതെല്ലാം വിറ്റു പെറുക്കി ബിസിനസ്സിനും മറ്റും നിക്ഷേപിച്ച് അതില്‍ നിന്ന് കിട്ടുന്ന ലാഭം കൊണ്ട് മാത്രം ജീവിക്കുന്നവര്‍ക്ക് അത് നഷ്ടപ്പെട്ടാല്‍ അറിയപ്പെടാത്ത ആത്മഹത്യയില്‍ അവസാനിക്കുന്ന സ്ഥിതിയും ഉണ്ട്.
പാവപ്പെട്ടവര്‍ക്കുള്ള നിയമ സഹായമെന്നത് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ചുമതലയാണ്. എല്‍ എല്‍ ബി പാസ്സായ ഒരു വക്കീലിനെ അവര്‍ വെച്ചുതരും. സമര്‍ഥരായ വക്കീലിനെ പ്രതികളും വെക്കും. അവര്‍ വിജയിക്കുകയും ചെയ്യും. അതുകൊണ്ട് ലീഗല്‍ സര്‍വീസിനെ കഴിവതും കേസ് ഏല്പിക്കാറില്ല. നിയമ പരിരക്ഷ തുല്യമായി എല്ലാവര്‍ക്കും പ്രാപ്യമാവുകയാണ് വേണ്ടത്.
ഫാഷിസ്റ്റ് ശക്തികള്‍, അവര്‍ അധികാരത്തിലിരിക്കുമ്പോള്‍ ആധിപത്യം നേടും. അധികാരത്തില്‍ നിന്ന് പുറത്താവുമ്പോള്‍ സമൂഹത്തിന്റെ ഫാഷിസ്റ്റ്‌വത്ക്കരണത്തിനായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കും. കേരളത്തില്‍ കോണ്‍ഗ്രസ് ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എടുത്ത നിലപാട്, രാഹുല്‍ ഗാന്ധി എവിടെ പോയാലും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് എല്ലാം ലക്ഷണമാണ്. രാമചന്ദ്രഗുഹ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ബീഫ് കഴിക്കുന്ന ഫോട്ടോ വധഭീഷണിയെ തുടര്‍ന്ന് മാറ്റേണ്ടി വന്നത്… ഇതെല്ലാം സൂചിപ്പിക്കുന്നത് കഴിഞ്ഞ 25 വര്‍ഷമായി ഇത്തരം ശക്തികള്‍ക്ക് വലിയ വളര്‍ച്ചയുണ്ടായിട്ടുണ്ട് എന്നത് മാത്രമല്ല, പ്രതിപക്ഷ കക്ഷികള്‍ക്ക് മുമ്പുണ്ടായിരുന്ന ആത്മവിശ്വാസം ഇപ്പോള്‍ തോന്നുന്നില്ലെന്നുമാണ്.
(ഇടതുപക്ഷം നവ ഉദാരീകരണത്തിന് അടിപ്പെടരുത്, പ്രഫ. പ്രഭാത്, പട്‌നായിക്, മാധ്യമം ആഴ്ചപ്പതിപ്പ്, 2019 ഫിബ്രവരി 18)