വലിയ്യ് അമര്‍ ചിത്രകഥയിലെ കഥാപാത്രമല്ല – സമദ് തൃശൂര്‍
തിരിച്ചു ചോദിച്ചാല്‍ തീരുന്നതാണ് പല കറാമത്ത് പുരാണങ്ങളും. മരിച്ച വ്യക്തിയെ ജീവിപ്പിച്ച കറാമത്താണ് ഇപ്പോഴത്തെ താരം. അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല എന്ന് ബന്ധപ്പെട്ടവര്‍ നിഷേധിച്ചപ്പോള്‍ അത് പ്രച്ചരിപ്പിച്ചവര്‍ മാപ്പിരക്കുന്ന ക്ലിപ്പുകളാണ് ഇപ്പോള്‍ കാണുന്നത്. നാം മനസ്സിലാക്കിയ വലിയ്യ് ജനിക്കുന്നത് വിശ്വാസവും ജീവിത വിശുദ്ധിയും ഒന്നിച്ചു ചേരുമ്പോള്‍ മാത്രമാണ്. അത്ഭുത പ്രവര്‍ത്തനം എന്നത് ഒരാള്‍ വലിയ്യാണ് എന്നതിന് തെളിവായി ഇസ്‌ലാം അംഗീകരിക്കുന്നില്ല. അയാളുടെ ജീവിതവും കൂടി ചേര്‍ത്ത് വായിച്ചാണ് ഒരാള്‍ വലിയ്യാണോ എന്ന് പരിശോധിക്കുന്നത് എന്നാണ് ഇസ്‌ലാമികരീതി.
മരണപ്പെട്ടവരെ ജീവിപ്പിക്കുക എന്നത് ഈസാ നബി(അ)ക്ക് നല്‍കിയ അമാനുഷിക കഴിവായി ഖുര്‍ആന്‍ പറയുന്നു. ഒരാള്‍ മരിക്കുക എന്നത് അല്ലാഹു തീരുമാനിച്ച കാര്യമാണ്. മരണത്തിന്റെ സമയത്തില്‍ നിന്നും മുന്നോട്ടോ പിന്നോട്ടോ ആരും പോകില്ല. അപ്പോള്‍ ഒന്നുകില്‍ മരിച്ച വ്യക്തി ശരിയായ രീതിയില്‍ മരിച്ചു കാണില്ല. അങ്ങനെ പല സംഭവങ്ങളും നാം കേട്ടിട്ടുണ്ട്. അത്തരം ആളുകള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുമുണ്ട്. അല്ലാഹു നിശ്ചയിച്ച മരണ ത്തെ മറികടക്കാനോ അതിന് ഭേദഗ തി വരുത്താനോ ആര്‍ക്കും കഴിയില്ല. പക്ഷെ അങ്ങനെ ജീവിപ്പിച്ച കഥകള്‍ നാട്ടില്‍ പറന്നു നടക്കുന്നു.
ഒരാളെ അല്ലാഹു വലിയ്യായി തിരഞ്ഞെടുക്കുന്നത് അയാളുടെ വിശ്വാസവും പ്രവര്‍ത്തനവും നോക്കിയാണ്. പ്രവാചകന്മാരെ അല്ലാഹു പ്രത്യേകമായി തിരഞ്ഞെടുക്കുന്നു. അതിനു ഒന്നാമത്തെ നിബന്ധന അദ്ദേഹം തന്റെ നിര്‍ബന്ധ ബാധ്യതകള്‍ നിറവേറ്റുക എന്നതാണ്. നിര്‍ബന്ധ ബാധ്യത എന്ന് പറഞ്ഞാല്‍ കേവലം നിര്‍ബന്ധ ആരാധനകര്‍മം എന്ന വീക്ഷണമാണ് പലപ്പോഴും നല്‍കപ്പെടുക. അതേസമയം ഒരാളില്‍ വന്നുചേരുന്ന എല്ലാ ബാധ്യതകളും എന്ന് വായിക്കണം. കുടുംബം സമൂഹം വ്യക്തി എന്നി നിലകളില്‍ വരുന്ന ബാധ്യതകള്‍ എന്നര്‍ത്ഥം. ശേഷം ഐഛികമായ കാര്യങ്ങള്‍ കൂടി ചെയ്യണം. അപ്പോഴാണ് അടുപ്പം പൂര്‍ത്തിയാവുക. അങ്ങിനെ അല്ലാഹുവിലേക്ക് അടുത്തവരാണ് പ്രവാചകന്റെ അനുയായികള്‍. മരിച്ച ആരെയും അവര്‍ ജീവിപ്പിച്ചതായി നമുക്കറിയില്ല. തന്റെ അടുത്തയാളുകളുടെ മരണത്തില്‍ പോലും പ്രവാചകന്‍ നിസ്സഹായത കാണിച്ചു. ജനനവും മരണവും അല്ലാഹുവിന്റെ കൈകളില്‍ മാത്രം എന്നതാണ് ഇസ്‌ലാമിക വിശ്വാസം. അല്ലാഹു റബ്ബാണ് എന്ന വിശ്വാസത്തിന്റെ കൂടെ ഭാഗമായി അത് മനസ്സിലാക്കപ്പെടുന്നു.
ജനത്തിന്റെ വിശ്വാസം തെറ്റിക്കുന്നതില്‍ പൗരോഹിത്യം പണ്ടും മുന്നിലാണ്. ഇന്നും അങ്ങിനെ തന്നെ. ഇസ്‌ലാം മതം മനുഷ്യരുടെ പരലോകം പോലെ അവരുടെ ഇഹലോകവും പ്രാധാന്യമായി കാണുന്നു. അത് കൊണ്ടാണ് പരലോകത്ത് ഗുണം കിട്ടുന്ന പ്രവര്‍ത്തനങ്ങളില്‍ ആരാധനക്കപ്പുറം സേവന പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറഞ്ഞതും. സ്വ ര്‍ഗത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അത് കൊണ്ടാണ് അടിമ മോചനവും പട്ടിണി മാറ്റലും അഗതികളെ സഹായിക്കലും ഊന്നി പറഞ്ഞത്. അത് ചെയ്തു കൊണ്ടാണ് മുന്‍ഗാമികള്‍ സ്വര്‍ഗം വാങ്ങിയത്. അതെ സമയം ഇന്നത്തെ ഉപദേശങ്ങളില്‍ അധികവും ഇത്തരം കഥകളുടെ കൂടാരമാണ്. ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്ത കാര്യങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ കെട്ടി എഴുന്നള്ളിപ്പിക്കുമ്പോള്‍ കേള്‍വിക്കാര്‍ ഒന്ന് അമര്‍ത്തി മൂളിയാല്‍ പലരും തിരുത്തും.
പാണക്കാട് തങ്ങളെ കുറിച്ച് പറഞ്ഞ ഐതിഹ്യം തിരുത്താന്‍ തലമുറ മുന്നോട്ടു വന്നത് ശ്ലാഘനീയമാണ്. അത് കൊണ്ട് തന്നെ ഒരു തട്ടിപ്പ് പുറത്തായി. ഇത്തരം ഇല്ലാ കഥകള്‍ അപ്പപ്പോള്‍ നിഷേധിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടു വന്നാല്‍ തീരുന്നതാണ്. അല്ലാഹുവിന്റെ ഔലിയാക്കള്‍ അമര്‍ ചിത്ര കഥയിലെ കഥാപാത്രങ്ങളല്ല. അവര്‍ ദീനിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. ശരീഅത്തിന്റെ നിയമങ്ങള്‍ ബാധകമല്ലാത്തവരെ വിളിക്കാന്‍ കഴിയുന്ന പേരുമല്ല വലിയ്യ്. ഇസ്‌ലാമിനെ പ്രമാണങ്ങളില്‍ നിന്നും പഠിക്കാത്ത കാലത്തോളം ഇത്തരം തട്ടിപ്പുകള്‍ നിലനില്‍ക്കും എന്നെ പറയാന്‍ കഴിയൂ.