ഗസ്സ ഡോക്യുമെന്ററിക്ക് ഗോയ അവാര്‍ഡ്
ഗസ്സ മുനമ്പിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ പ്രമേയമാക്കി അനേകം ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പലതും ആഗോള ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഫലസ്തീനിലെ മനുഷ്യ ജീവിതങ്ങള്‍ അനുഭവിക്കുന്ന തീരാദുരിതങ്ങളെ ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടാന്‍ ഇത്തരം ചിത്രങ്ങളില്‍ പലതും ഹേതുവായിട്ടുണ്ട്. ലോക ശ്രദ്ധയാകര്‍ഷിച്ച അത്തരമൊരു ചിത്രത്തിന് സ്‌പെയിന്‍ ഗോയ അവാര്‍ഡ് ലഭിച്ച ഒരു വാര്‍ത്തയാണ് അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഗ്യാരി കീന്‍, ആന്‍ഡ്രൂ മക്കോണല്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘ഗസ്സ’ എന്ന ഡോക്യുമെന്ററിക്കാണ് 33-ാമത് സ്‌പെയിന്‍ ഗോയ അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ 12 വര്‍ഷമായി ഗസ്സ മുനമ്പില്‍ തുടരുന്ന തുല്യതയില്ലാത്ത ക്രൂരതയുടെയും അവിടുത്തെ മനുഷ്യര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തിലുള്ളതാണ് ഡോക്യുമെന്ററി. 2010-ല്‍ താന്‍ ഗസ്സ സന്ദര്‍ശിച്ചപ്പോള്‍ കണ്ട അനേകം കാഴ്ചകളാണ് ഇത്തരമൊരു ഡോക്യുമെന്ററി നിര്‍മിക്കാന്‍ പ്രേരണയായതെന്നും ലോകം ഫലസ്തീനികളെക്കുറിച്ചും അവരുടെ ജീവിതങ്ങളെക്കുറിച്ചും കൂടുതല്‍ അറിയണമെന്നും അന്ന് തോന്നിയെന്നും സവിധായകരിലൊരാളായ മക്കോണല്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ഗ്യാരി കീനുമായി വിഷയം ചര്‍ച്ച ചെയ്യുകയും യോജിച്ച് സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. പ്രമുഖനായ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റാണ് മക്കോണല്‍. അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന ഒരു കൗമാരക്കാരന്റെയും അവന്റെ കുടുംബത്തിന്റെയും ജീവിതാവസ്ഥയെ മുന്നില്‍ വെച്ചാണ് ചിത്രം കഥ പറയുന്നത്.