24 Friday
October 2025
2025 October 24
1447 Joumada I 2

ഇറാന് ശുഭപ്രതീക്ഷകള്‍

ഇറാന് ശുഭകരമായ ചില വാര്‍ത്തകളാണ് ഈയടുത്തായി പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം ഇറാനുമായി അമേരിക്കക്കുണ്ടായിരുന്ന ആണവ കരാര്‍ ഏകപക്ഷീയമായി അവസാനിപ്പിക്കുകയും ഇറാനെ ശിഥിലീകരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി ഇറാനെതിരില്‍ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. നയതന്ത്രപരമായ നീക്കങ്ങള്‍ കൊണ്ട് ഇറാന്‍ ഈ ഉപരോധങ്ങളെയും അവ സൃഷ്ടിക്കുന്ന സാമ്പത്തികാഘാതങ്ങളെയും മറികടക്കാന്‍ ശ്രമിക്കുന്ന വാര്‍ത്തകളെ ആഗോള രാഷ്ട്രീയ നിരീക്ഷകര്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച് വരികയാണ്. അതിന്റെ ഭാഗമായി ഇറാന്‍ നടത്തിയ വലിയൊരു നീക്കം വിജയം കാണുന്നതായാണ് മനസിലാക്കാന്‍ സാധിക്കുനത്. യൂറോപ്യന്‍ യൂണിയനെ കൂടെക്കൂട്ടി അവരുമായുള്ള വാണിജ്യ ബന്ധങ്ങളെ ശാക്തീകരിച്ചാണ് ഇറാന്‍ ഇപ്പോള്‍ ഉപരോധം മറികടക്കാനുള്ള പ്രതിവിധികള്‍ തേടിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ഡോളര്‍ ഇതര വ്യാപാരം നടത്താനൊരുങ്ങുകയാണ് ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍. ട്രംപ് ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിമാറിയപ്പോള്‍ തന്നെ ഇറാന്‍ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇറാനെ ഒട്ടപ്പെടുത്തുന്ന നീക്കങ്ങള്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കില്ലെന്ന യൂറോപ്യന്‍ യൂണിയന്റെ പരസ്യ നിലപാട് ഇറാന് വലിയ തോതിലുള്ള ആത്മ വിശ്വാസം പകര്‍ന്ന് നല്‍കിയിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
Back to Top