ഖത്തറും ചൈനയും തമ്മില്‍ അടുക്കുന്നു
മിഡില്‍ ഈസ്റ്റിലെ ഒരു പ്രധാന വാര്‍ത്ത ഖത്തറില്‍ നിന്നാണ്. ഖത്തറും ചൈനയും തമ്മില്‍ രൂപപ്പെടുന്ന ഒരു ദ്യഢ സൗഹ്യദത്തിന്റെ വാര്‍ത്തയാണത്. ചൈന ഖത്തര്‍ ബന്ധം മെച്ചപ്പെടുത്താനും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളെ കൂടുതല്‍ ദൃഢമാക്കാനുമുള്ള ഉദ്ദേശത്തോടെ ഇരു രാജ്യങ്ങളുടെയും തലവമാര്‍ ഒരു കൂടിക്കാഴ്ച നടത്തിയതാണ് പുതിയ വാര്‍ത്ത. കഴിഞ്ഞയാഴ്ച ചൈനയിലെത്തിയ ഖത്തര്‍ അമീറിനെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് സ്വീകരിച്ചു. മിഡില്‍ ഈസ്റ്റിലെ സാമ്പത്തിക ശക്തികളിലൊന്നായ ഖത്തറും ആഗോള സാമ്പത്തിക ശക്തിയായ ചൈനയും തമ്മില്‍ അടുക്കുന്നതില്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒട്ടനവധി സവിശേഷതകളുണ്ട്. ഖത്തറിനെതിരേ മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി തുടരുന്ന ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോഴത്തെ കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്. ഖത്തറിനെതിരെയുള്ള ഉപരോധ വിഷയത്തില്‍ ചൈന ഇതുവരെ ഇടപെട്ടിരുന്നില്ല. കഴിഞ്ഞ ജി സി സി ഉച്ചകോടിയോടെ ഖത്തര്‍ വിഷയത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നും ഉപരോധം പിന്വലിക്കപ്പെടുമെന്നുമായിരു ന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ജി സി സി ഉച്ചകോടിയില്‍ ഖത്തര്‍ ഒരു അജണ്ടയാകാന്‍ പോലും അനുവദിച്ചില്ല. തുടര്‍ന്ന് ഖത്തര്‍ മറ്റ് വഴികള്‍ തേടാന്‍ ആരംഭിച്ചിരിക്കുകയാണ്. തങ്ങളുടെ ബാഹ്യ ബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കാനും ആഭ്യന്തര നിര്‍മാണങ്ങള്‍ വിപുലീകരിക്കാനുമാണ് ഇപ്പോള്‍ ഖത്തര്‍ ശ്രമിക്കുന്നത്.