ഇനി പോളണ്ടിനെക്കുറിച്ച് സംസാരിക്കാം
മുസ്‌ലിം അഭായര്‍ത്ഥികളെ സ്വീകരിക്കുന്ന വിഷയത്തില്‍ പോളണ്ട് കാണിച്ച വിമുഖതയായിരുന്നു കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്ത. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കിയ അഭയാര്‍ഥി ക്വാട്ടയില്‍ മുസ്‌ലിം അഭയാര്‍ത്ഥികളെ ഉള്‍പ്പെടുത്താനും പോളണ്ട് തയാറായിരുന്നില്ല. പോളിഷ് പ്രധാനമന്ത്രി മാറ്റെസ് മൊറവൈക്കിയെ ഉദ്ദരിച്ച് കൊണ്ടായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന്, പോളണ്ടിനെതിരില്‍ വിമര്‍ശനങ്ങളും കനത്തിരുന്നു. എന്നാല്‍ തങ്ങളുടെ പ്രകടന പത്രികയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നെന്നും അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ തങ്ങള്‍ പുലര്‍ത്തുന്നത് രാഷ്ട്രീയമായ ഒരു തീരുമാനമാണെന്നും പോളിഷ് പ്രധാനമന്ത്രി ന്യായീകരിച്ചു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാനും മുസ്‌ലിം അഭയാര്‍ത്ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കാനും പോളണ്ട് തയാറായിരിക്കുന്നതാണ് പുതിയ വാര്‍ത്ത. മലേഷ്യയിലെ പോളിഷ് അംബാസഡര്‍ ക്രിസിസ്‌റ്റോഫ് ഡെബിനിക്കിയെ ഉദ്ദരിച്ചാണ് പുതിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലേഷ്യന്‍ ന്യൂസ് ഏജന്‍സിയായ ബെര്‍ണാമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും സ്വീകരിക്കുന്ന തങ്ങളുടെ പഴയ നിലപാടുകള്‍ തന്നെയാണ് ഇപ്പോഴും തുടര്‍ന്ന് വരുന്നതെന്നും മതത്തിന്റെയോ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെയോ പേരില്‍ അഭയാര്‍ഥികള്‍ക്കിടയില്‍ തങ്ങള്‍ യാതൊരു തരത്തിലുമുള്ള വിവേചനങ്ങളും പുലര്‍ത്തുന്നില്ലെന്നും അംബാസഡര്‍ വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തെ അഭയാര്‍ഥികള്‍ക്കിടയില്‍ നിരവധി മുസ്‌ലിം വിഭാഗക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.. പോളണ്ട് അഭയാര്‍ഥികള്‍ക്കെതിരാണ് എന്ന നിലക്കുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും തങ്ങള്‍ അഭയാര്‍ഥികളോട് വിവേചനപരമായി പെരുമാറുന്നുവെന്ന നിലയിലുള്ള പ്രചാരണങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം വിശദീകരിച്ചു.