21 Thursday
November 2024
2024 November 21
1446 Joumada I 19

സിഹ്‌റിന്റെ തോല്‍വിയും  സാഹിരീങ്ങളുടെ പരലോക വിജയവും – എ ജമീല ടീച്ചര്‍

സിഹ്‌റിന്റെ ഒരു അവാന്തര വിഭാഗത്തില്‍ പെട്ടതാണ് ജാലവിദ്യ, കണ്‍കെട്ട് എന്നിവ. അഥവാ ഇല്ലാത്ത ഒന്നിനെ ചില കൈക്രിയകളിലൂടെയും മായാജാലത്തിലൂടെയും ഉണ്ടെന്ന് തോന്നിക്കുക. അറബി ഭാഷയില്‍ പരിശുദ്ധ ഖുര്‍ആനിന്റെ പ്രയോഗത്തില്‍ സാഹിര്‍ എന്ന പദത്തിലാണ് ഇത്തരക്കാരും അറിയപ്പെടുന്നത്. മൂസാ പ്രവാചകന്റെയും ഫറോവ രാജാവിന്റെയും കാലം. ഒരു സ്ഥലത്ത് നിശ്ചിത ദിവസം മാന്ത്രിക വിദഗ്ധരെല്ലാം ഒത്തൊരുമിച്ച് കൂടിയിരിക്കയാണ്. ഇസ്‌റായീല്‍ വംശജരായ മൂസയെയും സഹോദരന്‍ ഹാറൂനെയും തങ്ങളുടെ മാന്ത്രിക വിദ്യകൊണ്ട് പരാജയപ്പെടുത്തുക. അവര്‍ കൊണ്ടുവന്ന അത്ഭുത ക്രിയകളില്‍ യാതൊരു ദൈവ നിമിത്തവുമില്ലെന്നും കേവലം തങ്ങളുടെ കൈയിലുള്ളതുപോലുള്ള ചെപ്പടി വിദ്യകള്‍ മാത്രമാണതെന്നും തെളിയിക്കുക. അതുവഴി രാജാവിന്റെ പക്കല്‍ നിന്നുള്ള പാരിതോഷികങ്ങളും ആശിര്‍വാദങ്ങളും കൈപ്പറ്റുക എന്നതൊക്കെയാണവരുടെ ഉദ്ദേശ്യം. ധനത്തിനോടുള്ള ആര്‍ത്തിയും സ്വന്തം കഴിവുകളിലുള്ള അമിത വിശ്വാസവും മാത്രമാണവരെ അതിന് പ്രേരിപ്പിക്കുന്നത്. അല്ലാതെ ഏതെങ്കിലും തരത്തിലുള്ള ആദര്‍ശാവേശം അവരുടെ താല്‍പര്യത്തില്‍ പെട്ടതായി പറയുന്നില്ല. മത്സരം തുടങ്ങുന്നതിന് മുമ്പേ ഫറോവയുടെ മുമ്പില്‍ അവര്‍ നിരത്തിവെക്കുന്ന ആവശ്യങ്ങള്‍തന്നെ അതിനുദാഹരണമായിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ സൂറത്ത് അശ്ശുഅറാഅ് 41 മുതല്‍ 44 വരെയുള്ള വചനങ്ങളില്‍ അതിപ്രകാരം വായിക്കാം. ”ആഭിചാരകന്മാര്‍ വന്നുചേര്‍ന്നപ്പോള്‍ ഫറോവാനോട് ചോദിച്ചു. ജയിച്ചാല്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് പാരിതോഷികങ്ങളുണ്ടായിരിക്കുമല്ലോ? ഫറോവാന്‍ പ്രഖ്യാപിച്ചു. അതെ അപ്പോള്‍ നിങ്ങള്‍ നമ്മുടെ ഉറ്റവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നവരുമായിരിക്കും. മൂസാ ആഭിചാരകന്മാരോട് പറഞ്ഞു. നിങ്ങള്‍ക്ക് അവതരിപ്പിക്കാനുള്ളത് അവതരിപ്പിച്ചുകൊള്ളുക.”
ഫറോവാന്റെ മതവും അധികാര സ്ഥാനങ്ങളുമെല്ലാം അന്ന് വല്ലാത്തൊരു പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയായിരുന്നു. അതില്‍ നിന്ന് താല്‍ക്കാലികമായ ഒരു രക്ഷക്കുവേണ്ടിയാണ് തങ്ങളെ ക്ഷണിച്ചുവരുത്തിയത് എന്ന് മാന്ത്രികന്മാര്‍ക്ക് ബോധ്യമായിരുന്നു. ആ ഉത്തരവാദിത്ത്വം നിറവേറ്റപ്പെടാതെ പോയാല്‍ പിന്നെ വിജയം സ്വാഭാവികമായും മൂസക്കും സഹോദരനുമായിരിക്കും. അവരാകട്ടെ നാട്ടില്‍ അടിമകളും അവമതിക്കപ്പെട്ടവരുമാണുതാനും.  ഈ സന്നിഗ്ധ ഘട്ടത്തില്‍ രാജാവിന്റെ രക്ഷകരാകുന്ന തങ്ങള്‍ വമ്പിച്ച പാരിതോഷികങ്ങള്‍ക്കും പ്രശംസക്കും അര്‍ഹരല്ലാതിരിക്കുന്നതെങ്ങനെ? ആത്മഹര്‍ഷത്തില്‍ ഊറ്റം കൊണ്ട മാന്ത്രികര്‍ മത്സരത്തിലെ ആദ്യ ഊഴക്കാര്‍ തങ്ങളായിരിക്കണമെന്ന് നേരത്തെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സൂറത്ത് അഅ്‌റാഫ് 115-116 ല്‍ അതിപ്രകാരം കാണാം.
”മാന്ത്രികന്മാര്‍ ചോദിച്ചു. അല്ലയോ മൂസാ നീ തുടങ്ങുന്നുവോ? അതോ തുടങ്ങുന്നത്, ഞങ്ങളാവട്ടെയോ? മൂസാ പറഞ്ഞു നിങ്ങള്‍ തുടങ്ങിക്കൊള്ളുവിന്‍. അവര്‍ മാന്ത്രിക വിദ്യകള്‍ തുടങ്ങിയപ്പോള്‍ ജനത്തിന്റെ കണ്ണുകളെ വശീകരിക്കുകയും അവരെ ഭീതിതരാക്കുകയും ചെയ്തു. ഗംഭീരമായ ജാലവിദ്യയാണവര്‍ കാണിച്ചത്.” മത്സരം തുടങ്ങുന്നതിന് മുമ്പേ മാന്ത്രികര്‍ തങ്ങളുടെ സമ്മാന പ്രതീക്ഷ വെളിപ്പെടുത്തിയതും ഫറോവാന്റെ അനുകൂലമായ പ്രതികരണവുമെല്ലാം കേട്ടുകഴിഞ്ഞല്ലോ. ആ മധുരത്തിനുള്ളിലും അല്ലാഹു ചില കയ്പുകള്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടായിരുന്നു. നൂറ്റാണ്ടുകളായി തങ്ങള്‍ മഹത്തരമെന്ന് കരുതി ഊറ്റം കൊണ്ടിരുന്ന ബഹുദൈവ സങ്കല്പങ്ങളും ആള്‍ദൈവ സിദ്ധാന്തങ്ങളും അതനുസരിച്ച് നടത്തിവരുന്ന ഏകാധിപത്യ ദുര്‍ഭരണവും അവിടെ പൊളിഞ്ഞ് വീഴാന്‍ കാത്തിരിക്കുകയാണല്ലോ. അതിനെ താങ്ങി നിര്‍ത്തേണ്ട ഉത്തരവാദിത്വമാണിപ്പോള്‍ മാന്ത്രികര്‍ക്ക് മുമ്പിലുള്ളത്. മത്സര കളരിയിലെ വിജയ പ്രതീക്ഷയാണ് ആദ്യാവസരം ലഭിക്കുക എന്നുള്ളത്. അതിലവര്‍ തല്‍ക്കാലം വിജയിക്കുകയും ചെയ്തു. മൂസാപ്രവാചകനാകട്ടെ അക്കാര്യത്തില്‍ യാതൊരുവിധ ആശങ്കക്കും അവസരമുണ്ടാകേണ്ടതുമില്ല. മഹത്തായ ഒരു ആദര്‍ശത്തിന്റെ അഥവാ ഏകദൈവ വിശ്വാസത്തിന്റെ പ്രവാചകന്മാരും പ്രബോധകന്മാരുമാണവര്‍. പ്രസ്തുത ദൗത്യനിര്‍വഹണത്തിനായി അല്ലാഹു നല്‍കിയ മുഅ്ജിസത്ത് മാത്രമാണ് തങ്ങളുടെ കൈയിലുള്ള അത്ഭുത സിദ്ധികള്‍. ഒന്നും സ്വന്തം വക കഴിവുകളല്ല. എല്ലാം നാഥനായ അല്ലാഹുവിന്റെ നിമിത്തം മാത്രം. ഇതായിരുന്നു മൂസാ പ്രവാചകന്റെയും ഹാറൂന്‍ നബിയുടെയും ജീവിതത്തിലെ ആദര്‍ശവഴി. അതുകൊണ്ടുതന്നെ മത്സരത്തിലെ ഊഴം ആദ്യത്തേതോ അവസാനത്തേതോ എന്നതൊന്നും അവര്‍ക്ക് പ്രശ്‌നമായിരുന്നില്ല. അതുകൊണ്ടുതന്നെ ഫറോവയുടെ മുന്നില്‍ ഒരു തരത്തിലുള്ള നിബന്ധനകളും അവര്‍ക്ക് നിരത്തേണ്ടതുണ്ടായിരുന്നില്ല. പ്രവാചകന്മാരും സ്വാര്‍ഥമതികളും തമ്മിലുള്ള വ്യത്യാസമാണത്. ഇവിടെ മൂസ(അ)യും സഹോദരനും അവരുടെ ജീവന്‍ പണയം വെച്ചുകൊണ്ടാണ് മത്സരത്തിനൊരുങ്ങുന്നത്. തങ്ങളൊരിക്കലും ആഭിചാരകര്‍ക്കു മുന്നില്‍ തോല്‍ക്കുകയില്ലെന്ന് അവര്‍ക്കുറപ്പുണ്ട്. തങ്ങളുടെ ജയം മൂലം ഫറോവാന്റെ മനസ്സില്‍ മാറ്റമുണ്ടാകുമെന്നോ തങ്ങളെ വിശ്വസിച്ച് ആവശ്യങ്ങളംഗീകരിക്കുമെന്നോ ഉള്ള യാതൊരു പ്രതീക്ഷയും അവര്‍ക്കുണ്ടായിരുന്നില്ല. എന്ന് മാത്രമല്ല, അന്തിമ ഫലം ഊഹിക്കാവുന്നതിലപ്പുറവുമായിരിക്കും. ഫറോവാന്റെ പിന്‍ബലവും പാരിതോഷികവുമൊന്നും അവര്‍ ആഗ്രഹിച്ചിരുന്നില്ല. മത്സരത്തിന് മുമ്പ് ഫറോവയില്‍ നിന്ന് അത്തരം ഒരു വാഗ്ദത്തവും ആവശ്യപ്പെടുന്നില്ല. മറിച്ച് ലോകരക്ഷിതാവായ അല്ലാഹുവിന്റെ ആജ്ഞ അനുസരിക്കുകയാണവര്‍. ഭൗതിക ലോകത്തിലെ ഫലം എന്താകുമെന്ന് അളന്ന് മുറിക്കാതെ, അല്ലാഹുവിന്റെ കല്പന നിറവേറ്റുന്നതോടെ തന്നെ അവര്‍ വിജയിച്ചുകഴിഞ്ഞു. ആര് നിഷേധിച്ചാലും അല്ലാഹുവിന്റെ പക്കല്‍ അവരുടെ പ്രതിഫലം സ്ഥിരപ്പെടുത്തുക തന്നെ ചെയ്യും. മത്സരം തുടരുകയാണ്. ”തന്റെ വടി നിലത്തിടാന്‍ താന്‍ മൂസക്ക് നിര്‍ദേശം നല്‍കി. മൂസ വടി നിലത്തിടേണ്ട താമസം അതാ അവരുണ്ടാക്കിയ കൃത്രിമങ്ങളൊക്കെയും വിഴുങ്ങിക്കളയുന്നു. അങ്ങനെ സത്യം തെളിഞ്ഞു. അവര്‍ ചെയ്തതൊക്കെയും പൊളിയുകയും ചെയ്തു. ഫറോവയും കൂട്ടരും അവിടെ തോല്‍പിക്കപ്പെട്ടു. അവര്‍ അപമാനിതരായി പരിണമിച്ചു.” (വി.ഖു 7: 117-1119)
സത്യത്തിന്റെ വിജയം. അസത്യത്തിന്റെ പരാജയം. അതാണിവിടെ സംഭവിച്ചത്. ദൈവിക നിര്‍ദേശപ്രകാരം മൂസ (അ) തന്റെ കൈയിലുള്ള വടി നിലത്തിട്ടപ്പോള്‍ അതിനുണ്ടായ അത്ഭുതകരമായ മാറ്റം. അതായിരുന്നു ഇവിടുത്തെ യാഥാര്‍ഥ്യം. ആഭിചാരകന്മാര്‍ നാട്ടില്‍ ആഭിചാര ക്രിയയിലെ ഏറ്റവും വിദഗ്ധരായിരുന്നുവല്ലോ. അത്തരക്കാരെ തിരഞ്ഞുപിടിച്ചുകൊണ്ടാണ് ഫറോവ ക്ഷണിച്ചുവരുത്തിയതും. എന്നിട്ടും മൂസ(അ)ന്റെ വടിയുണ്ടാക്കിയ പ്രതിസന്ധിയെ മറികടക്കാന്‍ അവര്‍ക്കായില്ല. ആദ്യപ്രകടനത്തില്‍ ആളുകളുടെ കണ്ണില്‍ പൊടിയിട്ട് എന്തൊക്കെയോ പകിട്ട് കാണിക്കാനായി എന്നതു നേര് തന്നെ. എങ്കിലും ആഭിചാരത്തിന് അന്തിമ വിജയമുണ്ടാകില്ലെന്ന് പറഞ്ഞ് അല്പം പരിഭ്രാന്തനായ മൂസ(അ)യെ അല്ലാഹു ഇങ്ങനെ സമാശ്വസിപ്പിച്ചു. ”നാം അരുള്‍ ചെയ്തു. പേടിക്കേണ്ട നീ തന്നെയാണതിജീവിക്കുക. നിന്റെ കൈവശമുള്ളത് അവതരിപ്പിക്കുക. അവര്‍ നിര്‍മിച്ചിട്ടുള്ളതൊക്കെയും അത് വിഴുങ്ങിക്കൊള്ളും. അവര്‍ നിര്‍മിച്ചിട്ടുള്ളതോ ആഭിചാര തന്ത്രം മാത്രമാകുന്നു. ആഭിചാരകന്‍ ഒരിക്കലും വിജയിക്കുകയില്ല. എത്ര  ഗമയില്‍ വന്നാലും. (ത്വാഹ 88:69)
രാജ്യത്തിന്റെയും രാജാവിന്റെയും പിന്തുണയോടെ തികഞ്ഞ ഗമയില്‍ മത്സരപ്പരീക്ഷണത്തിന് വന്നവരായിരുന്നുവല്ലോ അവര്‍. രാജപ്രീതി കരസ്ഥമാക്കുമെന്ന് വീരവാദം മുഴക്കുകയും ചെയ്തു. അവസാനം എന്തുണ്ടായി. ദൈവഹിതത്തിനു മുമ്പില്‍ അവരുടെ എല്ലാ തന്ത്രങ്ങളും പരാജയപ്പെട്ടു. എത്ര ജാടകള്‍ കാണിച്ചാലും സത്യത്തിനു മുന്നില്‍ ഒരു നിലക്കുള്ള ആഭിചാരക്രിയകളും വിജയിക്കാന്‍ പോകുന്നില്ല. പ്രേക്ഷകന്റെ കണ്ണു വെട്ടിക്കുകയും മനസ്സിനെ വിഭ്രമിപ്പിക്കുകയും മാത്രമാണത് ചെയ്യുന്നത്. വസ്തു നിഷ്ഠ യാഥാര്‍ഥ്യത്തില്‍ അതൊട്ടും തന്നെ പ്രതിഫലനമുണ്ടാക്കുന്നില്ല. അതുകൊണ്ടാണല്ലോ മജീഷ്യന്മാരില്‍ നല്ലൊരു വിഭാഗം തങ്ങളുടെ കൈയിലുള്ളത് വെറും കണ്‍കെട്ടും കയ്യടക്കവുമാണെന്നുള്ളത് തുറന്ന് പറയുന്നത്. യാതൊരു വിധ അമാനുഷികതയും അതിലവര്‍ അവകാശപ്പെടുന്നുമില്ല. പക്ഷേ, ചില ആള്‍ദൈവ സിദ്ധ മാരണക്കാര്‍ തങ്ങളുടെ തന്ത്രങ്ങള്‍ക്ക് അമാനുഷികത കല്പിച്ചു തട്ടിപ്പും വെട്ടിപ്പും നടത്തുന്നു. ചില മന്ത്രങ്ങളും ധ്യാനങ്ങളും അവരതിന് മേമ്പൊടിയാക്കുകയും ചെയ്യും. അതുകൊണ്ടാണല്ലോ പറഞ്ഞാലും പറഞ്ഞാലും തീര്‍ത്താലും തീരാത്ത വിധം സിഹ്‌റ് വിഷയം ഏകദൈവ വിശ്വാസികളായ മുസ്‌ലിംകള്‍ക്കിടയില്‍ വരെ ഒരു മരീചികയായി നിലകൊള്ളുന്നത്. തഅ്‌സീറിന്റെയും ഹഖീഖത്തിന്റെയും ഇടയില്‍ ആര്‍ക്കും പിടികൊടുക്കാതെ വിലസുകയാണ്. പക്ഷെ മൂസാ പ്രവാചകന്റെ എതിരാളികള്‍ക്ക് ഇക്കാര്യത്തില്‍ ഒട്ടും സംശയിക്കേണ്ടി വന്നില്ല. തങ്ങളുടെ പരാജയത്തെയും മൂസ(അ) ന്റെ വിജയത്തെയും അവര്‍ ദൈവികമായി തന്നെ തിരിച്ചറിഞ്ഞു. ഉടനെ തന്നെ ആ ഏകനായ അല്ലാഹുവില്‍ വിശ്വസിക്കാന്‍ സന്മനസ്സ് കാണിക്കുകയാണവര്‍. ”മൂസയുടെ പ്രകടനം കണ്ട് മാന്ത്രികന്മാര്‍ പ്രണാമത്തില്‍ വീണുപോയി. അവര്‍ പ്രസ്താവിച്ചു. ഞങ്ങളിതാ ഹാറൂന്റെയും മൂസയുടെയും രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു”(ത്വാഹ 70). പുരാതന കാലത്ത് ഒരാളുടെ മികവും മഹത്വവും അംഗീകരിക്കുന്നതിന്റെ ചിഹ്നമായിരുന്നു അന്ന് പ്രണാമം. സുജൂദിനോടൊപ്പം മൂസയുടെയും ഹാറൂന്റെയും വിധാതാവില്‍ വിശ്വസിച്ചിരിക്കുന്നു എന്ന് തുറന്ന് പറയുകയും ചെയ്തു. ഇതോടെ വറുചട്ടിയില്‍ വീണത് പോലെയായി ഫറോവ. മന്ത്രവാദികളുടെ പരാജയം തന്നെ നാണക്കേട്. പോരെങ്കില്‍ അവര്‍ മൂസാ പ്രവാചകന്‍ കൊണ്ടുവന്ന മതത്തില്‍ വിശ്വസിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ ഫറോവയെ സംബന്ധിച്ച് എല്ലാ നിലക്കും പൊരുത്തപ്പെടാനാവാത്തതുതന്നെ. എന്നുവെച്ച് മാന്ത്രികരെ വെറുതെയങ്ങ് വിടാനൊന്നും അയാള്‍ക്ക് സമ്മതമായിരുന്നില്ല. തന്ത്രജ്ഞനായ ഒരു ഭരണവിദഗ്ധന്‍ കൂടെയാണല്ലോ ഫറോവ. പകരം വീട്ടുവാന്‍ തന്നെയാണ് അയാളുടെ തീരുമാനം. ”ഫറോവാന്‍ ക്രുദ്ധനായി. ഞാന്‍ അനുമതി നല്‍കും മുമ്പ് നിങ്ങളവനെ വിശ്വസിച്ചുവെന്നോ? എങ്കില്‍ നിങ്ങളെ ആഭിചാരം പഠിപ്പിച്ച ഗുരു തന്നെയാണവന്‍. നിങ്ങളുടെ കൈകാലുകള്‍ ഒന്നിനൊന്ന് വിപരീതമായി ഞാന്‍ ഛേദിച്ചുകളയുന്നുണ്ട്. ഈത്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യും. ഞങ്ങളില്‍ ആരുടെ ദണ്ഡനമാണ് ഏറെ കഠിനമെന്നും ആരാണ് നിലനില്‍ക്കുന്നതെന്നും അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കൊള്ളും.” (ത്വാഹ 71)
മൂസയുടെ അല്ലാഹുവില്‍  വിശ്വസിക്കുക എന്ന് പറഞ്ഞാല്‍ അതിനര്‍ഥം ഫറോവയുടെ റുബൂബിയ്യത്തിനെ നിഷേധിക്കലാണ്. അയാളുടെ അധികാരത്തിനെതിരെയുയര്‍ന്ന കനത്ത വെല്ലുവിളിയുമാണത്. അതുകൊണ്ട് അക്കാലത്ത് രാജ്യദ്രോഹികള്‍ക്ക് നല്‍കിയിരുന്ന ശിക്ഷ തന്നെയാണ് ആ ദൈവ വിശ്വാസികള്‍ക്കെതിരെ ഫറോവ വിധിച്ചത്.
പക്ഷേ, ഫറോവയുടെ ഭീഷണികളൊന്നും അവരുടെ ഏകദൈവ വിശ്വാസത്തിന് ഒട്ടും പോറലേല്പിച്ചില്ല. അങ്ങനെ അല്പം മുമ്പ് രാജപാരിതോഷികം കൊതിച്ച് മത്സരത്തിന് വന്ന അവര്‍ രാജാവിന്റെ പീഡനം ഏറ്റുവാങ്ങി വീരമരണം പ്രാപിക്കാന്‍ തന്നെയാണ് തീരുമാനിച്ചത്. ഭൗതിക ലോകത്തെ നശ്വരമായ സുഖാഡംബരങ്ങളേക്കാള്‍ ശാശ്വതമായ സ്വര്‍ഗ ലോകം തേടി മടങ്ങുകയാണവര്‍. ഫറോവയോടുള്ള അവരുടെ മറുപടി കേള്‍ക്കുക.
”മാന്ത്രികന്മാര്‍ പ്രസ്താവിച്ചു. കണ്‍മുമ്പില്‍ കണ്ട തെളിഞ്ഞ  ദൃഷ്ടാന്തങ്ങളേക്കാളും ഞങ്ങളെ സൃഷ്ടിച്ചവനേക്കാളും നിനക്ക് മുന്‍ഗണന നല്‍കാന്‍ ഞങ്ങള്‍ക്ക് ഒരിക്കലുമാവില്ല. നിനക്ക് വിധിക്കാനുള്ളത് വിധിച്ചുകൊള്ളുക. ഈ ഭൗതിക ജീവിതത്തില്‍ മാത്രമേ നിന്റെ വിധി നടക്കൂ. ഞങ്ങള്‍ വിധാതാവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ ചെയ്തുപോയ പാപങ്ങളും നീ ഞങ്ങളെക്കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിച്ച ആഭിചാരവും പൊറുത്തു തരാന്‍ അല്ലാഹു തന്നെയാകുന്നു സര്‍വോത്കൃഷ്ടനും എന്നെന്നും നിലനില്‍ക്കുന്നവനും.”
ഫറോവാന്റെ ഭീഷണി അവഗണിച്ചുകൊണ്ട് സത്യവിശ്വാസം സ്വീകരിക്കാന്‍ അവര്‍ പ്രേരിതരായത് അവര്‍ സുജൂദില്‍ കിടന്നപ്പോള്‍ സ്വര്‍ഗത്തിലുള്ള തങ്ങളുടെ ഭവനങ്ങള്‍ കാണാന്‍ കഴിഞ്ഞതുകൊണ്ടാണ് എന്ന് ഇക്‌രിമ(റ) മറ്റും പ്രസ്താവിച്ചിരുന്നതായി കാണാം.
മൂസ(അ)ക്ക് ഉറക്കത്തില്‍ അദ്ദേഹത്തിന്റെ വടി കാവല്‍ നില്‍ക്കുന്നതായി കാണാനായി. അതോടെ അദ്ദേഹം മാന്ത്രികനല്ലെന്ന് ആഭിചാരകന്മാര്‍ക്ക് ബോധ്യം വന്നു എന്നിങ്ങനെയും അഭിപ്രായം കാണാം. മത്സരം ആരംഭിച്ചപ്പോള്‍ നേരത്തെ മനസ്സിലാക്കിയത് അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു എന്നും വ്യാഖ്യാനമുണ്ട്.
Back to Top