23 Monday
December 2024
2024 December 23
1446 Joumada II 21

പ്രപഞ്ചത്തോടൊപ്പം വളരുന്ന പേനയും മനുഷ്യനും ടി പി എം റാഫി

വിശുദ്ധ ഖുര്‍ആനില്‍ ആദ്യം അവതരിച്ച അഞ്ച് ആയത്തുകളില്‍ അന്തര്‍ലീനമായ ആശയപ്രപഞ്ചം അറിവിന്റെ അന്യാദൃശമായ അനുഭവമാണ്. ”വായിക്കുക: സൃഷ്ടിച്ച നിന്റെ റബ്ബിന്റെ നാമത്തില്‍. മനുഷ്യനെ അവന്‍ ‘അലഖി’ല്‍ നിന്നു സൃഷ്ടിച്ചു. നീ വായിക്കുക: നിന്റെ റബ്ബ് അത്യുദാരനാകുന്നു. പേനകൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അജ്ഞാതമായത് അവന്‍ പഠിപ്പിക്കുന്നു.” (അലഖ് 1-5)
ഈ സൂക്തങ്ങള്‍ തുടങ്ങുന്നത് വായന കൊണ്ടാണെന്നതു മാത്രമല്ല, വായനയും പഠനവും  ഇതില്‍ ആവര്‍ത്തിക്കുന്നതും കാണാം. അതുപോലെ, കേന്ദ്ര കഥപാത്രമായ മനുഷ്യന്‍ എന്ന പദം രണ്ടു തവണ കടന്നുവരുന്നുണ്ട്. ദൈവത്തിന്റെ അറബിയിലുള്ള സാങ്കേതികസംജ്ഞയായ ‘അല്ലാഹു’വിനെ ആദ്യവചനങ്ങളില്‍ പരിചയപ്പെടുത്തുന്നില്ലെങ്കിലും അവന്റെ ഗുണവിശേഷണമായ റബ്ബ് എന്ന പദവും ‘സൃഷ്ടികര്‍മം’ എന്ന പദവും രണ്ടു പ്രാവശ്യം പ്രയോഗിക്കുന്നുണ്ട്. ഗര്‍ഭപാത്രത്തില്‍ മനുഷ്യന്‍ പിന്നിട്ട ഒരുഘട്ടം എന്ന നിലയ്ക്ക് അലഖ് എന്ന പദവും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ഈ അധ്യായത്തിന്റെ പേരായി സ്വീകരിച്ചിരിക്കുന്നത് അലഖ് എന്നു തന്നെയാണെന്നതും ശ്രദ്ധേയമാണ്. റബ്ബ് മനുഷ്യനോട് അത്യുദാരനാണ് എന്നു വ്യക്തമാക്കാന്‍ സര്‍ഗാത്മകതയുടെ ആയുധമായ ‘പേന’യെ കുറിച്ചും ഇവിടെ പ്രാധാന്യപൂര്‍വം പരാമര്‍ശിക്കുന്നുണ്ട്.
അറബിഭാഷയില്‍ റബ്ബ എന്ന പദത്തിന്, പ്രാക്തനമായ ഒരു അവസ്ഥയില്‍നിന്ന് ഉന്നതമായ, ശ്രേഷ്ഠമായ അവസ്ഥയിലേക്ക് വളര്‍ത്തിയെടുത്തു എന്നാണര്‍ഥം. ഒരുഘട്ടത്തില്‍നിന്ന് മറ്റൊരു മികച്ച ഘട്ടത്തിലേക്ക് വികസിപ്പിച്ചെടുത്തു, പരിപോഷിപ്പിച്ചെടുത്തുഎന്നു സാരം. ഇതിന്റെ മറ്റൊരു രൂപമായ തര്‍ബിയത്ത് എന്നാല്‍ വളര്‍ത്തിയെടുക്കല്‍, പോറ്റിവളര്‍ത്തല്‍, പരിപോഷിപ്പിക്കല്‍, സംസ്‌കരണം എന്നാകുന്നു. റുബൂബിയത്ത് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് വളര്‍ത്തിയെടുക്കല്‍ ചുമതല, രക്ഷാകര്‍തൃത്വം എന്നൊക്കെയാണ്. അപ്പോള്‍ റബ്ബ് എന്നതിന് വളര്‍ത്തിയെടുക്കുന്നവന്‍, വികസിപ്പിച്ചെടുക്കുന്നവന്‍, പരിപോഷിപ്പിക്കുന്നവന്‍, പടിപടിയായി ഉയര്‍ത്തുന്നവന്‍ എന്നൊക്കെയാണ് ഭാഷാപരമായി അര്‍ഥം.
വിശുദ്ധ ഖുര്‍ആനിലെ ആദ്യം അവതീര്‍ണമായ വചനത്തിലും ഖുര്‍ആന്‍ ക്രോഡീകരിച്ചപ്പോള്‍ അതിന്റെ ആമുഖമായി വന്ന ഫാതിഹയുടെ ആദ്യവചനത്തിലും റബ്ബ് എന്ന പദം അര്‍ഥഗര്‍ഭമായി പ്രയോഗിക്കുന്നുണ്ട്. അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍ എന്ന വചനത്തിന് ‘സര്‍വ പ്രപഞ്ചങ്ങളെയും വികസിപ്പിച്ചെടുക്കുന്ന സര്‍വേശ്വരന് സര്‍വസ്തുതിയും’ എന്ന് ഭാഷാപരമായി അര്‍ഥം കിട്ടുന്നു. അതുപോലെ സൂറത്ത് അലഖിലെ ആദ്യവചനത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, ‘സൃഷ്ടിച്ചതെല്ലാം പരിപോഷിപ്പിക്കുന്നവന്റെ നാമത്തില്‍ വായിക്കുക’ എന്ന ആശയം നമ്മുടെ മനസ്സില്‍ വന്നുനിറയുന്നു.
സര്‍വ പ്രപഞ്ചങ്ങളെയും വികസിപ്പിച്ചെടുക്കുന്നവനാണ് റബ്ബ് എന്ന് എങ്ങനെ മനസ്സിലായി? ഈ വചനത്തിലെ റബ്ബിന്റെ വിശദീകരണമെന്നോണം വന്ന അദ്ദാരിയാത്തിലെ 47-ാം വചനവും അല്‍അന്‍ബിയാഇലെ 30-ാം വചനവും അക്കാര്യം പരിചയപ്പെടുത്തുന്നുണ്ട്: ”വാനലോകത്തെ നാം കരവിരുതോടെ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാമത് വികസിപ്പിച്ചുകൊണ്ടിരിക്കുന്നവനാകുന്നു.” (അദ്ദാരിയാത്ത് 47). ”വാനലോകങ്ങളും ഭൂമിയുമെല്ലാം കൂടിച്ചേര്‍ന്ന രൂപത്തിലായിരുന്നുവെന്നതും പിന്നീട് നാം അവയെ വേര്‍പ്പെടുത്തിയെടുക്കുകയാണ് ഉണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടുമനസ്സിലാക്കുന്നില്ലേ?” (അന്‍ബിയാഅ് 30)
 പ്രപഞ്ചോത്പത്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രധാനമായും മൂന്നു സിദ്ധാന്തങ്ങളാണുള്ളത്- സ്ഥിതപ്രപഞ്ച സിദ്ധാന്തം, ആന്ദോളന സിദ്ധാന്തം, മഹാവിസ്‌ഫോടന സിദ്ധാന്തം. പ്രപഞ്ചം അനാദിയാണ്. കാര്യമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകാത്തതാണ്. പ്രപഞ്ചം പണ്ടും ഇന്നും എന്നും ഇങ്ങനെത്തന്നെ നിലനില്‍ക്കുന്നതാണ്-സ്ഥിതപ്രപഞ്ച സിദ്ധാന്തത്തിന്റെ ആകെത്തുക ഇതാണ്. ഒരു രസകരമായ വസ്തുത എന്തെന്നുവെച്ചാല്‍, യുക്തിവാദികള്‍ക്ക് എക്കാലത്തും പ്രിയം സ്ഥിതപ്രപഞ്ച സിദ്ധാന്തത്തോടാണ്. പ്രപഞ്ചത്തെ പടിപടിയായി വളര്‍ത്തിയെടുക്കുന്ന റബ്ബിനെ കണ്ണടച്ച് നിഷേധിക്കാമല്ലോ!
ശക്തിമത്തായ ഹബിള്‍ ടെലസ്‌കോപ്പിന്റെ ആവിര്‍ഭാവത്തോടെ വികസിക്കുന്ന പ്രപഞ്ചസിദ്ധാന്തത്തിന് സ്വീകാര്യത ലഭിച്ചു. ബഹിരാകാശാന്തരാളങ്ങളിലേക്ക് ദ്രുതഗതിയില്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന ഗ്യാലക്‌സികളെ ദൂരദര്‍ശിനികളില്‍ മനുഷ്യന്‍ നിരീക്ഷിച്ചുപഠിച്ചു. ദൂരം വര്‍ധിക്കുന്നതിനനുസരിച്ച് അവ പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന വേഗവും വര്‍ധിക്കുന്നുണ്ടെന്ന കണ്ടെത്തലിന് ഒരിക്കല്‍ നെബേല്‍സമ്മാനവും കിട്ടി.
 പ്രപഞ്ചം വികസിക്കുന്നുവെന്നത് സത്യമാണെങ്കില്‍, ഇന്നലെകളില്‍ പ്രപഞ്ചത്തിന് ഇത്ര വികാസമുണ്ടായിരുന്നിരിക്കില്ലെന്നതും ഒഴിച്ചുകൂടാനാവാത്ത സത്യമാണ്. അതിപ്രാക്തന കാലത്ത,് ദൃശ്യവും അദൃശ്യവുമായ പദാര്‍ഥ രൂപങ്ങളും ഊര്‍ജസങ്കേതവും എന്തിന്, സ്ഥലകാലനൈരന്തര്യവുമെല്ലാം കൂടിച്ചേര്‍ന്ന പരുവത്തില്‍, ഒരൊറ്റ സമുജ്വലപ്രാരംഭരാശിയായി നിലനിന്നിട്ടുണ്ടാവണം. പ്രപഞ്ചത്തിന്റെ ആദിമരൂപം ഖുര്‍ആന്‍ വരച്ചുകാട്ടിയത് (അന്‍ബിയാഅ് 30) സാന്ദര്‍ഭികമായി ഓര്‍ക്കാവുന്നതാണ്. ജഹമിസ ലുീരവ എന്നു പേരിട്ട ഈ പ്രാരംഭരാശിക്ക് പൂജ്യത്തോടടുത്ത വലുപ്പമേ ഉണ്ടായിരുന്നുള്ളൂവെന്ന് സ്റ്റീഫന്‍ ഹോക്കിങ് പോലുള്ള മഹാരഥന്മാര്‍ ഗണിച്ചെടുക്കുന്നു. ഈ നിരുപമ ബിന്ദുവില്‍, മനുഷ്യന് ഭാവനയില്‍പ്പോലും കാണാന്‍പറ്റാത്ത അളവില്‍ ഊഷ്മാവ് നിലനിന്നിരിക്കണം. സ്ഥലകാലങ്ങള്‍ക്ക് അതിരുകവിഞ്ഞ വക്രതയും അനുഭവപ്പെട്ടിരിക്കണം. ഖുര്‍ആനിലെ പ്രാരംഭവചനവും ആമുഖത്തിലെ ആദ്യവചനവും പടിപടിയായി വളര്‍ത്തുന്നവന്‍ എന്ന അര്‍ഥത്തില്‍ റബ്ബ് എന്നു പ്രയോഗിച്ചത് ഖുര്‍ആനിലെ മറ്റു വചനങ്ങള്‍ വിശദീരിക്കുന്നുവെന്നര്‍ഥം.
മനുഷ്യന്റെ വാസസ്ഥലമായ ഈ കൊച്ചുഭൂമിയെയും റബ്ബ് പടിപടിയായി വികസിപ്പിച്ചെടുത്തതാണ്. ഭൂമിയുടെ പ്രായം 450 കോടി വര്‍ഷമാണെന്ന് ഗവേഷകര്‍ കണക്കാക്കുന്നു. ആദിയില്‍, സസ്യങ്ങളും ജന്തുക്കളും മനുഷ്യരുമെല്ലാം പിറക്കുന്നതിനു വളരെ മുമ്പ്, തിളച്ചുമറിയുന്ന അഗ്നിഗോളമായിരുന്നു ഭൂമി. അതു പിന്നീട് തണുത്തപ്പോള്‍ ഭൂമിക്ക് ഇപ്പോഴത്തെ രൂപമായിരുന്നില്ലെന്നും മുഴുവന്‍ കരയും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നുവെന്നും ഭൗമശാസ്ത്രജ്ഞന്മാര്‍ അനുമാനിക്കുന്നു.
സമുദ്രത്തിനടിയില്‍, വ്യത്യസ്ത പ്രദേശങ്ങളില്‍ സംഭവിച്ച അഗ്നിപര്‍വതസ്‌ഫോടനംവഴി, അപരിമേയമായ അളവില്‍ ലാവയും മാഗ്മയും പുറത്തേക്കൊഴുകിയാണ് വന്‍കരകള്‍ പൊന്തിവന്നതെന്നാണ് അനുമാനം. ആദിയില്‍ ഒരൊറ്റ വന്‍കരയേ ഉണ്ടായിരുന്നുള്ളൂവെന്നും ഭൗമാന്തര്‍ഭാഗത്തെ സമ്മര്‍ദംവഴി വിണ്ടുകീറി ഏഴു വന്‍കരകളായി രൂപാന്തരം പ്രാപിച്ചുവെന്നും ഭൂവിജ്ഞാനികള്‍ കരുതുന്നു.
 ഭൂമിയെ പടിപടിയായി വളര്‍ത്തിയ റബ്ബിനെ ചിത്രീകരിക്കുന്ന ഒരു തിരുവചനം കാണുക: ”നബി(സ) പറഞ്ഞു: കഅബാപ്രദേശമാണ് ഭൗമജലത്തില്‍ ആദ്യം രൂപംകൊണ്ട തീരം. അവിടെനിന്നാണ് മുഴുവന്‍ കരകളും വികസിച്ചുണ്ടായത്”.
‘ഭൂപ്രദേശങ്ങളുടെ മാതാവ്’ എന്നു മക്കയ്ക്കു പേരുവരാന്‍ കാരണമായതും മറ്റൊന്നല്ല. മക്കയില്‍ കാണുന്ന ബസാള്‍ട്ടിക് പാറകള്‍ ലോകത്തെ ഏറ്റവും പഴക്കംചെന്ന പാറകളായി ഗവേഷകര്‍ സ്ഥിരീകരിച്ചതും ഈ ഹദീസിന് പിന്‍ബലമേകുന്നു.
”മനുഷ്യനെ അവന്‍ അലഖില്‍നിന്നു സൃഷ്ടിച്ചു” എന്ന രണ്ടാംവചനത്തിന്റെ പൊരുളെന്താണ്? ഗര്‍ഭപാത്രത്തിലെ മനുഷ്യന്റെ പ്രാരംഭദശകളിലൊന്നായാണ് ഖുര്‍ആന്‍ അലഖ് എന്നു പ്രയോഗിക്കുന്നത്.
അലഖ എന്നാല്‍ ഒട്ടിച്ചു, പറ്റിച്ചു, അനുബന്ധമായി കൂട്ടിച്ചേര്‍ത്തു, തൂക്കിയിട്ടു എന്നെല്ലാമാണ് അര്‍ഥം. തഅ്‌ലീഖ് എന്നതിന് ‘അനുബന്ധം’ എന്നു പറയാം. അപ്പോള്‍ അലഖ് എന്നാല്‍ ഒട്ടിച്ചേര്‍ത്തത്, തൂക്കിയിട്ടത്, ഇംഗ്ലീഷില്‍ ൗെുെലിറലറ വേശിഴ, ീൊലവേശിഴ ംവശരവ രഹശിഴ െഎന്നാണര്‍ഥം. രക്തക്കട്ട എന്ന വിദൂരമായ അര്‍ഥവും ഈ പദത്തിന് കല്‍പ്പിക്കപ്പെടുന്നുണ്ട്. ‘തൂക്കിപ്രദര്‍ശിപ്പിച്ച ഏഴെണ്ണം’ എന്ന അര്‍ഥത്തില്‍ സബ്ഉല്‍ മുഅല്ലക്കാത്ത് എന്ന പ്രയോഗം പ്രാചീന അറബിയില്‍ പരിചിതമാണ്. ലക്ഷണമൊത്ത ഏഴു മികച്ച കാവ്യാര്‍ച്ചനകള്‍, ഏറ്റവും മനോഹരങ്ങളായ സപ്തകാവ്യങ്ങള്‍ കഅബയുടെ കില്ലയില്‍ തൂക്കിയിട്ട് പ്രദര്‍ശിപ്പിക്കുന്ന സമ്പ്രദായം (ഒമിഴശിഴ ഉശുെഹമ്യ) ഖുര്‍ആന്‍ അവതീര്‍ണമാകുന്നതിനുമുമ്പേ ഉണ്ടായിരുന്നുവെന്ന് ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. അലഖത്ത് എന്ന് അട്ടയ്ക്കു പറയാറുണ്ട്.
വിമര്‍ശകര്‍ തലപൊക്കുന്ന മേഖലയാണിത്. ആര്‍ത്തവരക്തം കണ്ട് തെറ്റിദ്ധരിച്ച മുഹമ്മദ്, അതില്‍ നിന്നാണ് കുഞ്ഞുണ്ടാകുന്നത് എന്നു വിശ്വസിച്ചായിരിക്കണം അലഖ് എന്നു പ്രയോഗിച്ചത് എന്നാണ് വിമര്‍ശനം. ആര്‍ത്തവ രക്തം അശുദ്ധിയാണെന്നും സ്ത്രീകള്‍ക്ക് വിഷമാവസ്ഥ തോന്നുന്ന ആ സമയത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടരുത് എന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. ആ ‘രക്തക്കട്ട’ എന്ന നിലയ്ക്ക് ഈ അധ്യായത്തിന് അലഖ് എന്നു ഖുര്‍ആന്‍ ഔചിത്യമില്ലാതെ പേരിട്ടുവെന്ന് വിശ്വസിക്കുന്നത് വിമര്‍ശകരുടെ ബലഹീനതയായി കണക്കാക്കാം.
ഖുര്‍ആന്‍ മറ്റൊരിടത്ത് ഈ അലഖ് എന്താണെന്ന് വിശദീരിച്ച് വിമര്‍ശകരുടെ വാദങ്ങളെ നിഷ്‌കരുണം തകര്‍ത്തെറിയുന്നുമുണ്ട്: ”പിന്നെ നുത്ഫയെ അലഖത്തായി രൂപാന്തരപ്പെടുത്തി” (മുഅ്മിനൂന്‍ 13). നുത്ഫയുടെ പരിണിതരൂപമാണ് അലഖത്ത് എന്ന് ഖുര്‍ആന്‍ സന്ദേഹത്തിനു പഴുതില്ലാത്തവിധം വ്യക്തമാക്കുന്നു. നുത്ഫതന്‍ അംശാജ് എന്ന് ഖുര്‍ആന്‍ മറ്റൊരിടത്ത് ഇതിനെ വിശേഷിപ്പിക്കുന്നു. കൂടിച്ചേര്‍ന്ന ബീജം, സങ്കലിത ബീജം, ളലൃശേഹശലെറ ലഴഴ, ്വ്യഴീലേ എന്നെല്ലാമാണ് അര്‍ഥം.
കൂടിച്ചേര്‍ന്നത് എന്നു ഖുര്‍ആന്‍ സൂക്ഷ്മമായി പ്രയോഗിച്ചതില്‍ വേറെയും അര്‍ഥമുണ്ട്. സെമിനല്‍ വെസിക്കിള്‍, ബള്‍ബോയുറേത്രല്‍ ഗ്രന്ഥി, പ്രോസ്‌ട്രേറ്റ് ഗ്ലാന്‍ഡ്, വൃഷണം എന്നിവ ഉല്പാദിപ്പിക്കുന്ന ദ്രവങ്ങളിലെ വളരെ സൂക്ഷ്്മതന്തുവായ നുത്ഫത്തന്‍ അംശാജിന്റെ പരിവര്‍ത്തിത രൂപമായാണ് ഖുര്‍ആന്‍ അലഖിനെ പരിചയപ്പെടുത്തുന്നത്. സങ്കലിതബീജം ഗര്‍ഭപാത്രത്തില്‍ ഏതാണ്ട് പതിനഞ്ചുദിവസം പിന്നിടുമ്പോള്‍ മാത്രമാണ് അലഖ് എന്ന ഘട്ടം ആരംഭിക്കുന്നുള്ളൂ എന്ന ശാസ്ത്രസത്യവും നാം ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
 അറബിഭാഷയില്‍ അട്ടയെ അലഖത്ത് എന്നു വിളിക്കാറുണ്ടല്ലോ. ഈര്‍പ്പമുള്ള മലമ്പ്രദേശത്തു കൂടി സഞ്ചരിക്കുമ്പോള്‍ ശരീരത്തില്‍ കടിച്ചുതൂങ്ങി ചോര കുടിച്ചുവീര്‍ക്കുന്ന അട്ടകളെ നമുക്ക് പരിചിതമാണ്. ഭ്രൂണത്തിന്റെ അവസ്ഥയും ഏതാണ്ടിതുപോലെയാണെന്നാണ് ഖുര്‍ആന്‍ തരുന്ന സൂചന. ഗര്‍ഭപാത്രഭിത്തിയില്‍ അള്ളിപ്പിടിച്ച് പോഷകങ്ങളും ഓക്‌സിജനും വലിച്ചെടുത്താണ് ഭ്രൂണം വളരുന്നതെന്നാണ് അലഖ് അര്‍ഥാവിഷ്‌ക്കരണത്തിലൂടെ ഖുര്‍ആന്‍ ചിത്രീകരിക്കുന്നത്.
മറ്റൊരു വലിയ സത്യവും ഈ ആദ്യവചനങ്ങളില്‍ അന്തര്‍ലീനമായിരിക്കണം. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ അലഖായി തൂങ്ങിക്കിടന്ന് മനുഷ്യഭ്രൂണം വളരുന്നതുപോലെ, പ്രപഞ്ചമാകുന്ന മഹാഗര്‍ഭപാത്രത്തില്‍ വായനയിലൂടെയും നിരീക്ഷണത്തിലൂടെയും ആണ്ടിറങ്ങി ബൗദ്ധികപോഷകമായ അറിവ് നേടിയെടുത്തുവളര്‍ന്ന് സ്രഷ്ടാവിന്റെ അപാരമായ കഴിവുകളെയും കാരുണ്യത്തെയും അംഗീകരിക്കേണ്ടവനും ആദരിക്കേണ്ടവനും നന്ദി കാണിക്കേണ്ടവനുമാണ് മനുഷ്യനെന്ന് ഈ വചനങ്ങളുടെ പാരസ്പര്യത്തില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം. ‘വായിക്കുക’ എന്ന ആദ്യകല്‍പ്പനയും ‘പേനകൊണ്ടു പഠിപ്പിച്ചവന്‍’ എന്ന ദൈവവിശേഷണവും അലഖില്‍നിന്നുള്ള മനുഷ്യസൃഷ്ടിയുടെ വളര്‍ച്ചയോടൊപ്പം ഖുര്‍ആന്‍ ചേര്‍ത്തുപറഞ്ഞത് ശ്രദ്ധേയമാണ്. പ്രപഞ്ചവായനയിലൂടെ കിട്ടുന്ന അറിവ് പങ്കുവെക്കുന്നതിന്റെ പ്രതീകാത്മകതയും ‘പേന’യില്‍ ഒളിഞ്ഞിരിപ്പുണ്ട്.
”നീ വായിക്കുക: നിന്നെ വളര്‍ത്തിയെടുക്കുന്നവന്‍ അത്യുദാരനാണ്”. അത്യുദാരനാണ് റബ്ബ് എന്നു വ്യക്തമാക്കാന്‍ ‘പേനകൊണ്ട് പഠിപ്പിച്ചവന്‍’ എന്നാണ് ഖുര്‍ആന്‍ എടുത്തുകാട്ടുന്നത്.
എന്താണ് പേനകൊണ്ടുള്ള പഠനം? അത്, ഏതായാലും, കേവലം എഴുത്താണിയില്‍ അക്ഷരങ്ങള്‍ തീര്‍ക്കുന്ന ചെറു വൈദഗ്ധ്യമല്ല. പേനയെ പുനര്‍വായിക്കുമ്പോള്‍ ഖുര്‍ആന്‍ തുറന്നിടുന്ന ആശയപ്രപഞ്ചം അനുഭവിക്കാനാകും. പേനയെയും മനുഷ്യനെയും വളര്‍ത്തിയെടുക്കുന്ന റബ്ബിനെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. കാലഘട്ടങ്ങളിലൂടെ മനുഷ്യനോടൊപ്പം പേനയും വളരുന്നുണ്ട്. റബ്ബിന്റെ അര്‍ഥവ്യാപ്തിയില്‍ പേനയുടെയും മനുഷ്യന്റെയും വളര്‍ച്ചയില്‍ അനുഗ്രഹംചൊരിയുന്ന രക്ഷിതാവിനെ കണ്ടെത്താം.
സര്‍ഗാത്മകതയുടെ, സര്‍ഗചേതനയുടെ, സര്‍ഗസൃഷ്ടിയുടെ, സര്‍ഗവസന്തത്തിന്റെ, ഭാവനാവിലാസത്തിന്റെ, ആഖ്യാന- പുനരാഖ്യാനങ്ങളുടെ, സ്വത്വപ്രകാശനത്തിന്റെ, ആത്മാവിഷ്‌കാരത്തിന്റെ, ആധുനിക ഭാഷയില്‍ പറഞ്ഞാല്‍, ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ് പേന. ധൈഷണികവ്യാപാരത്തിന്റെ മഷിയാണതില്‍. രക്തസാക്ഷിയുടെ രക്തത്തേക്കാള്‍ ഒരുവേള, പവിത്രമായ മഷി. അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് ദീപ്തമായ നക്ഷത്രജാലങ്ങള്‍ തീര്‍ക്കുന്ന ഇന്ദ്രജാലമാണത്.
മഹാചരിത്രാഖ്യാനങ്ങളും സൈദ്ധാന്തിക ഭൗതികശാസ്ത്രത്തില്‍ എഴുതപ്പെടുന്ന വിസ്മയക്കാഴ്ചകളും പ്രതിഭയെ തൊട്ടുണര്‍ത്തുന്ന വിശ്വസാഹിത്യരചനകളും സര്‍ഗധനനായ ചിത്രകാരന്റെ വരകളും സംഗീതസാന്ദ്രമായ ഭാവഗീതങ്ങളും പേനയുടെ, അല്ലെങ്കില്‍, ക്രിയേറ്റിവിറ്റിയുടെ ഉല്പന്നങ്ങളാണ്.
മാക്‌സ് പ്ലാങ്കിന്റെ ബലതന്ത്രത്തില്‍നിന്ന് ഉരുവംകൊണ്ട ആധുനികമായ ക്വാണ്ടം കമ്പ്യൂട്ടറുകളും സൂക്ഷ്മതലങ്ങളില്‍ ബ്രഹ്മവിലാസം
രചിക്കുന്ന നാനോടെക്‌നോളജിയും എ ഐ എന്ന ചുരുക്കപ്പേരിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് അഥവാ നിര്‍മിതബുദ്ധിയും പേനയുടെ ‘എക്‌സ്‌ടെന്‍ഷന്‍’ മാത്രമാണെന്ന് നാമിന്നറിയുന്നു.
ഉയര്‍ന്ന കമ്പ്യൂട്ടര്‍ഭാഷകളില്‍ രചിക്കുന്ന സങ്കീര്‍ണമായ പ്രോഗ്രാമുകളും പേനയുടെ വിസ്തൃതമായ പ്രതീകാത്മകതയില്‍ സന്നിവേശിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ‘പേനകൊണ്ടു പഠിപ്പിച്ചവന്‍’ അത്യുദാരനാകുന്നത്. മനുഷ്യനെ ഇതരജീവികളില്‍നിന്നും വേറിട്ടുനിര്‍ത്തുന്നതും സര്‍ഗാത്മകതയുടെ പ്രാണനായ പേനയാണ്.
അര്‍റഹ്മാന്‍, അല്ലമല്‍ ഖുര്‍ആന്‍, ഖലക്കല്‍ ഇന്‍സാന്‍, അല്ലമഹുല്‍ ബയാന്‍… ഈ ബയാനാണ്, ദൈവത്തില്‍നിന്നു മനുഷ്യനു മാത്രം കൈവന്ന നിരുപമ വരദാനമായ ആവിഷ്‌കാരവൈഭവമാണ് ഖുര്‍ആന്‍ ‘പേന’യില്‍ ചേതോഹരമായി വിരിയിച്ചെടുക്കുന്നത്.
Back to Top