ഭിന്നശേഷിയുള്ളവര്‍ സാന്ത്വനത്തിന്റെ വേദ പാഠങ്ങള്‍ റദ്‌വാന്‍ ജമാല്‍ യൂസഫ് ഇലത്രാഷ്
ഖുര്‍ആന്‍ പഠന മേഖലയിലെ സ്ഥിരോത്സാഹിയായ ഗവേഷകനും അധ്യാപകനുമാണ് റദ്‌വാന്‍ ജമാല്‍ യൂസഫ്. മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ഖുര്‍ആന്‍ & സുന്നഃ വിഭാഗം തലവനാണ്. തഫ്‌സീറുല്‍ ഖുര്‍ആനില്‍ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര അക്കാദമിക സെമിനാറുകളിലെ സ്ഥിര സാന്നിധ്യം. നിരവധി ലേഖനങ്ങളും പുസ്തകങ്ങളും അദ്ദേഹത്തിന്റെ തൂലികയിലൂടെ പ്രസിദ്ധീകൃതമായിട്ടുണ്ട്.
വിശേഷ ആവശ്യമുള്ളയാളുകളെ സംബന്ധിച്ച വിഷയം ഏറെ വൈകാരികതയുള്ളതായിരിക്കും. അത് ജനകീയമോ, മതവുമായി ഒട്ടും ബന്ധമില്ലാത്തതോ ആയിരിക്കും. സകല മാനവിക പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും എക്കാലത്തും മഥിച്ചിട്ടുള്ള ഒന്നാണ് ഇത്ത രം വ്യക്തികള്‍. ഏറ്റവും മൃദു ശൈലിയില്‍ അവരോട് പൊറുക്കണമെന്നാവശ്യപ്പെടുന്ന ആശയങ്ങള്‍ തന്നെ ബലപ്പെടുത്തുന്ന കാര്യം മനുഷ്യര്‍ക്കായി സകല കാര്യങ്ങളെയും – അവരില്‍ വിശേഷ ആവശ്യമുള്ളവരും അല്ലാത്തവരുമൊക്കെ ഉള്‍പ്പെടെ – അന്തിമ മഹദ് ഗ്രന്ഥം മുച്ചൂടും ചൂഴ്ന്നു നില്‍ക്കുന്നുവെന്നതാണ്.
ഈയവസ്ഥയെ ശാസ്ത്രീയമായ രീതിയില്‍ വിശകലനം ചെയ്യാന്‍, സുവ്യക്തമായ രീതിയില്‍ ഈ വിഷയം നോക്കിക്കാണണം. വിശുദ്ധ ഖുര്‍ആന്‍ പ്രയോഗ തലത്തിലെടുക്കുകയും ആരോഗ്യ പ്രവര്‍ത്തകരെയും ഏറ്റവും ചുരുങ്ങിയത് വിശേഷാവശ്യങ്ങളുള്ളയാളുകളുടെ നന്മ ലാക്കാക്കിക്കൊണ്ടുള്ള പ്രവര്‍ത്തന പദ്ധതികളില്‍ ഫലപ്രദമാം വിധം ഏര്‍പ്പെട്ടിട്ടുള്ളവരായ ആളുകളെയും പഠിപ്പിക്കുകയും ചെയ്ത മുഖ്യ ഘടകങ്ങളെന്താണെന്ന് നാം തിരിച്ചറിയുകയും വേണം. അപഗ്രഥന സ്വഭാവത്തോടെയുള്ള വായന, ഉപരിസൂചിത വിഷയവുമായി ബന്ധമുള്ള ഖുര്‍ആന്‍ വചനങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് നാം ശരിയായ രീതിയില്‍ നടത്തുന്നുവെങ്കില്‍, വിശേഷ ആവശ്യങ്ങളുള്ള പ്രകൃതത്തെക്കുറിച്ച് ഖുര്‍ആനിക വൈജ്ഞാനിക കാഴ്ചപ്പാട് നമുക്ക് ലഭിക്കും. സാംസ്‌കാരിക നിര്‍മിതിയില്‍ ഈയൊരു വിഭാഗം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിന്റെ നിര്‍വഹണ, പ്രായോഗിക തലത്തെ ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നതെങ്ങനെയെന് നതിനെക്കുറിച്ചും നാം ബോധവാന്മാരായിത്തീരും.
ഈ ചര്‍ച്ചയില്‍ നമ്മുടെ രീതിശാസ്ത്രം ഊന്നുന്നത്, വിശേഷ ആവശ്യങ്ങളുള്ളയാളുകളുടെ വിഷയങ്ങളുമായി ബന്ധമുള്ള ഖുര്‍ആന്‍ വചനങ്ങളെക്കുറിച്ചും അപഗ്രഥന വായനയിലൂടെ, അവര്‍ക്ക് നാം നല്‍കേണ്ട പരിചരണത്തിന് ഒരു രീതി തുറന്നു കാട്ടുക എന്നതിലായിരിക്കും. നാലു സ്റ്റേജിലൂടെയായിരിക്കും അത്.
1. വിഷയങ്ങളുമായി ഗാഢബന്ധമുള്ള സാങ്കേതിക ശബ്ദങ്ങളെ പരിചയപ്പെടുത്തുക.
2. ഭിന്ന ശേഷിയുള്ള തലങ്ങള്‍ ഖുര്‍ആന്‍ വരച്ചുകാട്ടുന്നതെങ്ങനെയെന്ന് മനസ്സിലാക്കല്‍
3. ഭിന്ന ശേഷിക്കാരോട് പൗരാണിക സംസ്‌കാരങ്ങള്‍ സ്വീകരിച്ച നിലപാട് തിരിച്ചറിയല്‍
4. സവിശേഷ ആവശ്യമുള്ളയാളുകളോടുള്ള പെരുമാറ്റത്തില്‍ ഖുര്‍ആന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍.
ആരോഗ്യവും ഇസ്‌ലാമില്‍ അതിന്റെ മഹത്വവും
ഒരു വ്യക്തിക്ക്, തന്റെ ചുമതലകളും കടമകളും നിര്‍വഹിക്കുന്നതിന് ഒരു തടസ്സവുമില്ലാത്ത വിധം ശാരീരിക സുസ്ഥിതിയോടെ ഒരു പ്രഭാതത്തെ വരവേല്‍ക്കാന്‍ കഴിയുകയെന്നത്, അവന് ലഭിക്കുന്ന അനുഗ്രഹങ്ങളുടെ സമ്പൂര്‍ണതയത്രെ. പ്രവാചകന്‍(സ) പറഞ്ഞു: ”നിര്‍ഭയത്വത്തോടും, ശാരീരിക സുസ്ഥിതിയോടും കൂടി അന്നൊരു ദിവസത്തേക്കു വേണ്ട ഭക്ഷണം സ്വായത്തമായ നിലയില്‍ തന്റെ കുടിലില്‍ നേരം പുലര്‍ന്നുകിട്ടുന്ന ഒരു മനുഷ്യന്‍, ഈ ഭൗതിക ലോകം മുഴുക്കെ ലഭിച്ചവനെപ്പോലെയാണ്.”
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും വിശിഷ്യാ ദുര്‍ബല വിഭാഗങ്ങളുടെയും പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെയും കാര്യത്തിന് ഖുര്‍ആന്‍ ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കൂടുതല്‍ മനസ്സാന്നിധ്യം വേണ്ട മേഖലകളില്‍ അവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. അവരുടെ അവസ്ഥകളോട് പുച്ഛം കാണിക്കുന്നവരെ ആക്ഷേപിച്ചിട്ടുമുണ്ട്.
കേള്‍വി, കാഴ്ച, ബുദ്ധി എന്നിവയിലേതിലെങ്കിലും അല്ലാഹുവിന്റെ പരീക്ഷണം നേരിട്ടയൊരാളെ ഒരു മനുഷ്യന്‍ കാണുന്ന പക്ഷം അവന് ചെയ്യാനുള്ളത്, ഇമാം തിര്‍മിദിയുടെ റിപ്പോര്‍ട്ടില്‍ നബി(സ) പഠിപ്പിച്ചതു പോലെ ഇപ്രകാരമാണ്: ”പരീക്ഷണം അഭിമുഖീകരിക്കുന്ന ഒരാളെ കാണുമ്പോള്‍ അവന് നല്‍കിയതു പോലുള്ള പരീക്ഷണങ്ങള്‍ നിന്ന് എന്നെ മോചിതനാക്കുകയും താന്‍ സൃഷ്ടിച്ച അനേകരെക്കാള്‍ എനിക്ക് ശ്രേഷ്ഠത നല്‍കുകയും ചെയ്ത അല്ലാഹുവിന് സ്തുതി” എന്ന് പറയുകയും ചെയ്യുന്നവര്‍ക്ക്, ആ പരീക്ഷണം പ്രയാസമുണ്ടാക്കില്ല.
മുഴുവന്‍ മനുഷ്യര്‍ക്കും വിഷമങ്ങള്‍ ആശ്വാസമാക്കിക്കൊടുക്കുന്നത് വലിയൊരു ഇബാദത്താണ്. അപ്പോള്‍ പിന്നെ സവിശേഷ ആവശ്യങ്ങളുള്ളവരുടെ കാര്യമോ? മുഴുവനാളുകളോടും മാന്യമായി പെരുമാറാനും, സൗമ്യമാം വിധം അവര്‍ക്ക് നന്മകള്‍ ചെയ്തു കൊടുക്കാനും ഖുര്‍ആന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അബൂഹുറയ്‌റ(റ) പറയുന്നു: റസൂല്‍(സ) ഇപ്രകാരം പറഞ്ഞു: ”ദുനിയാവിലെ പ്രയാസങ്ങളില്‍ നിന്ന്, ഒരു വിശ്വാസിക്ക് ഒരാള്‍ ആശ്വാസം നല്‍കിയാല്‍, ഖിയാമത്തുന്നാളിലെ പ്രയാസങ്ങളില്‍ നിന്ന് അല്ലാഹു അയാള്‍ക്ക് ആശ്വാസം നല്‍കും.” ബുദ്ധിമുട്ടുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്താല്‍, ദുനിയാവിലും ആഖിറത്തിലും അല്ലാഹു ആ വ്യക്തിക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഒരു മുസ്‌ലിമിന്റെ ന്യൂനതകള്‍ ആരെങ്കിലും മറച്ചുപിടിച്ചാല്‍ അല്ലാഹു അവന്റെ ന്യൂനതകളും മറച്ചുപിടിക്കും. ഒരാള്‍, തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുവോളം, അല്ലാഹു അയാളെ സഹായിച്ചുകൊണ്ടിരിക്കും.
ഭിന്ന ശേഷിയുടെ ആശയതലം
ദൈനംദിന ജീവിതത്തില്‍, വ്യക്തിപരമായ കാര്യങ്ങളിലോ സാമൂഹിക സാമ്പത്തിക കാര്യ നിര്‍വഹണത്തിനോ ഒരാള്‍ക്ക് പ്രകൃതിപരമായ പരിമിതികളാല്‍ സാധിക്കാതെ വരുന്നതാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. അഥവാ, സ്വന്തമായി ഒന്നിനും കഴിയാതെ മറ്റുള്ളവരുടെ സഹായം ആവശ്യമായി വരുന്ന സാഹചര്യമാണിത്. തന്റെ പരിമിതി മറികടക്കാന്‍ പ്രത്യേക പരിചരണവും ഇവര്‍ക്ക് വേണ്ടതുണ്ട്.
~ഒരു വ്യക്തിക്ക് അയാളുടെ ബുദ്ധിശക്തി, ശരീരം, മനസ്സ് തുടങ്ങിയവയില്‍ സൃഷ്ടിപ്പില്‍ തന്നെയുള്ള ഈ പരിമിതികളെ ദൈവിക പരീക്ഷണമായിട്ടാണ് കാണേണ്ടത്. ഇത്തരക്കാരെ പല ഉത്തരവാദിത്തങ്ങളില്‍ നിന്നും അ ല്ലാഹു ഒഴിവാക്കിയിട്ടുണ്ട്.
ശരീര വൈകല്യം പദ ഭേദങ്ങള്‍
നൂഹിന്റെ(അ) ജനതയുയെ വിഗ്രഹങ്ങളിലൊന്നിന്റെ പേരായ ‘യഊഖ്’ എന്ന വാക്ക് വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. ഭാഷാ പരമായി വൈകല്യത്തെ സൂചിപ്പിക്കുന്ന ഈ പദം ഇവിടെ ചേര്‍ത്തിരിക്കുന്നത് അന്ന് ജീവിച്ച നല്ല മനുഷ്യന്റെ പേരായിട്ടാണ്. മരണശേഷം അദ്ദേഹത്തിന്റെ പ്രതിരൂപം ഉണ്ടാക്കിവെക്കുവാന്‍ പിശാച് പിന്‍ഗാമികളെ പ്രേരിപ്പിച്ചുവെന്ന് തഫ്‌സീറുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുള്ള ഏഴുപേരും ഇതുപോലെ ആരാധ്യമൂര്‍ത്തികളായി.
ശാരീരിക വൈകല്യം 24:61, 48:17 എന്നീ വചനങ്ങളില്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. രോഗം, മുടന്ത്, അന്ധത എന്നീ പ്രയാസങ്ങളുള്ളവര്‍ക്ക് ബന്ധുവീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന് വിരോധമില്ല എന്ന ആശയമാണ് 24:61ല്‍ വന്നിരിക്കുന്നത്. യുദ്ധംപോലെയുള്ള, കൂടുതല്‍ മനസ്സാന്നിധ്യവും കായികശക്തിയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഇത്തരം വ്യക്തികള്‍ക്ക് നല്‍കുന്ന ആനുകൂല്യമാണ് 48:17ല്‍ പരാമര്‍ശിക്കുന്നത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വരെ അകറ്റിനിര്‍ത്താന്‍ പാടില്ലെന്നും സാമൂഹ്യപ്രക്രിയകളില്‍ അവരെ ഉള്‍പ്പെടുത്തണമെന്നുമാണ് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നത്.
വൈകല്യത്തിന്റെ മേഖലകള്‍ ഖുര്‍ആനില്‍
മനുഷ്യന് അല്ലാഹു നല്‍കിയ ബഹുമതി, ഖലീഫയെന്ന പദവി, ശാരീരിക വൈകല്യമുള്ളവര്‍ക്കും അവന്‍ നല്‍കിയിട്ടുണ്ട്. മനുഷ്യന് മാത്രമായി നല്‍കിയ ഇച്ഛാശക്തിയും തിരിച്ചറിവും നേടിയെടുത്തിരിക്കുന്ന ഒരാളും യഥാര്‍ഥത്തില്‍ വികലാംഗരല്ല. ശാരീരിക പരിമിതികള്‍ ഉണ്ടെങ്കില്‍പോലും. മറുഭാഗത്ത്, ദൈവികമായി ലഭിച്ചിരിക്കുന്ന ഇത്തരം കഴിവുകള്‍ ഉപയോഗിക്കാതിരിക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്യുന്നവരെ മൃഗതുല്യരായിട്ടാണ് ഖുര്‍ആന്‍ കാണുന്നത് (7:179). ശാരീരിക വൈകല്യത്തേക്കാള്‍ ദുസ്സഹമാണിത്.
ആശയതലത്തിലെ വൈകല്യം
ബാഹ്യ വൈകല്യങ്ങളേക്കാള്‍ ഗുരുതരമായി ഖുര്‍ആന്‍ കാണുന്നത് ആശയതല വൈകല്യമാണ്. 22:46ല്‍ ഇത് വ്യക്തമാക്കുന്നു. അന്ധ വൈകല്യം ബാഹ്യമായി കണ്ണുകളെ ബാധിക്കുന്നതാണ്. എന്നാല്‍ യഥാര്‍ഥ അന്ധത മനസ്സിനെയാണ് ബാധിക്കുന്നതെന്നാണ് ഈ വചനം വ്യക്തമാക്കുന്നത്. ഉല്‍കൃഷ്ടഭാവത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ (95:4,5) അധമരില്‍ അധമനാകുന്നതും ബാഹ്യ വൈകല്യങ്ങള്‍ കൊണ്ടല്ല. സല്‍പ്രവര്‍ത്തന വിശ്വാസ ശൂന്യമായി ജീവിക്കുമ്പോളാണെന്ന് ഖുര്‍ആന്‍ ബോധ്യപ്പെടുത്തുന്നു.