കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം: ഐ എസ് എം
ഐ എസ് എം സംസ്ഥാന ഡെലിഗേറ്റ് സമ്മിറ്റ് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ഫാസിസ്റ്റ് ആസൂത്രണങ്ങളെ ചെറുക്കണമെന്നും സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് വര്‍ഗീയ മുതലെടുപ്പ് നടത്താനുള്ള സംഘപരിവാര്‍ നീക്കത്തെ കേരളീയ സമൂഹം തിരിച്ചറിയണമെന്നും കോഴിക്കോട് ചേര്‍ന്ന ഐ എസ് എം സംസ്ഥാന ഡെലിഗേറ്റ് സമ്മിറ്റ് ആവശ്യപ്പെട്ടു. ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്തുടനീളം അരങ്ങേറിയ അക്രമവും കൊള്ളയും ചില പ്രഖ്യാപിത അജണ്ടയുടെ ഭാഗമായി ആസൂത്രണം ചെയ്യപ്പെട്ടതാണെന്നും ഇതിലെ സാമ്പത്തിക നഷ്ടങ്ങള്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്ന് പിടിച്ചെടുക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്നും ഐ എസ് എം അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് വളരാനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നതിനെതിരെ പൗരസമൂഹവും ഭരണകൂടവും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുംജാഗ്രത പുലര്‍ത്തുകയും വൈചാരികവും സാംസ്കാരികവുമായ പ്രതിരോധം സൃഷ്ടിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. സംസ്ഥാന ഡെലിക്കേറ്റ് സമ്മിറ്റിന്റെ ഉദ്ഘാടനം കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന പ്രസിഡന്റ് ഡോ ഇ കെ അഹമ്മദ് കുട്ടി നിര്‍വഹിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു. കെ എന്‍ എം (മര്‍കസുദ്ദഅ്വ) ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി മുഖ്യ പ്രഭാഷണം നടത്തി. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടി ഫൈസല്‍ നന്മണ്ട, പ്രൊഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, ഡോ. അനസ് കടലുണ്ടി, ഡോ. സി ഫുക്കാര്‍ അലി, ഡോ. ലബീദ് അരീക്കോട്, ഷാനിഫ് വാഴക്കാട്, ശാക്കിര്‍ ബാബു കുനിയില്‍, അബ്ദുസ്സലാം മുട്ടില്‍, നൗഷാദ് കുറ്റിയാടി, ജലീല്‍ മദനി വയനാട്, ഫൈസല്‍ മതിലകം, ഇസ്മാഈല്‍ കരിയാട്, ഷരീഫ് തിരൂര്‍, നസീര്‍ ചെറുവാടി, കരീം താനാളൂര്‍ സംസാരിച്ചു.
