22 Sunday
December 2024
2024 December 22
1446 Joumada II 20

മനുഷ്യ രചനയല്ല ദൈവ വചനം ഡോ. ഇ കെ അഹ്മദ് കുട്ടി

ദൈവിക ഗ്രന്ഥമായ ഖുര്‍ആന്‍ പ്രവാചകന്‍ മുഹമ്മദ് നബിക്ക് അവതരിക്കപ്പെട്ട കാലം മുതല്‍ ഇന്നുവരെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഈ വിശുദ്ധ വേദഗ്രന്ഥത്തിനെതിരെ നിരവധി വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിമര്‍ശനങ്ങളുടെ കാതല്‍ ഖുര്‍ആന്‍, ദൈവ വചനമല്ല; അങ്ങനെയാണെന്നവകാശപ്പെട്ടുകൊണ്ട് മുഹമ്മദ് സ്വയം ചമച്ചുണ്ടാക്കിയ ഒരു ഗ്രന്ഥമാണ് എന്നാണ്. ഇന്നും ഈ ആരോപണം തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്.
ചരിത്രത്തിന്റെ നിറവെളിച്ചത്തില്‍ ജീവിച്ചു മരിച്ച മുഹമ്മദ് നബി(സ)യുടെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ എല്ലാവര്‍ക്കും സുപരിചിതമാണ്. പൊതുവെ നിരക്ഷരരും വിദ്യാവിഹീനരുമായിരുന്ന അറബികള്‍ക്കിടയില്‍ അവരെപ്പോലെ തന്നെ അവരിലൊരാളായി നിരക്ഷരനായി തന്നെ അദ്ദേഹം ജീവിച്ചു. ഏതെങ്കിലും പണ്ഡിതന്റെയോ ഗുരുവിന്റെയോ കീഴിലോ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അദ്ദേഹം വിദ്യയഭ്യസിച്ചതായി തെളിവൊന്നുമില്ല. അറേബ്യയില്‍ അന്നുണ്ടായിരുന്ന ക്രിസ്ത്യാനികളും ജൂതന്മാരുമായി അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള മതപരമോ തത്വചിന്താപരമോ ആയ ആശയവിനിമയം നടത്തുകയോ അവരുടെ വേദഗ്രന്ഥങ്ങളായ ബൈബിളിലെ പഴയ നിയമമോ (തൗറാത്ത്) പുതിയ നിയമമോ (ഇന്‍ജീല്‍) വായിച്ചു ഗ്രഹിക്കുകയോ ചെയ്തതായി അറിയപ്പെടുന്നില്ല. അറേബ്യക്ക് ചുറ്റും അക്കാലത്ത് പ്രബലങ്ങളായിരുന്ന റോമന്‍- ഗ്രീക്ക്- പേര്‍ഷ്യന്‍ നാഗരികതകളുമായും അവരുടെ തത്വചിന്തകളുമായും ബന്ധപ്പെടാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അങ്ങനെ തന്നെയായിരുന്നു അദ്ദേഹം ജിവിച്ചു വളര്‍ന്ന സമൂഹവും. നാല്പത് വയസ്സുവരെ മുഹമ്മദിന്റെ ജീവിതം ഇങ്ങനെയായിരുന്നു. അതിന് ശേഷം പെട്ടെന്നൊരു ദിവസം അദ്ദേഹം താന്‍ രചിച്ച ഒരു ഉത്കൃഷ്ട ഗ്രന്ഥവുമായി തന്റെ നാട്ടുകാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ ബുദ്ധിയും യുക്തിബോധവുമുള്ള ഒരാളും തയ്യാറാവുകയില്ല.
അതുല്യമായ ഭാഷാശൈലിയില്‍ അത്യുത്കൃഷ്ടമായ ആശയങ്ങളും തത്വങ്ങളും വിജ്ഞാനങ്ങളും പ്രതിപാദിക്കുന്ന ഖുര്‍ആന്‍ മുഹമ്മദ് നബി(സ) അറബികളുടെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അവര്‍ അതിന്റെ മഹത്വത്തിന് മുന്‍പില്‍ അത്ഭുത സ്തബ്ധരായി നിന്നുപോയി. അത് മുഹമ്മദ് നബി(സ)ക്ക് ദൈവത്തില്‍ നിന്ന് അവതരിച്ചു കിട്ടിയ ദിവ്യസന്ദേശമാണെന്ന് അംഗീകരിക്കാന്‍ അഹങ്കാരവും ദുരഭിമാനവും അവരെ അനുവദിച്ചില്ല. മുഹമ്മദ് കവിയും ഖുര്‍ആന്‍ അദ്ദേഹം രചിച്ച കവിതയാണെന്നുമായിരുന്നു അവരുടെ വിമര്‍ശം.  മുഹമ്മദ് ആഭിചാരകനും ഖുര്‍ആന്‍ ‘ആഭിചാര്യവിദ്യ’ (سحر) ആണെന്നും അത് മറ്റാരോ അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുക്കുന്നതാണെന്നുംആരോപിച്ച് അവര്‍ അതില്‍ വിശ്വസിക്കാതെ മാറിനിന്നു. പക്ഷേ, അവര്‍ക്ക് ഈ നിലപാടില്‍ അധികകാലം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. അവസാനം അറബികളും ഒന്നടങ്കം ഖുര്‍ആനിന്റെ അനിഷേധ്യമായ ദൈവികത അംഗീകരിക്കേണ്ടി വന്നു. അവര്‍ മുസ്‌ലിംകളായി. ഖുര്‍ആന്‍ മുഹമ്മദോ മറ്റേതെങ്കിലും മനുഷ്യനോ രചിച്ചതായിരുന്നുവങ്കില്‍ അറബി ഭാഷയില്‍ നല്ല പരിജ്ഞാനവും മുഹമ്മദിനെ വളരെ അടുത്ത് പരിചയവുമുണ്ടായിരുന്ന അന്നത്തെ അറബികള്‍ ഖുര്‍ആന്‍ ദൈവത്തിന്റെ വെളിപാടാണെന്ന അദ്ദേഹത്തിന്റെ അവകാശവാദം ഒരിക്കലും സമ്മതിച്ചുകൊടുക്കുമായിരുന്നില്ല .
ദൈവദത്തമായ ഈ ഗ്രന്ഥം ലോകസമക്ഷം സമര്‍പ്പിക്കുന്ന ഒരു സന്ദേശവാഹകന്‍ എന്നല്ലാതെ താന്‍ അതിന്റെ കര്‍ത്താവാണെന്ന് മുഹമ്മദ് നബി(സ) ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ഗ്രന്ഥകര്‍ത്താവെന്ന നിലയില്‍ മുഹമ്മദിന്റെ(സ) പേരോ മറ്റോ ഈ ഗ്രന്ഥത്തില്‍ എവിടെയും എഴുതിവെച്ചതായി നാം കാണുന്നില്ല. അദ്ദേഹം അതിന്റെ കര്‍ത്താവായിരുന്നുവെങ്കില്‍ അത് പ്രഖ്യാപിക്കാതെ മറച്ചുവെക്കേണ്ട ഒരു കാര്യവുമില്ലല്ലോ. ഇനി മുഹമ്മദല്ല മറ്റാരോ ആണ് അതിന്റെ കര്‍ത്താവെങ്കില്‍ അദ്ദേഹത്തിന്റെ കാലത്തോ അതിന് ശേഷമോ എപ്പോഴെങ്കിലും അതിന്റെ കര്‍തൃത്വം അവകാശപ്പെട്ടുകൊണ്ട് ഒരു മനുഷ്യനും മുന്നോട്ട് വന്നിട്ടുമില്ല.
ഓരോ ഗ്രന്ഥകാരനും തന്റേതു മാത്രമായ ഒരു ഭാഷാരീതിയും പ്രതിപാദന ശൈലിയുമുണ്ടായിരിക്കും. മുഹമ്മദ് നബി(സ)യുടെ സ്വന്തം വാക്കുകളായ ഹദീസുകളില്‍ (പ്രവാചക വചനങ്ങളില്‍) നിന്ന് അദ്ദേഹത്തിന്റെ സ്വന്തമായ ഭാഷയും ശൈലിയും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ ഈ ഭാഷയും ശൈലിയുമല്ല ഖുര്‍ആനില്‍ കാണുന്നത്. തികച്ചും വ്യതിരിക്തമായ മറ്റൊരു തരം ഭാഷയും ശൈലിയുമാണ് അതിന്റേത്. അറബി ഭാഷയെയും സാഹിത്യത്തെയും കുറിച്ച് സാമാന്യ ജ്ഞാനമുള്ള ആര്‍ക്കും ഇത് ബോധ്യമാവും. ഖുര്‍ആന്‍ മുഹമ്മദ് നബി(സ)യുടെ സൃഷ്ടിയല്ല എന്നതിന് ഇത് തന്നെ ഒരു വലിയ തെളിവാണ്.
ഗ്രന്ഥകാരന്റെ ഭാഷയും ശൈലിയും പോലെ തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വവും ഗ്രന്ഥത്തില്‍ പ്രതിഫലിച്ചുകാണുമെന്നത് മറ്റൊരു അംഗീകൃത സത്യമാണ്. എന്നാല്‍ തന്റെ വ്യക്തി പ്രഭാവം കാണിക്കാന്‍ യാതൊന്നും മുഹമ്മദ് നബി ഖുര്‍ആനില്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. അദ്ദേഹത്തിന്റെ അനുകരണീയ മാതൃകയും മഹിത സ്വഭാവങ്ങളും അല്ലാഹുവാണ് അതില്‍ ചേര്‍ത്തിരിക്കുന്നത്. പ്രപഞ്ച സൃഷ്ടിപ്പിലും ആസൂത്രണത്തിലും പ്രതിഫലിക്കുന്ന ദൈവമഹത്വത്തിന്റെ ഉജ്വലമായ ഉദ്‌ഘോഷങ്ങളുമാണ് ഖുര്‍ആനിലുടനീളം നിറഞ്ഞു നില്‍ക്കുന്നത്.
മുഹമ്മദ് നബി(സ)യുടെ പേരു പോലും അഞ്ചു തവണ (ഒരിക്കല്‍ പറയപ്പെട്ട അഹ്മദ് അടക്കം) മാത്രമേ ഖുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ളൂ. എന്നാല്‍ അദ്ദേഹത്തെപ്പോലെ തന്നെ ദൈവനിയുക്തരായ പ്രവാചകന്മാരായ നൂഹ്(അ), ഇബ്‌റാഹീം(അ), ലൂത്വ്(അ), യൂസുഫ്(അ), മൂസാ(അ), ഈസാ(അ), സുലൈമാന്‍ (അ), ദാവൂദ്(അ) തുടങ്ങിയ ചിലരുടെ പേരുകള്‍ നിരവധി തവണ ആവര്‍ത്തിച്ചു പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.
മുഹമ്മദ് നബി(സ)യുടെ വ്യക്തിത്വം മഹത്വവത്കരിക്കുമ്പോള്‍ തന്നെ ചില വീഴ്ചകളുടെ പേരില്‍ അദ്ദേഹത്തെ ദൈവം ഗുണദോഷിക്കുകയും ശാസിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ അതില്‍ വായിക്കാന്‍ കഴിയും. ചില ഉദാഹരണങ്ങള്‍ കാണുക: നബി(സ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ആദ്യകാലത്ത് ഒരു ദിവസം അദ്ദേഹം മക്കയിലെ പ്രമുഖരായ ഖുറൈശി നേതാക്കളുമായി, അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടും അവരുടെ ഇസ്‌ലാം സ്വീകരണം പ്രതീക്ഷിച്ചുകൊണ്ടും സംസാരിക്കുകയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം എന്ന സ്വഹാബി അവിടേക്ക് കടന്നുവന്നു. കണ്ണുകാണാത്ത അദ്ദേഹത്തിന് ഖുറൈശി പ്രമുഖരുടെ സാന്നിധ്യത്തെയോ അവരും പ്രവാചകനും തമ്മിലുളള സംഭാഷണത്തെയോ കുറിച്ച് അറിയാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹം നബി(സ)യെ വിളിച്ചുകൊണ്ട് തനിക്ക് ഇസ്‌ലാമിന്റെ തത്വങ്ങളും നിയമങ്ങളും പഠിപ്പിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അത് കേട്ടപ്പോള്‍ നബി(സ)ക്ക് അല്‍പം നീരസം തോന്നി. സാധാരണക്കാരനും അന്ധനുമായ ഇബ്‌നു ഉമ്മി മക്തൂമിന്റെ സാന്നിധ്യം തന്റെ ഉദ്ദേശ്യത്തിന് തടസ്സമാകുമോ എന്ന ആശങ്കയായിരുന്നു അതിന് കാരണം. അതുകൊണ്ട് അദ്ദേഹം ആ സാധു മനുഷ്യനെ ശ്രദ്ധിക്കാതെ ഖുറൈശീ നേതാക്കളുമായുള്ള സംസാരം തുടര്‍ന്നു. താമസിയാതെ പ്രവാചകന്റെ(സ) ഈ പെരുമാറ്റത്തെ ആക്ഷേപിച്ചുകൊണ്ട് അബസ വതവല്ലാ എന്ന് തുടങ്ങുന്ന ഖുര്‍ആനിലെ പത്ത് വചനങ്ങള്‍ അവതരിച്ചു.
”അദ്ദേഹം (നബി) മുഖം ചുളിക്കുകയും തിരിഞ്ഞുകളയുകയും ചെയ്തു. അന്ധനായ ആ മനുഷ്യന്‍ തന്റെ അടുത്ത് വന്നതിനാല്‍. (നബിയേ) നിനക്കെന്തറിയാം! അയാള്‍ ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ. അല്ലെങ്കില്‍ അയാള്‍ ഉല്‍ബോധനം സ്വീകരിക്കുകയും ആ ഉല്‍ബോധനം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്‌തേക്കാമല്ലോ. എന്നാല്‍ സമ്പന്നനായവനാകട്ടെ, നീ അവന്റെ നേരെ ശ്രദ്ധതിരിക്കുന്നു. അവന്‍ (ഇസ്‌ലാം മതം സ്വീകരിച്ചു) വിശുദ്ധി പ്രാപിക്കാതിരുന്നാല്‍ നിനക്കെന്ത്? എന്നാല്‍ (അല്ലാഹുവിനെ) ഭയപ്പെട്ടുകൊണ്ട് നിന്റെ അടുത്തേക്ക് വന്നവനാകട്ടെ അവനെ ശ്രദ്ധിക്കാതെ നീ തിരിഞ്ഞു കളയുന്നു.” (വി.ഖു 80:1-10)
ഒരിക്കല്‍ നബി(സ) തന്റെ പത്‌നിമാരിലൊരാളായ സൈനബ് ബിന്‍ത് ജഹ്ശിന്റെ(റ) വീട്ടില്‍ വെച്ച് അല്‍പം തേന്‍ കഴിച്ചു. ഈ വിവരം അറിഞ്ഞ സഹപത്‌നിമാരായ ആഇശക്കും(റ) ഹഫ്‌സക്കും (റ) അത് ഇഷ്ടമായില്ല. അവരിരുവരും ചേര്‍ന്ന് നബി(സ) തങ്ങളുടെ അടുത്ത് വന്നാല്‍ ‘താങ്കള്‍ മഗാഫിര്‍ (പശ ചവച്ചവന്‍) ആണല്ലോ എന്ന് പറയണമെന്ന് തീരുമാനിച്ചു. അവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ നബി(സ) താന്‍ സൈനബിന്റെ അടുക്കല്‍ നിന്ന് അല്‍പം തേന്‍ കുടിച്ചതാണെന്ന് പറയുകയും ഇനിമേല്‍ താന്‍ തേന്‍ കഴിക്കുകയില്ലെന്ന് ശപഥം ചെയ്യുകയും ചെയ്തു. താമസിയാതെ തന്നെ അല്ലാഹു അനുവദനീയമാക്കിയ തേന്‍ തന്റെ ഭാര്യമാരുടെ താത്പര്യത്തിന്നനുസരിച്ച് നബി വര്‍ജിക്കാന്‍ തീരുമാനിച്ചതിനെ ആക്ഷേപിച്ചുകാണ്ട് ഈ ഖുര്‍ആന്‍ വചനം അവതരിച്ചു: ”ഹേ, നബിയേ, നീ എന്തിനാണ് നിന്റെ ഭാര്യമാരുടെ പ്രീതി തേടികൊണ്ട് അല്ലാഹു നിനക്കനുവദിച്ചു തന്നത് നിഷിദ്ധമാക്കുന്നത്? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (അത്തഹ്‌രീം 1)
തബൂക്ക് യുദ്ധത്തില്‍ പങ്കെടുക്കാതെ ഒഴികഴിവ് പറഞ്ഞുകൊണ്ട് പിന്തിരിഞ്ഞുനിന്നവര്‍ക്ക് അതിന് അനുവാദം നല്‍കിയതിന്റെ പേരിലും (9:43) ഉഹ്ദ് യുദ്ധത്തില്‍ തന്റെ മുഖത്ത് മുറിവേറ്റ് രക്തമൊഴുകി കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അതിന് കാരണക്കാരായ മുശ്‌രിക്കുകളെ ആക്ഷേപിച്ചു പറഞ്ഞതിന്റെ പേരിലും (3:128) നബിയെ ആക്ഷേപിക്കുകയും ശാസിക്കുകയും ചെയ്തുകൊണ്ട് ഖുര്‍ആന്‍ വചനങ്ങള്‍ അവതരിച്ചത് മറ്റു ഉദാഹരണങ്ങളാണ്.
ഖുര്‍ആന്‍ മുഹമ്മദ് നബി(സ)യുടെ സൃഷ്ടിയായിരുന്നുവെങ്കില്‍ തനിക്ക് അപമാനകരമായ ഇത്തരം പ്രസ്താവനകള്‍ സ്വഗ്രന്ഥത്തില്‍ എഴുതിവെക്കുമായിരുന്നോ? മുഹമ്മദ് നബി(സ)യല്ല ഖുര്‍ആന്റെ കര്‍ത്താവ് എന്നതിന് ഇതും ശക്തമായ ഒരു തെളിവാണ്.
Back to Top