11 Sunday
January 2026
2026 January 11
1447 Rajab 22

ഫ്രാന്‍സിലെ  മഞ്ഞക്കുപ്പായക്കാര്‍

ഫ്രാന്‍സില്‍ കരുത്താര്‍ജിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളാണ് കഴിഞ്ഞയാഴ്ചയിലെ പ്രധാനപ്പെട്ട മറ്റൊരു അന്താരാഷ്ട്ര വാര്‍ത്ത. ഫഞ്ച് സര്‍ക്കാറിന്റെ ജനവിരുദ്ധമായ നടപടികളില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ വിവിധ ഫ്രഞ്ച് നഗരങ്ങളില്‍ ഒത്തുകൂടുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രക്ഷോഭവാര്‍ത്ത വ്യാപിച്ചതോടെ കൂടുതല്‍ ജനങ്ങള്‍ തെരുവുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായാണ് വാര്‍ത്തകള്‍. യെല്ലോ വെസ്റ്റ് മൂവ്‌മെന്റ് (മഞ്ഞ വസ്ത്രക്കാര്‍) എന്ന പേരിലാണ് ജനകീയ മുന്നേറ്റം ശക്തമാകുന്നത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്ഥാനമൊഴിയണമെന്ന ആവശ്യവുമായാണ് ജനകീയ പ്രക്ഷോഭക്കാര്‍ സമരം ചെയ്യുന്നത്. രാജ്യത്തെ വിലക്കയറ്റവും സാമൂഹ്യനീതിയില്ലായ്മയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. ഇന്ധനവിലയും മറ്റ് സാധനങ്ങളുടെ വിലയും ഫ്രാന്‍സില്‍ അടിക്കടി വര്‍ധിച്ചിരുന്നു. ഒരു പതിറ്റാണ്ട്  മുമ്പ് അറബ് നാടുകളില്‍ ആരംഭിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ മാത്യകയിലാണ് യെല്ലോ വെസ്റ്റ് മൂവ്‌മെന്റ് വ്യാപിക്കുന്നത്. എന്നാല്‍ മുല്ലപ്പൂ വിപ്ലവത്തിന് പിന്തുണ നല്‍കിയ പല പാശ്ചാത്യന്‍ രാജ്യങ്ങളും യെല്ലോ വെസ്റ്റ് മൂവ്‌മെന്റിന്റെ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. രാജ്യത്തുടനീളം പ്രക്ഷോഭകരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നതായും വാര്‍ത്തകളുണ്ട്. ഭരണകുടങ്ങള്‍ക്കെതിരേ നടക്കുന്ന ജനകീയ മുന്നേറ്റങ്ങളെ പിന്തൂണക്കുന്ന അന്താരാഷ്ട്ര സംഘടനകളും ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് തയാറായിട്ടില്ല. ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രക്ഷോഭത്തിന് ശക്തി കുറഞ്ഞിട്ടില്ല. മറിച്ച് കൂടുതല്‍ ആവേശഭരിതരായി ജനങ്ങള്‍ തെരുവകളിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. വിവിധ ഫ്രഞ്ച് നഗരങ്ങളില്‍ കൂടുതല്‍ പോലിസിനെ ഇറക്കി പ്രക്ഷോഭകരെ  അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആക്ഷേപങ്ങളുയര്‍ന്നിട്ടുണ്ട്.
Back to Top