24 Friday
October 2025
2025 October 24
1447 Joumada I 2

ലണ്ടനില്‍ ഫലസ്ത്വീന്‍ ഫെസ്റ്റിവല്‍

ലണ്ടനില്‍ നടന്ന ഫലസ്തീന്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ കൗതുകപൂര്‍വം റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെ ഏറ്റവും പൗരാണികമായ ഒരു സംസ്‌കാരത്തെ പഠിക്കുന്നതിനും പരിചയപ്പെടുന്നതിനുമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ബ്രിട്ടനിലെ ഫലസ്തീന്‍ ഫോറമായിരുന്നു പരിപാടി സംഘടിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവലില്‍ ഫലസ്തീന്റെ പാരമ്പര്യവും ചരിത്രവും കലാപരമായ പാരമ്പര്യങ്ങളും ഭക്ഷണ സംസ്‌കാര വും സാംസ്‌കാരികമായ സവിശേഷതകളും വെളിവാക്കുന്ന നിരവധി പരിപാടികള്‍ നടന്നു. ബ്രിട്ടനിലെ ഫലസ്തീനികള്‍ ആഘോഷപൂര്‍വമാണ് ഫെസ്റ്റിവലില്‍ പങ്കാളികളായത്. നിരവധി സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ളതാണ് ഫലസ്തീന്റെ സാംസ്‌കാരിക സവിശേഷതകളെന്നും ലോകത്തെ വിവിധ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ ഫലസ്തീന്‍ സംസ്‌കാരത്തില്‍നിന്ന് കടം കൊണ്ടിട്ടുണ്ടെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു. ഫലസ്തീന്റെ സാംസ്‌കാരികമായ പൈത്യകത്തെയും അതിന്റെ വ്യത്യസ്തങ്ങളായ ഘടകങ്ങളെയും ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്താനുള്ള ഒരു ചെറിയ ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്നും അവര്‍ പറഞ്ഞു. ബ്രിട്ടീഷ് സംസ്‌കാരവുമായി ഫലസ്തീന്‍ സംസ്‌കാരം എങ്ങനെ വര്‍ത്തിക്കുന്നുവെന്നും ബ്രിട്ടീഷ് ജനതയില്‍ ഫലസ്തീന്‍ സംസ്‌കാരം എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നൊക്കെയുള്ള അന്വേഷണങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന അക്കാദമിക് സെഷനുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Back to Top