90 ശതമാനം ഗസ്സക്കാരും അഭയാര്‍ഥികളായെന്ന് യുഎന്‍
ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിനു ശേഷം 90 ശതമാനം ഗസ്സക്കാരും അഭയാര്‍ഥികളായെന്ന് ഐക്യരാഷ്ട്ര സഭ. ഇസ്രായേലിന്റെ ഒഴിപ്പിക്കല്‍ ഉത്തരവിനെ തുടര്‍ന്ന് 12 ശതമാനം പേര്‍ക്ക് വീട് വിട്ടൊഴിയേണ്ടിവന്നത് ആഗസ്തിലാണ്. 20 ലക്ഷത്തിലധികം ഫലസ്തീനികളെ 39 ചതുരശ്ര കിലോമീറ്റര്‍ പരിധിയിലേക്ക് ഞെരുക്കിയതായി മാനുഷിക സഹായം ഏകോപിപ്പിക്കുന്നതിനുള്ള യുഎന്‍ ഓഫിസ് വ്യക്തമാക്കുന്നു. ഏറെ കഷ്ടപ്പെട്ടും ഒട്ടും സുരക്ഷിതമല്ലാതെയുമാണ് തെരുവിലും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും ഗസ്സക്കാര്‍ കഴിയുന്നത്. അതിനിടെ ഗസ്സയില്‍ കുട്ടികള്‍ക്കിടയില്‍ പോളിയോ പടരുന്നതായും റിപോര്‍ട്ടുണ്ട്. പോളിയോ വാക്‌സിന്‍ നല്‍കാനെങ്കിലും അടിയന്തരമായി വെടി നിര്‍ത്തണമെന്ന ലോകാരോഗ്യ സംഘടനയുടെയും യുഎന്‍ ഏജന്‍സിയുടെയും ആവശ്യം ഇസ്രായേല്‍ പരിഗണിക്കുന്നില്ല. വെടിനിര്‍ത്തല്‍ ചര്‍ച്ച ഈജിപ്തില്‍ പുനരാരംഭിക്കാനിരിക്കെ ശക്തമായ ആക്രമണമാണ് ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്നത്.