നാലു വര്‍ഷ ബിരുദ പഠനവും വിദ്യാര്‍ഥികളുടെ ഇഷ്ടവും
ഡോ. സുബൈര്‍ വാഴമ്പുറം
കേരളത്തില്‍ ഈ അധ്യയന വര്‍ഷം (2024) മുതല്‍ പുതിയ നാലു വര്‍ഷ ബിരുദ പഠനം നിലവില്‍ വന്നു. നമ്മുടെ കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും കഴിഞ്ഞ വര്‍ഷം വരെ മൂന്നു വര്‍ഷ ബിരുദ പ്രോഗ്രാമുകളാണ് ഉണ്ടായിരുന്നത്. നിലവിലുണ്ടായിരുന്ന ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റത്തില്‍ നിന്ന് (CBCSS) അടിമുടി മാറിയ പാഠ്യപദ്ധതിയും നിയമവ്യവസ്ഥയുമാണ് പുതിയ നാലു വര്‍ഷ ബിരുദ പദ്ധതിയിലുള്ളത്. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (National Education Policy) ചുവടുപിടിച്ചാണ് ഈ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തുന്നത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഇഷ്ടമുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനുള്ള അവകാശം കുട്ടികള്‍ക്കുണ്ടാകും എന്നുള്ളതാണ് ഈ പുതിയ കോഴ്‌സിന്റെ സവിശേഷത. പുതിയ രീതി അനുസരിച്ച് സിലബസുകളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ഫ്‌ളക്‌സിബിലിറ്റിയും ഉണ്ടാകും. ഒരു കോളജിലെ വിവിധ ഡിപാര്‍ട്ട്‌മെന്റുകള്‍ നടത്തുന്ന ഏതു കോഴ്‌സും ഒരു കുട്ടിക്ക് പഠനവിഷയമായി ഇനി തിരഞ്ഞെടുക്കാം. ഇനി ആര്‍ട്‌സ്, സയന്‍സ്, കോമേഴ്‌സ് എന്നിങ്ങനെ പഴയ രീതിയിലുള്ള പ്രത്യേക കോഴ്‌സുകള്‍ ഉണ്ടാകില്ല.
പഴയ മൂന്നു വര്‍ഷ ഡിഗ്രിയിലുള്ള ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റത്തില്‍ കോര്‍, കോംപ്ലിമെന്ററി, ഇംഗ്ലീഷ്, രണ്ടാം ഭാഷ, പിന്നെ കോളജിലുള്ള ഇലക്റ്റീവ് കോഴ്‌സുകള്‍ എന്നിവയാണ് പഠനവിഷയങ്ങള്‍. പുതിയ സ്‌കീമില്‍ സയന്‍സ് പഠിക്കുന്ന കുട്ടിക്ക് കൊമേഴ്‌സിലെ വിഷയങ്ങളും ഹ്യൂമാനിറ്റീസിലെ വിഷയങ്ങളും, അതുപോലെ കൊമേഴ്‌സിലെയും ഹ്യൂമാനിറ്റീസിലെയും കുട്ടികള്‍ക്ക് സയന്‍സ് വിഷയങ്ങളും ഇനി മുതല്‍ താല്‍പര്യമുണ്ടെങ്കില്‍ പഠിക്കാവുന്നതാണ്. ഉദാഹരണമായി, പഴയ മൂന്നു വര്‍ഷ ഡിഗ്രിയില്‍ ഫിസിക്‌സ് മെയിന്‍ വിഷയമായി പഠിക്കുന്ന കുട്ടിക്ക് ആ കോളജിലുള്ള കെമിസ്ട്രി, മാത്‌സ് സബ് വിഷയങ്ങള്‍ ഇഷ്ടമില്ലെങ്കിലും നിര്‍ബന്ധമായും പഠിച്ചിരിക്കണം. എന്നാല്‍ പുതിയ സ്‌കീം അനുസരിച്ച് കുട്ടികള്‍ക്ക് അവരുടെ പഠന വിഷയങ്ങള്‍ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത് നിര്‍ബന്ധിതാവസ്ഥയില്ലാതെ പഠിക്കാന്‍ സാധിക്കും. ടീച്ചിങ്, ലേണിങ്, ഇവാലുവേഷന്‍ എന്നതിനൊപ്പം തൊഴില്‍ നേടാനുള്ള നൈപുണിക്ക് പ്രാധാന്യം നല്‍കുന്ന സംവിധാനമാണ് പുതിയ നാല് വര്‍ഷ ബിരുദ പ്രോഗ്രാം.
പുതിയ പാഠ്യപദ്ധതിയില്‍ മൂന്നു പ്രധാന വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. എല്ലാ കുട്ടികളും നിര്‍ബന്ധമായും പഠിക്കേണ്ട ഫൗണ്ടേഷന്‍ കോഴ്‌സുകള്‍, മുഖ്യ പഠനവിഷയത്തിനായി പ്രത്യേകം തയ്യാറാക്കിയ മേജര്‍/ മൈനര്‍ പാത്ത്‌വേകള്‍, ഈ വിഷയങ്ങള്‍ ഗഹനമായി പഠിക്കാന്‍ സഹായിക്കുന്ന ഇന്റേണ്‍ഷിപ്പുകളും പ്രൊജക്ടുകളും ഉള്‍പ്പെടുന്ന ക്യാപ്‌സ്‌റ്റോണ്‍ കോഴ്‌സുകള്‍ എന്നിവയാണ് ഈ മൂന്നു വിഭാഗങ്ങള്‍. കുട്ടികളുടെ വിവിധ തരം കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി എബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് കോഴ്‌സുകള്‍, സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് കോഴ്‌സുകള്‍, മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സുകള്‍, വാല്യൂ അഡീഷന്‍ കോഴ്‌സുകള്‍ എന്നീ കോഴ്‌സുകളും ഫൗണ്ടേഷനുകളില്‍ പഠിപ്പിക്കപ്പെടുന്നു. ഭാഷാധ്യാപകരാണ് ഇനി മുതല്‍ ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ കൈകാര്യം ചെയ്യേണ്ടത്.
പ്രത്യേകതകള്‍
കുട്ടികള്‍ പഠിക്കുന്ന വിഷയങ്ങളെ മേജര്‍, മൈനര്‍ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കി കോളജുകളില്‍ പല ബിരുദ പ്രോഗ്രാമുകളുണ്ടാകും. കുട്ടിയുടെ താല്‍പര്യമനുസരിച്ച് തനിക്ക് ഇഷ്ടമുള്ള മേജര്‍ വിഷയത്തോടൊപ്പം പഠിക്കേണ്ട വിഷയങ്ങള്‍ കുട്ടിക്കു തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. യുജിസിയുടെ കരട് നിര്‍ദേശത്തില്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാമില്‍ ഒരു വര്‍ഷ പഠനം പൂര്‍ത്തീകരിച്ച കുട്ടിക്ക് സര്‍ട്ടിഫിക്കറ്റ്, രണ്ടു വര്‍ഷ പഠനം പൂര്‍ത്തീകരിച്ച കുട്ടിക്ക് ഡിപ്ലോമ, മൂന്നു വര്‍ഷ പഠനം പൂര്‍ത്തീകരിച്ച കുട്ടിക്ക് ബിരുദം, നാലു വര്‍ഷ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്‌സ് ബിരുദം, ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദം എന്നിവ നേടുക വഴി കുട്ടികള്‍ക്ക് ഒന്നിലധികം എന്‍ട്രി, എക്‌സിറ്റ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് മൂന്നു വര്‍ഷം പഠനം പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ കേരളത്തിലെ കോളജുകളില്‍ നിന്ന് ബിരുദം നേടി പുറത്തുപോകാന്‍ അനുവാദമുള്ളൂ.
മികച്ച വിദ്യാര്‍ഥികള്‍ക്ക് ആറു സെമസ്റ്റര്‍ നേരത്തേ പൂര്‍ത്തിയാക്കി അഞ്ചു സെമസ്റ്ററില്‍ പഠനം പൂര്‍ത്തിയാക്കാനും എട്ടു സെമസ്റ്റര്‍ ഏഴു സെമസ്റ്ററില്‍ പൂര്‍ത്തിയാക്കാനും സാധിക്കുന്നു എന്നതും ഈ പുതിയ കോഴ്‌സിന്റെ പ്രത്യേകതയാണ്. (എന്‍ മൈനസ് വണ്‍ സംവിധാനം). അതുപോലെ തന്നെ പഠനത്തിനിടയ്ക്ക് ബ്രേക്ക് എടുത്ത് ആറു വര്‍ഷം വരെ കോഴ്‌സ് നീട്ടിക്കൊണ്ടുപോകാനും സാധിക്കും. രണ്ടാം സെമസ്റ്ററിനു ശേഷം വിഷയങ്ങള്‍ മാറ്റി പുതിയ വിഷയങ്ങള്‍ തിരഞ്ഞെടുക്കാനും വേണമെങ്കില്‍ കോളജോ യൂണിവേഴ്‌സിറ്റിയോ മാറാനും അവസരമുണ്ടാവും. ഒരു തവണ മാത്രമേ ഇങ്ങനെ മാറ്റം അനുവദിക്കുകയുള്ളൂ.
ഓണേഴ്‌സ് ബിരുദം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് നേരിട്ട് പിജി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനം നേടാം. ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് പ്രോഗ്രാം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് നെറ്റ് (National Eligibility Test) എക്‌സാം എഴുതുന്നതിനും പിജി ചെയ്യാതെത്തന്നെ പിഎച്ച്ഡി ചെയ്യുന്നതിനും അവസരമുണ്ടാവും. UGCയുടെയും യൂണിവേഴ്‌സിറ്റികളുടെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെയും അംഗീകാരമുള്ള ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചെയ്ത് ക്രെഡിറ്റ് കരസ്ഥമാക്കാനും കുട്ടിക്ക് അവസരമുണ്ടാവും. ബിഎഡ് കോഴ്‌സിന് പോകാന്‍ ഉദ്ദേശിക്കുന്ന കുട്ടിക്ക് നാലു വര്‍ഷ ബിരുദ കോഴ്‌സില്‍ നിന്നു മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി ബിരുദം നേടി നിലവിലുള്ള നിയമം അനുസരിച്ചു ബിഎഡിനു പോകാവുന്നതാണ്.
വ്യത്യസ്ത
പ്രോഗ്രാമുകള്‍
മൂന്നു തരം പ്രോഗ്രാമുകളാണ് പുതിയ നാലു വര്‍ഷ കോഴ്‌സിലുള്ളത്.
1. ഡിഗ്രി ബിരുദം: നാലു വര്‍ഷ ബിരുദ കോഴ്‌സില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി എക്‌സിറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് പഠനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ഡിഗ്രി ബിരുദം ലഭിക്കുന്നു. പിന്നീട് ഇവര്‍ക്ക് പിജി ചെയ്യണമെങ്കില്‍ നിലവിലുള്ള രണ്ടു വര്‍ഷ പിജി തന്നെ ചെയ്യേണ്ടതാണ്.
2. ഓണേഴ്‌സ് (നാലു വര്‍ഷ ബിരുദം). ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് പിജി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം.
3. ഓണേഴ്‌സ് വിത്ത് റിസര്‍ച്ച്: നാലു വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് പിജി ഇല്ലാതെത്തന്നെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET) എഴുതാനും നേരിട്ട് റിസര്‍ച്ച് ചെയ്യാനും സാധിക്കും. റിസര്‍ച്ച് സൂപ്പര്‍വൈസറുടെ കീഴില്‍ അപ്രൂവ്ഡ് റിസര്‍ച്ച് സെന്ററില്‍ മാത്രമായിരിക്കും ഗവേഷണം ചെയ്യാനുള്ള അനുമതി.
എന്താണ് ക്രെഡിറ്റ്?
ഒരു കുട്ടി ഒരു വിഷയത്തില്‍ ആകെ ചെലവഴിക്കേണ്ട സമയത്തിന്റെ കണക്കാണ് ക്രെഡിറ്റ്. പുതിയ പാറ്റേണില്‍ ഒരു വിദ്യാര്‍ഥി ഒരു വിഷയത്തില്‍ 45 മണിക്കൂര്‍ സ്വന്തമായോ അധ്യാപകരുടെ സഹായത്താലോ പഠനപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ ഒരു ക്രെഡിറ്റായി കണക്കാക്കും. ഇതില്‍ 15 മണിക്കൂര്‍ ക്ലാസിനകത്തും ബാക്കി 30 മണിക്കൂര്‍ സെല്‍ഫ് ലേണിംഗുമാണ്.
നാലു വര്‍ഷ ബിരുദ കോഴ്‌സില്‍ 240 ക്രെഡിറ്റില്‍ നിന്ന് 177 ക്രെഡിറ്റ് നേടിയാല്‍ ഓണേഴ്‌സ് ബിരുദവും 180 ക്രെഡിറ്റില്‍ നിന്ന് 133 ക്രെഡിറ്റ് നേടിയാല്‍ ബിരുദവും ലഭിക്കും. ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് പ്രോഗ്രാമാണെങ്കില്‍ നാലാം വര്‍ഷം 12 ക്രെഡിറ്റ് ഉള്ള ഒരു റിസര്‍ച്ച് പ്രൊജക്റ്റ് കൂടി ചെയ്തിരിക്കണം. ഓണേഴ്‌സ് ബിരുദത്തിന്റെ നാലാം വര്‍ഷം രണ്ടു രീതിയാണ് കോഴ്‌സ് സജ്ജീകരിച്ചിട്ടുള്ളത്. ഒന്ന്, നാല് ക്രെഡിറ്റ് ഉള്‍ക്കൊള്ളുന്ന 11 മേജര്‍ കോഴ്‌സുകള്‍ പഠിക്കുമ്പോള്‍ 44 ക്രെഡിറ്റ് കുട്ടിക്ക് ലഭിക്കുന്നു.
രണ്ടാമത്തേത് നാല് ക്രെഡിറ്റ് ഉള്‍ക്കൊള്ളുന്ന 8 മേജര്‍ കോഴ്‌സുകള്‍ കുട്ടിക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ശേഷമുള്ള മൂന്നു മേജര്‍ കോഴ്‌സുകള്‍ക്ക് 12 ക്രെഡിറ്റ് ലഭിക്കുന്ന ഒരു ഓപ്ഷണല്‍ പ്രോജക്റ്റും കുട്ടിക്ക് ചെയ്യാം. അധികമായി നേടുന്ന ക്രെഡിറ്റുകള്‍ ഡഏഇ നിഷ്‌കര്‍ഷിക്കുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റില്‍ (ABC) നിക്ഷേപിക്കാനും പിന്നീട് ആവശ്യമായി വരുമ്പോള്‍ എടുത്ത് ഉപയോഗിക്കാനും അവസരമുണ്ടാകും.
പ്രധാന
പാത്ത്‌വേകള്‍
നാലു വര്‍ഷ ബിരുദത്തില്‍ കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന കോഴ്‌സുകളുടെ വഴികാട്ടിയാണ് പാത്ത്‌വേകള്‍. ആറ് പാത്ത്‌വേകളാണ് നാലു വര്‍ഷ ബിരുദത്തില്‍ ഉണ്ടാവുക. കുട്ടികള്‍ക്ക് അവരുടെ താല്‍പര്യത്തിനനുസരിച്ചും കോളജുകളിലെ വിഷയലഭ്യത അനുസരിച്ചും തങ്ങള്‍ക്ക് അനുയോജ്യമായ പാത്ത്‌വേകള്‍ തിരഞ്ഞെടുക്കാം. മാത്‌സ് മേജറായി പഠിക്കുന്ന ഒരു കുട്ടിക്ക് ആ കോളജിലുള്ള സാമ്പത്തിക ശാസ്ത്രം, ചരിത്രം, സംഗീതം, ജേണലിസം, ഇംഗ്ലീഷ് തുടങ്ങി ഏതു വിഷയവും മൈനറായി പഠിക്കാം. ആറു പാത്ത്‌വേകള്‍ ഓരോ കോളജിലും ഉണ്ടാകും. ആറ് പാത്ത്‌വേകള്‍ ഇവയാണ്:
1. ഒരു മേജര്‍ ഉള്‍ക്കൊള്ളുന്ന ഡിഗ്രി (Degree with Single Major)
2. മേജറും മൈനറും ഉള്‍ക്കൊള്ളുന്ന ഡിഗ്രി (Degree Major with Minor)
3. ഒന്നിലധികം മേജര്‍ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ഡിഗ്രി (Major with Multiple Disciplines Study)
4. ഇന്റര്‍ഡിസിപ്ലിനറി മേജര്‍ ഡിഗ്രി (Interdisciplinary Major)
5. മള്‍ട്ടി ഡിസിപ്ലിനറി മേജര്‍ ഡിഗ്രി (Multi-disciplinary Major Degree)
6. രണ്ടു മേജര്‍ ഉള്‍ക്കൊള്ളുന്ന ഡിഗ്രി (Degree with Double Major)
മൂല്യനിര്‍ണയം
നിരന്തര മൂല്യനിര്‍ണയവും ഓരോ സെമസ്റ്ററിന്റെയും അവസാനം നടത്തുന്ന സര്‍വകലാശാലാ എഴുത്തുപരീക്ഷയും ഉള്‍ക്കൊള്ളുന്നതാണ് നാലു വര്‍ഷ ഡിഗ്രി പ്രോഗ്രാമിന്റെ മൂല്യനിര്‍ണയം. സര്‍വകലാശാല നടത്തുന്ന എഴുത്തുപരീക്ഷയ്ക്ക് 60% വെയിറ്റേജ് മാര്‍ക്കും 40% നിരന്തര മൂല്യനിര്‍ണയത്തിനും നല്‍കും. 100 മാര്‍ക്കുള്ള ഒരു പേപ്പറില്‍ 35 മാര്‍ക്ക് നേടണം പാസാകാന്‍. ഒരു സെമസ്റ്ററില്‍ ഇതു നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത സെമസ്റ്ററില്‍ ഇവ നേടാന്‍ അവസരമുണ്ടാവും.
ഗ്രേസ് മാര്‍ക്ക്
ഇതൊരു പുതിയ കോഴ്‌സായതിനാലും കുട്ടികള്‍ പഠിച്ചിറങ്ങാന്‍ ഇനിയും സമയം എടുക്കും എന്നതിനാലും ഈ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എങ്കിലും എന്‍സിസി, എന്‍എസ്എസ്, മറ്റു കലാകായിക മത്സരങ്ങളിലെ മികവ് തുടങ്ങി നിലവില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന ഇനങ്ങള്‍ക്കെല്ലാം ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്ന്പ്രതീക്ഷിക്കാം.