9 Friday
May 2025
2025 May 9
1446 Dhoul-Qida 11

ബിരുദ പഠനം നാല് വര്‍ഷമാകുമ്പോള്‍ കേരളം എന്തുചെയ്യണം?

പ്രൊഫ. അമൃത് ജി കുമാര്‍


കേന്ദ്ര വിദ്യാഭ്യാസ നയവും (National Education Policy- NEP 2020) കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന നാലു വര്‍ഷ ബിരുദ പദ്ധതിയും തമ്മിലുള്ള ഒരു താരതമ്യം സമകാലിക സാഹചര്യത്തില്‍ അനിവാര്യമായിരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് മൂന്നു വര്‍ഷമായി ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ ഒരു കാരണവശാലും അതേപോലെ നടപ്പാക്കില്ല എന്നായിരുന്നു കേരളം സ്വീകരിച്ച നിലപാട്.
കേരളത്തിന്റെ പുതിയ വിദ്യാഭ്യാസ നയം നാം സ്വന്തമായി രൂപീകരിക്കും എന്നതായിരുന്നു കേരളത്തിന്റെ നിലപാട്. അതിനെ തുടര്‍ന്ന് പ്രഭാത് പട്‌നായിക്കിന്റെ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ബദല്‍ റിപ്പോര്‍ട്ടായെടുക്കുകയും ശ്യാം മേനോന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തു. ഈ കമ്മിറ്റി പട്‌നായിക്കിന്റെ റിപ്പോര്‍ട്ടിനെ കൂടുതല്‍ സൂക്ഷ്മമായി പഠിച്ചു കൂടുതല്‍ വിശാലമായ നിര്‍ദേശങ്ങളും മറ്റും മുന്നോട്ട് വെച്ചു. ഈ കമ്മിറ്റിയാണ് നാല് വര്‍ഷ ബിരുദം കേരളത്തില്‍ നടപ്പാക്കണമെന്ന് ആദ്യമായിട്ട് ആവശ്യപ്പെട്ടത്. ദേശീയ വിദ്യാഭ്യാസ നയത്തെ യാതൊരു വിധത്തിലും അംഗീകരിക്കുകയില്ല എന്ന് പറയുമ്പോള്‍ തന്നെ, ഒരുപാട് വിഷയങ്ങളില്‍ ഈ റിപ്പോര്‍ട്ട് ദേശീയ വിദ്യാഭ്യാസ നയത്തോട് യോജിക്കുന്നു.
അതില്‍ പ്രധാനപ്പെട്ടതാണ്, ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഡ്യൂറേഷന്‍ ഓഫ് പ്രോഗ്രാമിനു നല്‍കുന്ന പ്രാധാന്യം കുറച്ച് ക്രെഡിറ്റിന് പ്രാധാന്യം നല്‍കുന്നു എന്നത്. അതായത് നാലു വര്‍ഷത്തെ കോഴ്‌സില്‍ ഒരു മിടുക്കനായ വിദ്യാര്‍ഥി അതിലെ 160 ക്രെഡിറ്റ് മൂന്നര വര്‍ഷം കൊണ്ട് നേടിയാല്‍ ആ കുട്ടിക്ക് ഡിഗ്രി നല്‍കണം എന്ന ഒരു നിര്‍ദേശം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടുണ്ട്. അതില്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് തീരുമാനം എടുക്കാന്‍ അവകാശവും നല്‍കുന്നു. ശ്യാം മേനോന്‍ റിപ്പോര്‍ട്ടിലും അത് തന്നെ പറയുന്നുണ്ട് (പേജ് 41).
രണ്ടാമത്തെ പ്രധാന കാര്യം ഈ രണ്ട് നയങ്ങളിലെയും ഒരു വ്യത്യാസമാണ്. ശ്യാം മേനോന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് നാലുവര്‍ഷ ഡിഗ്രി പ്രോഗ്രാമില്‍ മൂന്നാമത്തെ വര്‍ഷം മാത്രമാണ് ഒരാള്‍ക്ക് എക്‌സിറ്റ് ചെയ്യാനാവുക എന്നതാണ്. അതിനു ശേഷം ലാറ്ററല്‍ എന്‍ട്രി ആയിട്ട് ഫസ്റ്റ് ഇയറിലേക്ക് എന്‍ട്രി കൊടുക്കാം. ഇത് ദേശീയ വിദ്യാഭ്യാസ നയവുമായിട്ട് വ്യത്യാസപ്പെട്ട് നില്‍ക്കുന്നു.
കാരണം ദേശീയ വിദ്യാഭ്യാസ നയത്തില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി-എക്‌സിറ്റ് സിസ്റ്റമാണ് മുമ്പോട്ട് വെച്ചത്. മള്‍ട്ടിപ്പിള്‍ എന്‍ട്രി എക്‌സിറ്റ് എന്ന് പറയുമ്പോള്‍ എല്ലാ വര്‍ഷത്തിന്റെയും അവസാനം അതായത് ഓരോ ഇരട്ട സെമസ്റ്ററിന്റെയും അവസാനത്തില്‍ ഓരോ വിദ്യാര്‍ഥിക്കും പുറത്തേക്ക് പോവുകയും, പുറത്തേക്കു പോയിട്ട് ആ പ്രോഗ്രാമിന്റെ ആകെ ഡ്യൂറേഷന്റെ ഇരട്ടി വര്‍ഷത്തിനുള്ളില്‍ തിരിച്ചു വന്ന് ആ കോഴ്‌സില്‍ ജോയിന്‍ ചെയ്യുകയും ചെയ്യാം. അതായത് മൂന്നു വര്‍ഷത്തേതാണ് പ്രോഗ്രാം എങ്കില്‍ ആറു വര്‍ഷത്തിനുള്ളില്‍ തിരിച്ചുവരാം. നാലു വര്‍ഷത്തേതാണ് പ്രോഗ്രാം എങ്കില്‍ എട്ടു വര്‍ഷത്തിനുള്ളില്‍ തിരിച്ചുവരാം എന്നാണ് വ്യവസ്ഥ. അതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി എക്‌സിറ്റ് എന്ന ആശയമായിട്ട് ദേശീയ വിദ്യാഭ്യാസ നയം മുമ്പോട്ട് വെച്ചിരിക്കുന്നത്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ക്രെഡിറ്റ് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ടതാണ്. ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത് കേരളത്തിലെ ഒരു കോളജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥി മറ്റൊരു യൂണിവേഴ്‌സിറ്റിയിലെ MOOC (Massive Open Online Course) പ്രോഗ്രാം ചെയ്യുകയും ആ പ്രോഗ്രാം നാലു ക്രെഡിറ്റ് ങഛഛഇ കോഴ്‌സ് ആണെങ്കില്‍ ആ നാല് ക്രെഡിറ്റിന്റെ കോഴ്‌സ് വര്‍ഷാവസാനം ആ സെമസ്റ്റര്‍ അവസാനത്തില്‍ കുട്ടിയുടെ കോളജിലേക്ക് പിന്‍വലിക്കുകയും ആ ക്രെഡിറ്റ് സബ്മിറ്റ് ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനമാണ് ക്രെഡിറ്റ് ട്രാന്‍സ്ഫര്‍. അങ്ങനെ സബ്മിറ്റ് ചെയ്യുമ്പോള്‍ ആ ക്രെഡിറ്റ് കുട്ടി പഠിക്കുന്ന കോളജിന് സ്വീകരിക്കാന്‍ കഴിയണം. അങ്ങനെ സാധിച്ചില്ലെങ്കില്‍ പ്രയാസം നേരിടും. ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ നടക്കണം എന്നുണ്ടെങ്കില്‍ കോളജുകള്‍ ABC (Academic Bank of Credit) ല്‍ അംഗമാകണം.
ഈ അടുത്തിടെ കേരളത്തില്‍ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഉയര്‍ന്നു കേട്ട ഒരു പ്രധാനപ്പെട്ട ചോദ്യം നമ്മുടെ കോളജുകളിലെ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണോ എന്ന് അറിയാനുള്ള മാര്‍ഗം ഇല്ലേ എന്നാണ്.
സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫൈ ചെയ്യാന്‍ കൃത്യമായൊരു മാര്‍ഗം നിലവിലുണ്ട്. പുറത്തുള്ള ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒരു വിദ്യാര്‍ഥി സര്‍ട്ടിഫിക്കറ്റുമായിട്ട് കേരളത്തില്‍ വന്നിട്ടുണ്ടെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റ് നാഷണല്‍ അക്കാഡമിക് ഡെപ്പോസിറ്ററില്‍ (എന്‍ എ ഡി) രജിസ്റ്റര്‍ നമ്പര്‍ വെച്ച് പരിശോധിക്കാവുന്നതാണ്. കേരളത്തിലെ സ്ഥാപനങ്ങള്‍ നാഷണല്‍ അക്കാഡമിക് ഡെപ്പോസിറ്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുള്ളത് വേറൊരു പ്രശ്‌നം ആണ്.
ഈ വിവാദം നടന്ന സമയത്ത് ആ കുട്ടി പഠിച്ച സ്ഥാപനം നാഷണല്‍ അക്കാഡമിക് ഡെപ്പോസിറ്ററില്‍ രജിസ്റ്റര്‍ഡ് ആയിരുന്നു. എന്നാല്‍ കേരളത്തിലെ വാര്‍ത്താ ചാനലുകളിലെ ചര്‍ച്ചകളിലൊന്നും നാഷണല്‍ അക്കാഡമിക് ഡെപ്പോസിറ്റര്‍ എന്ന വാക്കു പോലും ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നുള്ളത് മറ്റൊരു കാര്യം.
അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റില്‍ (എ ബി സി) പുറത്തെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചെയ്യുന്ന കോഴ്‌സിന്റെ ക്രെഡിറ്റ് ഡെപ്പോസിറ്റ് ചെയ്യുന്നു. വര്‍ഷാവസാന സെമസ്റ്ററിന്റെ സമയത്ത് നാം ബാങ്കില്‍ നിന്ന് പൈസ വിത്‌ഡ്രോ ചെയ്യുന്നതുപോലെ ക്രെഡിറ്റ് വിത്‌ഡ്രോ ചെയ്യുന്നു. ക്രെഡിറ്റ് വിത്‌ഡ്രോ ചെയ്ത് സ്വന്തം കോളജിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നു.

അതിന് കുട്ടി പഠിക്കുന്ന കോളേജിന് അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാനാകില്ല. ഒരു കോളേജ് അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ എന്തുവേണം? ആദ്യം ഈ കോളജ് അഫിലിയേറ്റ് ചെയ്യപ്പെട്ട യൂണിവേഴ്‌സിറ്റിക്ക് രജിസ്‌ട്രേഷന്‍ വേണം. ഇതിന് യൂണിവേഴ്‌സിറ്റി അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സാധ്യമാക്കുന്നതിന് നിയമം കൊണ്ടുവരണം. പക്ഷേ ഇതൊന്നും കേരളത്തില്‍ ഇതുവരെ വ്യാപകമായി നടന്നിട്ടില്ല. ചില യൂണിവേഴ്‌സിറ്റികള്‍ മാത്രമാണ് നിലവില്‍ അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്ക് രജിസ്‌ട്രേഷന്‍ ഉണ്ട്.
ഇന്ത്യയില്‍ ഏറ്റവും സുശക്തമായ അധ്യാപക സംഘടനകളുള്ള സംസ്ഥാനമാണ് കേരളം. MOOC കോഴ്‌സുകള്‍ ആരംഭിക്കുകയും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ 40% ക്രെഡിറ്റുകള്‍ പുറത്തു നിന്നു ചെയ്യാമെന്നു ആശയം വരികയും ചെയ്തതിനെതിരെ ഏറ്റവുമധികം പ്രതിഷേധം ഉണ്ടാകേണ്ടിയിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍ കേരളത്തില്‍ നിന്ന് വലിയ പ്രതിഷേധം ഉണ്ടായിട്ടില്ല.
40% ക്രെഡിറ്റുകള്‍ പുറത്തു നിന്നു ചെയ്യാമെങ്കില്‍ അധ്യാപകര്‍ ഇനി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നേരം വൈകി വരുന്ന കുട്ടിയെ ക്ലാസിന് പുറത്തു നിര്‍ത്തുന്ന അധ്യാപകനാണെങ്കില്‍, ആ കോഴ്‌സ് കുട്ടികള്‍ പുറത്തുള്ള യൂണിവേഴ്‌സിറ്റികളില്‍ നിന്നു ചെയ്യും. കാരണം ഓണ്‍ലൈന്‍ കോഴ്‌സില്‍ അവര്‍ക്ക് സര്‍വ സ്വാതന്ത്ര്യവുമുണ്ട്്. ക്ലാസ്സില്‍ അവര്‍ എങ്ങനെ ഇരുന്നാലും ആരും ഒന്നും അറിയുന്നില്ല എന്നുള്ളതാണ്.
ചലനങ്ങളുടെ ഓഡിറ്റിങ് അതിലില്ല എന്നതു കൊണ്ട് തന്നെ കുട്ടികള്‍ അതിന് മുന്‍ഗണന നല്‍കും. അതോടൊപ്പം ഡിവൈസുകളുടെ എണ്ണം അനുസരിച്ച് ഒരേ സമയം ഒരുപാട് കോഴ്‌സുകള്‍ അവര്‍ക്ക് ചെയ്യാം. ശ്യാം മേനോന്റെ റിപ്പോര്‍ട്ടില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ അനുവദിക്കണമെന്ന് പറയുന്നുണ്ട്. പക്ഷേ അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ല, പകരം കേരള സ്റ്റേറ്റ് ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ ഒരു അക്കാദമിക് ബാങ്ക് തുടങ്ങണം എന്നാണ് നിര്‍ദേശിക്കുന്നത്. ദേശീയ തലത്തില്‍ അക്കാദമിക് ബാങ്കില്‍ ക്രെഡിറ്റ് ഷെയര്‍ ചെയ്യാമെന്നിരിക്കെ, കേരളത്തിന് മാത്രമായി അക്കാദമിക് ബാങ്ക് സ്ഥാപിച്ചാല്‍, കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് ദേശീയ തലത്തിലെ ങഛഛഇ സ്വയം ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് തടയപ്പെടാന്‍ സാധ്യതയുണ്ട്. അത് കുട്ടികളെ പുറത്തുള്ള മറ്റു യൂണിവേഴ്‌സിറ്റികള്‍ തെരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിക്കും.
ദേശീയ വിദ്യാഭ്യാസ നയത്തിലെ മറ്റൊരു പ്രധാനപ്പെട്ട നിര്‍ദേശമാണ് ഇന്റേണ്‍ഷിപ്പ് കോഴ്‌സിന്റെ നിര്‍ബന്ധ ഭാഗമാകുന്നു എന്നത്. ശ്യാം മേനോന്‍ റിപ്പോര്‍ട്ടിലും അത് പറയുന്നുണ്ട് (പേജ് 47). ദേശീയ വിദ്യാഭ്യാസ നയത്തിലുള്ള മറ്റൊരു പ്രധാനപ്പെട്ട നിര്‍ദേശം, ഈ നയം വന്നതിനു ശേഷം 15 വര്‍ഷത്തിനുള്ളില്‍ അഫിലിയേഷന്‍ സിസ്റ്റം ഇല്ലാതാകുമെന്നാണ്. ശ്യാം മേനോന്‍ റിപ്പോര്‍ട്ടില്‍ അത് 10 വര്‍ഷമായി കുറച്ചിട്ടുണ്ട്.
ഓരോ വര്‍ഷത്തിലും കുട്ടികള്‍ക്ക് യു ജി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്കണമെന്നാണ് മറ്റൊരു പ്രധാന നിര്‍ദേശം. അതായായത് സാമ്പത്തിക പ്രയാസം കൊണ്ടോ മറ്റോ ഒരു കുട്ടി കോഴ്‌സ് നിര്‍ത്തി ജോലിക്ക് പോകുന്നു, പിന്നീട് ആറോ എട്ടോ വര്‍ഷത്തിനുള്ളില്‍ തിരിച്ചുവരുമ്പോള്‍ അവനു വീണ്ടും ജോയിന്‍ ചെയ്യാം. വീണ്ടും പോവുകയാണെങ്കില്‍ അതുപോലെ യു ജി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്നാണ്. അത് ശ്യാം മേനോന്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഡിഗ്രി നാലു വര്‍ഷ കോഴ്‌സിനു 160 ക്രെഡിറ്റാണ് പറയുന്നത്. ഒരു സെമസ്റ്ററിനു 20 ക്രെഡിറ്റ് വീതം എട്ടു സെമസ്റ്ററുകള്‍ക്ക് 160 ക്രെഡിറ്റ്. എന്നാല്‍ ശ്യാം മേനോന്‍ റിപ്പോര്‍ട്ടില്‍ ഇത് 177 ക്രെഡിറ്റ് ആണ്. 17 ക്രെഡിറ്റ് അധികമുണ്ട്. മൂന്നു വര്‍ഷ പ്രോഗ്രാമില്‍ കേന്ദ്ര ഗവണ്മെന്റ് 120 ക്രെഡിറ്റും സംസ്ഥാന സര്‍ക്കാരിന്റേത് 133 ക്രെഡിറ്റുമാണ്. ഇതിലെ പ്രധാന പ്രശ്‌നം ക്രെഡിറ്റ് ഡെസിമല്‍ നമ്പറിലേക്ക് വരുമെന്നാണ്. അങ്ങനെ ഡെസിമല്‍ നമ്പറില്‍ ക്രെഡിറ്റ് പറയുന്ന സിസ്റ്റം ലോകത്ത് എവിടെയും നിലവിലില്ല.

കോഴ്‌സിന്റെ ജോലിഭാരത്തെക്കുറിച്ചും ഈ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശങ്ങളുണ്ട്. ശ്യാം മേനോന്‍ റിപ്പോര്‍ട്ടില്‍, ഒരു സെമസ്റ്ററിന്റെ ദൈര്‍ഘ്യം 5 ദിവസമുള്ള 18 ആഴ്ച ആയിരിക്കണം എന്നാണ്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇത് 15 ആഴ്ചയാണ്. ദേശീയ നയത്തില്‍ മിനിമം ക്രെഡിറ്റ് 20 ആണ്. സംസ്ഥാന നയത്തില്‍ ഇത് 25 ആക്കി മാറ്റിയിട്ടുണ്ട്. ഒരു ക്രെഡിറ്റ് എന്നാല്‍ ഒരാഴ്ചക്ക് ഒരു മണിക്കൂര്‍ എന്നാണ്. 4 ക്രെഡിറ്റ് ഉള്ള ഒരു കോഴ്‌സ് പഠിപ്പിക്കാന്‍ ഒരു സെമസ്റ്ററില്‍ 60 മണിക്കൂര്‍ വേണം. 20 ക്രെഡിറ്റ് ഉള്ള ഒരു വിഷയം ഒരു വിധം പഠിപ്പിച്ചെടുക്കാം, പക്ഷെ അത് 25 ആയാല്‍ പ്രയാസമാണ്.
നാലു വര്‍ഷ ഡിഗ്രി വേണോ വേണ്ടയോ എന്നതാണ് മറ്റൊരു ചോദ്യം. ലോക രാജ്യങ്ങളിലെല്ലാം നാലു വര്‍ഷ ഡിഗ്രി ആണ് നിലവിലുള്ളത്. അമേരിക്ക, ജര്‍മ്മനി, യു കെ തുടങ്ങിയ രാജ്യങ്ങളിലെല്ലാം അങ്ങനെയാണ്. തുടര്‍പഠനം വിദേശ യൂണിവേഴ്സ്റ്റികളില്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ഏറെ സഹായമാകും.
നാല് വര്‍ഷ ബിരുദം എന്ന ആശയം ദേശീയ നയവുമായി ഒത്തുപോകുന്നുണ്ട്. അതുകൊണ്ട് തന്നെ ഫണ്ടിംഗ് പോലുള്ള കാര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും. ഇത് നാഷണല്‍ അക്രെഡിറ്റിങ് ഏജന്‍സികളുടെ റാങ്കിങ്ങില്‍ കോളജുകളെ സഹായിക്കും. ഇത്തരം ഏജന്‍സികള്‍ പരിശോധിക്കുന്നത് കോളജുകള്‍ നാഷണല്‍ പോളിസികളെ എത്ര കണ്ട് പിന്‍പറ്റുന്നു എന്നതുകൂടിയാണ്
നാലു വര്‍ഷ കോഴ്‌സിന്റെ കടന്നു വരവോടെ കുട്ടികള്‍ക്ക് പഠന വിഷയത്തിലുള്ള അറിവ് കുറയുമെന്ന പ്രശ്‌നമാണ് പ്രധാനമായും ഒരു ന്യൂനതയായി ചൂണ്ടിക്കാണിക്കുന്നത്. പാത്ത് വെയ്‌സ്, ഫൗണ്ടേഷന്‍, ഇന്റേണ്‍ഷിപ്പ് തുടങ്ങിയ ഭാഗങ്ങളായി കോഴ്‌സ് മാറുമ്പോള്‍ സബ്ജക്ടില്‍ നിന്ന് വ്യതിചലനം സംഭവിക്കും. പ്രത്യേകിച്ച് ഭാഷാപഠനത്തിലൊക്കെ. ഇത് തീസീസ് റൈറ്റിങ് പോലുള്ള ആവശ്യങ്ങള്‍ക്ക് മാത്രമാക്കി ഭാഷയെ ഒതുക്കുന്നുണ്ട്. മറ്റൊരു പ്രശ്‌നം അധ്യാപകരെ കാലാവധി നിശ്ചയിച്ച് നിയമിക്കണമെന്ന നിര്‍ദേശമാണ്. നിലവില്‍ അത്തരം നിയമനത്തെക്കുറിച്ച് കേരള സര്‍ക്കാരിന് കൃത്യമായ നയമില്ല.

Back to Top