9 Friday
May 2025
2025 May 9
1446 Dhoul-Qida 11

നാലു വര്‍ഷ ബിരുദ കോഴ്‌സ്; ഫീസുകള്‍ കുത്തനെ ഉയര്‍ത്തിയ നടപടി പിന്‍വലിക്കണം – എം എസ് എം

കോഴിക്കോട്: പുതുതായി ആരംഭിച്ച നാലു വര്‍ഷ ബിരുദ കോഴ്‌സുകളുടെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ഫീസുകള്‍ കുത്തനെ ഉയര്‍ത്തിയ നടപടി വിദ്യാര്‍ഥി വിരുദ്ധമാണെന്നും ഉടനടി പിന്‍വലിക്കണമെന്നും എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മുമ്പുണ്ടായിരുന്ന ഫീസ് ഇരട്ടിയക്കി വര്‍ധിപ്പിച്ചിരിക്കുന്നു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ മുമ്പ് 535 രൂപ പരീക്ഷാ ഫീസ് നല്‍കിയിരുന്ന സ്ഥാനത്ത് ഇനി 900 രൂപ വരെ ഫീസ് നല്‍കണമെന്നാണ് സര്‍വകലാശാല പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്. ഇത് തീര്‍ത്തും അനീതിയും വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയുമാണ്.
ഒന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ മൂല്യനിര്‍ണയം നടത്തുന്നത് അതാത് അഫിലിയേറ്റഡ് കോളജുകളില്‍ വെച്ചുതന്നെയാണ്. മൂല്യനിര്‍ണയത്തിന് അധ്യാപകര്‍ക്ക് റെമ്യൂണറേഷന്‍ നല്‍കേണ്ടതില്ലാത്ത വിധത്തില്‍ പരീക്ഷാനടത്തിപ്പില്‍ പണം ലാഭിക്കാന്‍ ശ്രമിക്കുകയാണ് യൂണിവേഴ്‌സിറ്റി. നാല് വര്‍ഷ ബിരുദത്തിന്റെ മറവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ഭാരിച്ച സാമ്പത്തിക ബാധ്യത കെട്ടിവെക്കുന്നതിലൂടെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഒരുപോലെ ചൂഷണത്തിന് വിധേയമാക്കുകയാണ്. വിദ്യാര്‍ഥികളുടെ പ്രതിഷേധം അധികൃതരെ അറിയിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എം എസ് എം വ്യക്തമാക്കി.
സംസ്ഥാന പ്രസിഡന്റ് ജസിന്‍ നജീബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫഹീം പുളിക്കല്‍, അബ്ദുല്‍ വാജിദ് ഒറ്റപ്പാലം, സല്‍മാന്‍ ഫാറൂഖി, ബാദുഷ ഫൈസല്‍ തൊടുപുഴ, ഹാമിദ് സനീന്‍, ഫഹീം ആലുക്കല്‍, നുഅ്മാന്‍ ഷിബിലി, സുഹൈല്‍ അരീക്കോട് പ്രസംഗിച്ചു.

Back to Top