370 ല്‍ റദ്ദാക്കപ്പെടുന്നത് – ഫിറോസ് പട്ടാമ്പി
ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്യപ്പെടുന്നതു വരെ, ഇന്ത്യയിലെ ഏക മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീരിനു ചില പ്രത്യേകാധികാരങ്ങള്‍ ഉണ്ടായിരുന്നു. പ്രസ്തുത വകുപ്പ് അവരുടെ സ്വത്തും സംസ്‌കാരവും അന്യാധീനപ്പെട്ടുപോകാതെയും കളങ്കപ്പെടാതെയും കാത്തുസൂക്ഷിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തതോടെ, കശ്മീരികള്‍ അല്ലാത്ത ആളുകള്‍ക്ക് കശ്മീരിലേക്ക് വരുവാനും സംസ്ഥാനത്ത് താമസമാക്കാനും ഭൂമി വാങ്ങാനും സാധ്യമായിരിക്കുകയാണ്. ഇതു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനം എന്ന നിലയില്‍നിന്നും മുസ്‌ലിം ന്യൂനപക്ഷ സംസ്ഥാനം എന്ന നിലയിലേക്കായിരിക്കും കശ്മീരിനെ എത്തിക്കുക.
ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തതിലൂടെ ഇന്ത്യയെ ‘ഐക്യപ്പെടുത്തി’ എന്നാണ് സര്‍ക്കാര്‍ ന്യായീകരണം. കൂടാതെ കശ്മീരിന്റെ ‘വികസനം’, ‘ഐശ്വര്യം’ തുടങ്ങിയ വാക്കുകളും ഉപയോഗിച്ചുകാണുന്നുണ്ട്. കശ്മീരികളുടെ അനുവാദം കൂടാതെയാണ് കശ്മീരികള്‍ക്കു വേണ്ടിയുള്ള ‘വികസനവും’ ‘ഐശ്വര്യവും’ മോദി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. അനുവാദം ചോദിക്കുന്നത് പോകട്ടെ, കശ്മീരി നേതാക്കളെ ഒന്നടങ്കം വീട്ടുതടങ്കലില്‍ തടവിലാക്കുകയും, കര്‍ഫ്യൂ പ്രഖ്യാപിച്ച് സാധാരണക്കാരായ കശ്മീരികളെ ബന്ദികളാക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ ലാന്‍ഡ് ഫോണ്‍ അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ മുഴുവനും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തതിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കൂടുതലൊന്നും ചിന്തിക്കേണ്ടതില്ല. വികസനം, ഐശ്വര്യം, ഭീകരവാദം തുടങ്ങിയ വാക്കുകള്‍ തന്നെയാണ് മോദി സര്‍ക്കാര്‍ ഉപയോഗിക്കുക, പക്ഷേ കശ്മീരിന്റെ കാര്യത്തിലെ യാഥാര്‍ഥ്യമെന്താണെന്നാല്‍, അടുത്തകാലം വരെ ചില സ്വയം ഭരണാധികാര അവകാശങ്ങള്‍ അനുഭവിച്ചിരുന്ന ഒരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീര്‍, ഭരണപാര്‍ട്ടിയായ ബി ജെ പിയുടെ ഇന്ത്യയെ ഹിന്ദുവത്കരിക്കുക എന്ന അടിസ്ഥാന ലക്ഷ്യത്തിന്റെ ഇരയായിരിക്കുകയാണ്.