2031ല്‍ രാജ്യാന്തര ബഹിരാകാശ നിലയം തിരിച്ചിറക്കും
പ്രായമേറുന്നതിനാല്‍ രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) 2031 ല്‍ തിരിച്ചിറക്കുമെന്ന് നാസ മേധാവി ബില്‍ നെല്‍സണ്‍ പറഞ്ഞു. ഭ്രമണപഥത്തില്‍ നിന്ന് തിരിച്ചറിക്കുന്നതിനായുള്ള പ്രത്യേക ബഹിരാകാശവാഹനം നാസ ഇക്കൊല്ലം വികസിപ്പിക്കാന്‍ തുടങ്ങും. 1998 ല്‍ റഷ്യയുടെ പ്രോട്ടോണ്‍ റോക്കറ്റാണ് സ്‌പേസ് സ്റ്റേഷന്‍ നിര്‍മാണത്തിനുള്ള ആദ്യ മൊഡ്യൂള്‍ ബഹിരാകാശത്തെത്തിച്ചത്. ഐഎസ്എസ് തിരിച്ചിറക്കിയ ശേഷം ബഹിരാകാശത്ത് യുഎസ് വാണിജ്യ ബഹിരാകാശ സ്റ്റേഷനുകള്‍ ആരംഭിക്കും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവരുമ്പോള്‍ ബഹിരാകാശനിലയത്തിന്റെ വലിയൊരു പങ്കും കത്തിയമരുമെങ്കിലും ബാക്കിയുള്ളവ ദക്ഷിണ പസിഫിക് സമുദ്രത്തിലെ ഒരു ഭാഗത്ത് വീഴുന്ന തരത്തിലായിരിക്കും ക്രമീകരണം.