8 Sunday
December 2024
2024 December 8
1446 Joumada II 6

2023: ബാക്കിയാകുന്ന ഓര്‍മകള്‍ പ്രത്യാശയേകുന്ന പുലരികള്‍

എ പി അന്‍ഷിദ്‌


സംഭവബഹുലമായ ഒരു വര്‍ഷം പടിയിറങ്ങുകയാണ്. 2023ന്റെ അസ്തമയം ബാക്കിവെക്കുന്നത് കുറേ ഓര്‍മകളാണ്. 2024ന്റെ പുലരി കാത്തുവെക്കുന്നതാവട്ടെ കുറേ പ്രതീക്ഷകളും. ഇന്നിന്റെ അനുഭവങ്ങള്‍ നാളെയുടെ കരുത്തും ഊര്‍ജവുമാണ്. അതുകൊണ്ടു തന്നെ പിന്നിട്ട കാലത്തെ ഓരോ സംഭവങ്ങള്‍ക്കും വരാനിരിക്കുന്ന നാളെയിലേക്ക് ചില ബന്ധങ്ങളുണ്ട്. ശുഭപ്രതീക്ഷയാണ് മനുഷ്യനെ നയിക്കുന്നത് എന്ന് പറയാറുണ്ട്. നാളെകളില്‍ ജീവിക്കാനുള്ള ഊര്‍ജം മനുഷ്യന്‍ സമ്പാദിക്കുന്നത് ഈ പ്രതീക്ഷകളില്‍ നിന്നാണ്. നമുക്കു ചുറ്റുമുള്ള ലോകം, നമുക്ക് എത്തിപ്പിടിക്കേണ്ട ഉയരങ്ങള്‍, നേട്ടത്തിന്റെ കൊടുമുടികള്‍, നമുക്കു ചുറ്റുമുള്ള മനുഷ്യരുടെ നന്മ, അവരുടെ വിജയം, അങ്ങനെ പ്രതീക്ഷകള്‍ക്ക് മാനങ്ങള്‍ പലതാണ്.
എങ്കിലും 2023 പടിയിറങ്ങുമ്പോള്‍ പ്രതീക്ഷയേക്കാള്‍ ഒരുപിടി മുന്നില്‍ നില്‍ക്കുന്നത് നോവാണെന്ന് പറയാതെ വയ്യ. ഗസ്സ അതില്‍ ഏറ്റവും വലുതാണ്. രണ്ടു മാസത്തിലധികമായി ഒരു ജനതയെ മുച്ചൂടും കൂട്ടക്കുരുതി നടത്തിക്കൊണ്ടിരിക്കുന്ന സയണിസ്റ്റ് ക്രൂരതക്ക് പുതുപുലരിയിലെങ്കിലും അറുതി വന്നെങ്കിലെന്ന പ്രാര്‍ഥനകളാണ് ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഹൃദയങ്ങളില്‍. ഗസ്സയില്‍ ഇസ്രായേലിന്റെ ബോംബര്‍ വിമാനങ്ങള്‍ തീ തുപ്പാന്‍ ഇനി ഒരിടവും ബാക്കിയില്ല. മാനവരാശിക്കെതിരായ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ടുള്ള യുദ്ധ പ്രഖ്യാപനമാണ് ഇസ്രായേലിന്റേത്. അതിരു കടന്നെന്ന് പശ്ചാത്യ രാജ്യങ്ങള്‍ പോലും തുറന്നു പറയുമ്പോഴും നെതന്യാഹുവിന് ആര് മണി കെട്ടും എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. മണിപ്പൂര്‍ 2023ന്റെ മറ്റൊരു നൊമ്പരമാണ്. തീരാ നൊമ്പരം.
ഒരു സംവത്സരം പടിയിറങ്ങിപ്പോകുമ്പോള്‍ അത് ബാക്കി വെക്കുന്ന നൊമ്പരങ്ങള്‍ എന്തെല്ലാം, വരാനിരിക്കുന്ന പുതുപുലരി കാത്തുവെക്കുന്ന പ്രതീക്ഷകള്‍ എന്തെല്ലാം എന്ന അന്വേഷണത്തിന്റെ ഒരു ഓട്ടപ്രദക്ഷിണമാണിവിടെ.
തോറ്റുപോയ
മൊസാദും
മരണം വിഴുങ്ങി
ഗസ്സയും

ഈ കുറിപ്പെഴുതുമ്പോള്‍ ഗസ്സയില്‍ കൊല്ലപ്പെട്ട നിഷ്‌കളങ്കരായ മനുഷ്യരുടെ എണ്ണം ഔദ്യോഗിക കണക്കുകള്‍ പ്രകാരം 20,000 കഴിഞ്ഞിട്ടുണ്ട്. അനൗദ്യോഗിക കണക്കുകളില്‍ ഇതിന്റെ എത്രയോ അധികമാണ്. ഒക്ടോബര്‍ ഏഴിന്റെ പുലരി ഇസ്രായേലിനു മുഖമടച്ചു കിട്ടിയ അടിയായിരുന്നു. കേളികേട്ട അയണ്‍ ഡോം പ്രതിരോധ സംവിധാനത്തെ നിഷ്പ്രഭമാക്കിയാണ് ഇസ്രാഈലിനു നേരെ ഹമാസ് മിസൈല്‍ ആക്രമണത്തിന്റെ കെട്ടഴിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുമ്പെ കരയിലുടെയും കടലിലൂടെയും ആകാശത്തുകൂടെയും ഹമാസ് പോരാളികള്‍ കടന്നുകയറി ഇസ്രായേലിനുമേല്‍ പരമാവധി പ്രഹരം സമ്മാനിച്ച ശേഷം ഗസ്സയിലേക്ക് ഉള്‍വലിഞ്ഞു. ഒപ്പം കിട്ടാവുന്നത്ര ഇസ്രായേലികളെ ബന്ദികളാക്കുകയും ചെയ്തു.
അന്നു തുടങ്ങിയതാണ് ഗസ്സയിലെ ഇസ്രായേലി ബോംബര്‍ വിമാനങ്ങളുടെ തീതുപ്പല്‍. രണ്ടു മാസത്തിലധികമായി തുടരുന്ന സൈനിക നടപടിയില്‍ ഒരു ബന്ദിയെ പോലും ഇതുവരെ ഇസ്രായേലിന് സൈനിക നടപടികളിലൂടെ മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. രക്ഷപ്പെട്ടവരത്രയും ഇസ്രായേല്‍ – ഹമാസ് താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ടവര്‍ മാത്രമാണ്. അതുകൊണ്ടുതന്നെ സ്വന്തം രാജ്യത്തു നിന്നുതന്നെ നെതന്യാഹുവിന്റെ രാജിക്കു വേണ്ടിയുള്ള സമ്മര്‍ദ്ദം ഏറെയാണ്. ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാന്‍ ആഗോള സമ്മര്‍ദം വേറെയും. ഏകാധിപതിയെപ്പോലെ വാണ നെതന്യാഹു തോറ്റുപോയ ഭരണാധികാരിയായി ചരിത്രത്തിന്റെ ചതുപ്പുകളിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുമോ എന്നത് 2024ല്‍ അറിയാം. ഒപ്പം ഖുദുസിന്റെ മണ്ണിലും ആകാശത്തും ഫലസ്തീന്‍ വിമോചനത്തിന്റെ കൊടിക്കൂറ പാറിപ്പറക്കുന്ന പ്രത്യാശയുടെ നാളുകള്‍ പുലരുമോ എന്നും.
കനലിനു മുകളില്‍
മണിപ്പൂര്‍


ഇന്ത്യയുടെ വടക്കുകിഴക്ക് ദേശത്ത് ഏകദേശം 34 ലക്ഷം മാത്രം ജനസംഖ്യയുള്ള സംസ്ഥാനമായ മണിപ്പൂര്‍ പതിറ്റാണ്ടുകളായി ജീവിക്കുന്നത് വംശീയ ശത്രുതയുടെ കനലിനു മുകളിലാണ്. മെയ്‌തേയ്, കുക്കി, നാഗ എന്നീ വംശങ്ങളില്‍പ്പെട്ടവരാണ് ബഹുഭൂരിപക്ഷവും. ഹിന്ദു വിഭാഗത്തില്‍പ്പെട്ട മെയ്‌തേയ്കളാണ് പ്രബലര്‍. അവര്‍ മൊത്തം ജനസംഖ്യയുടെ 53 ശതമാനം വരും. സംസ്ഥാന വിസ്തൃതിയുടെ 10 ശതമാനം ഉള്‍ക്കൊള്ളുന്നതും മണിപ്പൂരിന്റെ തലസ്ഥാനവുമായ ഇംഫാലിലെ താഴ്‌വരകളിലാണ് മെയ്‌തേയ്കള്‍ വസിക്കുന്നത്. കുക്കികളും നാഗകളും പ്രധാനമായും ക്രിസ്ത്യന്‍ മതവിശ്വാസികളാണ്. മലയോര മേഖലകളാണ് ഇവരുടെ തട്ടകം. കുക്കികള്‍ ഷെഡ്യൂള്‍ഡ് ട്രൈബ് വിഭാഗത്തില്‍പ്പെട്ടവരാണ്. മ്യാന്മറിലെ ചിന്‍ ഗോത്രവിഭാഗങ്ങളുമായി പാരമ്പര്യബന്ധം പുലര്‍ത്തുന്നവര്‍ കൂടിയാണ് കുക്കികള്‍.
മെയ്‌തേയ് വിഭാഗക്കാര്‍ക്ക് പട്ടിക ജാതി പദവി നല്‍കാനുള്ള ബി ജെ പി സര്‍ക്കാറിന്റെ തീരുമാനമാണ് ഏറ്റവുമൊടുവില്‍ മണിപ്പൂരിനെ കലാപ കലുഷിതമാക്കിയത്. ഇതിനെതിരെ കുക്കി വിദ്യാര്‍ഥി സംഘടനകള്‍ പ്രഖ്യാപിച്ച പ്രതിഷേധ മാര്‍ച്ചില്‍ നിന്നാണ് കലാപത്തിന്റെ തീപ്പൊരി ആദ്യം ഉയരുന്നത്. പിന്നീട് കാര്യങ്ങള്‍ കൈവിട്ടു പോകുന്നതാണ് കണ്ടത്. 150-ലധികം പേര്‍ കൊല്ലപ്പെടുകയും 54,000 പേര്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തതാണ് കലാപത്തിന്റെ ബാക്കി പത്രം. പെണ്ണിന്റെ മാനം പോലും ആയുധമാക്കപ്പെട്ട, രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കറുത്ത നാളുകളിലൂടെയാണ് മണിപ്പൂര്‍ കന്നു പോയത്. ഇന്റര്‍നെറ്റ് നിരോധിച്ചും പുറത്തുനിന്നുള്ളവര്‍ എത്തുന്നത് തടഞ്ഞും എല്ലാം ഇരുമ്പുമുറയ്ക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍. നിലവില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെങ്കിലും അതൊരു താല്‍ക്കാലിക ശാന്തി മാത്രമാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.

ഗുജറാത്ത് കലാപവും ബി ബി സി
ഡോക്യുമെന്ററിയും

ഗുജറാത്ത് കലാപത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് തുറന്നു കാട്ടി ബി ബി സി ഡോക്യുമെന്ററിയും ബ്രിട്ടീഷ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടും പുറത്തുവന്നു. ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന പേരിലാണ് ബി ബി സി ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക് ചര്‍ച്ചയാക്കുന്ന ഡോക്യുമെന്ററിയുമായി രംഗത്തെത്തിയത്. രണ്ടു ഭാഗങ്ങളായാണ് ഡോക്യുമെന്ററി ബി ബി സി സംപ്രേഷണം ചെയ്തത്. ആദ്യ ഭാഗം പുറത്തുവന്നതിനു പിന്നാലെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടു. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ പൊതു ഇടങ്ങളില്‍ സ്‌ക്രീന്‍ വച്ച് വരെ പ്രദര്‍ശിപ്പിക്കപ്പെട്ടു. കലാപം ആസൂത്രിതമെന്ന് തെളിയിക്കുന്നതായിരുന്നു ബ്രിട്ടന്റെ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നത്. മോദി സര്‍ക്കാറിന് കനത്ത തിരിച്ചടിയായിരുന്നു ബ്രിട്ടന്റെയും ബി ബി സിയുടേയും നീക്കങ്ങള്‍.
ഡോക്യുമെന്ററി പരമ്പര പുറത്തു വിട്ടതിനു പിന്നാലെ ബി ബി സി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഫെബ്രുവരി 14നാണ് ബി ബി സിയുടെ മുംബൈയിലേയും ഡല്‍ഹിയിലേയും ഓഫീസുകളില്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. മാധ്യമ പ്രവര്‍ത്തകരുടേതടക്കം ഫോണുകളും ലാപ് ടോപ്പുകളും പിടിച്ചെടുത്ത് നടത്തിയ പരിശോധന അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇന്ത്യയുടെ യശസ്സിന് കളങ്കം തീര്‍ക്കുന്നതായിരുന്നു.
തുര്‍ക്കിയിലും
സിറിയയിലും ഭൂകമ്പം

തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയുടെ വടക്കന്‍ ഭാഗത്തുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ 20,000ത്തിലേറെ മരണം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനൊപ്പം 7.5, 6.7 തീവ്രത രേഖപ്പെടുത്തിയ രണ്ടു ഭൂകമ്പങ്ങളും 120 ചെറു ചലനങ്ങളുമുണ്ടായതോടെ ഒരു പ്രദേശമൊന്നാകെ കുടഞ്ഞെറിയപ്പെട്ടു. പതിനായിരങ്ങള്‍ ഭവന രഹിതരായി. തുര്‍ക്കിയില്‍ 16,870 പേരാണ് മരിച്ചത്. 63,000ത്തിലധികം പേര്‍ക്ക് പരുക്കേറ്റു. സിറിയയില്‍ 3,162 പേര്‍ മരിച്ചു. 5,000ത്തിലധികം പേര്‍ക്ക് പരിക്കേറ്റു.
ബ്രഹ്മപുരത്തെ
തീയും പുകയും

മാര്‍ച്ച് ആദ്യ വാരമാണ് കൊച്ചി നഗരത്തെ വിഷപ്പുകയില്‍ മുക്കി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തമുണ്ടായത്. കുന്നുകണക്കെ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചതും ഇതേതുടര്‍ന്നുള്ള പുക കൊച്ചി നഗരത്തെയാകെ ശ്വാസം മുട്ടിച്ചതും മലയാളിക്ക് അന്നുവരെയില്ലാത്ത അനുഭവമായിരുന്നു. ആഞ്ഞുവീശിയ കാറ്റില്‍ പുക നഗരത്തെയൊന്നാകെ മൂടാന്‍ ഇടയാക്കുകയും ചെയ്തു. ഇത് ഗുരുതര ആരോഗ്യ, പരിസ്ഥിതി പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്. ദിവസങ്ങളോളം എടുത്താണ് തീയണച്ചത്. തീയണക്കാനായി മാലിന്യത്തിലേക്ക് പമ്പുചെയ്തിറക്കിയ ആയിരക്കണക്കിന് ടണ്‍ വെള്ളം പ്രദേശത്തെ ശുദ്ധജല സ്രോതസ്സുകളെ ഒന്നാകെ മലിനമാക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
രാഹുല്‍ ഗാന്ധി
അയോഗ്യന്‍,
പിന്നെ യോഗ്യന്‍

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വത്തില്‍ നിന്നുള്ള അയോഗ്യതയിലേക്ക് നയിച്ച ഗുജറാത്ത് കോടതി വിധി പുറത്തുവന്നത് മാര്‍ച്ച് 23നാണ്. പ്രധാനമന്ത്രിക്കെതിരായ ‘മോദി കള്ളന്മാര്‍’ പരാമര്‍ശം മോദി സമുദായത്തെ ഒന്നാകെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന വാദം അംഗീകരിച്ചാണ് കോടതി രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. കേസില്‍ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സാവകാശം നല്‍കിയ കോടതി, അതുവരെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചുകൊണ്ടായിരുന്നു ഉത്തരവിട്ടത്.
എന്നാല്‍ അപ്പീല്‍ നല്‍കാന്‍ കോടതി 30 ദിവസത്തെ സാവകാശം നല്‍കിയതു പോലും പരിഗണിക്കാതെ അടുത്ത ദിവസം തന്നെ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം ലോക്‌സഭാ സെക്രട്ടറിയേറ്റ് റദ്ദാക്കി. ശിക്ഷാ വിധി പിന്നീട് ജില്ലാ കോടതിയും ഹൈക്കോടതിയും ശരിവച്ചെങ്കിലും സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധി എം പി സ്ഥാനത്ത് തിരിച്ചെത്തുന്നതിനും 2023 തന്നെ സാക്ഷിയായി. ഓഗസ്റ്റ് നാലിനാണ് ശിക്ഷ സുപ്രീകോടതി സ്റ്റേ ചെയ്തത്.
അതീഖ് വധം,
ഏറ്റുമുട്ടല്‍


ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുന്‍ എം പി അതീഖ് അഹമ്മദിനേയും സഹോദരന്‍ അഷ്റഫ് അഹമ്മദിനേയും പൊലീസ് കസ്റ്റഡിയില്‍ വെച്ച് വെടിവെച്ച് കൊല്ലുകയുണ്ടായി. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ആ കൊലപാതകം. പൊലീസ് കസ്റ്റഡിയിലുള്ള ആളുകളുടെ നീക്കങ്ങള്‍ പ്രതികള്‍ മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു എന്നും പൊലീസ് വിവരങ്ങള്‍ ചോര്‍ത്തിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വലിയ കോലാഹലങ്ങള്‍ ഇതിനെത്തുടര്‍ന്ന് രൂപപ്പെട്ടിരുന്നു.
കേരള സ്റ്റോറി
എന്ന നുണബോംബ്

ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ സാംസ്‌കാരിക പരിസരത്തെ വിഷലിപ്തമാക്കിയ നുണബോംബ് ആയ ‘കേരള സ്റ്റോറി’ സിനിമയുടെ റിലീസിന് വേദിയായതും 2023 ആയിരുന്നു. കേരളത്തിലെ 32,000 യുവതികളെ മതം മാറ്റി ഐ എസില്‍ ചേര്‍ത്തുവെന്ന അവകാശവാദവുമായി അണിയറ പ്രവര്‍ത്തകര്‍ തൊടുത്തുവിട്ട സിനിമയുടെ ട്രെയ്‌ലര്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് തിരി കൊളുത്തിയത്. ഒടുവില്‍ കോടതിക്കു മുന്നില്‍ വരെ വിഷയം എത്തിയതോടെ 32,000 എന്നത് വെറും മൂന്ന് ആക്കി തിരുത്തിയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വരെ ഹര്‍ജി എത്തിയെങ്കിലും വിധി അനുകൂലമായിരുന്നില്ല. കേരളത്തില്‍ ലവ് ജിഹാദ് നുണബോംബിട്ട ബി ജെ പിയുടെയും സംഘ് പരിവാര്‍ കേന്ദ്രങ്ങളുടേയും മറ്റൊരു കൊണ്ടുപിടിച്ച പ്രചാരണമായിരുന്നു കേരള സ്റ്റോറിയും.
താനൂരിനെ
കണ്ണീര്‍ കടലാക്കിയ ബോട്ടു ദുരന്തം

താനൂര്‍ ഒട്ടമ്പുറം അഴിമുഖത്ത് തൂവല്‍തീരത്ത് വിനോദയാത്രബോട്ട് മറിഞ്ഞ് വന്‍ ദുരന്തത്തിന് സാക്ഷിയായതും 2023 ആയിരുന്നു. മെയ് ഏഴിന് രാത്രി 7.30ഓടെയായിരുന്നു ദുരന്തം. 40-ലേറെ പേരുമായി തൂവല്‍തീരത്ത് ഉല്ലാസയാത്ര നടത്തിയ ബോട്ടാണ് തലകീഴായി മറിഞ്ഞത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ മരണക്കയത്തിലേക്ക് ആണ്ടുപോയപ്പോള്‍ കണ്ടുനിന്നവര്‍ക്കും കൂടിനിന്നവര്‍ക്കുമെല്ലാം ആദ്യം നിലവിളിക്കാനല്ലാതെ ഒന്നിനും കഴിയുമായിരുന്നില്ല. മത്സ്യത്തൊഴിലാളികളും പൊലീസും നാട്ടുകാരും കൈമെയ് മറന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് പലരേയും ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. 15 കുട്ടികളും അഞ്ച് സ്ത്രീകളും ഉള്‍പ്പെടെ 22 പേരാണ് ദുരന്തത്തില്‍ മരിച്ചത്.
ആശുപത്രി മുറിയില്‍ പൊലിഞ്ഞ ഡോ. വന്ദന
പൊലീസ് ചികിത്സക്കെത്തിച്ച യുവാവിന്റെ കുത്തേറ്റ് യുവ വനിതാ ഡോക്ടര്‍ക്ക് ജീവന്‍ വെടിയേണ്ടി വന്നതും 2023ന്റെ മറ്റൊരു നോവേറിയ കാഴ്ചയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ മെയ് 10ന് പുലര്‍ച്ചെയാണ് ഡോ. വന്ദനദാസിന് ദാരുണ മരണത്തിന് ഇരയാകേണ്ടി വന്നത്. കാലിലെ മുറിവ് ഡ്രസ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് പ്രതി എസ് സന്ദീപ് ഡോക്ടറെ ചവിട്ടി വീഴ്ത്തുകയും സര്‍ജിക്കല്‍ ഉപകരണം ഉപയോഗിച്ച് മാരകമായി കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തത്.
ജനാധിപത്യം പുതിയ
പാര്‍ലമെന്റിലേക്ക്

മുക്കാല്‍ നൂറ്റാണ്ടായി സ്വതന്ത്ര ഇന്ത്യയുടെ നിയമ നിര്‍മാണങ്ങള്‍ക്ക് വേദിയായ പഴയ പാര്‍ലമെന്റ് മന്ദിരത്തിനു പകരം പണിത പുതിയ പാര്‍ലമെന്റ് മന്ദിരം തുറന്നതും 2023 ലായിരുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടന്ന ഉദ്ഘാടന ചടങ്ങ് പൂര്‍ണമായും ഹിന്ദുത്വ പട്ടാഭിഷേകത്തിന്റെ വേദിയാക്കി മാറ്റുന്നതിനും രാജ്യം സാക്ഷിയായി. ഒരു മതത്തിന്റെ മാത്രം ആചാരാനുഷ്ഠാനങ്ങളില്‍ ഊന്നിയായിരുന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി സഭയിലെത്തിയതു പോലും ഹിന്ദു സന്യാസി സമൂഹത്തിന്റെ അകമ്പടിയില്‍ സര്‍വ പ്രോട്ടോകോള്‍ നടപടികളും ലംഘിച്ച്. സവര്‍ക്കറുടെ ജന്മദിനം തന്നെ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തതും വലിയ വിവാദമായിരുന്നു.
ഗംഗയിലലിയാതെ
പോയ മെഡലുകള്‍


കായിക മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ ഒരുപറ്റം ഗുസ്തി താരങ്ങള്‍ ഡല്‍ഹിയുടെ തെരുവുകളില്‍ സമരത്തിന് കാഹളം മുഴക്കിയ കാലം കൂടിയായിരുന്നു 2023. വേട്ടയാടിയും മര്‍ദിച്ചും തോല്‍പ്പിക്കാന്‍ ശ്രമിച്ച സമരത്തെ ചെറുത്ത ഒരുപറ്റം കായിക താരങ്ങള്‍ ഒടുവില്‍ ഗംഗയുടെ ആഴങ്ങളില്‍ ഒരുപിടി കണ്ണീരായി തങ്ങളുടെ ജീവിത സമ്പാദ്യമായ മെഡലുകള്‍ എറിയുന്നതിന്റെ വക്കിലേക്ക് വരെ കാര്യങ്ങള്‍ എത്തി. കര്‍ഷക സംഘടനകളുടെ ഇടപെടലിലൂടെയായിരുന്നു താരങ്ങള്‍ പിന്മാറിയത്. ഇന്ത്യയുടെ ഗുസ്തി ഫെഡറേഷനുകളില്‍ കിരീടം വെക്കാത്ത രാജാവായി വിലസിയ ബി ജെ പി എം പി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഒടുവില്‍ ആ സമര തീച്ചൂളകള്‍ക്കു മുന്നില്‍ തന്റെ പദവി ഉപേക്ഷിക്കേണ്ടി വന്നതും 2023ന്റെ സാക്ഷ്യം. എന്നാല്‍ പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷന്റെ ശിങ്കിടികള്‍ തന്നെയാണ് അധികാര കേന്ദ്രങ്ങളിലെത്തിയത്. ഇതോടെ ഗുസ്തി താരം സാക്ഷി മാലിക് ഗുസ്തി നിര്‍ത്തി വേദി വിട്ടതിനും 2023 ന്റെ അവസാനം സാക്ഷിയായി.
ചന്ദ്രനോളം
അഭിമാനത്തില്‍
ചാന്ദ്രയാന്‍


ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ ചാന്ദ്രയാന്‍-3 ദൗത്യം മറ്റൊരു നാഴികക്കല്ല് തീര്‍ത്ത വര്‍ഷമാണ് കടന്നുപോകുന്നത്. 2023 ജൂലായ് 14. ലോകം അതുവരെ കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ നിഗൂഢതകള്‍ തേടിയുള്ള ഇന്ത്യയുടെ സഞ്ചാരം ലോകത്തിനു മുന്നില്‍ ചന്ദ്രനോളം തന്നെ അഭിമാനം നേടിക്കൊടുത്ത ഒന്നായിരുന്നു. ഓഗസ്റ്റ് 23നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി സോഫ്റ്റ്‌ലാന്റിങ് നടത്തിയത്. 14 ദിവസമെന്ന ചുരുങ്ങിയ കാലയളവില്‍ ചന്ദ്രോപരിതലത്തെക്കുറിച്ചുള്ള ഒട്ടേറെ വിവരങ്ങളാണ് പേടകം ഭൂമിയിലേക്ക് കൈമാറിയത്. ആദിത്യ എല്‍ വണ്‍ വിക്ഷേപണത്തിലൂടെ സൂര്യ വെളിച്ചത്തിലെ രഹസ്യങ്ങള്‍ തേടി ഇന്ത്യ യായ്രയായതും ഇതേ വര്‍ഷമായിരുന്നു.
ആലുവയുടെ നോവ്, കേരളത്തിന്റെയും
ആലുവയില്‍ ഇതര സംസ്ഥാനക്കാരിയായ അഞ്ചു വയസ്സുകാരി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടതും 2023ലായിരുന്നു. ബീഹാര്‍ സ്വദേശി അഷ്ഫാഖ് ആലം ആണ് വാടകക്ക് താമസിക്കുന്ന ബിഹാറി ദമ്പതികളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മാലിന്യക്കൂമ്പാരത്തില്‍ തള്ളിയത്. 21 മണിക്കൂറിന് ശേഷമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ നവംബര്‍ 14ന് പ്രതി അസ്ഫാഖ് ആലത്തിന് കോടതി തൂക്കുമരം ശിക്ഷ വിധിച്ചിരുന്നു. ആലുവ ചാത്തന്‍പുറത്ത് അതിഥി തൊഴിലാളിയുടെ മകളായ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് വയലില്‍ തള്ളിയ സംഭവം അരങ്ങേറിയത് ആദ്യ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴായിരുന്നു. നാട്ടുകാരുടെ ഇടപെടലിലാണ് കുഞ്ഞിന് ജീവന്‍ തിരിച്ചുകിട്ടിയത്.
കുസാറ്റ് ദുരന്തം
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ചത് നവംബര്‍ 25നായിരുന്നു. 72 പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. പെട്ടെന്നുണ്ടായ മഴ യെത്തുടര്‍ന്ന് പുറത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചതോടെയാണ് തിക്കിനും തിരക്കിനും കളമൊരുങ്ങിയത്.
ഇമ്രാന് ജയില്‍
ശിക്ഷ, അറസ്റ്റ്

തോഷക്കാനാ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിക്കൊണ്ടുള്ള വിചാരണക്കോടതി വിധിക്കു പിന്നാലെ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്തത് ഓഗസ്റ്റ് അഞ്ചിനാണ്. ജനാധിപത്യ അട്ടിമറികള്‍ക്ക് എന്നും കുപ്രസിദ്ധി നേടിയിട്ടുള്ള അയല്‍ രാഷ്ട്രത്തിന്റെ ഭരണ, രാഷ്ട്രീയ സംവിധാനങ്ങളെ അട്ടിമറിച്ച മറ്റൊരു നാടകീയതായിയിരുന്നു അറസ്റ്റ്. തോഷക്കാന കേസില്‍ നേരത്തെ ഇമ്രാന്‍ ഖാനെ ഇസ്‌ലാമാബാദ് പൊലീസ് അറസ്റ്റു ചെയ്‌തെങ്കിലും സുപ്രീംകോടതി ഇടപെട്ട് മോചിപ്പിച്ചിരുന്നു.
പാര്‍ലമെന്റിലെ
പുകയാക്രമണവും
പുക മൂടുന്ന
ജനാധിപത്യവും

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സുരക്ഷയുള്ള സ്ഥലം എവിടെ എന്ന ചോദ്യത്തിന് ആദ്യം മനസ്സില്‍ വരുന്ന ഉത്തരമായിരിക്കും പാര്‍ലമെന്റ് മന്ദിരം. കാരണം ഇന്ത്യയില്‍ മാത്രമല്ല, ഏതൊരു രാജ്യത്തും രാജ്യാഭിമാനത്തിന്റെ വിളക്കുമാടമാണ് നിയമ നിര്‍മാണ സഭ. അതിനേല്‍ക്കുന്ന ഏതു ക്ഷതവും രാജ്യത്തിന്റെ അന്തസ്സിനേല്‍ക്കുന്ന ക്ഷതം കൂടിയാണ്. ആ പാര്‍ലമെന്റ് മന്ദിരത്തിലാണ് ഡിസംബര്‍ 13ന് അതി ഗുരുതരമായ സുരക്ഷാ വീഴ്ചക്ക് കളമൊരുക്കി അകത്തും പുറത്തും ഒരേ സമയം പുകയാക്രമണം നടന്നത്. അതും 22 വര്‍ഷം മുമ്പ് നടന്ന മറ്റൊരു പാര്‍ലമെന്റ് ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍. 22 വര്‍ഷം കൊണ്ട് നാം എന്തു പഠിച്ചു എന്ന ചോദ്യത്തിന് ഒന്നും പഠിച്ചില്ലെന്ന് അവിടെ നിന്നു തന്നെ ഉത്തരംകിട്ടും. അത്രമേല്‍ ദുര്‍ബലമാണ് നമ്മുടെ പാര്‍ലമെന്റിന്റെ സുരക്ഷ എന്നാണ് സംഭവം തെളിയിക്കുന്നത്. എന്തുകൊണ്ട് ഇത്തരമൊരു സുരക്ഷാ വീഴ്ചയുണ്ടായി, പാളിച്ച പറ്റിയത് ആര്‍ക്ക്, അവര്‍ക്കെതിരെ എന്ത് നടപടി എടുത്തു, ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ പറ്റാതിരിക്കാന്‍ എന്ത് നടപടിയെടുത്തു എന്നീ കാര്യങ്ങളില്‍ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കുക എന്നത് ഒരു ജനാധിപത്യ രാജ്യത്തില്‍ ഭരണകൂടത്തെ സംബന്ധിച്ച് നിര്‍ബന്ധിത ബാധ്യതയാണ്.
അതുണ്ടായില്ലെന്ന് മാത്രമല്ല, ഇക്കാര്യത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ന്യായമായ ആവശ്യങ്ങളെ കൂട്ട സസ്‌പെന്‍ഷന്‍ എന്ന മാരകായുധം പ്രയോഗിച്ച് ജനാധിപത്യം തന്നെ അട്ടിമറിക്കപ്പെടുന്നതാണ് പിന്നീട് കണ്ടത്. 146 പ്രതിപക്ഷ എം പിമാരെ ഒരു സെഷനില്‍ സസ്‌പെന്റു ചെയ്യുക എന്ന റെക്കോര്‍ഡ് ആണ് മോദി സര്‍ക്കാര്‍ സൃഷ്ടിച്ചത്. പ്രതിപക്ഷത്തെ പുറത്തു നിര്‍ത്തിയ രണ്ടു ദിവസം കൊണ്ട് ഇഴ കീറി പരിശോധിക്കേണ്ട മൂന്ന് നിയമങ്ങളാണ് ഒരു വിയോജനക്കുറിപ്പിനു പോലും അവസരം നല്‍കാതെ മോദി സര്‍ക്കാര്‍ ചുട്ടെടുത്തത് എന്നത് അതിനേക്കാള്‍ ഗൗരവതരമാണ്. പുകയാക്രമണം നടന്നത് പാര്‍ലമെന്റിലാണെങ്കിലും പുക മൂടുന്നത് ജനാധിപത്യത്തിനു മുകളിലാണെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. നിയമ നിര്‍മാണ സഭയേയും അതിലെ അംഗങ്ങളേയും അക്ഷരാര്‍ഥത്തില്‍ നോക്കുകുത്തിയാക്കി എക്‌സിക്യൂട്ടീവ് രാജിന് കളമൊരുക്കുന്ന ഭീതിതമായ കാഴ്ചയാണ് 2023 അവസാനം സ്വതന്ത്ര ഇന്ത്യയില്‍ ബാക്കിവെക്കുന്നത്.

അഭിഗേല്‍
തിരോധാനം

കേരള പൊലീസിനെ വട്ടംകറക്കിയ അഭിഗേല്‍ തിരോധാനത്തിന് ഒടുവില്‍ ശുഭപര്യവസാനം കണ്ടെത്തിയത് 2023 നവംബറിന്റെ അവസാനമായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിനിടെയാണ് തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞത്. ഒരു കുടുംബത്തിലെ മൂന്നുപേരെ സംഭവത്തില്‍ അറസ്റ്റു ചെയ്തു.
സില്‍ക്യാരയില്‍
തുറന്ന രക്ഷാകവാടം

ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ 16 ദിവസം ജീവിതത്തിനും മരണത്തിനും ഇടയില്‍ കുടുങ്ങിപ്പോയ 41 മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് 2023 നവംബര്‍ 28നായിരുന്നു. നവംബര്‍ 12നാണ് തുരങ്ക നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് 40 തൊഴിലാളികളും സൂപ്പര്‍വൈസറും ടണലിനകത്ത് കുടുങ്ങിയത്. അത്യാധുനിക യന്ത്രസാമഗ്രികള്‍ തോറ്റ് പിന്മാറിയ സ്ഥലത്ത് മേഘാലയയിലെ കല്‍ക്കരി ഖനികളില്‍ എലിമടകള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധരായ ഒരു പറ്റം മനുഷ്യരാണ് പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് 41 പേരെയും തിരിച്ചെത്തിച്ചത്.
മഹുവ മൊയ്ത്ര
സഭക്ക് പുറത്ത്


ബി ജെ പിയുടേയും അദാനിയുടേയും മുഖ്യ വിമര്‍ശകയായ തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്നു പുറത്താക്കുകയുണ്ടായി. ചോദ്യത്തിന് കോഴ ആരോപണത്തിലാണ് നടപടി. പരാതി അന്വേഷിച്ച പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ചയ്ക്ക് വച്ചശേഷം ശബ്ദ വോട്ടോടെ പാസാക്കിയാണ് പുറത്താക്കല്‍ നടപടി.

നടന്നുതീര്‍ത്ത ഭാരത് ജോഡോ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്ര 136 ദിവസം കൊണ്ട് 4080 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് കശ്മീരില്‍ സമാപിച്ചു. യാത്രക്ക് സമാപനം കുറിച്ച് ശ്രീ നഗറിലെ ലാല്‍ചൗക്കില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തി. 2022 സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 75 ജില്ലകളിലൂടെ കടന്നാണ് കശ്മീരില്‍ സമാപിച്ചത്. കോണ്‍ഗ്രസിന്റെ താഴെ തട്ടിലുള്ള സംഘടനാ സംവിധാനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിലും പില്‍ക്കാലത്ത് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേടിയ ചരിത്ര വിജയത്തിനും വിത്തുപാകിയതായിരുന്നു ജോഡോ യാത്ര.

നരോദാ ഗാം കൂട്ടക്കൊല
69 പ്രതികളെയും വെറുതെവിട്ടു

2002-ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന നരോദാ ഗാം കൂട്ടക്കൊലക്കേസില്‍ 69 പ്രതികളേയും പ്രത്യേക കോടതി വെറുതെ വിടുകയുണ്ടായി. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ബി ജെ പി നേതാവ് മായാ കോട്‌നാനിയും ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗിയും വിശ്വഹിന്ദു പരിഷത്ത് നേതാവ് ജയദീപ് പട്ടേലും നരോദ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി എസ് ഗോഹിലും അടക്കമുള്ളവരെയാണ് പ്രത്യേക കോടതി വെറുതെവിട്ടത്. 2002 ഫെബ്രുവരി 28ന് ഗോധ്ര തീവണ്ടി അപകടത്തിനു പിന്നാലെ ബജ്‌റംഗ്ദള്‍ ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുസംഘടനകള്‍ പ്രഖ്യാപിച്ച ബന്ദിനിടെയാണ് നരോദഗാമില്‍ കൂട്ടക്കൊല അരങ്ങേറിയത്. 11 മുസ്‌ലിംകളെയാണ് അക്രമികള്‍ കൂട്ടക്കൊല ചെയ്തത്. 86 പേരായിരുന്നു പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 18 പേര്‍ വിചാരണ വേളയില്‍ മരിച്ചു. ബാക്കി പ്രതികളെയാണ് വിട്ടയച്ചത്.

കൈ പിടിച്ച കര്‍ണാടകയും
തെലങ്കാനയും


കോണ്‍ഗ്രസിന്റെ സമീപകാല തിരഞ്ഞെടുപ്പ് ചരിത്രങ്ങളിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നിന് സാക്ഷിയായതും 2023 ആയിരുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 224 സീറ്റില്‍ 137 മണ്ഡലവും ജയിച്ചടക്കിയായിരുന്നു ചരിത്ര വിജയം. ബി ജെ പി 65 സീറ്റില്‍ ഒതുങ്ങി. തൂക്കുസഭയില്‍ കിങ്‌മേക്കറാകാന്‍ സ്വപ്‌നംകണ്ട എച്ച് ഡി കുമാരസ്വാമി എട്ടു നിലയില്‍ പൊട്ടുന്നതിനും തിരഞ്ഞെടുപ്പ് സാക്ഷിയായി. തെലങ്കാനയിലും ഈ വിജയം കോണ്‍ഗ്രസിന് ആവര്‍ത്തിക്കാനായി. സംസ്ഥാന വിഭജനത്തിനു ശേഷം ആദ്യമായാണ് തെലങ്കാനയില്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാറിന്റെ വരവിന് കളമൊരുങ്ങിയത്. അതേസമയം ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു ഇത്. കോണ്‍ഗ്രസിന് കൈയിലുണ്ടായിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും നഷ്ടമായി.

കോടതി വിധികള്‍, നിരീക്ഷണങ്ങള്‍

പണി മുടക്കിയാല്‍ കൂലിയില്ല
പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിനു അര്‍ഹതയില്ലെന്നു കേരള ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായി. പണിമുടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത് പണിമുടക്ക് പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണെന്നായിരുന്നു 2022ല്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്കുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കോടതിയുടെ പരാമര്‍ശം.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം
പൊളിച്ചെഴുതി സുപ്രീംകോടതി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയും നിക്ഷ്പക്ഷതയും ഉറപ്പാക്കാന്‍ ഉതകുന്ന അതി നിര്‍ണായക ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം അടക്കമുള്ള നിലവിലെ സംവിധാനങ്ങളെ സമ്പൂര്‍ണമായി പൊളിച്ചെഴുതുന്ന ഉത്തരവാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്. ഇതു പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കേണ്ടത് പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതിയാണ്. സമിതിയുടെ ശിപാര്‍ശ അനുസരിച്ച് രാഷ്ട്രപതിയാണ് നിയമനം നടത്തേണ്ടതെന്നും ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം സുപ്രീംകോടതി വിധി മറികടക്കാനായി കേന്ദ്ര സര്‍ക്കാര്‍ പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന് പാസാക്കി. ഇതുപ്രകാരം സി ഇ സി നിയമന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് പുറത്തായി. പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു ക്യാബിനറ്റ് മന്ത്രിയാണ് സമിതിയിലുണ്ടാവുക. സി ഇ സിക്കു പുറമെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരേയും സമിതിയാണ് നിയോഗിക്കുക. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചെങ്കില്‍ മാത്രമേ നിയമായി പ്രാബല്യത്തില്‍ വരൂ.
വിയോജിപ്പ് കലാപമല്ലെന്ന് കോടതി
വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും അതിനെ കലാപമായി കാണാനാകില്ലെന്നും ഡല്‍ഹിയിലെ സാകേത് കോടതി. പൗരത്വ ഭേദഗതിക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട ജാമിയ മില്ലിയ സംഘര്‍ഷക്കേസില്‍ വിദ്യാര്‍ഥി നേതാവ് ഷര്‍ജീല്‍ ഇമാം ഉള്‍പ്പെടെ 11 പേരെ ഡല്‍ഹി വെറുതെ വിട്ടുകൊണ്ടായിരുന്നു കോടതി നിരീക്ഷണം.
വിദ്വേഷ പ്രസംഗത്തില്‍
പരാതിയില്ലെങ്കിലും കേസെടുക്കാം

വിദ്വേഷ പ്രസംഗത്തില്‍ പരാതികളില്ലെങ്കിലും സ്വമേധയാ കേസെടുക്കാന്‍ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം നല്കുകയുണ്ടായി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പരാതികള്‍ക്കു വേണ്ടി സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ കാത്ത് നില്‍ക്കേണ്ടതില്ല. പ്രാസംഗികന്റെ മതം കേസെടുക്കുന്നതില്‍ പരിഗണന വിഷയമാകേണ്ടതില്ലെന്നും നിര്‍ദേശിച്ചു. കേസെടുക്കുന്നതില്‍ കാലതാമസം വരുത്തിയാല്‍ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും താക്കീത് നല്‍കി.
സ്വവര്‍ഗ വിവാഹത്തിന്
നിയമ സാധുതയില്ല


സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിവാഹം മൗലിക അവകാശമല്ലെന്ന് അഞ്ചംഗ ഭരണഘടനാ ബഞ്ച് ഏകകണ്ഠമായി വിധിച്ചു. കുട്ടികളെ ദത്തെടുക്കാനും സ്വവര്‍ഗ പങ്കാളികള്‍ക്ക് അവകാശമുണ്ടാകില്ല. സ്ത്രീപുരുഷ വിവാഹങ്ങള്‍ക്ക് മാത്രം അംഗീകാരം നല്‍കുന്ന പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ കോടതി വിധിച്ചു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള അധികാരം പാര്‍ലമെന്റിനാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതിക്ക് നിയമമുണ്ടാക്കാന്‍ സാധിക്കില്ല. നിയമത്തെ നിര്‍വചിക്കാനും പിന്തുടരാനും മാത്രമേ സാധിക്കൂവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

Back to Top