13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

2022 മുസ്‌ലിം ലോകത്തെ കലഹവും പരിഷ്‌കരണങ്ങളും

വി കെ ജാബിര്‍

ഭൂതകാലം പഠിക്കാനുള്ള ഇടമാണ്, ജീവിക്കാനുള്ളതല്ലെന്നു പറയാറുണ്ട്. കൊഴിഞ്ഞുപോയ ദിനങ്ങള്‍ ചേറിപ്പെറുക്കിയെടുക്കുമ്പോള്‍ സൂക്ഷിച്ചുവെക്കാനെന്തുണ്ട് എന്നാണ് പരിശോധിക്കേണ്ടത്. ചികഞ്ഞെടുക്കുമ്പോള്‍ ജീവിതത്തോടു ചേര്‍ത്തുവെക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പോയിന്റുകള്‍ കിട്ടും. വാര്‍ത്തകളില്‍ നിറഞ്ഞതും നിറയാതെ പോയതുമായ പലതുമുണ്ടാകും. ഒരു സംഗതിയുടെ ഗൗരവം തീരുമാനിക്കപ്പെടുന്നത് അതെത്രമാത്രം വൈറലായി എന്നതിലാവരുത്. അതിനകത്തെന്തുമാത്രം മാനുഷികതയും മൂല്യവും ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് പ്രധാനം. 2022 ബാക്കിവെച്ച ചില പ്രധാനപ്പെട്ട നിമിഷങ്ങളിലേക്കൊരെത്തിനോട്ടം.
യു എ ഇ-
ഇസ്‌റാഈല്‍ ബന്ധം


യു എ ഇ, ബഹ്‌റയ്ന്‍ എന്നിവയുമായുള്ള ഇസ്‌റാഈല്‍ ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള യു എസ് ഇടനില ഉടമ്പടി അഥവാ അബ്രഹാം ഉടമ്പടിയില്‍ ഒപ്പുവെച്ച് ഏകദേശം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ഉഭയകക്ഷി ബന്ധവും സൗഹൃദവും പല മേഖലകളിലും ഫലം കാണുന്നുണ്ട്. രാഷ്ട്രീയമായി യു എ ഇയെ വിമര്‍ശിക്കുമ്പോഴും സാമ്പത്തിക-നയതന്ത്ര-വ്യാപാര-സാങ്കേതികരംഗത്ത് എമിറേറ്റുകള്‍ നേട്ടം കൈവരിക്കുന്നു എന്നാണ് വിലയിരുത്തല്‍. പ്രതീക്ഷയും വാഗ്ദാനവും പല മേഖലകളിലും ഫലം കണ്ടുകൊണ്ടിരിക്കുന്നു. ജൂതരുമായി മുന്‍കാലങ്ങളില്‍ വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു എന്നതിനാല്‍ ഇസ്‌റാഈലുമായി സൗഹൃദ കൈകോര്‍ക്കലില്‍ എന്താണിത്ര വ്യാകുലപ്പെടാന്‍ എന്നാണ് ശരാശരി യു എ ഇ പൗരന്‍മാര്‍ ചിന്തിക്കുന്നതും പറയുന്നതും. 2020 മെയ് 31-നായിരുന്നു ഇസ്‌റാഈലും ഐക്യ അറബ് എമിറേറ്റും സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ് ടി എ) ഒപ്പുവെച്ചത്.
രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരം ചെയ്യുന്ന മിക്ക ഉല്‍പന്നങ്ങളുടെയും തീരുവ നീക്കം ചെയ്യുന്നതിനാല്‍ വിവിധ മേഖലകളിലെ വ്യാപാരത്തിനും പങ്കാളിത്തത്തിനും കരാര്‍ അര്‍ഥവത്തായ ഉത്തേജനം നല്‍കും. അതിനപ്പുറം ഇറാനിയന്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ അറബ് രാജ്യങ്ങളുമായുള്ള ഇസ്‌റാഈല്‍ സൗഹൃദത്തിന് വലിയ മാനങ്ങളുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു.
ഇസ്‌റാഈല്‍ പ്രധാനമന്ത്രി നഫ്താലി ബെനെറ്റ് യു എ ഇയിലെത്തിയതും വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് സ്വീകരിച്ചതും പോയവര്‍ഷത്തെ എണ്ണപ്പെട്ട സംഭവങ്ങളിലൊന്നാണ്. ആദ്യമായാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ഒരു ഗള്‍ഫ് രാഷ്ട്രം സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് നഫ്തലി ബെനെറ്റ് വ്യക്തമാക്കുകയുണ്ടായി.
ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം ഉടലെടുത്ത പശ്ചാത്തലത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് കൂടിക്കാഴ്ച വിലയിരുത്തപ്പെട്ടത്. ഇരുരാജ്യങ്ങളും യുദ്ധപ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ സംഘര്‍ഷം ഒഴിവാക്കാനുള്ള ശ്രമത്തിന് ചുക്കാന്‍ പിടിക്കുന്നത് യു എ ഇയാണെന്നിരിക്കെ വിശേഷിച്ചും. യു എ ഇ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് നേരത്തെ ഇറാനിലെത്തി പ്രസിഡന്റ് ഇബ്‌റാഹീം റഈസിയെ സന്ദര്‍ശിച്ചതും ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്. നയതന്ത്ര ബന്ധം രൂപപ്പെടുത്തി ഒരു വര്‍ഷമാകുന്ന ഘട്ടത്തിലായിരുന്നു ബെനെറ്റിന്റെ യു എ ഇ സന്ദര്‍ശനം. ഈജിപ്ത്, ജോര്‍ദാന്‍ രാജ്യങ്ങള്‍ക്കു ശേഷം ഇസ്രാഈലുമായി സമ്പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാഷ്ട്രമാണ് യു എ ഇ.
ഇന്ത്യ, ഇസ്‌റാഈല്‍, യു എ ഇ, യു എസ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച പുതിയ സഖ്യത്തിന്റെ ആദ്യ യോഗം ജൂലായില്‍ നടന്നിരുന്നു. ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെയും പുനരുജ്ജീവിപ്പിക്കുന്നതിന്റെയും ബൈഡന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ രാഷ്ട്രസഖ്യം രൂപപ്പെട്ടത്. അബ്രഹാം അക്കോഡിനെ തുടര്‍ന്ന് 2021 ഒക്ടോബറിലാണ് യു എസിന്റെ താല്പര്യാര്‍ഥം ക2ഡ2 എന്നറിയപ്പെടുന്ന സഖ്യം യാഥാര്‍ഥ്യമായത്. പതിറ്റാണ്ടുകളായുള്ള നീക്കങ്ങളെ തുടര്‍ന്ന് അമേരിക്കയുടെ മധ്യസ്ഥതയിലാണ് അറബ്- ഇസ്‌റാ ഈല്‍ സമാധാന ഉടമ്പടി യാഥാര്‍ഥ്യമായത്.
സൗഹൃദാന്തരീക്ഷം പുതിയ സാധ്യതകള്‍ തുറന്നിടുമെന്നും വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകള്‍ മെച്ചപ്പെടുന്നതിനു പുറമെ സംഘര്‍ഷരഹിതമായ ആകാശം രൂപപ്പെടുമെന്നുമാണ് യു എ ഇ കരുതുന്നത്. സംഘര്‍ഷങ്ങളുടെ രാഷ്ട്രീയത്തിനപ്പുറത്ത് സമവായത്തിന്റെയും സമാധാനത്തിന്റെയും പരസ്പര കൈകോര്‍ക്കലിന്റെയും രാഷ്ട്രീയമാണ് യു എ ഇ ഭരണകൂടം ഉയര്‍ത്തുന്നത്. ഏതു നിലയ്ക്കു വ്യാഖ്യാനിച്ചാലും അബ്രഹാം അക്കോഡും പോയ ദിവസങ്ങളില്‍ നടന്ന ഇസ്‌റാഈല്‍ ഭരണാധികാരിയുടെ യു എ ഇ സന്ദര്‍ശനവും ചരിത്രത്തില്‍ രേഖപ്പെടാതെ പോവില്ല.
മുസ്ലിം ലോകം
ഫോക്കസ് ചെയ്യുന്ന
റഷ്യ


ഇസ്ലാമിക് ബാങ്കിംഗ് വികസിപ്പിച്ചെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി രണ്ടാഴ്ച മുമ്പ് റഷ്യന്‍ സ്റ്റേറ്റ് ബാങ്ക് സ്ബെര്‍ബാങ്ക് മുസ്ലിം ഭൂരിപക്ഷ റിപ്പബ്ലിക്കായ തതാരിസ്ഥാന്‍ തലസ്ഥാനമായ കസാനില്‍ ഒരു ശാഖ ആരംഭിക്കുകയുണ്ടായി. പാശ്ചാത്യ ഉപരോധങ്ങള്‍ കാരണം ഇത്തരമൊരു സംരംഭം ആരംഭിക്കാനുള്ള നീക്കത്തില്‍ പാശ്ചാത്യരും ആശ്ചര്യപ്പെടുന്നില്ലെന്നതാണ് വസ്തുത. ഉപരോധത്തില്‍ വലയുന്ന റഷ്യന്‍ സമ്പദ് രംഗത്തിന് ഇസ്ലാമിക് ബാങ്കിംഗും ഫിനാന്‍സും കരുത്തായി മാറുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
സുഊദി അറേബ്യയില്‍ സ്ഥിതി ചെയ്യുന്ന ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് വഴിയും റിപ്പബ്ലിക് ഓഫ് തതാരിസ്ഥാന്‍ വഴിയുള്ള ദുബായ് ഇസ്ലാമിക് ഇക്കോണമി ഡെവലപ്‌മെന്റ് സെന്റര്‍ വഴിയുമാണ് ഇസ്ലാമിക് ബാങ്കിംഗും ധനകാര്യവും വികസിപ്പിച്ചെടുത്തത്. ‘റഷ്യ-ഇസ്ലാമിക് വേള്‍ഡ്: കസാന്‍ ഉച്ചകോടി’ എന്ന തലക്കെട്ടില്‍ വര്‍ഷം തോറും നടക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടി ഇസ്ലാമിക് ബാങ്കിങ്ങിനും ധനകാര്യത്തിനും ഉള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു വേദിയാണ്.
എന്നിരുന്നാലും, സാമ്പത്തിക മേഖലയിലെ ഏറ്റവും പുതിയ സമ്മര്‍ദം പ്രക്രിയ വേഗത്തിലാക്കാന്‍ റഷ്യയെ സഹായിച്ചു. മുസ്ലിം ജനസംഖ്യയുള്ള റഷ്യ ന്‍ ഫെഡറേഷന്റെ നാല് പ്രദേശങ്ങളില്‍ പങ്കാളിക്ക് ധനസഹായം നല്‍കുന്നതിന് ഒരു പരീക്ഷണാത്മക നിയമ വ്യവസ്ഥ അവതരിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്ന സ്റ്റേറ്റ് ഡ്യൂമയ്ക്ക് ഇ സ്ലാമിക് ബാങ്കിംഗിന്റെ വികസനത്തിന്റെ അവലോകനം സമര്‍പ്പിച്ചു. ഈ പരീക്ഷണം അംഗീകരിക്കപ്പെട്ടാല്‍ റഷ്യന്‍ സമ്പ ദ്‌വ്യവസ്ഥ കൂടുതല്‍ കിഴക്കോട്ട് മാറുമെന്നര്‍ത്ഥം. ചൈനയുടെയും ഇന്ത്യയുടെയും കാര്യത്തിലെന്നപോലെ, മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങിയ മോസ്‌കോയുടെ വിദേശ നയങ്ങളുടെ ദിശാബോധത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇസ്ലാമിക ഘടകം എന്ന് വിളിക്കപ്പെടുന്ന മുസ്ലിം ഐഡന്റിറ്റികള്‍ കൂടുതല്‍ സജീവമായി ഉപയോഗിച്ചു.
ഇന്റര്‍നാഷണല്‍ മുസ്ലിം ഫോറം, റഷ്യന്‍ ഫെഡറേഷന്റെ റിലീജിയസ് ബോര്‍ഡ് ഓഫ് മുസ്ലിംസ്, മോസ്‌കോ ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ചേര്‍ന്ന് അടുത്തിടെ സംഘടിപ്പിച്ച പതിനെട്ടാം രാജ്യാന്തര മുസ്ലിം ഫോറവും ഈ ദിശയില്‍ ശ്രദ്ധിക്കപ്പെട്ടു. ‘നീതിയും മിതത്വവും: ലോകക്രമത്തിന്റെ ദൈവിക തത്വങ്ങള്‍’ എന്നായിരുന്നു ഫോറത്തിന്റെ മുദ്രാവാക്യം.
ഫലസ്തീന്‍, ഇറാഖ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മുസ്ലിം ലോകത്തോടുള്ള ‘സാമ്രാജ്യത്വ’ നയങ്ങളെ അങ്ങേയറ്റം വിമര്‍ശിക്കുകയുണ്ടായി. ഈ ചരിത്രാനുഭവം നിലവിലുള്ള ലോകക്രമത്തെ വെല്ലുവിളിക്കും വിധം ഈ രാജ്യങ്ങളെ റഷ്യയുമായി ചിലപ്പോള്‍ സഖ്യത്തിലാക്കിയേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഹിജാബില്‍
അടിയേറ്റ ഇറാന്‍


ഇറാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധത്തിനാണ് ഹിജാബ് വിരുദ്ധ സമരം തിരി കൊളുത്തിയത്. മെഹ്‌സാ അമീനിയെന്ന കുര്‍ദിഷ് വംശജയായ പെണ്‍കുട്ടിയെ ഹിജാബ് ധരിച്ചില്ലെന്ന പേരില്‍ തെഹ്‌റാനില്‍ മതകീയ പൊലീസ് പിടികൂടി മൂന്നാം ദിവസം അവള്‍ കൊല്ലപ്പെട്ടതോടെയാണ് ഇറാന്റെ തെരുവുകളെ സ്ത്രീകള്‍ കയ്യടക്കിയത്. അതിശക്തമായ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന നയമാണ് ഭരണകൂടം സ്വീകരിച്ചുവരുന്നത്. എന്നാല്‍ സമരത്തെ ഇല്ലാതാക്കാനോ വീര്യം കുറയ്ക്കാനോ അതുകൊണ്ടു സാധിച്ചില്ലെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഗൈഡന്‍സ് പട്രോള്‍ എന്ന പേരിലറിയപ്പെട്ട മതകീയ പൊലീസിനെയാണ് പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ ലക്ഷ്യമിട്ട് പിരിച്ചുവിട്ടത്. മഹ്മൂദ് അഹ്മദി നജാദ് ഇറാന്‍ പ്രസിഡന്റായിരിക്കേയാണ് മോറല്‍ പൊലീസ് സേനയ്ക്കു രൂപം നല്‍കിയത്. 1979 ലെ വിപ്ലവാനന്തരമാണ് ഹിജാബ് രാജ്യത്ത് നിയമപരമായി നിര്‍ബന്ധമാക്കപ്പെട്ടത്.
ഹസന്‍ റൂഹാനി പ്രസിഡ ന്റായിരിക്കെ വസ്ത്രധാരണ രീതിയില്‍ കര്‍ശന നിലപാടിന് അയവുവരുത്തിയിരുന്നു. എന്നാല്‍ യാഥാസ്ഥിതികനായി അറിയപ്പെടുന്ന ഇബ്‌റാഹിം റഈസി പ്രസിഡന്റായതിനെ തുടര്‍ന്നാണ് തലമറയ്ക്കുന്നതുള്‍പ്പെടെ വേഷവിധാനങ്ങള്‍ കര്‍ശനമാക്കിയതും മോറല്‍ പൊലീസ് ഇടപെടല്‍ ശക്തമാക്കിയതും. രാജ്യത്തിനകത്തും പുറത്തും അതിശക്തമായ പ്രതിഷേധമാണ് അലയടിച്ചത്. ഖത്തറില്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച ഇറാന്‍ ടീമും മെഹ്‌സാ അമീനിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ദേശീയഗാനം ആലപിക്കാതിരുന്നത് വലിയ വാര്‍ത്തയായിരുന്നു.
വാതില്‍ തുറന്നിട്ട
സുഊദി


കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതലയേറ്റതിനു പിന്നാലെ വലിയ മാറ്റങ്ങള്‍ക്കാണ് സുഊദി അറേബ്യ സാക്ഷ്യം വഹിക്കുന്നത്. മതകീയ പൊലീസ് സുഊദി അറേബ്യയില്‍ ശക്തമായിരുന്നെങ്കിലും 2016നു ശേഷം അവരുടെ ഇടപെടല്‍ ക്രമേണ കുറഞ്ഞുവരികയായിരുന്നു. അടച്ചിട്ട പല വാതിലുകളും സ്ത്രീകള്‍ക്കായി തുറന്നിട്ടതിനു പിന്നാലെയാണ് ഏറ്റവും വലിയ വാര്‍ത്തയായി സുഊദി കാബിനറ്റില്‍ ഒരു വനിത ഇടം നേടിയ വിവരം പുറത്തുവന്നത്.
സ്പോര്‍ട്സ് യുവജനകാര്യ മന്ത്രാലയം സഹമന്ത്രിയായി അദ്വ അല്‍ ആരിഫി നിയോഗിക്കപ്പെട്ടത് മാറുന്ന സുഊദിയുടെ ഗതിവേഗം സൂചിപ്പിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ കഴിഞ്ഞ ദിവസമാണ് ചരിത്രപരമായ തീരുമാനം അറിയിച്ചത്.
വനിതകള്‍ക്കായി അല്‍യമാമ ഫുട്‌ബോള്‍ ക്ലബിന് രൂപം നല്‍കിയ അദ്വ, 2019ല്‍ സുഊദി ഒളിംപിക് കമ്മിറ്റി ബോര്‍ഡിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വര്‍ഷാദ്യം സുഊദി ഫുട്ബാള്‍ ഫെഡറേഷന്‍ ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്വ ഒരു പുതിയ ചരിത്രത്തിനാണ് അന്നു തുടക്കമിട്ടത്. സുഊദി ഫുട്‌ബോള്‍ ഫെഡറേഷനിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയായി അവര്‍.
അതിനിടെ അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ക്ക് യൂനിവേഴ്സിറ്റി പഠനം വിലക്കിക്കൊണ്ട് ഈ വര്‍ഷാവസാനമാണ് താലിബാന്‍ ഭരണകൂടം ഉത്തരവിറക്കിയത്. സ്ത്രീവിരുദ്ധത നയമായ താലിബാന്‍ മാറിയെന്നു തോന്നിപ്പിച്ചെങ്കിലും കടുത്തതും കര്‍ശനവുമായ നിലപാടുകള്‍ അവര്‍ തുടരുകയാണ് എന്നതിന്റെ വലിയ സൂചനയായി ഇത്. വസ്ത്രധാരണം വേണ്ട വിധം ശ്രദ്ധിക്കുന്നില്ലെന്നും മതപരമായ നിര്‍ദേശം പാലിക്കപ്പെടുന്നില്ലെന്നതുമാണ് പെണ്‍കുട്ടികള്‍ക്ക് ഉന്നത പഠനം വിലക്കിക്കൊണ്ടുള്ള തീരുമാനത്തിന് കാരണമായി താലിബാന്‍ പറഞ്ഞത്.
മുസ്ലിം ലോകം താലിബാന്‍ നയത്തെ വിമര്‍ശിച്ചു രംഗത്തുവരുന്നതിനിടെ അഫ്ഗാന്‍ തീരുമാനത്തെ സുഊദി അറേബ്യ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തുവരികയുണ്ടായി. സ്ത്രീകളുടെ അവകാശം നിഷേധിക്കുന്ന നിലപാട് തിരുത്തണമെന്നും സുഊദി പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. പഠന വിലക്ക് മനുഷ്യത്വത്തിനു നേരെയുള്ള കുറ്റകൃത്യം എന്നാണ് മുസ്ലിം ലോകം പൊതുവെ വിലയിരുത്തിയത്.
രാഷ്ട്രീയ ലോകകപ്പ്

ഖത്തറിന് ലോകകപ്പ് ലഭിച്ചെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ അതിലും വേഗം പ്രചരിച്ച ഒന്നാണ് ഖത്തര്‍ വിരുദ്ധ സമീപനം. ആദ്യം വേദി കിട്ടാന്‍ അഴിമതി നടത്തിയെന്ന വാര്‍ത്തകള്‍ക്കായിരുന്നു പ്രാധാന്യം. അതു ക്ലച്ചു പിടിക്കാതായ ഓരോ നിമിഷവും ഖത്തറിലെ മനുഷ്യാവകാശ ധ്വംസനമാണ് വാര്‍ത്തകളുടെ തലക്കെട്ടായി നിറഞ്ഞത്. ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് ഫിഫയുടെ മേല്‍നോട്ടത്തിലായിരുന്നു എന്നു നമുക്കറിയാം. തൊഴില്‍ രംഗത്തുണ്ടാകാവുന്ന മനുഷ്യവകാശ ലംഘനങ്ങളില്‍ നിന്ന് ഖത്തര്‍ മുക്തമാണ് എന്നു പറയാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ താരതമ്യേന ഭേദപ്പെട്ട ട്രാക്ക് റെക്കോഡ് നിലനിര്‍ത്താന്‍ വിഷയത്തില്‍ ഖത്തറിനു കഴിയുന്നുണ്ട്. മാത്രമല്ല ലോകത്തൊരിടത്തും, വിശേഷിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ ഇല്ലാത്ത എന്തു ലംഘനമാണ് ഖത്തറില്‍ മാത്രമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
അതീവ രാഷ്ട്രീയവത്കരിക്കപ്പെട്ട ലോകകപ്പില്‍ ഖത്തറിലെ നിയമങ്ങളുമായി ബന്ധപ്പെട്ടും ലോകകപ്പിനു വിസില്‍ മുഴങ്ങും വരെ വാര്‍ത്തകളുടെ പ്രളയം തന്നെയുണ്ടായി. ഉദ്ഘാടനച്ചടങ്ങുകളുടെ സംപ്രേഷണം മറച്ചുവെക്കാന്‍ ചില പ്രധാന മാധ്യമങ്ങള്‍ രഗത്തുവരികയുണ്ടായി. എന്നാല്‍ കളി തുടങ്ങുന്നതിനു മുമ്പ് ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയുടെ വാര്‍ത്താ സമ്മേളനം യൂറോപ്പിനുള്ള കഠിനമായ അടിയായിരുന്നു. മൂവായിരം കൊല്ലം യൂറോപ്പ് നടത്തിയ മനുഷ്യത്വവിരുദ്ധമായ തെറ്റുകള്‍ക്ക് ആയിരം കൊല്ലങ്ങള്‍ മാപ്പു പറയുകയാണ് വേണ്ടതെന്ന ഫിഫ പ്രസിഡന്റിന്റെ പ്രഖ്യാപനം അവരെ തെല്ലൊന്നുമല്ല വലച്ചത്.
കളിക്കളത്തിനു പുറത്തുയര്‍ന്ന ആരവങ്ങള്‍ കളിക്കളത്തിലും ഏറ്റുപിടിക്കപ്പെട്ടു. എല്‍ജിബിടിക്യു വിഭാഗങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് റെയിന്‍ബോ ആം ബാന്റ് ധരിക്കുമെന്ന് ഏഴു യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. സ്വവര്‍ഗരതി വിലക്കപ്പെട്ട രാജ്യത്തെ ഈ പ്രതിഷേധത്തിനെതിരെ ഫിഫ തന്നെ രംഗത്തു വന്നതോടെയാണ് അവ നടപടിയില്‍ നിന്നു പിന്മാറിയത്. എന്നാല്‍ ലോകകപ്പ് മത്സരത്തിനിറങ്ങിയ ജര്‍മന്‍ ടീം ലൈനപ്പിനിടെ വായ മൂടിക്കെട്ടി നടത്തിയ പ്രതിഷേധം വിഷയം വീണ്ടും കത്തിച്ചുനിര്‍ത്തി.
ലോകം കണ്ട മികച്ച കളിക്കാരിലൊരാളായ മെസ്യൂട്ട് ഓസിലിനെതിരെ വംശീയാധിക്ഷേപം നടത്തി ടീമില്‍ നിന്നു പുറംതള്ളിയ ജര്‍മനി, സ്വവര്‍ഗ രതിക്കു വേണ്ടി നടത്തിയ മുറവിളിക്ക് ഖത്തറിലെ കാണികള്‍ അതിമനോഹരമായി മറുപടി നല്‍കുകയുണ്ടായി. ജര്‍മന്‍ കളി നടക്കുന്നതിനിടെ വായ മൂടിക്കെട്ടിയ കാണികളുടെ കൈയിലുയര്‍ത്തിയ പ്ലക്കാര്‍ഡില്‍ ജര്‍മന്‍ വംശീയതയുടെ ഇരയായ ഓസിലിന്റെ ചിത്രങ്ങളായിരുന്നു. കാണികളുടെ അതിഗംഭീരമായ മറുപടി ജര്‍മനിയുടെ ഇരട്ടത്താപ്പിന്റെയും നീതികേടിന്റെയും നേര്‍ക്കുയര്‍ന്ന കുന്തമുന തന്നെയായിരുന്നു. കളി തോറ്റതിന് ഒരു കളിക്കാരന്റെ മേല്‍ മാത്രം കുറ്റം ചുമത്തിയാണ് ഓസില്‍ എന്ന കളിക്കാരനെ ജര്‍മനി പുകച്ചു ചാടിച്ചത്. തുര്‍ക്കി സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനോടൊപ്പമുള്ള ഫോട്ടോയാണ് ജര്‍മനിയെ വലിയ തോതില്‍ പ്രകോപിപ്പിച്ചത്.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും മനോഹരമായി സംഘടിപ്പിച്ച ലോകകപ്പാണ് ഖത്തറിലേതെന്ന് ഫിഫ അധ്യക്ഷന്‍ സാക്ഷ്യപ്പെടുത്തി. കളി നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലും മനുഷ്യസാധ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിയാണ് ഖത്തര്‍ കളിക്ക് ആതിഥ്യം വഹിച്ചത്. മുന്‍വിധിയും പരാതിയുമായെത്തിയ വിവിധ രാജ്യക്കാരായ പതിനഞ്ചു ലക്ഷത്തോളം പേര്‍ മുന്‍വിധികള്‍ അപ്രത്യക്ഷമായി സംതൃപ്തമായ മുഖവുമായാണ് ഖത്തര്‍ വിട്ടത്. ഗ്രൗണ്ടിലെ ബിയറും മാറുമറയാത്ത വേഷവുമല്ല കളിയാസ്വാദനം എന്നുകൂടി ഖത്തറിലെ കളിമുറ്റങ്ങള്‍ തെളിയിച്ചു.
ലോകകപ്പ് ഉദ്ഘാടനത്തിന് ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനൊപ്പം ശരീരത്തിന്റെ പാതി തളര്‍ന്ന ഗാനിം അല്‍ മുഫ്തയെയും അണി നിരത്തി ഖത്തര്‍ വീണ്ടും ഞെട്ടിച്ചു. ഖുര്‍ആന്‍ വാക്യങ്ങളുയര്‍ത്തി ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങ് അര്‍ഥ സമ്പുഷ്ടവും ഗൗരവതരവുമാക്കുകയായിരുന്നു ഖത്തര്‍. മാനവികതയും മനുഷ്യസൗഹാര്‍ദവും ഇത്ര മനോഹരമായി മറ്റെങ്ങനെയാണ് പറഞ്ഞുവെക്കാനാവുക.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x